ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

നീലപ്പൊന്മാന്‍ തൂവല്‍

മഞ്ഞക്കിളി ചുമ്മാതിരിക്കുകയായിരുന്നു ഒരു മുരിങ്ങമരക്കൊമ്പത്ത്.

മഞ്ഞക്കിളിക്കുഞ്ഞുങ്ങള്‍ സ്‌ക്കൂളില്‍ നിന്നു തിരികെ വരുന്ന നേരമായിരുന്നു. അവരെ കാത്തിരിക്കുകയായിരുന്നു മഞ്ഞക്കിളി.

അപ്പോള്‍ അവന്റെ തലയ്ക്കു മീതെ കൂടി ഒരു നീലപ്പൊന്മാന്‍ വളരെ മെല്ലെ പറന്നു പോയി.
സാധാരണ അമ്പു പോലെ പായാറാണല്ലോ ഇവന്റെ പതിവ്, ഇന്നെന്താ ഇവനിത്ര സാവധാനം എന്നു മഞ്ഞക്കിളിയോര്‍ത്തു.

അപ്പോഴുണ്ട്, കുറച്ചു ദൂരം പറന്നിട്ട് അവന്‍ തിരിച്ചു പറന്നു വരുന്നു. എന്നിട്ടോ, മഞ്ഞക്കിളിയുടെ അടുത്ത് വന്ന് ഒരു ഉത്സാഹവുമില്ലാത്ത പോലിരുന്നു.

‘സാധാരണ നീ എന്റെ തലയ്ക്കുമീതെ നീട്ടിപ്പിടിച്ച് കലപില വച്ചു കൊണ്ടാണല്ലോ പറക്കാറ്, ഇന്നെന്താ മിണ്ടാതെ പറന്നത്, പറക്കല്‍ നിര്‍ത്തി തിരിച്ചു വന്നത്, എന്താ വിശേഷം,’ എന്നു ചോദിച്ചു മഞ്ഞക്കിളി.

‘എനിയ്ക്ക് ബോറടിയ്ക്കുന്നു,’ എന്നു പറഞ്ഞു നീലപ്പൊന്മാന്‍.

‘ബോറടി മാറ്റാനാ ഞാന്‍ ഒന്നു പറന്നു നോക്കിയത്. എന്നിട്ടും എന്റെ മൂഡ് ശരിയാകുന്നില്ല . എനിയ്‌ക്കേ മീന്‍ പിടിക്കാന്‍ പോകാനൊക്കെ മടിയാവുന്നു. എന്തോ ഒരു ക്ഷീണം. അതാ നീ ഇവിടെയിരിക്കുന്നതു കണ്ടപ്പോ, ഞാന്‍ തിരിച്ചു പറന്നു വന്ന് നിന്റെയടുത്തിരിയ്ക്കാം എന്നു വിചാരിച്ചത്. എന്റെ ബോറടി അപ്പോ മാറിയാലോ…’എന്നൊക്കയായി അപ്പോള്‍ നീലപ്പൊന്മാന്റെ വര്‍ത്തമാനം.

നീലപ്പൊന്മാന്റെ വീര്‍ത്തവയറിലേയ്ക്കു നോക്കിക്കൊണ്ട്, ‘നിനക്ക് വയറ് നിറഞ്ഞിട്ടായിരിയ്ക്കും മീനിനെ പിടിക്കാന്‍ പോകാനൊന്നും തോന്നാത്തത്’ എന്നു പറഞ്ഞു മഞ്ഞക്കിളി. അവന്‍ പറഞ്ഞ കലപില ചറുപിറാ മറുപടി കേള്‍ക്കണോ ?

priya a s , childrens stories, iemalayalam
‘അതു ശരിയാ, എനിയ്ക്ക് ഇന്ന് നിറയെ മീന്‍ കിട്ടി ഒരു മീന്‍കാരന്റെ തലയിലെ നിറയെ മീനുള്ള മീന്‍കുട്ടയില്‍ നിന്ന്. കുഞ്ഞുമീനേ ഞാന്‍ തിന്നുള്ളു, പക്ഷേ നാലഞ്ചെണ്ണം തിന്നു. എന്റെ കുഞ്ഞു വയറു നിറയാന്‍ അതുമതിയല്ലോ. ഞാന്‍ ചറുപിറാ എന്നു മീന്‍ തിന്നതൊന്നും പാവം ആ മീന്‍കാരന്‍ അറിഞ്ഞതേയില്ല.’

‘മീന്‍ ഇളകുന്നുണ്ടോ, പൊങ്ങി വരുന്നുണ്ടോ എന്നൊക്കെ നോക്കി കുളത്തിന്‍ കരയില് പതിവ് തപസ്സു ചെയ്യേണ്ട ആവശ്യമേ ഇന്ന് അതുകൊണ്ട് വന്നില്ല. മെയ്യനങ്ങാതെ വയറ് നിറഞ്ഞു നിറഞ്ഞു ദേ മത്തങ്ങാപോലെ വീര്‍ത്തിരിയ്ക്കുന്നതു കണ്ടില്ലേ? തിന്നു തിന്ന് എന്റെ വയറു പൊട്ടാറായി അതു കൊണ്ട് പറക്കുമ്പോ എനിയ്ക്ക് സ്പീഡ് കിട്ടണില്ല. തന്നെയമുമല്ല വയറ് ഫുള്ളാവുമ്പോ തോന്നണ ആ ക്ഷീണമുണ്ടല്ലോ അതെനിയ്ക്ക് വരികയും ചെയ്യണു. ഇത്തിരി നേരം ഉറങ്ങാമെന്നു വച്ചാല് എന്റെ പൊത്ത് ദൂരെയുള്ള ആ കുളത്തിന്‍ കരയിലാണ്. അവിടെ വരെ പറക്കാനൊന്നും ഇപ്പോ എനിയ്ക്കു വയ്യ. പക്ഷേ ഞാന്‍ ഉറക്കം തൂങ്ങി ഇപ്പോ ഈ മരക്കൊമ്പത്തുനിന്നു താഴേയ്ക്ക് പൊത്തോ എന്ന് താഴെ വീഴുമോ എന്നാ എന്റെ പേടി,’ എന്നു പറഞ്ഞു നീലപ്പൊന്മാന്‍.

‘അയ്യയ്യോ വീണാല്‍ നിന്റെ ചിറകുളുക്കും, കാലൊടിയും, വാ, നിന്നെ ഞാന്‍ എന്റെ കൂട്ടില്‍ കൊണ്ടുപോകാം. ഇവിടെ അടുത്ത് ദാ ആ കാണുന്ന കണിക്കൊന്നമരക്കൊമ്പത്താ എന്റെ വീട്’ എന്നായി അപ്പോ മഞ്ഞക്കിളി.

priya a s , childrens stories, iemalayalam
പിന്നെ അവര്‍ രണ്ടുപേരും കൂടി മഞ്ഞക്കിളിയുടെ കൂട്ടില്‍ ചെന്നു. കൊന്നമരയില പറിച്ചെടുത്ത് നീലപ്പൊന്മാന് വീശിക്കൊടുത്തു മഞ്ഞക്കിളി. കുടിയ്ക്കാന്‍ തണുതണുത്ത വെള്ളവും ഒരു തോട്ടില്‍ നിന്ന് ഒരിലക്കുമ്പിളില്‍ കൊത്തിക്കൊണ്ടുവന്നു കൊടുത്തു മഞ്ഞക്കിളി.

അങ്ങനെ സുഖമായുറങ്ങി നീലപ്പൊന്മാന്‍. കുറേനേരം കഴിഞ്ഞ് അവനുണര്‍ന്നപ്പോഴോ മഞ്ഞക്കിളിയുടെ കുഞ്ഞുങ്ങള്‍ സ്‌ക്കൂള്‍ വിട്ടുവരാറായിരുന്നു.

അവര്‍ അഞ്ചുപേരും കൂടി ഒന്നിച്ച് വരുമ്പോള്‍ മഞ്ഞക്കിളീ നിനക്കവരെ നോക്കാനും അവരുടെ പുറകേ നടക്കാനുമൊക്കെ പറ്റുമോ തനിച്ച് എന്നു ചോദിക്കുമ്പോഴേയ്ക്ക് അവര്‍ എത്തിക്കഴിഞ്ഞു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

പിന്നെ അവരുടെ ബഹളമായി. ആരാ ഗസ്റ്റ് എന്നവരമ്മയോട് ചോദിക്കുന്നതു കേട്ട് പച്ചക്കിളി അവരെ സ്വയം പരിചയപ്പെടുത്തി. പിന്നെ അവരുടെ കൂടെ പറന്നു കളിച്ചു. ഒളിച്ചു കളിച്ചു. അങ്ങനെ കളിയൊക്കെയായി ശരീരമനങ്ങിയപ്പോള് അവന്റെ ‘ഭും’ എന്നു വീര്‍ത്ത വയറ്റിലെ മീനൊക്ക ദഹിച്ച് അവന്‍ ഉഷാറായി. പിന്നെ അവനവര്‍ക്ക് ചെത്തിപ്പഴം പറിച്ചു കൊടുത്തു തിന്നാനായി.

‘നാളെ കാണാമേ, നാളെ വരുമ്പോ മഞ്ഞക്കിളിക്കുഞ്ഞുങ്ങള്‍ക്ക് ഒരു കുല മുന്തിരിങ്ങ കൊണ്ടുവരാമേ,’ എന്നു പറഞ്ഞ്, ‘നീ ചെയ്തതിനൊക്കെ താങ്ക്‌യു മഞ്ഞക്കിളീ,’ എന്നു പറഞ്ഞ് അവന്‍ പറന്നു പോയി.

 

അപ്പോ അവന്റെ ഒരു നീലത്തുവല്‍ പറന്നു വീണു മഞ്ഞക്കുഞ്ഞിക്കിളികള്‍ക്കിടയിലേയ്ക്ക്.
എനിയ്ക്കു വേണം എനിയ്ക്കു വേണം അത് എന്നു പറഞ്ഞ് കുഞ്ഞുങ്ങള്‍ ബഹളം വയ്ക്കുന്നതു നോക്കി രസിച്ച് നിന്നു മഞ്ഞക്കിളിയമ്മ.

കൂട്ടത്തില്‍ ഒരാള്‍ മിടുക്കു കാണിച്ചതു കൈയ്ക്കലാക്കിയപ്പോള്‍, ‘നാളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ നീലത്തുവല്‍ താരന്‍ പറയുമോ അമ്മേ നീലപ്പൊന്മാന്‍ ആന്റിയോട്,’ എന്നു ചോദിച്ച് അമ്മയോടൊട്ടി നിന്നുബാക്കിയുള്ളവര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook