ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

നദീനിൻ്റെ ലോകം

നദീന്‍ രാവിലെ പൂ പെറുക്കാന്‍ ഇറങ്ങിയതായിരുന്നു മുറ്റത്തേയ്ക്ക്.
രാത്രിയില്‍ വിരിയണ മുല്ലപ്പൂ, മുല്ലവള്ളി പടര്‍ന്നു കയറിയിരിക്കുന്ന മരത്തിനു താഴെ രാവിലെയാവുമ്പോ വീണു കിടക്കും.

അതു പെറുക്കിയെടുക്കുക എന്നു പറഞ്ഞാല്‍ വലിയ ജോലിയാണ്.
ഒരു ഭംഗിയുള്ള ചൂരല്‍ കൊട്ട കൊടുത്തിട്ടുണ്ട് അമ്മ, അവള്‍ക്ക് മുല്ലപ്പൂ പെറുക്കാന്‍.

അമ്മ പറയുന്നത് വാഴനാരോ ഓലനാരോ എടുത്ത് നദീന്‍ അതെല്ലാം കോര്‍ത്തെടുത്ത് മല്ലപ്പൂ മാലയാക്കി തലയില്‍ ചൂടുകയോ പാവക്കുഞ്ഞുങ്ങളുടെ കഴുത്തില്‍ ഇടീക്കുകയോ ചെയ്യണം എന്നാണ്.

പക്ഷേ നദീന് വെള്ള മുല്ലപ്പൂ, ഇത്തിരി വെള്ളം ചേര്‍ത്തരച്ച് മുല്ലപ്പൂചമ്മന്തി ഉണ്ടാക്കി പാവകള്‍ക്ക് പുളിയിലച്ചോറിനൊപ്പം വിളമ്പാനാണ് ഇഷ്ടം.

‘എന്തു അരസികയായ പെണ്‍കുട്ടിയാണിവള്‍, മുല്ലപ്പൂ പോലെ മണവും ഭംഗിയുമുള്ള പൂ പെറുക്കി ചതച്ചരച്ച് ചമ്മന്തി ഉണ്ടാക്കുന്ന ഒരു കുഞ്ഞിനെ ലോകത്തിലിന്നേ വരെ ഞാന്‍ കണ്ടിട്ടില്ല, എനിക്ക് വല്യ സങ്കടാണ് ഇവളുടെ ആ മുല്ലപ്പൂ ചതച്ചരക്കല്‍ കാണുമ്പോള്‍,’ എന്ന് അമ്മ കുഞ്ഞമ്മയ്ക്ക് കത്തെഴുതിയത് അമ്മ തന്നെ നദീനെ വായിച്ചു കേള്‍പ്പിച്ചു ഒരു ദിവസം.

എന്തിനാണ് അമ്മ അങ്ങനെയൊക്കെ സങ്കടപ്പെടുന്നത് എന്ന് നദീന് മനസ്സിലായില്ല.
ആരും പെറുക്കാതെ ആ മുല്ലപ്പൂവൊക്കെ മുറ്റത്തു കിടന്നാല്‍, ദേവകിയമ്മ അടിച്ചു കൂട്ടി ചവറ്റിലക്കൂട്ടത്തില്‍ കൊണ്ടിടുകയേയുള്ളു.

അല്ലെങ്കിലോ, വരണോരും പോണോരും കൂടി നിരന്നു പരന്നു വെള്ളപപരവതാനി വിരിച്ചതു പോലെ കിടക്കുന്ന മുല്ലപ്പൂങ്കൂട്ടമൊന്നും തീരെ ശ്രദ്ധിക്കാതെ അതിന്റെ മേലെ കൂടി ചവിട്ടി നടന്ന്, അതിനെ ഒന്നിനും കൊള്ളാതാക്കും. മണ്ണും കൂടിക്കുഴഞ്ഞ് അതെല്ലാം അഴകൊഴാന്നവിടെ കിടക്കും.

priya a s, childrens stories, iemalayalam
അതിനേക്കാള്‍ നല്ലതല്ലേ മുല്ലപ്പൂചമ്മന്തി? അതും പാവകള്‍ക്കായി?
നാണിയും പങ്കുപ്പിള്ളയും അപ്പു ജോര്‍ജും പൊന്നിയും കൂടി ആ പുളിയിലച്ചോറ് കൊട്ടകണക്കിനാണ് മുല്ലപ്പൂ ചമ്മന്തിയും കൂട്ടി കഴിയ്ക്കുന്നത്.

ചിലപ്പോ ‘ചമ്മന്തി തീര്‍ന്നേ…’ എന്നും പറഞ്ഞ്, ‘ഇനീം വേണേ…’ എന്നു വാശി പിടിച്ച് അപ്പു ജോര്‍ജ് നിര്‍ത്താതെ കരയാറുപോലുമുണ്ട്.

