ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.
കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ. കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.
അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!
ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?
കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?
എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!
കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…
ഇരുപതാം നിലയിലെ വീട്
ഇരുപതാം നിലയിലെ ഫ്‌ളാറ്റിലാണ് പ്രാര്‍ത്ഥനയും അച്ഛനും അമ്മയും താമസിയ്ക്കുന്നത്.
അച്ഛനും അമ്മയക്കും ഇരുപത്തൊന്നു ദിവസത്തേയ്ക്ക് ഓഫീസ് അടച്ചല്ലോ.
കോവിഡ് കാരണമാണങ്ങനെ. പ്രാര്‍ത്ഥനയുടെ സ്‌ക്കൂളും പൂട്ടി.
ഒരു വീട്ടില്‍ നിന്നും ആരും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് എന്നാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറഞ്ഞിരിക്കുന്നത്. നേരത്തേ അച്ഛനുമമ്മയ്ക്കും ഓഫീസില്‍ പോകേണ്ടിയിരുന്നപ്പോള്‍, നിലം തുടച്ചു വൃത്തിയാക്കാന്‍ മിനി ആന്റി വരുമായിരുന്നു. കുക്ക് ചെയ്യാന്‍ അമ്മയെ സഹായിക്കാന്‍ ലില്ലി ആന്റിയും.
തുണി ഇസ്തിരിയാടാന്‍ ഭഗവതിയാന്റിയും വന്നിരുന്നു.
അച്ഛനും അമ്മയും പ്രാര്‍ത്ഥനക്കുട്ടിയും ദൂരയാത്ര പോകുമ്പോഴൊക്കെ മുരുകന്‍മാമ ഡ്രൈവറായും വരുമായിരുന്നു. ഇപ്പോ അവരാരും വരാറേയില്ല . കൊറോണക്കാലമല്ലേ? ആളുകള്‍ വീട്ടില്‍ത്തന്നെയിരിക്കണം, കൂട്ടം ചേരരുത് എന്നൊക്കെയാണ് നിയമം.
തന്നെയുമല്ല വീട്ടിലെ ജോലിയൊക്കെ ചെയ്യാനും കാറു കഴുകാനും ബാല്‍ക്കണിയിലെ ചെടിയ്ക്ക് നനയ്ക്കാനും അമ്മയ്ക്കും അച്ഛനും ഇപ്പോള്‍ ഒരുപാട് സമയമുണ്ട്.
അതുമാത്രമോ, അച്ഛനിന്നലെ ഒരുപാടുനാള്‍ കൂടി പ്രാര്‍ത്ഥനയുടെ കൂടെ് ഡാന്‍സ് ചെയ്തു, അമ്മ അവള്‍ക്കൊപ്പം ‘അന്താക്ഷരി’ കളിച്ചു.
പിന്നെ അവളും അച്ഛനും അമ്മയും കൂടി വീട്ടിനകത്ത് ഒളിച്ചു കളിച്ചു. എപ്പോഴും അച്ഛന്‍ കണ്ടുപിടിയ്ക്കും, അമ്മയും അവളും ഒളിയ്ക്കുന്ന സ്ഥലം. എന്നിട്ട് അച്ഛന്‍ വേഗമോടിച്ചെന്ന് സാറ്റടിച്ച് ജയിയ്ക്കും.
‘പക്ഷേ ഇനി മിനിയും മുരുകനും ഭഗവതിയും ലില്ലിയുമൊക്കെ എങ്ങനെ കഴിയും? അവര്‍ക്കെവിടുന്നു കിട്ടും ജീവിയ്ക്കാനുള്ള പൈസ?’എന്നു ചോദിച്ചു കളിയ്ക്കിടെ അമ്മ.
‘ശരിയാണ്, അവരെല്ലാം അന്നന്ന് കിട്ടുന്ന പൈസയെ ആശ്രയിച്ച് ജീവിയ്ക്കുന്നവരാണ്’ എന്നു പറഞ്ഞു അച്ഛന്‍.
‘അവര്‍ക്ക് ബാങ്ക് അക്കൗണ്ടൊക്കെ കാണാന്‍ വഴി കുറവാണ്, ഉണ്ടെങ്കില്‍ത്തന്നെ അതില് പൈസ ഒന്നും കാണില്ല അല്ലേ ?’എന്നു ചോദിച്ചു പ്രാര്‍ത്ഥന. ‘ഇല്ല’ എന്ന് അച്ഛന്‍ തലയാട്ടിയപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു.
മിനി ആന്റി അവരുടെ മുറ്റത്തെ മുല്ലയില്‍ നിന്ന് പൂ കോര്‍ത്തു കൊണ്ടു തരാറുള്ളതും ലില്ലിയാന്റി അമ്മയ്ക്ക് ചീര കൊണ്ടു കൊടുക്കാറുള്ളതും അവളോര്‍ത്തു. പുസ്തകത്തിലോ സിനിമയിലോ അല്ലാതെ അവളാദ്യമായി അപ്പൂപ്പന്‍ താടി കാണുന്നത് മുരുകന്‍മാമ കൊണ്ടുക്കൊടുത്തിട്ടാണ്.
ഭഗവതിയാന്റി അവരുടെ നാടായ തമിഴ്‌നാട്ടില്‍ പോയി വരുമ്പോള്‍ അവള്‍ക്ക് കൊണ്ടുവന്നു കൊടുക്കാറുള്ള ഒരു പായസമുണ്ട്. അതിന്റെ സ്വാദോര്‍ത്തപ്പോള്‍ അവള്‍ക്കിപ്പോത്തന്നെ ഭഗവതി ആന്റിയെ കാണണം എന്നു പറയാന്‍ തോന്നി.
അവളുടെ സങ്കടം കണ്ട് അച്ഛന്‍ പറഞ്ഞു, ‘ മോള് സങ്കടപ്പെടണ്ട.നമുക്ക് നമ്മളാല്‍ കഴിയും പോലെ അവരെ സഹായിക്കാം.’
‘അവര്‍ ജോലി ചെയ്യാറാവുംവരെ അവര്‍ക്ക് നമുക്ക് ഇത്തിരി ഇത്തിരി സഹായം ചെയ്തു കൊടുക്കാം എന്നു പറഞ്ഞു അമ്മ.
പ്രാര്‍ത്ഥന സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നിട്ട് ചോദിച്ചു, ‘ഞാനവരോട് സൗകര്യം പോലെ ഇവിടെ വന്ന് പൈസ വാങ്ങിപ്പോകാന്‍ പറയട്ടെ?’
‘അതു വേണ്ട. നമുക്കവര്‍ക്ക് ഓണ്‍ലൈനില്‍ പാലും പച്ചക്കറിയും മറ്റു സാധനങ്ങളും ഓര്‍ഡര്‍ ചെയ്ത് എത്തിച്ചു കൊടുക്കാം’ എന്നു പറഞ്ഞു അച്ഛന്‍.
ഒരു കൈ അകലത്തില്‍ നിന്ന് അച്ഛനൊരു ഫ്‌ളയിങ് കിസ് കൊടുത്തു അവള്‍.
‘നമ്മളീ കോവിഡ് കാലത്തില്‍ നിന്നുപോലും വേഗം കരകയറും അല്ലേ അച്ഛാ,’ എന്നു ചോദിച്ചു അവള്‍.
‘ഉവ്വ് ,തീര്‍ച്ചയായും, പേടിയല്ല ജാഗ്രതയാണ് വേണ്ടത്’ എന്നു പറഞ്ഞ് ഒരു കൈയകലത്തില്‍ നിന്ന് അച്ഛനും കൊടുത്തു അവള്‍ക്കൊരു ഫ്‌ളയിങ് കിസ്.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം