ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍ കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

ആമയുടെ പാട്ട്

കുറുക്കനും ആമയും കൂടി വലിയ വഴക്കായി.

കുറുക്കന്‍ സ്വതേ ഒരു ബഹളക്കാരനാണ്. പക്ഷേ ആമ അങ്ങനെയല്ലല്ലോ, ശാന്തന്‍, പരമസാധു, അങ്ങോട്ടു വഴക്കിനു ചെന്നാല്‍പ്പോലും തന്‍ കാര്യം നോക്കി മിണ്ടാതിരിക്കുന്നവന്‍!

എന്തു പറഞ്ഞാവും കുറുക്കന്‍, അവനെ ദേഷ്യം പിടിപ്പിച്ചത്!
കാട്ടിലെ മൃഗങ്ങള്‍ക്കെല്ലം അത്ഭുതമായി.

‘ഒരു ഭംഗിയുമില്ല കാണാനെന്നു’ പറഞ്ഞു കാണുമോ! ‘നിന്നേക്കാള്‍ സ്പീഡില്‍ ഉറുമ്പു പോലും നടക്കുമല്ലോ,’ എന്നു കളിയാക്കിക്കാണുമോ!

വഴക്കിന്റെടേല്, ദേഷ്യം വന്നിട്ട് സഹിക്കാതായപ്പോള്‍, ആമ ചെന്ന് കുറുക്കന്റെ കാലിനിട്ട് ഒരു കടി. വേദന കൊണ്ട് പുളഞ്ഞു പോയി കുറുക്കച്ചാര്.

അവനിട്ട് ഒരു ചവിട്ടു കൊടുക്കാന്‍ നോക്കി കുറുക്കച്ചാര്. അതു പറ്റാതായപ്പോ, ‘പാറയ്ക്കു പോലും നിന്റെ തോടിന്റത്രേം കട്ടികാണില്ല’ എന്നു പറഞ്ഞു കുറുക്കന്‍ ഒച്ചവെച്ചു, എന്നിട്ട് ഒരു തട്ടു കൊടുത്തു അവന്‍ ആമയ്ക്കിട്ട്.priya as , childrens stories, iemalayalamആമ ആ തട്ടു കൊണ്ട് ദൂരെ കരിയിലക്കാട്ടില്‍ ചെന്നു വീണു. തട്ടിന്റെ ഊക്കില്‍ വേദനിച്ചിട്ട് ആമയ്ക്ക് പിന്നെയും ദേഷ്യം വന്നു.

പക്ഷേ, ആ കേമന്‍ കുറുക്കനിട്ട് ഒരു കടി കൂടി പാസ്സാക്കി, അവനെ ഒരു പാഠം പഠിപ്പിക്കാമെന്നുവച്ചാല്, അവന്റെയടുത്തേയ്ക്ക് ഇഴഞ്ഞു ചെല്ലണ്ടേ! ആമയ്ക്കുണ്ടോ അതിനുള്ള സ്പീഡ്!

ആമ അങ്ങനെ ആകെ നിരാശനായും സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും നില്‍ക്കുന്നതു കണ്ട കീരി, അവന്റെ അടുത്തു ചെന്ന്, അവനെ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ച് ‘സാരമില്ല, പോട്ടെ,’ എന്നു പറഞ്ഞപ്പോ ആമച്ചാര്‍ക്ക് ഇത്തിരി സമാധാനമായി.

‘ആട്ടെ, നീ എന്തിനാ അവനുമായി വഴക്കിനു പോയത്? അവന്‍ കൈയൂക്കുള്ളവനല്ലേ, അവന്റെടുത്ത് വഴക്കിട്ടാല്‍ നീ ജയിക്കില്ല എന്നു നിനക്കറിയാവുന്നതല്ലേ, പിന്നെന്തിനാ അവനെ കടിക്കാനും മറ്റും പോയത്,’ എന്നു ചോദിച്ചു ഇതെല്ലാം കണ്ടുകൊണ്ട് കരിയിലക്കാട്ടില്‍ ഇരുന്ന കീരി.

അപ്പോള്‍ ആമ കരച്ചിലായി.

‘എന്റെ ചങ്ങാതീ,’ എന്നു വിളിച്ച്, അവന്‍ നടന്ന കാര്യമെല്ലാം കീരിയോട് പറഞ്ഞു.

ആമയ്ക്ക് കിട്ടിയ രണ്ടു ചെറുക്യാരറ്റ് കഷണം, ആ കള്ളക്കുറുക്കന്‍ തട്ടിപ്പറിച്ച് സാപ്പിട്ടു പോലും.

ആമയ്ക്കാണെങ്കില്‍ വിശന്നിട്ട് കണ്ണുകാണാതെ നില്‍ക്കുകയായിരുന്നു. ആ കുറുക്കനാണെങ്കിലോ, വിശന്നിട്ടൊന്നുമല്ല, ചുമ്മാ വഴക്കു കൂടാനുള്ള രസത്തിനായാണ് ആമച്ചാരുടെ ചെറുക്യാരറ്റ്കളെ തട്ടിപ്പറിച്ചെടുത്തു സാപ്പിട്ടത്.

‘ വയറു നിറയെ ഞണ്ടിനെ തിന്ന് അനങ്ങാന്‍ വയ്യാതെ കിടക്കുകയായിരുന്നു. എന്നിട്ടാണ് വിശന്നുവലഞ്ഞ ഒരുത്തന്റെ  രണ്ടേരണ്ടു ക്യാരറ്റ് തട്ടിയെടുത്ത് വിഴുങ്ങിയതും ‘ഹ ഹ’ എന്നു കളിയാക്കി ചിരിച്ചതും. അതു ശരിയാണോ കീരീ, അവനാ കുറുക്കച്ചാര് എന്നോട് ചെയ്തത്’ എന്നു ചോദിച്ചു ആമച്ചാര് കീരിയോട്.

‘ഒട്ടും ശരിയല്ല, ശരിയല്ല, നീ സങ്കടപ്പെടണ്ട, അവനിനി വിശന്നുവലഞ്ഞിരിക്കുമ്പോ, അവനു കാത്തുകാത്തിരുന്നു കിട്ടിയ കോഴിയെ ഒരു ദിവസം ഒരു ചെന്നായ തട്ടിപ്പറിച്ചു തിന്നും, നോക്കിക്കോ, അന്നേ  നീ അനുഭവിച്ച സങ്കടം അവനു മനസ്സിലാവൂ,’ എന്നു പറഞ്ഞു കീരി.

‘ഉവ്വോ, അങ്ങനെയൊക്കെ സംഭവിയ്ക്കുമോ,’ എന്നു ചോദിച്ചു, നിറഞ്ഞ കണ്ണുകളോടെ ആമച്ചാര്.priya as, childrens stories, iemalayalamആമച്ചാരുടെ ഒട്ടിയ വയറു കണ്ടിട്ട് കീരിയ്ക്ക് സങ്കടം വന്നു.

‘നിനക്ക് ഞാന്‍ പറിച്ചു തരാമല്ലോ എന്റെ തോട്ടത്തില്‍ നിന്ന് ക്യാരറ്റ്, നല്ല മുഴുത്ത ക്യാരറ്റ്’ എന്നു പറഞ്ഞ് അവനെ കൂട്ടി തന്റെ തോട്ടത്തിലേയ്ക്കു പോയി കീരി.

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

കുറുക്കന്‍ എന്തു ചെയ്യുന്നു എന്ന് ഒട്ടും ശ്രദ്ധിക്കാതെ അവര്‍ രണ്ടാളും ചേര്‍ന്ന് ക്യാരറ്റ് തോട്ടത്തിലേയ്ക്ക് നടന്നുനടന്നു പോയി.

ക്യാരറ്റ് തിന്നു വയറു നിറഞ്ഞപ്പോ, ആമ, കീരിയ്ക്ക് ഒരു പാട്ടുപാടിക്കൊടുത്തു.

‘കീരി നല്ല കീരി
തോട്ടക്കാരന്‍ കീരി
തോട്ടം നിറയെ ക്യാരറ്റ്
ഓറഞ്ച് നിറത്തില്‍ ക്യാരറ്റ്’
എന്നോ മറ്റോ ആയിരുന്നു അവന്റെ പാട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook