ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.
കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ. കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.
അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!
ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?
കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?
എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!
കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…
ആലിയ
ആലിയ സ്വപ്‌നം കണ്ടു. ഒരു പൂച്ചക്കുട്ടിയെ.
പൂച്ചക്കുട്ടിയെ അല്ല പട്ടിക്കുട്ടനെയായിരുന്നു അവള്‍ക്കിഷ്ടം.
പൂച്ചക്കുട്ടി കാലിലുരുമ്മുന്നത് അവള്‍ക്കിഷ്ടമായിരുന്നില്ല.
ഒരു പട്ടിക്കുട്ടിയെ വേണം എന്നായിരുന്നു അവളെപ്പോഴും വീട്ടില്‍ അമ്മയോട് കിണുങ്ങിപ്പറയാറുണ്ടായിരുന്നത്.
‘പട്ടിക്കുട്ടിയെ വാങ്ങാനൊക്കെ കാണിയ്ക്കുന്ന ഈ ഉത്സാഹം, അതിനെ വളര്‍ത്താന്‍ നേരത്ത് എന്റെയീ ആലിയാക്കുഞ്ഞ് കാണിയ്ക്കുമോ,’ എന്നമ്മ അവളെ എന്നും എതിര്‍ത്തു. അപ്പോഴൊക്കെ ആലിയ്ക്ക് സങ്കടമായി.
‘പട്ടിക്കുട്ടിയെ വളര്‍ത്താനും അതിനാഹാരം കൊടുക്കാനും കുളിപ്പിയ്ക്കാനും അതിനു ഓരോരോ കാലത്തു വേണ്ടുന്ന ഇന്‍ജക്ഷനുകളെടുപ്പിക്കാനും ഒന്നും എനിയ്ക്കു നേരമില്ല, നിന്നെ വളര്‍ത്തലും പട്ടിക്കുട്ടിയെ വളര്‍ത്തലും രണ്ടും ഒന്നിച്ച് എന്നെക്കൊണ്ടു പറ്റില്ല,’ എന്നമ്മ തീര്‍ച്ച പറഞ്ഞു.
അമ്മ തീര്‍ച്ച പറഞ്ഞാല്‍പ്പിന്നെ കരഞ്ഞാലും പിണങ്ങിയാലുമൊന്നും അത് മാറാന്‍ പോകുന്നില്ല എന്ന് ആലിയായ്ക്കറിയാം.
‘കുട്ടി വളര്‍ന്ന് പട്ടിയെ നോക്കാറാകുമ്പോള്‍ സ്വയം വാങ്ങിയാല്‍ മതി ഒരു പട്ടിക്കുഞ്ഞിനെ,’ എന്നമ്മ ആലിയയ്ക്ക് ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.
ആ പറച്ചിലില്‍ സങ്കടം വന്ന്, സ്വന്തമായി ഒരു പട്ടിക്കുഞ്ഞിനെ താന്‍ ഇപ്പൊഴേതന്നെ വളര്‍ത്തുന്ന, അത് തന്നൊടൊപ്പം കളിയ്ക്കുന്ന. തന്നോടൊപ്പം കട്ടിലില്‍ തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരു സ്വപ്‌നം കാണാനാകണേ ഉറക്കത്തില്‍ എന്നു വിചാരിച്ചു കൊണ്ടാണ് ആലിയ ഉറങ്ങാന്‍ കിടന്നത്. അപ്പോഴുണ്ട് ദേ ഉറക്കത്തിലേയ്ക്ക് വന്നിരിയ്ക്കുന്നു ഒരു പൂച്ചക്കുട്ടി!
അതും ആലിയ വിളിയ്ക്കാതെ!

ആലിയ ഉറക്കത്തില്‍ പറഞ്ഞു, ‘പോ ,എനിയ്ക്ക് പൂച്ചക്കുഞ്ഞുങ്ങളെ ഇഷ്ടമല്ല…’
അപ്പോ അതു പാവത്താനായി നടന്നുവന്ന് അവളുടെ കിടക്കയുടെ ഓരത്തേയ്ക്ക് ചാടിക്കയറി ഇരുന്നു.
അത് ഭൂമിയിലെങ്ങും കാണാന്‍ ഇട വന്നിട്ടില്ലാത്തതരം പൂച്ചയായിരുന്നു എന്ന് അപ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്. അതിന്റെ വെള്ള വെള്ള ദേഹത്ത് ഓറഞ്ച് വരകളായിരുന്നു നിറയെ.
അത് ഒരു കുസൃതിയോ കളിയാക്കലോ സന്തോഷമോ എല്ലാം കൂടി നിറഞ്ഞ ഒരു വടര്‍ന്ന ചിരി ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആലിയ, ഉറക്കത്തിന്റെ ആകാശവും മൂലയും അരികുമെല്ലാം നല്ലോണം നോക്കിയപ്പോഴല്ലേ കാണുന്നത്, അവന്‍ ചിരിയ്ക്കുന്നത് കുഞ്ഞിപ്പൂമ്പാറ്റകളൈ നോക്കിയാണ് .
ഓറഞ്ചും മഞ്ഞയും നിറമുള്ളള നല്ല ഉരുണ്ട ചിറകുള്ള രസപ്പൂമ്പാറ്റകള്‍ മൂന്നെണ്ണം!
അവനവരെ പിടിക്കാനായി ചാടുന്ന, അല്ലെങ്കില്‍ കാലു കൊണ്ട് തട്ടിത്താഴെ വീഴ്ത്തി തല്ലിക്കൊല്ലുന്ന തരം പൂച്ചയൊന്നുമായിരുന്നില്ല.
‘ഇന്നെവിടെയൊക്കെ പറന്നു, ഉണര്‍ന്നിട്ടെത്ര നേരമായി, എത്ര ദിവസത്തെ പ്രായമുണ്ട് നിങ്ങള്‍ക്ക്, നിങ്ങള്‍ കൂട്ടുകാരാണോ അതോ ചേട്ടനും അനിയത്തീം ചേച്ചീമാണോ,’ എന്നൊക്കെ അവന്‍ പൂമ്പാറ്റകളോട് കുശലം ചോദിക്കുകയായിരുന്നു.
അവന് കുശലപ്പൂച്ച എന്നായിരിയ്ക്കും പേരെന്ന് ആലിയ ഉറക്കത്തിനകത്തേയ്ക്ക് വളഞ്ഞു കൂടി കിടന്നു കൊണ്ട് ആലോചിച്ചു. അപ്പോള്‍ ആ പൂമ്പാറ്റകള്‍ മൂന്നും കൂടി ‘കുശലപ്പൂച്ചേ’ എന്നു വിളിച്ച് ആ പൂച്ചയുടെ തലയ്ക്കു ചുറ്റും പാടിപ്പറക്കാന്‍ തുടങ്ങി.
പൂമ്പാറ്റകള്‍ക്ക് പാടാനറിയുമോ എന്നായി സ്വപ്‌നത്തില്‍ ആലിയയുടെ വിചാരം.
‘കുഞ്ഞിപ്പൂച്ചേ, ഓറഞ്ച് പൂച്ചേ,
കുസൃതിപ്പൂച്ചേ, കളിപ്പൂച്ചേ,
രസപ്പൂച്ചേ, ചിരിപ്പൂച്ചേ,
വരൂ വരൂ കളിയ്ക്കാന്‍ വായോ,
പറക്കാന്‍ വായോ…’
എന്നാണ് പൂമ്പാറ്റകള്‍ പാടുന്നത് എന്ന് ആലിയ ഉറക്കത്തിന്റെ തരികള്‍ക്കിടയിലൂടെ ശ്രദ്ധിച്ചു കേട്ടു. പറക്കാന്‍ പറ്റുമോ പൂച്ചകള്‍ക്ക്, ഈ പൂമ്പാറ്റകള്‍ ഇതെന്തൊക്കെയാണ് പാടുന്നത് എന്ന് അവളപ്പോള്‍ അത്ഭുതപെട്ടു. പിന്നെ വിചാരിച്ചു, സ്വപ്‌നത്തിലെ പൂച്ചയ്ക്ക് ചിലപ്പോള്‍ പറക്കാനും പറ്റുമായിരിയ്ക്കും.
ഉറക്കത്തിന്റെ കുഞ്ഞന്‍തരികള്‍ പിന്നെ വലുതായി വലുതായി വന്ന് അവളെ മൂടിപ്പുതപ്പിച്ചു കിടത്തി.
ഓറഞ്ച് പൂച്ച പറഞ്ഞു, ‘എനിയ്ക്കിനി കുറച്ച് കറുപ്പു വരകള്‍ കൂടി വേണം ഈ ഓറഞ്ച് വരകള്‍ക്കരികില്‍. ഓറഞ്ചും കറുപ്പും കൂടി നല്ല കോമ്പിനേഷനാണ്.’
‘ഓ, എന്റെ കുശലപ്പൂച്ചേ, എനിയ്ക്കുറക്കം വരുന്നു, ഇനി നീ മിണ്ടാതിരി, നാളെ നീ വരുമ്പോള്‍ എന്റെ ഉറക്കസ്വപ്‌നത്തിലേയ്ക്ക് ഒരു കുഞ്ഞിപ്പട്ടിക്കുട്ടനെയും കൂടി വിളിച്ചു കൊണ്ടു വരണേ,’എന്നു പറഞ്ഞു ആലിയ.
അപ്പോള്‍ ആ ഓറഞ്ചുകുസൃതിപ്പൂച്ച ഒരു കള്ളച്ചിരിയോടെ പറയുകയാണ്, ‘എന്റെ പോന്നാലിയേ, എന്റെ പേര് കുശലപ്പൂച്ച എന്നല്ല, തിലോത്തമ എന്നാണ്.’
അതല്ലേ എനിയ്ക്കു ചേരുന്ന പേര് എന്ന് സ്വപ്‌നപ്പൂച്ച ചോദിച്ചുവെങ്കിലും അതിനുത്തരം പറയാന്‍ പറ്റും മുമ്പു തന്നെ ഉറക്കത്തരികള്‍ അവളെ മുഴുവനായും പൊതിഞ്ഞുകഴിഞ്ഞിരുന്നു.
ആ പൂച്ചയും ഇപ്പോള്‍ അവളുടെ ഉറക്കത്തരികള്‍ക്കടിയില്‍ ചുരുണ്ടു കിടന്നുറങ്ങുകയാവണം. നാളെ അവള്‍ കൂട്ടിക്കൊണ്ടുവരുമായിരിയ്ക്കും ഒരു സ്വപ്‌നപ്പട്ടിക്കുഞ്ഞനെ.