ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

കഥകൾ ഉറങ്ങാൻ പോയപ്പോൾ

നീലു ഒറ്റയ്ക്കിരിക്കുകയായിരുന്നു.

പനിയാണ്,  പനി മാറിയാലേ കളിക്കാന്‍ പോകാനും സ്‌ക്കൂളില്‍ പോകാനും പറ്റൂ.

പനി കാരണം നീലുവിന് നല്ല മേലു വേദനയുമുണ്ട്.

‘അമ്മൂമ്മേ മരുന്നുതരൂ’ എന്നു പറഞ്ഞു, അമ്മൂമ്മയെ ഉറക്കെ വിളിച്ചു നീലു.

നല്ല മധുരമുള്ള മരുന്നാണ് ഇത്തവണ ഡോക്റ്റര്‍ നീലുവിന് കൊടുത്തിരിക്കുന്നത്.

‘എപ്പഴും, എപ്പഴും മരുന്നു കുടിക്കാന്‍ പാടില്ല, അതിനൊക്കെ കൃത്യ സമയമുണ്ട്, സമയം തെറ്റിച്ച് മരുന്നു കുടിച്ചാല്‍ പനി കൂടും,’ എന്നു പറഞ്ഞു നീലുവിന്റെ അടുത്തേയ്ക്കു വന്ന് അമ്മൂമ്മ.

‘എന്നാ കഥ പറഞ്ഞു തരൂ’ എന്നായി നീലു.

‘രാത്രി വിളിച്ചാലേ കഥ വരൂ, ഇപ്പോ കഥയൊക്കെ അവരുടെ അമ്മയുടെ കൂടെ കിടന്ന് ഉറങ്ങുകയാണ്’ എന്നു പറഞ്ഞു അമ്മൂമ്മ.

കഥ, അമ്മയുടെ ദേഹത്തേയ്ക്ക് കാലെടുത്തു വച്ച്, ഒരു വിരലീമ്പി, ഉറങ്ങാന്‍ കിടക്കുന്നത് ഓര്‍ത്ത് നീലുവിന് ചിരി വന്നു.

‘എന്തിനാ പനിക്കുട്ടി ചിരിച്ചത്,’ എന്നു ചോദിച്ച് അപ്പോ അമ്മൂമ്മ, നീലുവിനെ ഉമ്മവച്ചു.

അമ്മൂമ്മുടെ ഉമ്മയ്ക്ക് നല്ല തണുപ്പായിരുന്നു.

‘ഇനീം ഇനീം എന്നെ ഉമ്മവയ്ക്ക് അമ്മൂമ്മ’ എന്നു പറഞ്ഞു നീലു.

‘ഉറങ്ങാന്‍ കിടക്കുന്ന കഥയ്ക്ക് അമ്മയാണോ അമ്മൂമ്മയാണോ ഉമ്മ കൊടുക്കുക, കഥയ്ക്ക് പനി വരാറുണ്ടോ’ എന്നൊക്കെ ചോദിച്ചു അപ്പോ അവള്‍.

‘എന്റെ ചോദ്യക്കുട്ടീ’ എന്നു വിളിച്ച്, അമ്മൂമ്മ അവളെ പിന്നെയും തണുതണാ ഉമ്മ വച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അപ്പോ അവള്‍ക്ക് പനിയുടെ മേലുനോവ് കുറയുന്നതു പോലെ തോന്നി.

എന്നിട്ടവള്‍ അമ്മൂമ്മയോട് പറ്റിച്ചേര്‍ന്നു കിടന്ന് ഉറങ്ങാന്‍ ഭാവിച്ചു.

‘നീലു ഉണരുമ്പോഴേയക്ക് കഥയുമൊക്കെ  ഉണരും, അപ്പോഴേയ്ക്ക് പനിയും കുറയും’ എന്നു പറഞ്ഞ് അമ്മൂമ്മ അവളെ താളമിട്ടുറക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook