ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

കളിയും പാട്ടും

പാത്തു സ്‌ക്കൂളില്‍ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു.
അവര്‍ ഒളിയ്ക്കുകയും ഓടുകയും കണ്ടുപിടിക്കുകയും സാറ്റടിക്കുകയും കൂവുകയും കൈയടിക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു.

ഓട്ടത്തിനിടയില്‍ അച്ചു എവിടെയോ തട്ടി വീണു.
ഒരു കൈ തന്ന് സാഹായിക്കണോ നിന്നെ എന്ന് രേവ അവനോട് ചോദിക്കുകയും വേണ്ട എന്നു പറഞ്ഞ് അവന്‍ തട്ടിക്കുടഞ്ഞെഴുന്നേല്‍ക്കുകയും ചെയ്തപ്പോഴാണ് ഒരു പൂച്ച വന്നത്. അയ്യോ വീണോ, എങ്ങനെ വീണു എന്ന മട്ടില്‍ പൂച്ച അവനെ നോക്കി അവന്റെ അടുത്തു ചെന്നു നിന്നു.

പിന്നെ അവന്റെ കാലില്‍ ഉരുമ്മാന്‍ തുടങ്ങി. അച്ചു കുനിഞ്ഞ് പൂച്ചയുടെ തലയില്‍ തലോടി.
അത് മ്യാവൂ എന്നു പറഞ്ഞു. അപ്പോഴേയ്ക്കും ക്ലാസു തുടങ്ങാനുള്ള ബെല്ലടിച്ചു .
എല്ലാവരും കളി നിര്‍ത്തി ക്‌ളാസിലേയ്‌ക്കോടിപ്പോയി.

പൂച്ച അവിടെത്തന്നെ നിന്നു, ഇനി എന്തു ചെയ്യണം എന്നാലോചിച്ചു കൊണ്ട്.
അപ്പോഴൊരു കാക്കയും തത്തമ്മയും ഒരു കീരിയും അതു വഴി വന്നു.
അവര് പാത്തുവിന്റെയും അച്ചുവിന്റെയും രേവയുടെയും ക്‌ളാസിന്റെ ജനലരികില്‍ ഒരു സമ്മേളനം കൂടി ബഹളമുണ്ടാക്കി.

അവര് പ്രൊട്ടസ്റ്റ് ചെയ്യുകയാണ് എന്ന് രേവ, ദയയോട് പറഞ്ഞു. എന്തിന് എന്നു ചോദിച്ചു ദയ.
കുട്ടികളെ സ്‌ക്കൂളുകളില്‍ വിടുന്നതും പഠിപ്പിയ്ക്കുന്നതുമൊന്നും ശരിയല്ല, അവര്‍ക്ക് ഞങ്ങളുടെ കൂടെ കളിക്കാനും തിമര്‍ത്തു രസിക്കാനുമാണ് ഇഷ്ടം, അതു കൊണ്ടവരെ വേഗം പുറത്തുവിടുക എന്നാണവരുടെ മുദ്രാവാക്യം, അല്ലേ എന്ന് സാനിയ ചോദിച്ചു.

അതെ,അതെ എന്ന് ഹരി തലയാട്ടി. റ്റീച്ചര്‍ ക്‌ളാസെടുക്കുന്നതിനിടെ അവരെല്ലാം രഹസ്യമായി സംസാരിക്കുന്നതു കണ്ട് റ്റീച്ചര്‍ അവരെയെല്ലാവരെയും എണീപ്പിച്ച നിര്‍ത്തി, എന്താ അവിടെ ഒരു വലിയ രഹസ്യം എന്നു ചോദിച്ചു.

‘ക്‌ളാസെടുക്കുമ്പോള്‍ പരസ്പരം മിണ്ടിയാല്‍ ഞാന്‍ ക്‌ളാസെടുക്കുന്നത് എങ്ങനെയാ നിങ്ങള്‍ കേള്‍ക്കുക, നിങ്ങള്‍ക്ക് പഠിച്ചു മിടുക്കരാകേണ്ടേ, അടുത്തയാഴ്ച പരീക്ഷയല്ലേ?’ ഇങ്ങനെയൊക്കെ ആയാലെങ്ങനെയാ എന്നു ചോദിച്ച് റ്റീച്ചര്‍ അവരെ വഴക്കു പറയാനാരംഭിച്ചു.
കുട്ടികള്‍ തലതാഴ്ത്തി നിന്നു.