പിന്നെ അവനെയെല്ലാം ശാന്തനാക്കി സമാധാനപ്പെടുത്തി ഇരുത്തന്‍ നദീന്‍ പെടുന്ന പാട്!
ഇതൊന്നും അമ്മയ്ക്കറിയേണ്ടല്ലോ! അമ്മയും അച്ഛനുമൊക്കെ വലിയവരല്ലേ?

വലിയവര്‍ക്ക്, പാവകള്‍ പറയുന്നതോ, കുട്ടികള്‍ പറയുന്നതോ ഒന്നും മനസ്സിലാവില്ല എന്നാ തോന്നുന്നത്. അവര്‍ക്ക് പാവകള്‍ മിണ്ടുന്നത്, കരയുന്നത്, പിണങ്ങുന്നത്, ചിരിക്കുന്നത് ഒന്നും കാണാനോ അറിയാനോ പറ്റില്ല.

കുട്ടികള്‍ക്കേ പാവകളെ മനസ്സിലാവൂ. പാവകള്‍ക്കേ കുട്ടികളെയും മനസ്സിലാവൂ.
ഇതൊക്കെ അമ്മയോട് പറഞ്ഞു കൊടുത്തു ഒരു ദിവസം നദീന്‍.

ശരിയ്ക്കുള്ള ചോറും അമ്മ അരച്ച മാങ്ങാച്ചമ്മന്തിയും ഒരു ദിവസം പാവകള്‍ക്ക് കൊടുത്തു നോക്കിയതാണ് നദീന്‍. അവരതൊന്നും തൊട്ടു നോക്കിയതു കൂടിയില്ല.

അന്നു മുഴുവന്‍ ഒന്നും തിന്നാതെ കിടന്ന് അവസാനം പനി പിടിച്ചു പാവകള്‍ക്ക് വൈകുന്നേരമായപ്പോഴേയ്ക്ക്. അപ്പോ നദീന്‍ എല്ലാവരെയും മാറിമാറി തോളത്തെടുത്തിട്ട് ജനല്‍ ഡോക്റ്ററുടെ അടുത്ത് എത്രതവണ പോയി വന്നു!

കൈയും കാലും കഴച്ചു പോയി അന്ന് നദീന്.
അതൊക്കെ നദീന്‍ വിവരിച്ചപ്പോ, ചുമ്മാ ഓരോന്നു പറയല്ലേ നദീ എന്നമ്മ പറഞ്ഞു.priya a s , childrens stories, iemalayalam
ജനല്‍ ഡോകറ്റര്‍ പ്രതേകം നദീനോട് പറഞ്ഞു പാവകള്‍ക്ക് പുളിയിലയിലച്ചോറും മുല്ലപ്പൂ ചമ്മന്തിയുമാണിഷ്ടമെങ്കില്‍ അതു തന്നെ കൊടുക്കണം.

ഇഷ്ടമല്ലാത്തത് കഴിച്ചാല്‍ പാവകളുടെ കുടല്‍ ചുരുങ്ങിപ്പോവും എന്നൊക്കെ നദീന്‍ പറഞ്ഞു കൊടുത്തപ്പോ, പാവക്കുട്ടികളുടെ കുടലോ എന്ന് അമ്മ മൂക്കില്‍ വിരല്‍ വച്ച് ഒരു കള്ളച്ചിരിയുമായി നിന്നു.

‘അതെന്താ മനുഷ്യര്‍ക്കു മാത്രമേ കുടലും വിശപ്പും ദഹനവും ഒക്കെ ഉള്ളോ,’ എന്നു ചോദിച്ച് അച്ഛന്‍ അവളുടെ ഭാഗം പറഞ്ഞില്ലെങ്കില്‍ കാണാമായിരുന്നു അമ്മയും മകളും തമ്മിലുള്ള വഴക്ക്പൂരം!

അതില്‍പ്പിന്നെ അമ്മ, രാവിലെ കളിയാക്കി ഒരു ചോദ്യമുണ്ട് ‘ഇന്നരയ്ക്കണില്ലേ ചമ്മന്തി’ എന്ന്.

അപ്പോ നദി, ‘ഇന്നെനിയ്ക്ക് കാറ്റിനെ പിടിച്ചു കെട്ടണം,’ എന്നോ ‘സൂര്യപ്രകാശത്തിനെ കുപ്പിയിലാക്കണമെന്നോ മിന്നാമിനുങ്ങിന്റെ വെളിച്ചം സോപ്പിട്ടു കഴുകി ഒന്ന കൂടി വൃത്തിയാക്കണ,’മെന്നോ നദീന്‍ പറയും.

‘അതൊക്കെ അവള്‍ ചെയ്യട്ടെ, കുട്ടികള്‍ക്കേ അതൊക്കെ പറ്റൂ, കണ്ടില്ലേ വലുതായപ്പോ നമുക്കതൊന്നും പറ്റാതായത്, നീ വിളക്കുപാറ്റകള്‍ക്ക് പണ്ട് പാട്ടു പാടി കൊടുത്തിരുന്ന ആളല്ലേ, ഇപ്പോ നീ വിളക്കു പാറ്റയെ കാണാറുണ്ടോ,’ എന്നു ചോദിച്ചു ഇന്നാളൊരു ദിവസം വന്നപ്പോ കുഞ്ഞമ്മ.

അതില്‍ പിന്നെയാണെന്നു തോന്നുന്നു അമ്മ ഇപ്പോ മുല്ലപ്പൂച്ചമ്മന്തിയെ എതിര്‍ക്കാറില്ല.
കളിയാക്കി ചോദ്യവും നിര്‍ത്തി. ചിലപ്പോ ചമ്മന്തി അരയ്ക്കാന്‍ നാലു മല്ലപ്പൂ പെറുക്കി കൊടുക്കാറുമുണ്ട്.

‘കുട്ടിയാവുമ്പോളല്ലേ ഇതൊക്കെ പറ്റൂ,’ എന്ന് മുറ്റമടിക്കുന്ന ദേവകിയമ്മയോട് അമ്മ പറയുന്നതു കേട്ടു.

 

അതൊക്കെ അവിടെ നില്‍ക്കട്ടെ. മുല്ലപ്പൂ പെറുക്കി തീര്‍ന്ന സ്ഥിതിയ്ക്ക് ഇനി കാറ്റിനെ പിടിക്കാന്‍ പോവാം എന്ന് തീരുമാനിച്ചു നദീന്‍.

പെട്ടെന്ന് നദീന്‍ പറഞ്ഞു ‘ഇപ്പോഴാണോര്‍ത്ത് അയ്യോ കാല് തട്ടിപ്പൊട്ടിയിട്ടുണ്ട്. ഓടാന്‍ പറ്റില്ല കാറ്റിന്റെ പുറകെ അത്ര വേഗത്തിലൊന്നും. എന്നാപ്പിന്നെ സൂര്യവെളിച്ചത്തെ കുപ്പിയിലാക്കാം. അത് നല്ല മരുന്നാണ് പാവക്കുട്ടികള്‍ക്ക് വയറു വേദന വരുമ്പോ, സൂര്യവെളിച്ചം, ചോന്ന സിറപ്പില്ലേ, അതെടുക്കണ സി പാത്രത്തിലിട്ട് അതില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കൊടുത്താല്‍, ഠപ്പേന്ന് മാറും വയറു വേദന.’

എന്താണാവോ, അമ്മ അതൊക്കെ ശ്രദ്ധിച്ചു കേട്ടു. എന്നിട്ട് ചോദിച്ചു, ‘അമ്മമാരുടെ കൈ വ്ദനയ്ക്കുണ്ടോ ഇതു പോലെ വല്ല മരുന്നും?’

‘രാത്രിയില്‍ വരുന്ന തുമ്പിച്ചിറകില്‍ നിന്നൂറുന്ന വെളിച്ചം പിടിച്ചുവച്ച് ഒരു പത്തുമിനിട്ടു പുരട്ടിയാല്‍ അമ്മയുടെ കൈ വേദന ശടേന്ന് മാറും,’ എന്നവള്‍ പറഞ്ഞപ്പോ അമ്മ ചിരിച്ചു.

ചിലപ്പോ അമ്മ, ഇങ്ങനെ തന്നെ അമ്മയുടെ അമ്മയും കുട്ടിയായിരിക്കുമ്പോ പറഞ്ഞുകാണും, അതിന്നാള് വന്നപ്പോ കുഞ്ഞമ്മ അമ്മയെ ഓര്‍മ്മിപ്പിച്ചു കാണും.

ഭാഗ്യമായി ഇന്നാള് കുഞ്ഞമ്മയ്ക്ക് വരാന്‍ തോന്നിയത് എന്ന് നദീനോര്‍ത്തു. ഇനിയും ഇതു പോലെ ഇടയ്ക്കിടയ്ക്ക് വന്ന് അമ്മയെ, അമ്മയുടെ കുട്ടിക്കാലത്തെ കാര്യങ്ങളോര്‍മ്മിപ്പിച്ചു കൊടുക്കാനായി കുഞ്ഞമ്മയെ വരുത്താന്‍ പൂക്കളോട് നദീന്‍ പ്രാര്‍ത്ഥിച്ചു.

‘അറിയില്ല അല്ലേ പൂക്കളാണ് കുഞ്ഞുങ്ങളുടെ ദൈവങ്ങള്‍. മറന്നുപോകാതിരിക്കാനായി എവിടെയെങ്കിലും കുറിച്ചിട്ടോളൂ. വലിയവരല്ലേ, അപ്പോ അക്ഷരമറിയാമല്ലോ അല്ലേ, അതുകൊണ്ട് കുറിച്ചിടാനൊക്കെ എളുപ്പമായിരിക്കും.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook