Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

വഴിയരികിലെ സഹായി

മാങ്ങാക്കാലമല്ലേ ഇത്? ആടിന് ,മാവിൻ തുഞ്ചത്ത് മൂത്ത് പഴുത്ത് കിടക്കുന്ന കിളിച്ചുണ്ടൻ മാങ്ങാ തിന്നാൻ കൊതിയായി. ആരു സഹായിക്കും ആടിനെ?

priya as, childrens stories , iemalayalam

വഴിയരികിലായിരുന്നു മാവ്. കിളിച്ചുണ്ടന്‍മാവായിരുന്നു അത്. അതില്‍ നിറയെ പല മൂപ്പിലുള്ള മാങ്ങകള്‍ കുലകുലയായി ഉണ്ടായിക്കിടന്നിരുന്നു.

അതു വഴി വെറുതേ ഒന്നു പറന്നു പോവുകയായിരുന്നു ഒരു കാക്ക. മാവിന്‍ ചുവട്ടില്‍, മാവിന്‍തുഞ്ചത്തേ്ക്കും നോക്കിയങ്ങനെ നില്‍ക്കുന്ന ആടിനെ കണ്ട് കാക്ക അതിന്റെ പറക്കല്‍ നിര്‍ത്തി, ആടിന്റെ അടുത്ത് മാഞ്ചോട്ടില്‍ വന്നിരുന്നു.

“എന്താ നീ ഇവിടെയിങ്ങനെ കുറ്റിയടിച്ചതു പോലെ നില്‍ക്കുന്നത്,” കാക്ക ചോദിച്ചു.

ആട് വളരെ ഗൗരവത്തില്‍ മറുപടി പറഞ്ഞു. “ഈ മാവിലെങ്ങനെ കേറും? ഏതു കൊമ്പില്‍ ചവിട്ടിയാല്‍ വീഴാതെ പിടിച്ചു പിടിച്ച് ആ മുകളിലെ കൊമ്പത്തെത്താം എന്നാലോചിക്കുകയാണ് ഞാന്‍.”

മുകളിലത്തെ കൊമ്പിലെന്താ ഇത്ര വിശേഷം എന്നറിയാന്‍ കാക്ക മുകളിലേക്കെത്തിവലിഞ്ഞു നോക്കി അപ്പോഴലല്ലേ അവന്‍ കണ്ടത്, ദാ, അവിടെ കിടന്നാടിരസിക്കുന്നു ഒരു പഴുത്തുതുടുത്ത വല്യൊരു കിളിച്ചുണ്ടന്‍ മാങ്ങ.

“ഞാനിത് കണ്ടില്ലല്ലോ ഇതുവഴിയൊക്കെ എത്രതവണ പറന്നിട്ടും,” എന്നു പറഞ്ഞു കാക്ക.

“നീ പറന്നുചെന്ന് ആ കൊമ്പിലിരുന്ന് അതു മുഴുവന്‍ സാപ്പിടും, ഇപ്പോത്തന്നെ… എനിക്കറിയാം അത്, എനിക്കൊരു തരി പോലും കിട്ടില്ല,” എന്നു ചിണുങ്ങാന്‍ തുടങ്ങി ആട്.

priya as, childrens stories , iemalayalam


“രാവിലെ തന്നെ രണ്ടു ചിക്കന്‍ കഷണം തരമായി ഒരു വീട്ടീന്ന്, അതു തിന്ന് എന്റെ വയറുനിറഞ്ഞിരിക്കുകയാ, എനിക്കെങ്ങും വേണ്ട തത്ക്കാലം മാങ്ങയും തേങ്ങയുമൊന്നും,” എന്ന് ഗമയില്‍ പറഞ്ഞുനിന്നു കാക്ക.

“നിനക്ക് വല്ല ചെറിയ മാവിലെ മാങ്ങയൊക്കെ രണ്ടു കാലില്‍ എഴുന്നേറ്റുനിന്ന് തിന്നാന്‍ പറ്റും എന്നല്ലാതെ ഇത്ര വലിയ മരത്തിലൊന്നും കേറാന്‍ പറ്റില്ലല്ലോ, നിന്റെ അതിമോഹമല്ലേ ഈ മാവിന്റെ തുഞ്ചത്തോളം പിടിച്ചു കയറി ആ മാങ്ങാ വായിലാക്കാമെന്നുള്ളത്,” എന്നു കളിയാക്കി പിന്നെ കാക്ക.

ആടിന് കരച്ചില്‍ വന്നു. അതു പറഞ്ഞു “ഞാനിന്ന് രാവിലെ മുതല്‍ ഇത്ര നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല. വിശപ്പു സഹിക്കാന്‍ തീരെ പറ്റുന്നുമില്ല, വിശപ്പു കൂടീട്ട് എനിയ്ക്ക് തലകറക്കം വരുന്നുണ്ട്..അങ്ങനെ തല ചുറ്റി നിന്നതാ ഞാനിവിടെ. അപ്പഴാ കണ്ടത് ആ മാങ്ങാ. എനിക്കറിയാം ഈ തലചുറ്റലും വച്ച് എനിക്ക് ഒരടി നടക്കാന്‍ പോലും പറ്റില്ലെന്ന്. നടക്കില്ലെന്നറിയാമെങ്കിലും ഞാന്‍ വെറുതേ നിന്നിങ്ങനെ സ്വപ്‌നം കാണുവായിരുന്നു ഞാനാ തുഞ്ചത്തോളം പിടിച്ചു കയറുന്നതും ആ മാങ്ങാ തിന്നുന്നതും ഒക്കെ.”

അങ്ങനെ പറഞ്ഞ് ആട് പിന്നെയും കരയാാന്‍ തുടങ്ങി. കാക്കയ്ക്ക് പാവം തോന്നി.

തല ചുറ്റുന്നെങ്കില് നീയിങ്ങനെ നില്‍ക്കണ്ട, നീയിവിടെ കിടക്ക് തത്ക്കാലം എന്നു പറഞ്ഞ് കാക്ക ആടിനെ സ്‌നേഹത്തോടെ മാഞ്ചോട്ടില്‍ പിടിച്ചു കിടത്തി.

priya as, childrens stories , iemalayalam

എന്നിട്ട് ചോദിച്ചു , “നിന്നെ സഹായിക്കാന്‍, ഞാനുള്ളപ്പോ നീയെന്തിനാ വിഷമിക്കുന്നത്?”

അങ്ങനെ പറഞ്ഞ ശേഷം കാക്ക ചിറകുവിരിച്ച് മാവിന്‍കൊമ്പിലേക്കു പറന്നു. എന്നിട്ട് ആട് നോക്കി വച്ചിരുന്ന ആ വല്യ മാങ്ങ കൊത്തിത്താഴെയിട്ടു. പിന്നെ താഴേയ്ക്ക് പറന്ന്, അത് ഞെട്ടില്‍ പിടിച്ചു വലിച്ചു കൊണ്ടുവന്ന് ആടിന്റെ മുന്നിലിട്ടു.

ആടിന് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ആടത് മുഴുവന്‍ കാരിക്കാരിത്തിന്നുന്നതു കണ്ട് കാക്കയ്ക്കും സന്തോഷമായി.

“വയറ് നിറഞ്ഞോ, ഇല്ലേല്‍ വഴിയുണ്ട്. ഞാമ്പോയി നിനക്ക് പറ്റിയ പഴുത്ത മാങ്ങാ ഇനിയുമുണ്ടോ മുകളില് എന്നു നോക്കട്ടെ” എന്നു പറഞ്ഞ് വീണ്ടും മാവിന്‍ മുകളിലേക്ക് പറന്നു കാക്ക.

വിശപ്പിനിത്തിരി ശമനംവന്നതിന്റെ സമാധാനത്തില്‍ ആട് കണ്ണടച്ചു കിടന്നു.
അതോര്‍ത്തു, നല്ലവര്‍ ചുറ്റുമുണ്ടെങ്കില്‍ എത്ര പെട്ടെന്നാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്.

സഹായം വേണ്ടവരെ ഞാനുമിതുപോലെ സഹായിക്കും എന്നോര്‍ത്തോര്‍ത്ത് ആടൊന്നു മയങ്ങിപ്പോയി .
പിന്നെയും രണ്ടുമൂന്നു മാങ്ങാ കൊണ്ടുവന്നു വച്ചു ആടിന്റെ മുമ്പില്‍ കാക്ക. ആട് ഉറങ്ങുകയാണ് വിശപ്പാറിയ സന്തോഷത്തില്‍ എന്നു കണ്ട് കാക്ക പതുക്കെ അവന്റെ പറക്കല്‍ തുടര്‍ന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible vazhiyarikile sahay

Next Story
ആബിദയുടെ മഞ്ചാടിക്കുരു സ്വപ്‌നങ്ങള്‍priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com