ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

മയില്‍പ്പീലി വിശേഷങ്ങള്‍

ശ്രീക്കുട്ടിയുടെ അടുത്ത വീട്ടില് നന്ദുക്കുട്ടന്‍ വന്നിട്ടുണ്ട്.
നന്ദു, ബോംബോയിലാണ്.
അച്ഛനുമമ്മയ്ക്കുമൊപ്പം അവിടെയാണ് അവന്റെ താമസവും സ്‌ക്കൂളില്‍പ്പോക്കും.

അവിടെ ഹിന്ദിയാണ് എല്ലാവരും പറയുക.
മറാത്തിയും അറിയാം നന്ദുവിന്.
മലയാളിയാണെങ്കിലും കുറച്ചേ മലയാളം പറയൂ.

അവന്‍ വേനലിന്റെ ഒഴിവിന് നാട്ടില്‍ വന്നപ്പോ, അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തവനെ ആക്കിയിട്ട് അച്ഛനുമമ്മയും തിരിച്ചു പോയി. അവനങ്ങനെ ഒരു ദിവസം രാവിലെ വീടിന്റെ മുറ്റത്തു കൂടി വെറുതേ ഒരു പൂച്ചയുടെ പുറകെ അതിനെ പേടിപ്പിച്ചോടിച്ച് രസിക്കുമ്പോഴാണ് ശ്രീക്കുട്ടി, അവനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.

അടുത്ത വീട്ടിലെ കുട്ടിയെ നോക്കി നന്ദു കൈ വീശി. അവള്‍ തിരിച്ചും .
എന്തിനാ പാവം ചീരുപ്പൂച്ചയെ പേടിപ്പിച്ചോടിയ്ക്കുന്നതെന്ന് ചോദിച്ചു ശ്രീക്കുട്ടി.
അവന്‍ അമ്മൂമ്മ കാച്ചി വച്ചിരിക്കുന്ന പാല് കട്ടുകുടിക്കാന്‍ നോക്കി എന്നു പരാതി പറഞ്ഞു നന്ദു.

അപ്പോ ശ്രീക്കുട്ടി പറഞ്ഞു ‘എന്റെ മയില്‍ നിന്റെ വീടിനു മുകളിലേയ്ക്ക് പറന്നു പോയി. അത് തിരിച്ചു വരുന്നതും കാത്ത് നില്‍ക്കുകയാണ് ഞാന്‍.’

‘മയിലോ, അതൊക്കെ കാട്ടിലും സൂവിലുമല്ലേ താമസം,’ എന്ന് നന്ദു അത്ഭുതപ്പെട്ടു.

‘ഞങ്ങളുടെ പറമ്പു നോക്ക്, നിറയെ മരങ്ങളൊക്കെ വളര്‍ന്ന് ഒരു കാടു പോലെ തന്നെയില്ലേ,  ഇവിടെ വലിയ ഒരു കുളവുമുണ്ട്,’ എന്നു പറഞ്ഞു ശ്രീക്കുട്ടി. അവര്‍ രണ്ടാളും കൂടി മയിലിനെ അവിടെയൊക്കെ നോക്കി.

priya a s , childrens stories, iemalayalam
‘എന്നെ പറ്റിയ്ക്കാന്‍ എവിടെയോ ഒളിച്ചിരിപ്പാണ് മരുത്,’ എന്നവള്‍ പറഞ്ഞു. അപ്പോള്‍ ശ്രീക്കുട്ടിയുടെ ചിരുത എന്ന പെണ്‍മയിലും വന്നു അവനെ തിരഞ്ഞ്. അവര്‍ മൂന്നു പേരും കൂടി അവിടൊക്കെ കൂടി മരുതിനെ നോക്കി നടപ്പായി.

കുറേനരം.കഴിഞ്ഞപ്പോ ചിരുത ഒറ്റപ്പറക്കല്‍ നന്ദുവിന്റെ വീടിനു മുകളിലേയ്ക്ക്.
നോക്കുമ്പോ മരുത് വീടിനു മുകളില്‍ പീലി വിരിച്ച് നില്‍പ്പാണ്.
അവരവിടെ നിന്ന് അവന്റെ കളര്‍ഫുള്‍, പവര്‍ഫുള്‍ മയില്‍പ്പീലി ഡാന്‍സ് മുഴുവന്‍ കണ്ടു.

നന്ദു, നാഷണല്‍ ജോഗ്രാഫിക് ചാനലില്‍ മാത്രമേ അത്തരമൊരു മയില്‍നൃത്തം കണ്ടിട്ടുണ്ടായിരുന്നുള്ളു. അവനോടിപ്പോയി അപ്പൂപ്പന്റെ മൊബൈലില്‍ താന്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ആ മയില്‍ നൃത്തം റെക്കോഡ് ചെയ്ത് അച്ഛനയച്ചു.

