ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

കുഞ്ഞന്റെ പനി

ചാമ്പയ്ക്കാമരത്തിലിരുന്ന് രണ്ടു ബുള്‍ബുള്‍ക്കിളികള്‍, കുഞ്ഞന്റെ മുറിയിലേയ്ക്ക് നോക്കിയിരുന്ന് പാടും.

അപ്പോള്‍ കുഞ്ഞന്‍, തുറന്നു കിടക്കുന്ന ജനാലയിലൂടെ കൈ വീശി ‘ആഹാ നിങ്ങള്‍ വന്നോ,’ എന്ന് ചോദിയ്ക്കും. അതവരുടെ ഇടയിലെ ഒരു പതിവാണ്.

കുഞ്ഞന് പനി വന്ന് രണ്ടു ദിവസം കിടപ്പായി പോയപ്പോള്‍, ജനലിനടുത്തുവന്നു നില്‍ക്കാനോ കൈ വീശാനോ ഒന്നും കുഞ്ഞനപറ്റിയതേയില്ല.

കിളികള്‍ പേടിച്ചു പോയിക്കാണും ‘ഈ കുഞ്ഞനെവിടെ പോയി.’ എന്നോര്‍ത്ത് എന്ന് കുഞ്ഞന്റെ അമ്മ, കുഞ്ഞന്റെ അച്ഛനോട് പറഞ്ഞു.

അവര്‍ കുഞ്ഞന്റെ ജനാലയില്‍ വന്നിരുന്ന് അകത്തേയ്ക്ക് തലയിട്ട് കുഞ്ഞനെ നോക്കുന്നത് അമ്മ അച്ഛന് കാണിച്ചു കൊടുത്തു.

കുഞ്ഞന്റെ അമ്മ, ഇളം ചൂടുവെള്ളത്തില്‍ നേര്‍ത്ത തുണി നനച്ച് കുഞ്ഞന്റെ നെറ്റിയിലിട്ടു കൊടുത്ത് കുഞ്ഞന്റെ അടുത്തിരിയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞന്‍ അച്ഛന്റെ മടിയിലാണ് കിടന്നിരുന്നത്.

കിളികള്‍ അടുത്തുനിന്നെങ്ങോ, വളരെ അടുത്തുനിന്നെങ്ങോ ചിലയ്ക്കുന്നതു കേട്ട് അമ്മ തല ഉയര്‍ത്തിനോക്കി. എന്നിട്ട് അച്ഛനോട് പറഞ്ഞു, ‘ദേ നോക്ക് കുഞ്ഞന്റെ കിളികള്‍ കുഞ്ഞനെ അന്വേഷിച്ചു വന്നിരിയ്ക്കുന്നു.’

കുഞ്ഞന്റെ മേശപ്പുറത്തുവന്നിരിപ്പായ അവരെ നോക്കി അച്ഛന്‍ ‘ഹായ്’ എന്നു ചിരിച്ചു.

അമ്മ പറഞ്ഞു, ‘കുഞ്ഞന് നാളെത്തന്നെ സുഖാവും കേട്ടോ, അപ്പോ അവന്‍ ജനാലയ്ക്കല്‍ വന്ന് നിങ്ങളെ നോക്കി കൈവീശും കേട്ടോ.’

priya as ,children stories, iemalayalam

കുഞ്ഞന്‍ പാവം ഒറ്റക്കിടപ്പു തന്നെയല്ലേ അവന് കിടന്നു കിടന്നു മടുത്തുപോവില്ലേ എന്നു വിചാരിച്ചാവും കിളികളന്ന് ജനല്‍പ്പടിയില്‍ത്തന്നെ ഇരുന്നു.

ഇടയ്ക്ക് പനി കുറഞ്ഞ് കുഞ്ഞന്‍ ഒന്നുറങ്ങിയപ്പോള്‍, അച്ഛനവനെ കിടക്കയില്‍ മെല്ലെ കിടത്തിയിട്ട് പത്രം വായിയ്ക്കാനോ മറ്റോ പോയി. അമ്മ, കുഞ്ഞന്റെ സൈഡില്‍ത്തന്നെ കിടന്ന് ഉറങ്ങിയും പോയി.

അപ്പോ രണ്ടു ബുള്‍ബുളും കൂടി ഓരോ ഇലകളും ചുള്ളിക്കമ്പുമൊക്കെ കൊത്തിക്കൊണ്ടുവന്ന് കുഞ്ഞന്റെ കിടക്കയില്‍ വച്ചിട്ടുപോയി.

അമ്മ എണീറ്റു നോക്കുമ്പോഴല്ലേ കാണുന്നത്, ചുള്ളിക്കമ്പും ഇലയുമൊക്കെ. അമ്മയ്ക്ക് ചിരി വന്നു.

‘ഇതാ ബുള്‍ബുളുകളുടെ പണിയാവണം. കുഞ്ഞനെ സന്തോഷിപ്പിക്കാന്‍ എന്തു ചെയ്യണം എന്നറിയാതെ കുഞ്ഞന് കളിയ്ക്കാനോ മറ്റോ ആയി കൊണ്ടുവച്ചതാവും അവര്‍ ഇതെല്ലാം,’ എന്ന് അമ്മ, അച്ഛനോട് പറഞ്ഞു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

കുഞ്ഞനപ്പോഴും ഉറങ്ങുകയായിരുന്നു. അവന്റെ പനി മാറിത്തുടങ്ങിയിരുന്നു.

കിളികളപ്പോഴും ചാമ്പയ്ക്കാമരത്തില്‍ത്തന്നെ കുഞ്ഞന്റെ മുറിയിലേയ്ക്കും നോക്കി ഇരിപ്പുണ്ടായിരുന്നു.

‘നിങ്ങളിന്ന് ചേക്കേറാനൊന്നും പോകുന്നില്ലേ, വൈകുന്നേരമായല്ലോ,’ എന്നു അച്ഛന്‍ ചോദിച്ചത് കിളികള്‍ക്ക് മനസ്സിലായോ എന്തോ!

 

Read More: ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook