കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കീരിയുടെ കിണര്‍
മെഹറിന്റെ വീട്ടുമുറ്റത്ത് ഒരു കീരി വന്നു രാവിലെ.
‘പാമ്പിനെ പിടിച്ചു കൊല്ലുന്ന ജീവിയാണ് കീരി, അതു കൊണ്ട് സൂക്ഷിക്കണം, ഈ പരിസരത്തെങ്ങാനും പാമ്പു കാണും,’ എന്നു പറഞ്ഞു അപ്പൂപ്പന്.
മെഹറിന്റെ വീടിന്റെ കാര്‍ ഷെഡിലൂടെ, തന്നത്താന്‍ ഓടിക്കളിച്ചു നടക്കുന്ന കീരിയെ നോക്കി മെഹര്‍ അത്ഭുതപ്പെട്ടു ഇവനാണോ പാമ്പു പിടിയന്‍ എന്ന ഭീകരന്!
കണ്ടാലങ്ങനെയൊന്നും തോന്നില്ലല്ലോ. പാമ്പുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍, എന്തൊരു ചെറിയ ജീവിയാണ് ഈ കീരിത്താന്!
പുളയുന്ന പാമ്പു ഭീകരനെ പിടിക്കാനും കൊല്ലാനുമൊക്കെ ഇവനെക്കൊണ്ടെങ്ങനെ പറ്റും!
‘എടാ, നീ ഇവിടെയെങ്ങാനും പാമ്പിനെക്കണ്ടു വച്ചിട്ടുണ്ടോ, അതിനെ പിടിക്കാന്‍ വന്നതാണോ നീയ്,’ എന്നു ചോദിച്ചു മെഹര്‍ ഉറക്കെയുറക്കെ.
ഒന്നു നിന്ന്, മെഹറിനെ തിരിഞ്ഞുനോക്കി, കീരി വീണ്ടും മുറ്റത്തേക്കോടിപ്പോയി.
അവന് പോയതെവിടേക്കാണ് എന്ന്, മെഹര്‍ എത്തിവലിഞ്ഞുനോക്കി.
അങ്ങനെ നോക്കുമ്പോ കണ്ടതോ! അവന് എത്തിവലിഞ്ഞ്, മുറ്റത്ത് ഒരു മൂലയില്‍ ചരിഞ്ഞു കിടക്കുന്ന ചിരട്ടയിലേയ്ക്ക് തലയിട്ട്, അതിലെ ഇത്തിരിയുള്ള വെള്ളം മുഴുവന്‍ മടുമടാന്നു കുടിക്കുന്നു.
‘ആഹാ, നിനക്ക് ദാഹിച്ചു അല്ലേ? പാമ്പിനെ പിടിക്കാനൊന്നുമല്ല, വെള്ളമന്വേഷിച്ചാണ് നീ ഇവിടെ എത്തിയത് അല്ലേ’ എന്നു ചോദിച്ചു മെഹര്‍.
‘അത് നിനക്കെങ്ങനെ മനസ്സിലായി’ എന്നു ചോദിക്കും പോലെ കീരി, മെഹറിനെ മുഖമുയര്‍ത്തിനോക്കി.
‘നീ ആകെ തളര്ന്നവശനായിരിക്കുകയാണല്ലേ, ദാഹം കൊണ്ട്’ എന്നു ചോദിച്ച് മെഹര്‍ മുറ്റത്തേയ്ക്കിറങ്ങി, കീരിയുടെ വാലില്‍ ഒന്നു തലോടി.
മെഹര്‍ ഉപദ്രവിക്കുമോ എന്നു ഭയന്നാവും അവന്, വാല് വെട്ടിച്ച് മാറ്റി ദൂരെ മാറി നിന്നു.
‘ഇനീം നിനക്ക് വെള്ളം വേണോ’ എന്നു ചോദിച്ച് അവളകത്തേയ്ക്കു പോയി, വലിയൊരു ചരുവത്തില്‍ വെള്ളം കൊണ്ടു വച്ചു മുറ്റത്ത്.
അതു കണ്ട് കീരി, ഓടി വന്ന് വീണ്ടും വീണ്ടും വെള്ളം കുടിച്ചു.
അവന്റെ കുഞ്ഞിക്കുമ്പ വീര്‍ത്തുവരുന്നതു കണ്ട് അവള്‍ക്ക് ചിരിവന്നു.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അവള് ചരുവത്തില്‍ വെള്ളം കൊണ്ടുവന്നു വച്ചത്, എങ്ങനെയൊക്കെയോ അറിഞ്ഞു കരിയിലാംപീച്ചികളും കാക്കകളും. അവരും വന്നു ചരുവത്തിന് ചുറ്റി നിന്നു.
കീരി ദൂരെ മാറിപ്പോയി കുഞ്ഞിക്കുമ്പയുമായി വിശ്രമഭാവത്തില് കാര്‍ഷെഡിന്റെ തൂണും ചാരി നിന്നപ്പോള്‍, ആ തക്കം നോക്കി, കാക്കയും കരിയിലാംപീച്ചികളും വെള്ളം കുടിക്കാന്‍ തുടങ്ങി ചരുവത്തില്‍ നിന്ന്.
‘അവര്‍ക്കത് ചരുവമായല്ല ഒരു കൂറ്റന്‍ കിണറാണന്നാവും തോന്നുന്നുണ്ടാവുക, അല്ലേ അച്ഛാ’ എന്നു ചോദിച്ചു മെഹര്‍, അച്ഛനോട്.
അതുവഴി വന്ന അച്ഛന് ആ ചോദ്യം കേട്ട് ചിരിച്ചു. എന്നിട്ട് ‘അതെ, അതെ’ എന്നു പറഞ്ഞു.
മെഹര്‍ വീണ്ടും, കരിയിലാംപീച്ചികളുടെയും കീരിയുടെയും കാക്കകളുടെയും കിണര്‍ നിറയ്ക്കാനായി, വെള്ളമെടുത്തു കൊണ്ടുവരാന്‍, അകത്തേയ്ക്കുപോയി.
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.
ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?