ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

 

ഒഴിവുകാലം

അമ്മു ചീവീടിന്റെയും അപ്പു ചീവീടിന്റെയും സ്‌കൂള്‍ പൂട്ടി. പരീക്ഷയ്ക്കും മുമ്പാണ് സ്‌ക്കൂള്‍ പൂട്ടിയത്. ശരിയ്ക്കും സ്‌ക്കൂള്‍ പൂട്ടേണ്ടിയിരുന്നത് ഒരു മാസം കഴിഞ്ഞാണ്.

ലോകത്തെങ്ങും കോവിഡ് 19 എന്ന അസുഖം കണ്ടു തുടങ്ങിയില്ലേ, അതു കൊണ്ട് അതു പകരാതിരിക്കാനൊക്കെ ചില മുന്‍കരുതലുകളൊക്കെ വേണ്ടേ? അങ്ങനെയാണ് സ്‌ക്കൂളൊക്കെ നേരത്തേ പൂട്ടിയത്.

പക്ഷേ അമ്മു ചീവീടിന്റെയും അപ്പു ചീവീടിന്റെയും അമ്മേമച്ഛനുമാണ് കഷ്ടത്തിലായത്. അമ്മ നേഴ്‌സും അച്ഛന്‍ പോലീസുമല്ലേ? ലോക് ഡൗണ്‍ ആണെങ്കിലും അവര്‍ക്ക് പോകാതിരിക്കാനാവില്ലല്ലോ.

അപ്പോ സ്‌ക്കൂളില്ലാതെ അവര്‍ വീട്ടിലിരിക്കുമ്പോ അവരെ ആര് നോക്കും ? അവര് ചെറ്യ കുഞ്ഞുങ്ങളല്ലേ? അച്ഛനുമമ്മയുമില്ലാത്തപ്പോ വല്ല കുസൃതിയുമൊക്കെ കാണിച്ച് വല്ല അപകടവും വരുത്തി വച്ചാലോ ?

childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഡേ കെയറും ഗവണ്‍മെന്റ് പറഞ്ഞിട്ട് പൂട്ടിയല്ലോ. പിന്നെ എന്തു ചെയ്യും? അമ്മച്ചീവീടിന് ഒരു ഐഡിയ തോന്നി.

അമ്മുവിനും അപ്പുവിനും കഴിയ്ക്കാനും കുടിയ്ക്കാനും ഉള്ളതൊക്കെ ഫ്‌ളാസ്‌ക്കിലും വാട്ടര്‍ ബോട്ടിലിലും കാസറോളിലുമായി എടുത്തു വച്ചതിനു ശേഷം അമ്മ അവര്‍ക്ക് ചെയ്യാനായി ഒരു ആക്റ്റിവിറ്റി റ്റൈം റ്റേവിളുണ്ടാക്കി.

ഒന്നാം ഒഴിവു ദിവസം വരയ്ക്കുക. ക്രയോണ്‍ വച്ചോ വാട്ടര്‍ കളര്‍ വച്ചോ ചായപ്പെന്‍സില്‍ വച്ചോ ആകാം വര. കിളിയോ വീടോ മനുഷ്യനോ വാഴക്കൂട്ടമോ പോക്കിമോനോ എന്തുമാവാം വര.

രണ്ടാം ഒഴിവു ദിവസം രാവിലെ കുളിയും കഴിയ്ക്കലും കഴിഞ്ഞ് ‘വെല്‍വെറ്റീന്‍ റാബിറ്റും’ ഊണും ഉച്ചയുറക്കവും കഴിഞ്ഞ് ‘ടോയ് സ്‌റ്റോറി’യും കാണുക.

മൂന്നാം ദിവസം ഒറിഗാമി ബുക്ക് നോക്കി, കടലാസ് കൊണ്ട് പല രൂപങ്ങള്‍ ഉണ്ടാക്കുക.

നാലാമത്തെ ദിവസം പേപ്പര്‍ ജ്വല്ലറി മേക്കിങ്.

അഞ്ചാം ദിവസം കണക്കിലെ കളികള്‍.

ആറാം ദിവസം അ, ആ, ഇ , ഈ വരച്ചു പഠിക്കല്‍

ഏഴാം ദിവസം കംപ്യൂട്ടറിലെ ഓഡിയോ ബുക്‌ വച്ച് കുഞ്ഞിക്കഥ കേള്‍ക്കുക.

