ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.
കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ. കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന് ക്ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.
അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!
ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?
കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?
എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള് പഠിയ്ക്കും. നമ്മള് കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള് വളരുന്നത് തന്നെ!
കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…
നേഹയുടെ സുന്ദരന്‍ പട്ടിക്കുട്ടി
നേഹയ്ക്ക് ഒരു പട്ടിക്കുട്ടനുണ്ട്.
ജോ എന്നാണവന്റെ പേര്.
അവനെ, നേഹയുടെ പിറന്നാളിന്, അമ്മയും അച്ഛനും കൂടി വാങ്ങിച്ചു കൊടുത്തതാണ്.
‘അപ്പുറത്തെ വീട്ടിലെ ശ്രീച്ചേച്ചിക്ക് പട്ടിക്കുട്ടനുണ്ടല്ലോ, എനിയ്ക്കും വേണം’ എന്ന് നേഹ, കുറേ ദിവസം തുടര്‍ച്ചയായി ബഹളവും കരച്ചിലും ഒക്കെയായപ്പോള്‍ അച്ഛനും അമ്മയും വാങ്ങിയതാണവനെ.
‘കുട്ടിയെയും പട്ടിക്കുട്ടിയെയും ഒക്കെ കൂടി നോക്കാന്‍ വലിയ പാടാണ്, ഇവിടെ പട്ടിക്കുട്ടിയെയൊന്നും വാങ്ങണ്ട’ എന്നമ്മ പറഞ്ഞു ആദ്യം തന്നെ.
‘ഞാന്‍ കുളിപ്പിച്ചോളാം, ഞാന്‍ ഫുഡ് കൊടുത്തോളാം, കട്ടിലിലും കസേരയിലും ഒന്നും അവന് ചാടിക്കയറാതെ ഞാന്‍ നോക്കിക്കോളാം’ എന്നൊക്കെ നേഹ, അപ്പോള്‍ അമ്മയോട് ഉറപ്പുപറഞ്ഞു.
‘ഏറ്റല്ലോ, വെറുതെ പറയുന്നതല്ലല്ലോ’ എന്നു ചോദിച്ചു അച്ഛന്.
‘ഞാന്‍ വാക്കു മാറില്ല അച്ഛാ’ എന്നു പറഞ്ഞു നേഹ.
അങ്ങനെയാണ് അവര്‍ ജോയെ വാങ്ങിയത്.
ആദ്യത്തെ കുറച്ചു ദിവസം നേഹ, അവള് പറഞ്ഞതു പോലൊക്കെ ചെയ്യുകയും ചെയ്തു.
എപ്പോ നോക്കിയാലും ജോയും നേഹയും കൂടി കളി തന്നെ കളി. പന്തു കളിയാണ് അവര്‍ക്ക് പ്രധാനം.
പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴുണ്ട്, ജോയുമായി കളിക്കാനല്ലാതെ, ജോയെ കുളിപ്പിക്കാനോ കഴിപ്പിക്കാനോ അവനെ നടക്കാന്‍ കൊണ്ടുപോകാനോ, അവന്റെ രോമം ബ്രഷ് ചെയ്യാനോ ഒന്നും നേഹയ്ക്കു താല്പര്യമില്ലാതായി. അതെല്ലാം പതുക്കെപ്പതുക്കെ അമ്മയുടെ പണിയായി മാറി.
അമ്മയ്ക്ക് പറ്റുമോ എല്ലാപ്പണികളും കൂടി?
രാവിലെ അടുക്കളയിലെ കാര്യങ്ങള്‍ നോക്കണം, നേഹയെയും പട്ടിക്കുട്ടനെയും കുളിപ്പിക്കണം. അവന് തിന്നാന്‍ പാകത്തില്‍ മീനും ചിക്കനും ഒക്കെ വാങ്ങണം, അതു റെഡിയാക്കണം. പിന്നെ ഓഫീസിലും പോകണം.
അപ്പോ അമ്മ, ‘ഇങ്ങനെയായാല്‍ പറ്റില്ല അച്ഛനും മകളും. എനിക്കൊറ്റയ്ക്ക് ഇതെല്ലാം കൂടി പറ്റില്ല, ഞാനിതിനെ വില്ക്കാന് പോവുകയാണ്’ എന്നു പറഞ്ഞ് ഒച്ചവെച്ചു.
അവനെ വില്ക്കാന് പോവുകയാണെന്ന് നേഹ ശരിയ്ക്കും പേടിച്ചു പോയി. അവള് വലിയ വായില്‍ കരച്ചിലായി.
അപ്പോ അമ്മ ചോദിച്ചു ‘അവനെ നേരാം വണ്ണം നോക്കുന്ന കാര്യം ഏറ്റോ? ചെടികളെയും മനുഷ്യക്കുട്ടികളെയും പോലെ തന്നെയാണ് പട്ടിക്കുട്ടികളും. അവര്‍ക്ക് വേണ്ട ശ്രദ്ധ കൊടുക്കണം. എന്നാലേ അവര്‍ നേരം വണ്ണം വളരൂ.’
നേഹ ആലോചിച്ചു, എന്നും രാവിലെ സമയത്തുണര്ത്തി, പല്ലുതേപ്പിച്ച്, ഹോര്‍ലിക്സ് കൊടുത്ത്, കുളിപ്പിച്ച് തലമുടി പിന്നിക്കെട്ടി, സ്ക്കൂളിലേക്കയക്കുന്നതു കൊണ്ടല്ലേ, നേഹ എന്നുമെന്നും ഇത്തിരി ഇത്തിരി വളരുന്നത്?
അതുപോലെ, മുറ്റത്തെ ചെടികള്‍ക്ക് തടമെടുക്കുകയും വെള്ളമൊഴിക്കുകും താങ്ങ് കൊടുക്കുകയും വളമിടുകയും ചെയ്യുന്നതു കൊണ്ടല്ലേ, അവയും ഇത്തിരി ഇത്തിരിയായി വളരുന്നത്?
ആരും ശ്രദ്ധിക്കാതിരുന്നാല്‍, ജോ എന്ന പട്ടിക്കുട്ടനെങ്ങനെ വളരും?
‘അമ്മ എന്റെ കാര്യം മാത്രം നോക്കിയാല്‍ മതി, ഞാനവന്റെ കാര്യങ്ങളൊക്കെ നോക്കിക്കോളാം’ എന്ന് നേഹ അച്ഛനോടു പറഞ്ഞു.
‘ശരിയ്ക്കും’ എന്നു ചോദിച്ചു അമ്മ.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
‘രണ്ടുദിവസം എല്ലാം നല്ലതു പോലെ ചെയ്തിട്ട്, മൂന്നാം ദിവസം പഴയതു പോലാവുമോ അച്ഛനും മോളും’ എന്നു ചോദിച്ചു അമ്മ.
‘ആവുമോ, അങ്ങനെയാവുമോ, അമ്മയെ ബുദ്ധിമുട്ടിക്കാണ്ട് എന്നെ നല്ലോണം നോക്കുമോ എല്ലാദിവസവും നിങ്ങളച്ഛനും മോളും’ എന്നു ‘ബൗ ബൗ’ ഭാഷയില്‍ ജോയും ചോദിച്ചു.
‘പ്രോമിസ് ജോ’ എന്നു നേഹയും അച്ഛനും കൂടി പറഞ്ഞതു കേട്ടിട്ടാണോ ആവോ അവനോടി വന്ന് നേഹയെ മുന്‍കാലുകള്‍ കൊണ്ട് കെട്ടിപ്പിടിച്ചു.