/indian-express-malayalam/media/media_files/uploads/2020/05/priya-as-fi-giraffe-kodutha-pazhamanga.jpg)
കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്...
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
ജിറാഫ് കൊടുത്ത പഴമ്മാങ്ങ
ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കൊണ്ട് അപ്പു, വെറുതേ ഇരിക്കുകയായിരുന്നു.
ഒരു ജിറാഫ്, അപ്പോ അതു വഴി വന്നു.
എന്നിട്ട്, അപ്പുവിന്റെ വീടിനു മുന്‍വശത്തു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിന്മേല്‍ നിന്ന്, പഴുത്തമാങ്ങ പറിച്ചു തിന്നാന്‍ തുടങ്ങി.
ഇടയ്ക്ക്, അപ്പുവിനോട്, തിരിഞ്ഞ്, 'നിനക്കു വേണോ പഴമ്മാങ്ങാ?' എന്നു ചോദിച്ചു.
'നീ ഈ നാട്ടുകാരനല്ലല്ലോ, നീ ഇവിടുത്തെ സൂവില്‍ നിന്നു ചാടിപ്പോന്നതാണോ?' എന്നൊക്കെ ചോദിച്ചു കൊണ്ട് അപ്പു, മാങ്ങയ്ക്കായി കൈ നീട്ടി.
അപ്പു, മാങ്ങ ഈമ്പിത്തിന്നുന്നത് നോക്കിക്കൊണ്ട് ജിറാഫ് ചോദിച്ചു, 'ഇങ്ങനെ മാങ്ങാ തിന്നാന്‍ എന്നെയും പഠിപ്പിക്കാമോ?'
'അതൊക്കെ പഠിപ്പിക്കാം, നീ എങ്ങനാ ഇവിടെ എത്തിയതെന്നു പറയ് 'എന്നു പറഞ്ഞു അപ്പു.
അപ്പോ, അവന്‍ പറഞ്ഞതെന്താണെന്നറിയാമോ?
'അപ്പൂ, നീ ഇന്നലെ എന്നെ സ്വപ്‌നം കണ്ടില്ലേ, രാത്രി ഉറങ്ങുമ്പോ? ഒരു കാട്ടില്‍ക്കൂടി, നമ്മള് രണ്ടു പേരും കളിച്ചു ചിരിച്ചു നടക്കുകയും പിന്നെ നീ എന്റെ പുറത്തു കയറുകയും ഞാന്‍ നിന്നെയും കൊണ്ട് പുഴക്കരെ വരെ നടക്കുകയും ഒക്കെ ചെയ്ത സ്വപ്നം, നീ കണ്ടിരുന്നില്ലേ ഇന്നലെ? ആ സ്വപ്‌നത്തീന്നിറങ്ങിപ്പോന്നതാ ഞാന്‍.'
അപ്പു ഓര്‍ത്തുനോക്കി, അവനിന്നലെ കണ്ട സ്വപ്നം.
/indian-express-malayalam/media/media_files/uploads/2020/05/priya-as-2-giraffe-kodutha-pazhamanga.jpg)
ശരിയാണല്ലോ, അപ്പു ജിറാഫിന്റെ കഴുത്തില്‍ ഒരു മണി കെട്ടിക്കൊടുത്തായിരുന്നല്ലോ.
ജിറാഫ്, അവന്റെ കഴുത്തിലെ സ്വപ്‌ന മണി, തലയാട്ടി, ഇളക്കിക്കാണിച്ചു കൊടുത്തു.
'അപ്പു ആരോടാ വര്‍ത്തമാനം പറയുന്നതെന്നു' ചോദിച്ചു അമ്മ, അതിനിടെ കയറിവന്നു.
'ദേ കണ്ടില്ലേ, ആ നില്‍ക്കണ ജിറാഫിനോട്' എന്നു പറഞ്ഞ്, ജനലിലൂടെ ജിറാഫ് നില്‍ക്കണ സ്ഥലത്തേയ്ക്ക് കൈ ചൂണ്ടി അപ്പു.
അമ്മ നോക്കിയിട്ട്, 'ഒരു കാക്കക്കുഞ്ഞിനെപ്പോലും കാണുന്നില്ലല്ലോ എന്റപ്പുവേ ഇവിടെങ്ങും' എന്നു പറഞ്ഞു.
'ആ മാവിന്റെ തുഞ്ചത്തു കിടക്കണ മാങ്ങാ, എന്റെ കൈയില്‍ എത്തിയതെങ്ങനാ എന്നാ, അമ്മയുടെ വിചാരം?' എന്നു ചോദിച്ചു അപ്പോഴവന്‍.
'അതെനിയ്ക്ക്, എന്റെ ജിറു പറിച്ചു തന്നതാ' എന്നു പറഞ്ഞു അവന്‍.
/indian-express-malayalam/media/media_files/uploads/2020/05/priya-as-3-giraffe-kodutha-pazhamanga.jpg)
മാവിന്റെ തുഞ്ചത്തു മാത്രം ഉണ്ടായിക്കിടക്കുന്ന മാങ്ങയിലേയ്ക്കും അവന്റെ കൈയിലിരിക്കുന്ന മാങ്ങയിലേയ്ക്കും നോക്കി അമ്മ, അന്തം വിട്ടു നിന്നു.
'ആരു പറിച്ചു തന്നു അപ്പുവിന് മാങ്ങ?' എന്ന് അമ്മ ഒന്നു കൂടി ചോദിച്ചു.
'എന്റെ സ്വപ്‌നത്തില്‍ നിന്ന് വന്ന ജിറാഫ് കുട്ടന്‍, അല്ലാതാര്! അവന്‍ ദാ അവിടെ നില്‍ക്കുന്നുണ്ട്' എന്നു പറഞ്ഞ് അവന്‍, പിന്നെയും ജനലിലൂടെ വിരല്‍ ചൂണ്ടി.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
'കുട്ടികളുടെ സ്വപ്‌നക്കാഴ്ചകളിലേയ്ക്കു കടക്കാനുള്ള വാതില്‍, വലുതായവര്‍ക്ക് തുറന്നു കൊടുക്കാന്‍ പറ്റില്ല' എന്നു ജിറാഫ് കുട്ടന്‍ അവനോട് അപ്പോള്‍ പറഞ്ഞു.
അപ്പുവത്, അമ്മയ്ക്ക് പറഞ്ഞു കൊടുത്തു.
ചെറുപ്പത്തില്‍, അമ്മയുടെ സ്വപ്‌നത്തിലേയക്കും ജിറാഫുകളും കംഗാരുക്കളും ഒക്കെ വരാറുണ്ടായിരുന്ന കഥ പറഞ്ഞു അപ്പോഴമ്മ.
എന്നിട്ടോ, അവസാനം അമ്മയും, അവന്റെ കൈയില്‍ നിന്ന് ഒരു പഴമ്മാങ്ങ വാങ്ങി ഈമ്പിക്കുടിച്ചു.
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം. ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us