 

അമ്മ അങ്ങനെ ഒരാഴ്ചത്തേയ്ക്കാണ് റ്റൈം റ്റേബിള്‍ ഉണ്ടാക്കിയത്. എന്നിട്ടത് രണ്ടു ചീവീടുകുഞ്ഞുങ്ങളുടെയും മുറിയില്‍ അമ്മ ഒട്ടിച്ചുവച്ചു. റ്റൈം റ്റേബിളൊക്കെ വായിച്ചു നോക്കി, അവര് നല്ല റ്റൈം റ്റേബിള്‍ എന്നു പറഞ്ഞ് കൈയടിച്ചു. എന്നിട്ട് പിറ്റേന്ന് രാവിലെ അമ്മയെയും അച്ഛനെയും കൈവീശി യാത്രയാക്കി.

വരച്ചു കളിയ്ക്കണം എന്നു പറഞ്ഞ ഒന്നാം ഒഴിവു ദിവസം ആയിരുന്നല്ലോ അത്….
അന്നവര് കട്ടിലില്‍ കിടന്ന് കുത്തിമറിഞ്ഞു. വൈകുന്നേരമായപ്പോള്‍ വീട്, ഭൂകമ്പം വന്ന പോലെയായി. അപ്പോ അവര്‍ക്ക് പേടിയായി. അമ്മ വരുമ്പോ അടി കിട്ടും, ഉറപ്പ്. ഉടനെ അവര് വീട് അടുക്കിപ്പെറുക്കാന്‍ തുടങ്ങി. അമ്മ വച്ചതു പോലെ ആയില്ലെങ്കിലും അവര്‍ അടുക്കിപ്പെറുക്കി വന്നപ്പോള്‍ സാധനങ്ങള്‍ അങ്ങോട്ടിങ്ങോട്ടുമാറി വീടിന് വേറൊരു മട്ടിലെ ചന്തം വന്നു. അമ്മ വന്നപ്പോ അവര് വരച്ച പടമൊന്നും കാണുന്നില്ലല്ലോ എന്നു ചോദിക്കാന്‍ മറന്നു പോയി.

അവരടുക്കിപ്പെറുക്കി ഓരോന്നും വച്ചിരിയ്ക്കുന്നതു കണ്ട് അമ്മ അവരെ കെട്ടിപ്പിടിച്ചപ്പോ അവര്‍ക്ക് സന്തോഷമായി. വഴക്കു കിട്ടിയില്ല വരയ്ക്കാത്തതിന് എന്നു മാത്രമല്ല അമ്മയുടെ ഉമ്മയും കിട്ടി നല്ലകുട്ടികളെന്ന നല്ല വാക്കും കിട്ടി അവര്‍ക്കന്ന്.

രണ്ടാം ദിവസം അവര്‍ സിനിമ കാണാനൊന്നും ഇരുന്നില്ല. പത്രക്കടലാസു കൊണ്ട് റോക്കറ്റ് ഉണ്ടാക്കിക്കളിച്ചു. വൈകുന്നേരമായപ്പോഴേയ്ക്ക് വീടു മുഴുവനും കീറിയ പത്രക്കടലാസു കൊണ്ടു നിറഞ്ഞു. അമ്മ കണ്ടാല്‍ വഴക്ക് ഉറപ്പ്. അവര് ഉടനെ ഓടിനടന്ന് ചീത്ത കടലാസ്സൊക്കെ പെറുക്കി വെയ്സ്റ്റ് ബാസ്‌ക്കറ്റിലിട്ടു. പിന്നെ അവരുണ്ടാക്കിയ പേപ്പര്‍ റോക്കറ്റ് സൂക്ഷിച്ചുവച്ചു.

അമ്മ വന്ന് കുളിയൊക്കെ കഴിഞ്ഞ് മാത്രമേ അവരെ തൊടുക കൂടി ചെയ്തുള്ളു. പുറത്തു പോയി, അതും ആശുപത്രിയില്‍ പോയി വരുമ്പോ അങ്ങനെ ചെയ്തല്ലേ പറ്റൂ ഈ കോവിഡ് കാലത്ത്.

അവര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുത്തതിനു ശേഷം അവരുടെ കൂടെ റോക്കറ്റ് റോക്കറ്റ് പറത്തി കളിച്ചു ചിരിച്ചു അമ്മ. അപ്പോ അവര്‍ക്ക് ശരിയ്ക്കും സന്തോഷമായി.

മൂന്നാം ദിവസം അവര് അമ്മയ്ക്ക് കമ്മലുണ്ടാക്കി. വൈകിട്ട് അമ്മയും അച്ഛനും വന്നപ്പോള്‍ അവര്‍ക്ക് നാരങ്ങാവെള്ളവും ഉണ്ടാക്കി ക്കൊടുത്തു. ഇന്ന് ഒറിഗാമി ചെയ്യാനല്ലേ പറഞ്ഞത് എന്നു ചോദിയ്ക്കാനേ അമ്മ മറന്നു പോയി.

childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

നാലാം ദിവസം , അവര്‍ പാവക്കുട്ടികളെ വച്ച് കളിക്കാന്‍ തുടങ്ങുമ്പോള്‍ ,അപ്പുറത്തെ വീട്ടിലെ അണ്ണാന്‍ കുഞ്ഞ് വന്ന് എന്നെയും കൂട്ടുമോ എന്നു ചോദിച്ചു , ജനല്‍ തുറന്ന് അവളെ അകത്തു കയറ്റി അവര്‍ .പുറത്തുനിന്നു വന്നതല്ലേ നീയ് എന്നു പറഞ്ഞ് സോപ്പു കൊടുത്ത് അവളെക്കൊണ്ട് കൈകഴുകിച്ചശേഷമേ പക്ഷേ അവരവളെ കളിക്കാന്‍ കൂട്ടിയുള്ളൂ.അതിനിടെ അമ്മ വന്നു . അവര്‍ ,അവരുടെ പുതിയ കൂട്ടിനെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അണ്ണാന്‍ കുഞ്ഞ് പാടിയ പാട്ട് അമ്മക്കിഷ്ടമായി . അവരെല്ലാം ആ പാട്ട് വേഗം പഠിച്ചെടുത്തു.

പിറ്റോന്നും വന്നു അണ്ണാന്‍കുഞ്ഞ്. നമ്മള്‍ മൂന്നു പേരുമുള്ള ഒരു കഥ പറയാം നമുക്ക് എന്നായി അണ്ണാന്‍.

അവര്‍ മൂന്നുപേരും കൂടി തീവണ്ടിയില്‍ കയറി ഒരു യാത്ര പോയ കഥ അവരുണ്ടാക്കി. അണ്ണാന് അക്ഷരങ്ങളറിയാമായിരുന്നു, അവനാ കഥ എഴുതി വച്ചു. കഥയിലെ ചില അക്ഷരങ്ങള്‍ വരയ്ക്കാന്‍, ചീവീടു കുട്ടികളും കൂടെ കൂടി. അവര്‍ കഥ ഉണ്ടാക്കിയ കഥ അമ്മയ്ക്കുമച്ഛനും നല്ലോണം രസിച്ചു.

പിന്നെപ്പിന്നെ റ്റേം റ്റേബിള്‍ ഉണ്ടാക്കാനൊന്നും അമ്മ നിന്നില്ല. അവരെ മൂന്നാളെയും അവരുടെ വഴിക്കുവിട്ടു.

അവരിടയ്ക്ക് അമ്മേമച്ഛനും കുട്ടിയും കളിച്ചു, ചിലപ്പോ സ്‌ക്കൂളു കളിച്ചു. ചിലപ്പോ കോവിഡ് 19 വരാതെ നോക്കുന്നതിനുള്ള കാര്യങ്ങള്‍ എന്ന കളി കളിച്ചു.

ചിലപ്പോ വീട് വൃത്തികേടാക്കി, പിന്നെ് വീട് വൃത്തിയാക്കി – അങ്ങനെ പോകുന്നു അവരുടെ കോവിഡ് ഒഴിവു കാലം.

കുട്ടികളുടെ ഒഴിവുകാലത്തിന് റ്റൈം റ്റേബിള്‍ ഉണ്ടാക്കാനൊന്നും നമ്മള്‍ നിന്നിട്ടു കാര്യമില്ല, അവര്‍ ചെയ്യുന്നതെന്താണൊന്നൊക്കെ ഓരോ ദിവസവും ശ്രദ്ധിച്ചാല്‍ മതി എന്ന് അമ്മച്ചീവീട് ഇന്ന് അച്ഛന്‍ ചീവീടിനോടു പറയുന്നതു കേട്ടിരിക്കുമ്പോള്‍ അച്ഛന്‍ തലയാട്ടി അത് ശരിവയ്ക്കുന്നുണ്ടായിരുന്നു.

അവര്‍, അമ്മുച്ചീവീടും അപ്പുച്ചീവീടും, അപ്പുറത്തു മാറിയിരുന്ന് ഒരു ചീവീടു വീടിന്റെ പടം വരച്ച് അണ്ണാന്‍ കുഞ്ഞിനു കൊടുക്കുകയായിരുന്നു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook