ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

ഇള എന്ന ഇല

ഇളയ്ക്ക്കരച്ചില്‍ വരുന്നുണ്ടായിരുന്നു. എങ്ങനെ വരാതിരിയ്ക്കും കരച്ചില്‍? അവളുടെ കൂട്ടുകാരായ അച്ചുവും മനുവും ഹിമയും ആലോലയും ദയയും ഇള എന്ന പേര് ഒട്ടും കൊള്ളില്ല എന്ന് പറഞ്ഞ് അവളെ കളിയാക്കി, പിന്നെ കൂവി വിളിച്ചു.

ഇന്നാണ് സിനി മിസ് അവരെയെല്ലാവരെയും അവരുടെ പേര് ഇംഗ്‌ളീഷിലെഴുതാന്‍ പഠിപ്പിച്ചത്. ഇള ഇംഗ്‌ളീഷിലെഴുതുമ്പോള്‍ ‘Ila’ എന്നാണല്ലോ സ്‌പെല്ലിങ്. അതുകൊണ്ടവളെ അവരൊക്കെ ‘ഇല’ എന്നേ വിളിയ്ക്കൂ എന്ന് പറഞ്ഞ് അവരെല്ലാം കൂടി അവളെ ‘മാവിലേ, പ്‌ളാവിലേ, ചെമ്പരത്തിയിലേ’ എന്നൊക്കെ വിളിച്ചു കളിയാക്കി.

ഊതിയാല്‍ പറന്നു പോകുന്ന ഇലയാണ് നീ എന്നു പറഞ്ഞ് അവരെല്ലാം ചേര്‍ന്ന് അവള്‍ക്കു നേരെ ഊതിയൂതി രസിച്ചു.

‘ഇലയൊക്കെ പച്ച നിറത്തില്‍ നിന്നിട്ട് കുറേ ദിവസം കഴിയുമ്പോ മഞ്ഞനിറമായി വാടി വീഴും, നീയും മഞ്ഞനിറമായി വാടിവീഴും നാളെത്തന്നെ,’ എന്നും പറഞ്ഞു അവരെല്ലാം. ഇളയ്ക്ക് അതൊക്കെ കേട്ട് കരച്ചില്‍ വന്നു.priya a s , childrens stories, iemalayalam
ഇളയുടെ ആ കണ്ണില്‍ നിന്നും നാലു തുള്ളിക്കണ്ണീരും ഈ കണ്ണില്‍ നിന്ന് ആറു തുള്ളിക്കണ്ണീരും വന്നു. അതെന്താണ് രണ്ടു കണ്ണില്‍ നിന്നും ഒരേപോലെ കണ്ണീരു വരാത്തത് എന്നാലോചിച്ച് ഇളയുടെ കരച്ചില്‍ പെട്ടെന്നു നിന്നു പോയി. എന്നാലും കവിളിലെ കണ്ണീര് അപ്പോഴും മാഞ്ഞിരുന്നില്ല.

അവിടെ കൂടി നടന്നുപോയ സിനി മിസ് അവളൊറ്റയ്ക്ക് ഒരു മൂലയില്‍ നില്‍ക്കുന്നത് കണ്ട്, ‘എന്താ ഇള ഇവിടെ നിന്ന് ആകാശം കാണുകയോണോ,’ എന്നു ചോദിച്ചടുത്തുവന്നു.
അപ്പോള്‍ ഇള, മിസ് കാണണ്ട എന്നു വിചാരിച്ച് പെട്ടെന്ന് കണ്ണീര് തുടച്ചു, എന്നിട്ട് ഒരു ചിരി ചിരിയ്ക്കാന്‍ നോക്കി… പക്ഷേ അപ്പോഴേയ്ക്കും മിസ് കണ്ടു കഴിഞ്ഞിരുന്നു കവിളിലെ കണ്ണീര്.

‘എന്താ പറ്റിയത് വീണോ, കൂട്ടുകാരുമായി വഴക്കിട്ടോ എന്നു ചോദിച്ച് മിസ് അവളുടെ കുഞ്ഞു തോളില്‍ക്കൂടി കൈയിട്ട് അവളെ ചേര്‍ത്തുനിര്‍ത്തി. അപ്പോ ഇളയ്ക്ക് വീണ്ടും അതുവരെ നടന്നതെല്ലാം ഓര്‍ത്ത് പിന്നെയും കരച്ചില്‍ വന്നു.

‘അയ്യോ കരയല്ലേ,’ എന്നു പറഞ്ഞ് മിസ് കുനിഞ്ഞ് അവളെ പൊക്കിയെടുത്തു.
കാര്യമറിഞ്ഞപ്പോ മിസ് പറഞ്ഞതെന്താണെന്നോ?

‘ഇളയും, ഇലയും – ഹാ, രണ്ടു പേരുകളും കേള്‍ക്കാന്‍ എന്താ രസം! അത് നല്ലതല്ലേ മലയാളത്തില്‍ ഒരു പേര്, ഇംഗ്‌ളീഷില്‍ വേറൊരു പേര്… അങ്ങനെ നമ്മടെ ക്‌ളാസില്‍ വേറാര്‍ക്കുമില്ലല്ലോ ഇളക്കുട്ടീ.’ എന്നിട്ട് മിസ് അവളുടെ കവിളത്തുമ്മ വച്ചു.

‘ഹാവൂ, മിസ് പറഞ്ഞതു ശരിയാണല്ലോ,’ എന്ന് ഇളയ്ക്ക് തോന്നി .

പിന്നെ മിസ് പറഞ്ഞു, ‘ഇല എന്ന് ആരെങ്കിലുമൊക്കെ വിളിച്ചോട്ടെ. അങ്ങനെ ആരു വിളിച്ചാലും മോള്‍ക്ക് ഇലയുടെ ചച്ചനിറമോ മഞ്ഞ നിറമോ വാടിയ നിറമോ ഒന്നുമല്ലല്ലോ. മോള്‍ക്കപ്പോഴും മോളുടെ നിറം തന്നെ. നിറം മാറുന്നുണ്ടോ മോളുടെ? ഇല്ലല്ലോ? ആര് മോളെ ഊതിപ്പറത്താന്‍ നോക്കിയാലും മോള്‍ കാറ്റത്ത് വീഴുമോ, ഇല്ലല്ലോ, മോള്‍ മനുഷ്യക്കുട്ടിയല്ലേ? പിന്നെ മോളെന്തിനാ വിഷമിയ്ക്കുന്നത് ആരേലും എന്തെങ്കിലും പറഞ്ഞു എന്ന് വിചാരിച്ചിട്ട്?’

priya a s, childrens stories, iemalayalam
അവള്‍ക്കതെല്ലാം കേട്ട് ശരിയാണല്ലോ എന്നു ചിരി വന്നു. അവള്‍ കരച്ചില്‍ മറന്ന് കുടുകുടാ ചിരിയ്ക്കാന്‍ തുടങ്ങി.

‘ഇങ്ങനെ ചിരിയ്ക്കുന്ന ഇളയെയാണ് മിസിനിഷ്ടം, എന്നു പറഞ്ഞ് പിന്നെ മിസ് അവളെ താഴെ നിര്‍ത്തി. അപ്പോഴേയ്ക്ക് അവളുടെ കണ്ണീരൊക്ക ഉണങ്ങിപ്പോയിരുന്നു.

‘മോളവരുടെ കൂടെ പോയി കളിയ്ക്ക്, ഒറ്റയ്ക്കിവിടെ നില്‍ക്കണ്ട എന്നു പറഞ്ഞു മിസ്.
കൂട്ടുകാരുടെ കൂട്ടത്തിലേയ്ക്ക് അവള്‍ ഓടിച്ചെന്നതും, ‘ദേ ഇല പറന്നു വരുന്നു,’ എന്ന് മനു പറഞ്ഞു.

അപ്പോള്‍ അവള്‍ പറഞ്ഞു ചിരിച്ചു കൊണ്ട്, ‘അതേ ഞാനിലയാണ് ,പറക്കാന്‍ പറ്റുന്ന ഇല.  നിങ്ങള്‍ക്കാര്‍ക്കു പറ്റും പറക്കാന്‍?’

‘നിന്റെ നിറമിപ്പോള്‍ മഞ്ഞയാവും,’ എന്ന് ദയ അവളെ കളിയാക്കി. അപ്പോള്‍ ഇള പറഞ്ഞു, ‘രണ്ടു പേരുകളുള്ള, നിറം മാറാന്‍ കഴിയുന്ന, ഊതിയാല്‍ പറക്കാന്‍ പറ്റുന്ന ഇലയാണ് ഞാന്‍ ഇതൊക്കെ വേറെ ആര്‍ക്ക് പറ്റും?’

ഇളയുടെ ഗമ കണ്ട് ഹിമ പിന്നെ ഒന്നും പറഞ്ഞ് അവളെ കളിയാക്കിയില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ല, ഇള കരയില്ല എന്നുറപ്പു തോന്നിയതിനാലാവും പിന്നെ വേറാരും ഒന്നും പറഞ്ഞില്ല.

‘നമുക്ക് ഇലയും കായും പക്ഷിയും കളിയ്ക്കാം,’ എന്ന് ഇള പറഞ്ഞു. അവര്‍,അതെന്തു കളി എന്നു ചോദിച്ചു.

‘അതൊക്കെ നമുക്കിപ്പോള്‍ ശരിയാക്കാം എന്നേ,’  പറഞ്ഞു ഇള എന്ന ഇല…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook