താര ടീച്ചറുടെ സൂര്യകാന്തിപ്പൂക്കുഞ്ഞുങ്ങൾ

ഒരു സൂര്യകാന്തിപ്പൂന്തോട്ടം ഒരു സ്കൂളില്‍ വിരിയുന്നതാണ് ഇന്ന് കഥയില്‍ വിരിയുന്ന രംഗം

priya as, childrens stories , iemalayalam

എല്‍ കെ ജി ക്ലാസിലെ കുട്ടികളെല്ലാവരും കൂടി ക്ലാസിലിരുന്ന് പടം വരയ്ക്കുകയായിരുന്നു.
ഡ്രോയിങ് പീരീഡായിരുന്നു അത്.

താര ടീച്ചര്‍ പറഞ്ഞു, ”ഞാനാദ്യം വരയ്ക്കാം ഒരു പടം.”

എന്നിട്ട് ടീച്ചര്‍ ഒരു വലിയ മഞ്ഞപ്പൂവിന്റെ പടം വരച്ചു ബ്‌ളാക് ബോര്‍ഡില്‍. ടീച്ചര്‍ ‘സൂര്യകാന്തി’ എന്ന് മലയാളത്തിലും ‘സണ്‍ഫ്‌ളവര്‍’ എന്ന് ഇംഗ്‌ളീഷിലും എഴുതി. എന്നിട്ടതു വായിച്ചു കൊടുത്തു.

മോണിക്ക പറഞ്ഞു, ”ഇതെന്റെ വീട്ടിലുണ്ട് ടീച്ചർ”.

”അതെയോ,ടീച്ചറിന് ഈ ഭൂമിയിലേക്കു വച്ചേറ്റവും ഇഷ്ടമുള്ള പൂവാണിത്,” എന്നു പറഞ്ഞു താര ടീച്ചര്‍.

”ടീച്ചറിനിതിന്റെ വിത്ത് വേണോ, ഞാന്‍ കൊണ്ടുവരാം” എന്നു പറഞ്ഞു മോണിക്ക.

”വേണം വേണം” എന്നു ടീച്ചര്‍ പറഞ്ഞതോടു കൂടി, ”എനിക്കും വേണം എനിക്കും വേണം,” എന്ന് ഓരോ കുട്ടിയും ഒരു പാട്ടിന്റെ ഈണത്തിലെന്നപോലെ പറഞ്ഞു.

”ബഹളം വയ്ക്കാതിരിക്ക്, മോണിക്ക ആദ്യം സീഡ് കൊണ്ടുവരട്ടെ. എന്നിട്ടതെത്രയുണ്ടെന്നു നോക്കിയിട്ട് നമുക്കു നിശ്ചയിക്കാം കാര്യങ്ങള്‍,” എന്നു പറഞ്ഞു താര ടീച്ചർ.

പിറ്റേന്ന് മോണിക്ക ഒരു ജാമിന്റെ ബോട്ടില്‍ നിറയെ സൂര്യകാന്തി സീഡുകളുമായി വന്നു.

”എനിക്കാദ്യം, എനിക്കാദ്യം” എന്ന് ബാക്കി കുട്ടികളവള്‍ക്കു ചുറ്റും നിന്ന് ബഹളം വച്ചു.

ടീച്ചര്‍ പറഞ്ഞു, ”നിങ്ങള്‍ ഇരുപത് കുട്ടികളില്ലേ? എല്ലാവര്‍ക്കുമായി വീതം വച്ചാല്‍ ഒന്നോ രണ്ടോ സൂര്യകാന്തി വിത്തുമാത്രമേ ഓരോരുത്തര്‍ക്കും കിട്ടൂ. അതു കിളിര്‍ത്തെന്നും കിളിര്‍ത്തില്ലെന്നും വരാം. അതു കൊണ്ട് നമുക്കൊരു കാര്യം ചെയ്യാം.സ്കൂൾ മുറ്റത്ത് നടാം ഇതെല്ലാം കൂടി. അപ്പോ നമുക്കെല്ലാവര്‍ക്കും കാണാം ചെടികള്‍ വളരുന്നതും പൂക്കുന്നതും വിത്തുണ്ടാകുന്നതുമെല്ലാം , അതല്ലേ നല്ലത് ?”

”അതെ, അതെ” എന്ന് എല്ലാവരും തലയാട്ടി സമ്മതിച്ചു.

priya as, childrens stories , iemalayalam


പിന്നെ അവരെല്ലാവരും കൂടി സ്‌കൂളിലെ പൂന്തോട്ടത്തില്‍ തടമെടുത്തു. മണ്‍വെട്ടികൊണ്ട് മണ്ണുവെട്ടി വെട്ടി പൂത്തടമൊരുക്കാൻ താര ടീച്ചറും ഗാര്‍ഡനര്‍ മാമനും മറ്റു ടീച്ചേഴ്സും കൂടി. കരിയില കുട്ടയില്‍ പെറുക്കിക്കൊണ്ടുവന്ന്, നടാന്‍ പോവുന്ന വിത്തുകള്‍ക്ക് വളമായി, ഈര്‍പ്പമായി കുട്ടികള്‍ തടത്തിലിട്ടു .
പിന്നെ അവരോരുത്തരും വിരല്‍ കൊണ്ട് ഒരു കുഞ്ഞു കുഴി കുത്തി അതിലെല്ലാമോരോ വിത്തിട്ടു മണ്ണു കൊണ്ടു മൂടി.

ഓരോ ദിവസവും ഗാര്‍ഡനര്‍ മാമന്‍ പൂത്തടം നനയ്ക്കുമ്പോള്‍, വിത്തിനു മുള പൊട്ടിയിട്ടുണ്ടോ എന്നറിയാനായി കുട്ടികള്‍ തിക്കിത്തിരക്കി നിന്നു.

ചിലപ്പോള്‍ അവര്‍ തന്നെ തടം നനച്ചു. അവരുടെ പൂത്തടവിശേഷങ്ങളറിയാനായി ചിലപ്പോ സ്‌കൂളിലെ യു കെ ജി ക്‌ളാസിലെ കുട്ടികളും വന്നു.

വിത്തുകള്‍ ഇല കിളിര്‍ത്ത് തൈകള്‍ മണ്ണില്‍നിന്ന് തല നീട്ടാന്‍ തുടങ്ങിയപ്പോള്‍, അവര്‍, അവിടെക്കൂടി നടന്നു പോയ എല്ലാവരെയും വിളിച്ച് ”ഞങ്ങളുടെ സൂര്യകാന്തിത്തൈ മുളച്ചതു കണ്ടോ?” എന്ന സന്തോഷക്കുട്ടികളായി.

തൈയ്ക്ക് നീളം വച്ചുവോ, പുതിയ ഇല വന്നോ എന്ന് എല്ലാ ദിവസവും സ്‌കൂളിലെത്തിയാലുടനെ വന്ന് അവര്‍ പരിശോധിച്ചു.

ഇടയ്ക്ക് ഗാര്‍ഡനര്‍ മാമന്‍ ചെടികളുടെ തടത്തിലെ മണ്ണ് ഇളക്കിക്കൊടുക്കുകയും ചാണകപ്പൊടി വളമായി ഇട്ടു കൊടുക്കുകയും ചെയ്തു.

ചെടികളങ്ങനെ ആര്‍ത്തു തഴച്ച് കുട്ടികളേക്കാള്‍ പൊക്കത്തിലായി.

ഒരു ദിവസം അലനാണ് കണ്ടുപിടിച്ചത്, ഒരു സൂര്യകാന്തിച്ചെടിയില്‍ മൊട്ടുണ്ടായിരിക്കുന്നു. അതറിഞ്ഞതും അവര്‍ തുള്ളിച്ചാടി. ടീച്ചേഴ്സ് റൂമിലേക്ക് ഓടിപ്പോയി പൂ മൊട്ടുവിശേഷം പറഞ്ഞുകേള്‍പ്പിച്ചു. പൂമൊട്ടു കാണിക്കാനായി താര ടീച്ചറെ കൂട്ടിക്കൊണ്ടു വന്നു.
ടീച്ചറും ഗാര്‍ഡനര്‍ മാമനും കൂടി ഓരോ കുട്ടികളെയും എടുത്ത് പൂമൊട്ട് അടുത്തു കാണിച്ചു കൊടുത്തു.
പിന്നെപ്പിന്നെ എല്ലാ ചെടിയിലും വന്നു പൂ മൊട്ടുകള്‍.

അങ്ങനെ ഒരു ദിവസം നോക്കുമ്പോഴുണ്ട് ഒരു സൂര്യകാന്തിപ്പൂവ് മുഴുനായി വിരിഞ്ഞിരിക്കുന്നു .

priya as, childrens stories , iemalayalam


”മോണിക്കയുടെയും അലന്റെയുമൊക്കെ മുഖത്തിന്റെയത്രയും വലിപ്പമുള്ള പൂക്കളാണല്ലോ,” എന്നു പറഞ്ഞു അലീന ടീച്ചര്‍.

”നമ്മുടെയീ എൽ കെ ജി കുട്ടികള്‍ക്കാണോ ഈ സൂര്യകാന്തിപ്പൂക്കള്‍ക്കാണോ കൂടുതല്‍ ഭംഗി?” എന്ന് അലീന ടീച്ചറിനോട് ചോദിച്ചു താര ടീച്ചര്‍.

”എന്താ സംശയം? നമ്മുടെ കുഞ്ഞുങ്ങള്‍ക്കു തന്നെ കൂടുതല്‍ ഭംഗി. അവര്‍ക്കു കാണാന്‍ വേണ്ടിയല്ലേ ഈ പൂക്കളൊക്കെ വിരിഞ്ഞത്?” എന്നു ചോദിച്ചു അലീന ടീച്ചര്‍.

പൂക്കളുടെ ഉയരത്തിനൊപ്പം എത്താന്‍ കസേരകള്‍ നിരത്തിയിട്ട്, അതില്‍ ഇരുപത് ഒന്നാം ക്‌ളാസ് കുട്ടികളെയും നിരത്തി നിര്‍ത്തി ഒരു മാമന്‍ വന്ന് ഇന്നാള് ഫോട്ടോയെടുത്തല്ലോ. അത് നാളെ പത്രത്തില്‍ വരും ”താര ടീച്ചറുടെ സൂര്യകാന്തിപ്പൂക്കുഞ്ഞുങ്ങള്‍” എന്നാണ് പത്രത്തിലാ ഫൊട്ടോയുടെ താഴെ എഴുതുക എന്ന് ആ മാമന്‍ പറഞ്ഞു.

ഈ പൂക്കളൊക്കെ ഉണങ്ങിക്കഴിയുമ്പോള്‍ വിത്തെടുക്കുമല്ലോ, അപ്പോള്‍ ആ മാമനും കൊടുക്കണം സൂര്യകാന്തിവിത്ത് എന്ന് ആ മാമന്‍ പറഞ്ഞിട്ടുണ്ട്.

”ഓരോ കുട്ടിക്കും താര ടീച്ചറിനും അലീന ടീച്ചറിനും കൊടുത്തു കഴിഞ്ഞാലും ബാക്കി വരും സൂര്യകാന്തിപ്പൂ വിത്ത്, ” എന്നാണ് ഗാര്‍ഡനര്‍ മാമന്‍ പറഞ്ഞത്. ബാക്കി വന്ന വിത്തു നട്ട് അപ്പോ അവരെല്ലാവരും ചേര്‍ന്ന് ഇതിനേക്കാള്‍ വലിയ സൂര്യകാന്തിപ്പൂത്തോട്ടം ഉണ്ടാക്കുമല്ലോ സ്‌കൂളില്‍.
പത്രത്തില്‍ താര ടീച്ചറുടെയും കുട്ടികളുടെയും പൂക്കളുടെയും ഫൊട്ടോ ഉണ്ടോ എന്ന് നോക്കാന്‍ നാളെ ആരും മറക്കരുതേ…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible thara teacherudey soorykanthippookkunjungal

Next Story
മതിലിനപ്പുറത്തെ പനpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com