ചിരുതയും മരുതും ടെറസില്‍ തന്നെ നടപ്പാണെന്നു കണ്ട്, അപ്പൂപ്പനോടും അമ്മൂമ്മയോടും പറഞ്ഞിട്ട് നന്ദു ശ്രീക്കുട്ടിയുടെ കുളം കാണാന്‍ പോയി.

കുളമെന്നു വച്ചാല്‍ സവിമ്മിങ് പൂള്‍ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു അതുവരെ നന്ദു.
വീട്ടാവശ്യങ്ങള്‍ക്ക്, അതായത് പാത്രം കഴുകാനും തുണി അലക്കാനും കുളിക്കാനുമൊക്കെ അവര്‍ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ശ്രീക്കുട്ടി പറഞ്ഞപ്പോള്‍ നന്ദുവിന് അത്ഭുതം സഹിക്കാതായി.

നാളെ മുതല്‍ ഞാനിവിടെ വന്ന് നീന്താം, നിന്റൊപ്പം എന്നു പറഞ്ഞ്, ശ്രീക്കുട്ടിയുടെ അമ്മ ചെത്തിക്കൊടുത്ത പച്ചമാങ്ങാ, ഉപ്പും കൂട്ടി തിന്ന് കടും പുളി രസത്താല്‍ നിന്നനില്‍പ്പില്‍ രണ്ടു ചാട്ടം ചാടിപ്പോയി നന്ദു.

 

അങ്ങനെ ശ്രീക്കുട്ടിയോടൊപ്പം തിരിച്ചു നടക്കുമ്പോഴാണ് നന്ദുവിന്റെ തലയിലേയ്ക്ക് ഒരു മരത്തില്‍ നിന്ന് മയില്‍പ്പീലി കൊഴിഞ്ഞു വീണത്. മുകളിലേയ്ക്ക് അവര്‍ നോക്കുമ്പോഴുണ്ട് ദാ നൃത്തമവസാനിപ്പിച്ച് വന്നിരിയ്ക്കുന്നു മരുത്.

അവന്റെ പീലി, നിലത്തുമുട്ടുന്നതു പോലെ തോന്നി നന്ദുവിന്.
ആണ്‍മയിലിനാണ് പീലിഭംഗി എന്നും പെണ്‍മയിലിന്റെ പീലി കുറ്റിച്ചൂലു പോലെ ഇരിക്കുമെന്നും മരുതിനെയും ചിരുതയെയും കാണിച്ച് ശ്രീക്കുട്ടി പറഞ്ഞു.
അവന് മയില്‍നീല നിറത്തില്‍ ഒരു കുര്‍ത്ത ഉണ്ടെന്നവനും മയില്‍പ്പച്ച നിറത്തില്‍ ഒരു പാട്ടു പാവാട ഉണ്ടെന്നവളും പറഞ്ഞു.

മയിലിന് പച്ചയോ നീലയോ നിറം കൂടുതലെന്നവര്‍ കളിത്തര്‍ക്കമായി പിന്നെ. അപ്പോ മരുതിന്റെയോ ചിരുതയുടെയോ ദേഹത്തുനിന്ന് ഒരു കുഞ്ഞിക്കുഞിത്തൂവല്‍ താഴേയ്ക്ക് വീണു.

priya a s , childrens stories, iemalayalam
അതിനെ ശ്രീക്കുട്ടി മയില്‍പ്പൂട എന്നു വിളിച്ചപ്പോ നന്ദുവിന് ചിരി വന്നു.
ഇതിനെ പീലി മരം എന്നാണ് ഞങ്ങള്‍ പറയുക എന്ന് അവള്‍ പിന്നെ ചിരിച്ചു .

ശരിയ്ക്കും അത് കുടമ്പുളി മരമാണെങ്കിലും അതില്‍ നിന്ന് കുടമ്പുളിയേക്കാളും പീലിയാണ് പൊഴിയുക, അതാണ് പീലിമരം എന്നു വിളിയ്ക്കാന്‍ കാരണം.

കുടമ്പുളിമരമാണ് അവരുടെ വീടെന്നു കണ്ടു പിടിച്ചത് ഞാനാണ് എന്നു പറയുമ്പോ ശ്രീക്കുട്ടിയ്ക്ക് അഭിമാനം വരുന്നുണ്ടായിരുന്നു.

ഇവിടെ കുറിുക്കനും കീരിയും മയിലുകളും കൂടി ഓടിപ്പിടുത്തം കളിയ്ക്കാറുണ്ട് എന്നു കൂടി ശ്രീക്കുട്ടി പറഞ്ഞു.

നന്ദു അവരൊക്കെ എവിടെ എന്നു ചുറ്റുപാടും തിരഞ്ഞു. അവരൊക്കെ വരുമ്പോ ഞാന്‍ നിന്നെ വന്നു വിളിയ്ക്കാം, നീ ഇനിയും വരണേ എന്നു പറഞ്ഞു ശ്രീക്കുട്ടി. രണ്ടു കുടമ്പുളിയും കുഞ്ഞും വലുതുമായ മയില്‍പ്പീലികളുമായി നന്ദു യാത്ര പറയുമ്പോള്‍ വീണ്ടും പീലിയൊരെണ്ണം അവന്റെ മുഖത്തേയ്ക്ക് വീണു.

‘കുടമ്പുളി അമ്മൂമ്മയ്ക്കു കൊടുക്കണം, മീന്‍ കറിയില്‍ ഇടുന്ന പുളിയാണത്,’ എന്നു പറഞ്ഞപ്പോള്‍, നന്ദു കൊടംപുളിക്കായ പന്താണെന്നപോലെ അമ്മാനമാടി.

പീലിയും പൂടയുമായ ഒരുപാടു കുഞ്ഞും വലുതും മയില്‍ത്തൂവലുകള്‍ വീണു കിടക്കുന്ന കുടമ്പുളിക്കുതാഴെ മിന്നാമിനുങ്ങുകള്‍ രാത്രിനേരം മിന്നിമിന്നിപ്പറക്കുമെന്നു കൂടി ശ്രീക്കുട്ടി പറഞ്ഞു.priya a s , childrens stories, iemalayalam
മിന്നാമിന്നിയ്ക്ക് ഇംഗ്‌ളീളില്‍ ഫയര്‍ഫ്‌ളൈ എന്നും ഹിന്ദിയില്‍ ജുഗുനു എന്നും പറയുമെന്ന് നന്ദു അവള്‍ക്ക് പറഞ്ഞു കൊടുത്തു…

‘രാത്രിയാവുമ്പോള്‍ നീ ജനാല തുറന്നിട്ടു നോക്കിയാല്‍ കാണാം, എന്നാല്‍പ്പിന്നെ നീ ഇത്ര ഭംഗിയുള്ള സ്ഥലം വിട്ട് ബോംബോയ്ക്ക് പോവുമോ എന്ന് സംശയമാണ്,’ എന്നു കൂടി ശ്രീക്കുട്ടി പറഞ്ഞു.

‘അയ്യോ അതു പറ്റില്ല, എന്റെ അച്ഛനുമമ്മയും അവിടെയല്ലേ, അവരെ വിട്ട് നിന്നാല്‍ എനിയ്ക്ക് സങ്കടമാവും, ഞാന്‍ ഒരു മാസം കഴിഞ്ഞ് തിരിച്ചു പോവുമല്ലോ അപ്പോളേയ്ക്ക് ചിരുത മുട്ടയിടുമായിരിയ്ക്കും, കുഞ്ഞു വിരുിയുമായിരിയ്ക്കും. അതിലൊന്നിനെയും കൊണ്ട് ഞാന്‍ പോകാം. എന്നിട്ട് ഫ്‌ളാറ്റില്‍ ഞാന്‍ അതിനെ വളര്‍ത്താം. ഒരു മിന്നാമിന്നി പാക്കറ്റും നീ അപ്പോഴേയ്ക്കും റെഡിയാക്കി വയ്ക്കണം,’ എന്നവന്‍ അവളോട് പറഞ്ഞു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അവള്‍, അവന്‍ പറഞ്ഞതത്രയും സമ്മതിച്ചു. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുവില്‍ രാത്രിനേരത്തു കിടന്ന് അവന്‍ ബോംബെയിലെ ഫ്‌ളാറ്റില്‍ അവന്റൈ സ്റ്റഡി റൂമില്‍ മയില്‍, പീലി വിരിച്ചു നില്‍ക്കുന്നതും അവന് കുളിയ്ക്കുമ്പോള്‍ പേടിവരാതെ കൂട്ടായി മിന്നാമിനുങ്ങുകള്‍ കൂട്ടമായി പറന്ന് ബാത്‌റൂമലേയ്ക്കു കയറുന്നതും സ്വപ്‌നം കണ്ടു ചിരിച്ചു.

അമ്മൂമ്മ അവന്റെ കവിളില്‍ത്തട്ടി ചോദിച്ചു എന്താണ് കുഞ്ഞ് ചിരിക്കുന്നത്?
അവന്‍ ഒന്നും മിണ്ടാതെ പിന്നെയും ചരിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook