ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

അലനും മാങ്ങയും

അലന് ഒരു മാങ്ങാ കിട്ടി. പഴുത്ത മാങ്ങ.
മാവിന്‍ ചുവട്ടിലൂടെ നടക്കുമ്പോള്‍ താഴേയ്ക്ക് ‘ഠപോ’ എന്ന് വീണതാണ്.

അമ്മയുടെ കൈ പിടിച്ച് ‘പിച്ച,പിച്ച’ എന്നു നടക്കുകയായിരുന്നു അലന്‍.

ഓഫീസുവിട്ടുവന്ന അമ്മയുടെ കൈയും പിടിച്ച് എന്നും വൈകുന്നേരം അലന്‍കുഞ്ഞന് അങ്ങനെയൊരു നടത്തം പതിവുള്ളതാണല്ലോ.

ഒരു പൂച്ച, മാവിന്‍ കൊമ്പത്തുനിന്ന് മറ്റൊരു മാവിന്‍ കൊമ്പത്തേക്ക് ചാടിയപ്പോള്‍ അവളുടെ വാലില്‍ തട്ടി, പഴുത്ത മാങ്ങ ഒരെണ്ണം താഴെ വീണതാണ്. അത് വീണതും  അലന്റെ അമ്മ കുനിഞ്ഞതെടുത്ത് അലന് കൊടുത്തു
priya as,childrens stories, iemalayalam
മാങ്ങ കൈയില് കിട്ടിയതും അവന് അത് മാങ്ങ ആണ് എന്നു മനസ്സിലാവുകയും ‘ആങ്ങ,ആങ്ങ’ എന്ന് അവന് പറ്റും വിധം അവനക്കാര്യം പറയുകയും ചെയ്തു. പിന്നെ അവനത് ഒരു കളിപ്പാട്ടം പോലെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്തു.അലന്‍കുട്ടിയുടെ ‘ക ഖ ഗ ഘ ങ’ പുസ്തകത്തിലുണ്ടല്ലോ മാങ്ങയുടെ പടം. അതുകൊണ്ടാണവന് അമ്മ കൊടുത്ത  സാധനം മാങ്ങയാണ് എന്നു പെട്ടെന്നു മനസ്സിലായത്.

‘ആങ്ങയല്ല, മാങ്ങ,’ എന്ന് അമ്മ അവന് തിരുത്തിക്കൊടുത്തു. പക്ഷേ അവന് എത്ര ശ്രമിച്ചിട്ടും ‘ആങ്ങ’ എന്നേ പറയന്‍ പറ്റുന്നുണ്ടായിരുന്നുള്ളു, ‘മാങ്ങ’ എന്നു പറയാന്‍ പറ്റാത്ത സങ്കടത്തിലാവും അലന്‍കുഞ്ഞ് അമ്മയുടെ കൈവിട്ടുനിന്ന് വലിയ വായില്‍ കരയാന്‍ തുടങ്ങിയത്.

കരയാതെ കരയാതെ, ചെറ്യ കുട്ടിയല്ലേ അലന്‍, ഇത്തരി കൂടി വലുതാവുമ്പോ മാങ്ങ എന്നു തന്നെ പറയാന്‍ പറ്റും എന്നൊക്കെ അമ്മ സമാധാനിപ്പിച്ചു നോക്കി. പക്ഷേ അലനുണ്ടോ നിര്‍ത്തുന്നു കരച്ചില്‍.

അപ്പോ അമ്മ, അവനെയുമെടുത്തു കൊണ്ട് വീടിനകത്തേയ്ക്കു പോയി.priya as , childrens stories, iemalayalam
എന്നിട്ടവനെ സോഫയിലിരുത്തി
അമ്മ, അവന്റെ കരച്ചില്‍ കാരണം ദേഷ്യം വന്നിട്ട് അവനെ ഒറ്റയ്ക്കിരുത്തിയിട്ട് അകത്തേയ്ക്കു പോവുകയാണെന്നു വിചാരിച്ചാവും അലന്‍ ഉറക്കെയുറക്കെ കരയാന്‍ തുടങ്ങി.

അമ്മയോ മാങ്ങയുമായി അടുക്കളയിലേയ്ക്കാണ് പോയത്.
അവിടെ ചെന്ന് അമ്മ ഒരു കത്തിയെടുത്ത് മാങ്ങയുടെ ഞെട്ടിന്റെ ഭാഗത്തെ ചുന ചെത്തിക്കളഞ്ഞു.

എന്നിട്ട് ഒരു കുഞ്ഞിപ്പൂപ്പാത്രത്തിലേയ്ക്ക് മാങ്ങ ഞെക്കി പിഴിഞ്ഞൊഴിച്ചു.
പിന്നെ അതുമായി, കരയുന്ന അലന്റെ അടുത്തു വന്നു. എന്നിട്ട് ഒരു വിരല്‍ മാങ്ങാച്ചാറില്‍ മുക്കി അലന്‍കുഞ്ഞിന്റെ നാവില്‍ വച്ചു കൊടുത്തു.

‘ഹാ, എന്തരു മധുരം!’

ഉടന്‍ കരച്ചില്‍ നിര്‍ത്തി അലന്‍ നാവു നീട്ടിക്കാണിച്ചു പൂപ്പാത്രത്തിനു നേരെ.
മാങ്ങാച്ചാറു മുഴുവന്‍ വലിച്ചു കുടിച്ച ശേഷം അലന്‍ ഒരു പൂപ്പുഞ്ചിരിയോടെ മുറ്റത്തെ മാവിന്റെ നേരെ ചൂണ്ടിപറഞ്ഞു, ‘ആങ്ങ…’

‘നല്ലതല്ലേ, നല്ല മധുരമല്ലേ, അലന് ഇഷ്ടമമായില്ലേ,’ അമ്മ ചോദിച്ചു.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അലന്‍ തലയാട്ടി. എന്നിട്ട്  അമ്മയുടെ മടിയില്‍ കയറിയിരുന്ന് മാങ്ങാച്ചാറില്‍ കുളിച ചുണ്ടു കൊണ്ട് അമ്മയ്‌ക്കൊരു ഉമ്മ കൊടുത്തു.

അമ്മയുടെ കവിളിലൊക്കെ മഞ്ഞനിറമുള്ള മാങ്ങാച്ചാറായതു കണ്ട്  അവന് ചിരിവന്നു.
‘ആങ്ങ തിന്നേ, തിന്നേ, അലന്‍ ആങ്ങ തിന്നേ തിന്നേ,’ എന്നൊരു ഡാന്‍സ് കളിച്ചു അലന്‍, അമ്മയുടെ മടിയില്‍ കയറിനിന്ന്.

അമ്മ അത് കണ്ട് കൈ കൊട്ടിച്ചിരിച്ചു.

അമ്മ ചിരിയ്ക്കുന്നതു കണ്ട് അലനും കൈ കൊട്ടിച്ചിരിച്ചു…

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook