ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍ കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

കളിപ്പാട്ടങ്ങളുടെ ഉറക്കം

അമ്മുവിന്റെ കൊട്ടയില്‍ നിറയെ കളിപ്പാട്ടങ്ങളാണ്.

പാവകള്‍ പലതരം, കാറുകള്‍ പലതരം, ജെസിബി, പന്ത് ചെറുതും വലുതും. അങ്ങനെയങ്ങനെ പലതും…

അമ്മു ഉറങ്ങുമല്ലോ രാത്രിനേരം… അപ്പോള്‍ അമ്മുവിന് കളിപ്പാട്ടങ്ങളൊന്നും വേണ്ടല്ലോ.

ഉറങ്ങുന്നതിന് തൊട്ടുമുമ്പാണ്, അമ്മു കളിപ്പാട്ടങ്ങളെയൊക്കെ കൊട്ടയിലാക്കി, അടുക്കിപ്പെറുക്കി വയ്ക്കുന്നത്.

അമ്മുവിന്റൊപ്പം കളിയ്ക്കുന്ന പകല്‍നേരത്തേക്കാള്‍, രാത്രിനേരമാണ് കളിപ്പാട്ടങ്ങള്‍ക്ക് ഇഷ്ടം.

അതെന്താണെന്നോ, അന്നേരം അവര്‍ക്ക് തന്നെയിരുന്ന്, ഇഷ്ടം പോലെ കളിയ്ക്കാമല്ലോ.

പകല് അമ്മു പറയുന്നതനുസരിച്ച് വേണമല്ലോ, അവര് ചാടാനും ഓടാനും നില്‍ക്കാനും നിവരാനും ഒക്കെ. രാത്രിയില്‍ അവര്‍ക്ക്, എന്തും തോന്നുംപോലെ ചെയ്യാം. അവര്‍ക്ക് രാത്രിയാണ് സ്വാതന്ത്ര്യം കിട്ടുക.

അതാണവര്‍ക്ക് രാത്രി നേരം ഇഷ്ടം. എല്ലാവര്‍ക്കും അവരവര്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന നേരമാണല്ലോ ഇഷ്ടം…

ഇന്നലത്തെ കാര്യം കേക്കണോ?

കളിപ്പാട്ടക്കൊട്ടയിലെ മുയലും ജിറാഫും പുലിയും കൂടി, ഇന്നലെ കുട്ടയ്ക്കു ചുറ്റുമായി ഓടിപ്പാഞ്ഞു നടന്ന്, രാത്രിനേരത്ത് ഒളിച്ചുകളിച്ചു.

കൊട്ടയില്‍ നിന്നിറങ്ങി, ജനാലയില്‍ തുങ്ങിക്കിടന്നു പാട്ടുപാടി കുരങ്ങച്ചന്‍. അതു കണ്ട്, പാവക്കുട്ടികളായ ജഹനാരയും ദീപ്തിയും സുമനും അലനും കുട്ടപ്പനും ഉറക്കെ ഉറക്കെ കൈയടിച്ച് അവനെ പ്രോത്സാഹിപ്പിച്ചു.

ജെസിബിയും കാറുകളും കൂടി മത്സര ഓട്ടം തുടങ്ങി. അവരുടെ ‘പോം പോം പീ പീ’ ബഹളം കേട്ട് അമ്മുവിന്റെ അമ്മ പെട്ടെന്നുണര്‍ന്നു. എന്നിട്ട് കളിപ്പാട്ടക്കൊട്ട വച്ചിരിക്കുന്ന മുറിയിലേയ്ക്ക് വന്നു. ‘ഇവിടെ എന്തോ ഒരു ഒച്ച കേട്ടല്ലോ’ എന്നു പറയുന്നുണ്ടായിരുന്നു അമ്മ.

അപ്പോള്‍ കളിപ്പാട്ടങ്ങളെല്ലാം കളി നിര്‍ത്തി, ബഹളം നിര്‍ത്തി, അനങ്ങാതെ ശാന്തരായിരുന്നു.

‘നോക്ക്, കളിപ്പാട്ടങ്ങളൊക്കെ ചിതറി ഇട്ടിട്ടാണ് ഈ കുട്ടി കിടന്നുറങ്ങാന്‍ പോയിരിക്കുന്നത്, എത്ര തവണ പറഞ്ഞതാണ് ഇതൊക്കെ എടുത്തു കളിപ്പാട്ടക്കൊട്ടയില്‍ വയ്ക്കണം’ അങ്ങന്നെ താനേ പിറുപിറുത്തു കൊണ്ട്, അമ്മ അതെല്ലാം വാരിക്കൂട്ടി പിന്നെയും കൊട്ടയിലാക്കി.

എന്നിട്ട് തിരിച്ചുപോയി.

അമ്മ ഉറങ്ങിയെന്നുറപ്പായപ്പോള്‍ അവരെല്ലാം കളിപ്പാട്ടക്കൊട്ടയില്‍ നിന്നു ചാടി പിന്നെയും കളിമേളമായി.

നന്നായി ഉറക്കം പിടിച്ചതിനാല്‍, അമ്മ പിന്നെ അവരുടെ മേളമൊന്നും കേട്ടില്ല.

തനിയേ തോന്നുമ്പോലെ കളിച്ചുമതിയായപ്പോള്‍, അവരെല്ലാം തനിയേ ചാടിക്കേറി കളിപ്പാട്ടക്കൊട്ടയിലിരുന്നു.

ഞാനടുക്കി വച്ചിട്ടും, ഇവരൊക്കെ പിന്നെ എങ്ങനാ അവിടേം ഇവിടേം കിടക്കുന്നതെന്ന് അമ്മയ്ക്ക് സംശയവും ദേഷ്യവും ഒന്നും തോന്നരുതല്ലോ.

തന്നെയുമല്ല, അവരുടെ പുന്നാരകൂട്ടുകാരി അമ്മുവിനെ, അമ്മ വഴക്കു പറയാനും ഇടയാക്കരുതല്ലോ.

വെളിപ്പിനുറങ്ങിയാല്‍ അവര്‍ക്ക് ഉറക്കം മതിയാകുമോ എന്നാണോ സംശയം?

കളിപ്പാട്ടങ്ങള്‍ മനുഷ്യരെപ്പോലെയല്ലല്ലോ, അവര്‍ക്ക് ജീവിക്കാന്‍ കുറച്ചുറക്കം മതിയല്ലോ.

 

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook