കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
പടം വരയ്ക്കുന്ന ഹന്ന
ഹന്ന പടം വരച്ചു കൊടുക്കുന്ന കുട്ടിയായിരുന്നു.
അവള് പെന്‍സില്‍ കൈയിലെടുത്തു പിടിച്ചാലേ, കടലാസ്സില്‍, ഭംഗിയുള്ള വരകള്‍ വന്നു നിറയാന്‍ തുടങ്ങും.
ഹന്നയ്ക്ക് ഏഴു വയസ്സേയുള്ളൂ.
പക്ഷേ ഹന്നയ്ക്ക് എന്തും വരയ്ക്കാന്‍ പറ്റും.
പൂച്ചയെ വേണോ, പൂച്ച റെഡി.
കൊട്ടാരം വേണോ, അതും റെഡി.
രാക്ഷസന്, ദുര്‍മന്ത്രവാദിനി, മാന്ത്രികന്, കാട്, മത്സ്യകന്യക, രാജകുമാരി, കടല്‍, കാറ്റ്, മിന്നാമുനുങ്ങ്, അരയന്നം, ഐരാവതം, തേര് എന്നു വേണ്ട എന്തും വരയ്ക്കാന്‍ പറ്റും ഹന്നയ്ക്ക്.
ഹന്ന, അവളുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താമസിയ്ക്കുന്നത്.
വേറെ നാടുകളില്‍നിന്ന് ഹന്നയുടെ നാടു കാണാന്‍ വരുന്നവര്‍, അവരോരോ പടം വരച്ചു കൊടുക്കാന്‍ ഹന്നയോടാവശ്യപ്പെടും.
വേറെ നാടുകളില്‍ നിന്ന് ഈ നാടു കാണാന്‍ വരുന്നവരെ, വിരുന്നുകാര് എന്നാണ് ഹന്നയുടെ അച്ഛന് പറയാറ്.
അങ്ങനെ പടം വരച്ചു കൊടുക്കുമ്പോള്‍, അവര്‍ പടം ഇഷ്ടപ്പെട്ട്, സന്തോഷം വന്ന് അവള്‍ക്കു കൊടുക്കുന്ന പൈസയെല്ലാം സൂക്ഷിച്ചുവച്ച്, അവള് അമ്മയ്ക്കും അച്ഛനും കൊടുക്കും.
ഹന്നയോട് ‘ഒരു ചിത്രം മാത്രമല്ലാതെ, കുറേയധികം ചിത്രങ്ങള്‍ ഉള്ള ഒരു കഥ തന്നെ വരച്ചു കൊടുക്കാമോ’ എന്നു ഒരിയ്ക്കല്‍, എവിടുന്നോ വന്ന ഒരു മാമന് അവളോട് ചോദിച്ചു.
ഹന്ന സന്തോഷത്തോടെ സമ്മതിച്ചു. എന്നിട്ട് കടലാസും പേനയും എടുത്തു വര തുടങ്ങി.
‘എന്തു കഥയാണ് വേണ്ട്ത്’ എന്നു ചോദിച്ചു അവള് ആ വിരുന്നുമാമനോട്.
‘ഹന്നയ്ക്കിഷ്ടമുള്ളത് മതി’ എന്നു മറുപടി പറഞ്ഞു മാമന്.
പൂമ്പാറ്റകളെ ഇഷ്ടമുള്ള ഒരു ചെറ്യ പെണ്‍കുട്ടിക്ക്, പൂമ്പാറ്റകള്‍ ചിറകുകള് കൊണ്ടു കൊടുത്തതും, പിന്നെപ്പിന്നെ അവള്, ആ പെണ്‍കുട്ടി പൂമ്പാറ്റകളോടൊപ്പം ആ ചിറകുകള് കൊണ്ട് പറക്കാന്‍ തുടങ്ങിയതും വരച്ചു.
അവള് പൂമ്പാറ്റകളുടെ ഒപ്പം പറന്നപ്പോള്‍ കാണാനിടയായ സ്ഥലങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചും, പറക്കാതെ ചുമ്മാ ഇരിക്കുമ്പോഴെല്ലാം കഥകളെഴുതാന്‍ തുടങ്ങിയതും ചെറ്യപെണ്കുട്ടിയെഴുതുന്ന കഥകള്‍ വായിയ്ക്കാനായി ആളുകള്‍ ക്യൂ നില്ക്കാന് തുടങ്ങിയതുമായ ഒരു കഥയായ് മാറി, പിന്നെ ഹന്നയുടെ വര…
ആ വിരുന്നുമാമനു മാത്രമല്ല, എല്ലാവര്ക്കും ഇഷ്ടമായി ഹന്നയുടെ വരയും കഥയും.
വിരുന്നുമാമന് അവള്‍ക്ക് നിറയെ നിറയെ പട്ടും പൊന്നുമാണ് സമ്മാനം കൊടുത്തത്.
‘ഈ ജീവിതം മുഴുവന്‍ ഒരു പണിയുമെടുക്കാതെ സുഖമായി, ആ പൊന്നും പണവും കൊണ്ടു മാത്രംകഴിയാം’ എന്നു പറഞ്ഞു വിരുന്നുമാമന്.
പക്ഷേ അവള് അതെല്ലാം തിരിച്ചു കൊടുത്തിട്ട് പറഞ്ഞു ‘എനിയ്ക്കിത്ര പൊന്നും പണവും ഒന്നും വേണ്ട. സുഖമായി ജീവിക്കാനുള്ളതിലും വളരെ കൂടുതലാണ് ഈ പൈസ. ഒരുപാടു പൈസ ഉണ്ടായാല്‍, ഞാന്‍ ചിലപ്പോള്‍ എങ്ങനെ ഈ പൈസയൊക്കെ ചിലവഴിയ്ക്കും എന്ന ആലോചനയില്‍ മുഴുകി, വരയ്ക്കലൊക്കെ നിര്‍ത്തിയോ വരയൊക്കെ മറന്നോ ജീവിയ്ക്കാനിടയുണ്ട്. വരച്ചാലേ എനിയ്ക്ക് ചിരിയ്ക്കാനാകൂ. ചിരിച്ചാലേ എനിയ്ക്ക് ജീവിയ്ക്കാനാകൂ.’
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അപ്പോള്‍ വിരുന്നുമാമന് അവള്‍ക്ക്, നിറയെ ചായപ്പെന്സിലുകളും ക്രയോണും വാട്ടര്‍കളറും വരയ്ക്കാനുള്ള വിവിധതരം കടലാസുകളും ക്യാന്വാസുകളും കൊടുത്തു. ഇതില്‍ നിന്നെത്ര എടുത്താലും ഒന്നും തീരുകയില്ല എന്നു പറഞ്ഞു.
പടം വരയ്ക്കുന്ന കുട്ടിയ്ക്ക് ഇതില്‍പ്പരം എന്താണു വേണ്ടത്?
ഹന്ന അപ്പോള്‍ത്തന്നെ, ഇരുന്ന് നിറയെ പടം വരയ്ക്കാന്‍ തുടങ്ങി.
ഹന്ന വരച്ച, നിറയെ പൂമ്പാറ്റകളുള്ള, ആ ചിത്രകഥയുമായി വിരുന്നുമാമന് അദ്ദേഹത്തിന്റെ നാട്ടിലേയ്ക്ക് പോയി.
ആ വിരുന്നുമാമന് ഹന്ന വരയ്ക്കാറുള്ള പടങ്ങളില്‍ നിന്നു ജീവന് വച്ചിറങ്ങിവന്ന ഒരു മാന്ത്രികനാണോ എന്നു ശരിയ്ക്കും ഹന്നയ്ക്കു സംശയമുണ്ട്.
എന്തായാലും ആ വിരുന്നുമാമന്റവിടുത്തെ നാട്ടിലെ ആളുകള്‍ വായിയ്ക്കുന്നുണ്ടാവും ഇപ്പോ ആ ഹന്നക്കഥ.
ഹന്ന ചിത്രം വരച്ചതു നോക്കി ‘എന്തൊരു ജീവനുള്ള ചിത്രങ്ങള്‍,’ എന്നും അവര്‍ പറയുന്നുണ്ടാവും അല്ലേ?
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.
ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?