കാക്കയും തത്തമ്മയും ക്‌ളാസ് ജനലിലിരുന്നും കീരിയും പൂച്ചയും സ്‌ക്കൂള്‍ മതിലിലിരുന്നും അവരുടെ ക്‌ളാസിലേയ്ക്ക് നോക്കി, അപ്പോഴൊരു മാവിന്‍ കൊമ്പില്‍ നിന്ന് അണ്ണാരക്കണ്ണനും ‘ചില്‍ചില്‍’ എന്നോടി വന്ന് ക്‌ളാസിലേയ്ക്ക് നോക്കിയിരുപ്പുസംഘത്തില്‍ ചേര്‍ന്നു.

റ്റീച്ചറിനെ നോക്കി, ‘ഇതൊന്നും ശരിയല്ല, കുട്ടികളല്ലേ, ഇത്തിരി മിണ്ടിപ്പോവുല്ലേ, അവര്‍ പ്രതിമകളൊന്നുമല്ലല്ലോ,’ എന്ന് ഉറക്കെയുറക്കെ പറയാന്‍ തുടങ്ങി.

‘ഇതെന്തൊരു ബഹളം, ക്‌ളാസിലേക്കാള്‍ ബഹളമാണല്ലോ പുറത്ത്,’ എന്നു പറഞ്ഞ് റ്റീച്ചര്‍ ജനലരികിലേയ്ക്കു വന്ന് ഒരു ചോക്കു കഷണമെടുത്ത് അവരെയെല്ലാം ഓടിയ്ക്കാന്‍ നോക്കി.
അവരനങ്ങിയതേയില്ല എന്നു മാത്രമല്ല ‘റ്റീച്ചറെ ഞങ്ങള്‍ക്കു പേടിയില്ല, റ്റീച്ചറൊന്നു ചിരിച്ചേ, റ്റീച്ചര്‍ ചിരിയ്ക്കുമ്പോള്‍ റ്റീച്ചറിനെ കാണാന്‍ എന്തു ഭംഗിയാണെന്നോ,’ എന്നു പറഞ്ഞു.priya a s , childrens stories, iemalayalam

 

റ്റീച്ചറിന് അതു മനസ്സിലായെന്നു തോന്നുന്നു.
റ്റീച്ചര്‍ അവരുടെ ബഹളം കേട്ട് അവസാനം ചിരിച്ചു പോയി.
അവിടെയും കലപില, ഇവിടെയും കലപില എന്നു സ്വയം പറഞ്ഞ് ചിരിച്ചു കൊണ്ട് അവര്‍ ജനലരികില്‍ നിന്ന്  കസേരയില്‍ വന്നിരിക്കുകയും ‘നമുക്കിന്നൊരു ചെയ്ഞ്ച് ആയാലോ, പരീക്ഷ കഴിഞ്ഞാല്‍ വേനലിന്റെ ഒഴിവ് വരികയല്ലേ, നമുക്കു കുറച്ചു പാട്ടുപാടിയോലോ,’ എന്നു ചോദിക്കുകയും ചെയ്തു.

കുട്ടികള്‍ അതു കേട്ടതും ആര്‍ത്തുവിളിച്ചു കൈയടിയായി.
രേവ, അണ്ണാരക്കണ്ണനെക്കുറിച്ചുള്ള ഒരു പാട്ടു പാടാന്‍ തുടങ്ങിയതും, കേട്ടോ, അതെന്നെക്കുറിച്ചാണ് എന്ന മട്ടില്‍ അണ്ണാരക്കണ്ണന്‍ വാലുയര്‍ത്തി ഗമയിലിരുന്നു.

 


അടുത്തത് എന്നെക്കുറിച്ചുതന്നെ ആയിരിയ്ക്കും എന്നു പറഞ്ഞ് പൂച്ച, വാലുയര്‍ത്തി ഗമ കാണിയ്ക്കാന്‍ തയ്യാറായി ഇരുന്നു. കാക്ക, കുട്ടികള്‍ക്കൊപ്പം പാട്ടു തുടങ്ങിയതും കീരി, കാക്കയുടെ വാ പൊത്തിപ്പിടിച്ച് ‘നീ, ഒന്നു നിര്‍ത്ത് നിന്റെ കാകാ. ഞങ്ങളൊന്ന് ഈ കുട്ടികളുടെ രസികന്‍ പാട്ടു കേട്ടു പഠിക്കട്ടെ,’ എന്നു പറഞ്ഞു.

കാക്ക പിണങ്ങി പേരമരക്കൊമ്പിലേയ്ക്ക് മാറിയിരുന്നു.
എന്നിട്ടവളെക്കുറിച്ചുള്ള കുട്ടിക്കൂട്ടത്തിന്റെ പാട്ടു വരുമ്പോള്‍ നൃത്തം ചെയ്യാനായി കാത്തുകാത്ത് ക്ഷമയോടെ ഇരുന്നു.

കളിയും പാട്ടും:  കഥ ഇവിടെ കേള്‍ക്കാം

 

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook