സൂര്യന്റെ നിലാവില്‍ ഒരു പാറുത്തങ്കം

സൂര്യമ്മാമന്റെ നിലാവ് എന്നു പറയുന്ന പാറുത്തങ്കമാണിന്ന് കഥയിൽ

priya as, childrens stories , iemalayalam

പാറുത്തങ്കം രാവിലെ ഉണര്‍ന്ന് മുറ്റത്തു വന്നു നിന്ന്, സൂര്യമ്മാമന്‍ വന്നിട്ടുണ്ടോ ആകാശത്ത് എന്നു നോക്കി.

സൂര്യമ്മാമന്‍ നല്ല തീനിറത്തില്‍ ആകാശത്തേക്ക് മെല്ലെ മെല്ലെ പൊങ്ങി വരുന്നതു കണ്ട് പാറുത്തങ്കം ‘ഗുഡ് മോണിങ്ങ് സൂര്യമ്മാമ, സുഖമല്ലേ?’ എന്നു വിളിച്ചുകൂവി.

സൂര്യമ്മാമന്‍, സൂര്യരശ്മി കൊണ്ട് പാറുത്തങ്കത്തിന്റെ ഉടുപ്പിലും കാലിലുമൊക്കെ ചില വെളിച്ചവരകള്‍ വരച്ചു ചിരിച്ചു നിന്നു.

പാറുത്തങ്കം വിളിച്ചു പറഞ്ഞു, “വേഗം വായോ, ആകാശത്തിന്റെ അരികില്‍ നിന്ന് ആകാശത്തിന്റെ നടുക്കോട്ട്. എന്നാലല്ലേ സൂര്യമ്മാമന്റെ നിലാവ് ഭൂമി മുഴുവന്‍ പരക്കൂ. സൂര്യമ്മാമന്റെ ചൂടുനിലാവ് ഭൂമി മുഴുവന്‍ പരന്നാലല്ലേ പാറുത്തങ്കത്തിനെ കുളിപ്പിച്ച ശേഷം, അമ്മയ്ക്ക് പാറുത്തങ്കത്തിന്റെ ഉടുപ്പുകള്‍ നനച്ചുണക്കാനിടാനൊക്കെ പറ്റൂ.”

പിന്നെ പാറുത്തങ്കം മുറ്റത്ത് പറന്നു നടന്ന കിളികളോട് കുശലം പറഞ്ഞു.

“സൂര്യമ്മാമന്റെ നിലാവിന്റെ ചൂടിലാണ് കുളിച്ചു വന്ന നിങ്ങളുടെ തൂവലുകളും ഞങ്ങള്‍ മനുഷ്യരുടെ നനച്ചിട്ട തുണികളുമൊക്കെ ഉണങ്ങുക. ആ ചൂടു നിലാവു വലിച്ചു കുടിച്ചാണ് ചെടിയൊക്കെ വളരുക. ഏറ്റവും പ്രധാനം, സൂര്യമ്മാമന്റെ നിലാവാണ് എല്ലാവരെയും ഉണര്‍ത്തുന്നത്. അതില്ലായിരുന്നെങ്കില്‍ പകലുണ്ടാവുമായിരുന്നില്ല. എപ്പഴും രാത്രി, എല്ലാവരും നിങ്ങള്‍ കിളികളും ഞങ്ങള്‍ മനുഷ്യരും അക്കാണുന്ന കീരിയും പൂച്ചയും അണ്ണാരക്കണ്ണനുമെല്ലാം ഉറക്കം തന്നെ ഉറക്കം എന്ന മട്ടിലായേനെ.”

priya as, childrens stories , iemalayalam

മുറ്റത്തെ ചെടികളായ മുല്ലവള്ളിയും വാടാമല്ലിയും ‘അതെ, അതെ,പാറുത്തങ്കം പറയുന്നതു മുഴുവന്‍ ശരിയാണ്’ എന്ന് തലയാട്ടി.

പാറുത്തങ്കം വിചാരിച്ചു എല്ലാരും എപ്പഴും ഉറക്കമായിരുന്നെങ്കില് എന്തു കഷ്ടമായേനെ .ഉണര്‍ന്നാലല്ലേ ചിരിയും ചിലക്കലും, പറക്കലും കളിയും, ചാട്ടവും ഓട്ടവും, ഷോപ്പിങ്ങും ചുറ്റാന്‍ പോവലും, ഐസ്‌ക്രീം കഴിക്കലുമൊക്കെ പറ്റൂ നമ്മക്കെല്ലാം.”

അതിനെടേല് ഒരു കാര്യം പറയാന്‍ മറന്നു പാറുത്തങ്കം. സൂര്യമ്മാമന്റെ നിലാവിന്, വെയില്‍ എന്നാണ് അമ്മയും അച്ഛനും പാറുത്തങ്കത്തിന്റെ ബാക്കി പരിചയക്കാരും പറയുന്നത്. പക്ഷേ പാറുത്തങ്കം വിചാരിക്കണതെങ്ങനെയാണെന്നറിയാമോ?

ചന്ദ്രമ്മാമന്റെ വെളിച്ചത്തിനെ നിലാവെന്ന് എല്ലാവരും വിളിക്കുമ്പോ സൂര്യമ്മാമന്റെ വെളിച്ചത്തിനെ വെയിലെന്നു വിളിച്ചാല്‍ സൂര്യമ്മാവന് സങ്കടാവില്ലേ? സൂര്യമ്മാമന്‍ സങ്കടപ്പെടുമ്പോ സൂര്യരശ്മി മങ്ങും, ഭൂമിയാകെ മങ്ങും, അപ്പോ പാറുത്തങ്കത്തിന്റെ മുഖവും മങ്ങും.

“എന്നാപ്പിന്നെ പാറുത്തങ്കം, സൂര്യമ്മാമന്റെ നിലാവെന്നു തന്നെ പറഞ്ഞോളൂട്ടോ സ്‌ക്കൂളില്‍ പോകുന്നതു വരെ. സ്‌ക്കൂളില്‍ പോയാല്‍ പിന്നെ പാറുത്തങ്കത്തിന്റെ പേര് പാര്‍വതി പി. ലക്ഷ്മി എന്നാകുമല്ലോ പാറുത്തങ്കം സ്‌ക്കൂളില്‍ ചേരാന്‍ നേരത്ത്. സൂര്യമ്മാമന്റെ ആകാശ അച്ഛനും മേഘ അമ്മയും കൂടി സൂര്യനിലാവിനെയും സ്‌ക്കൂളില്‍ ചേര്‍ക്കും. അപ്പോപ്പിന്നെ വെയിലെന്നാവും, സൂര്യനിലാവിന്റെ സ്‌ക്കൂള്‍പേര്,” എന്ന് പറഞ്ഞു അമ്മ.

അത് സമ്മതിച്ച പാറുത്തങ്കം. സ്‌ക്കൂളില്‍ ചേര്‍ന്നാല്‍പ്പിന്നെ വീട്ടിലും നാട്ടിലും എല്ലാവരും വിളിക്കുന്ന പുന്നാരപ്പേരൊന്നും പറ്റില്ലല്ലോ, ശരിപ്പേരുതന്നെ വേണ്ടേ?

priya as, childrens stories , iemalayalam

സൂര്യമ്മാവന്‍ സൂര്യ-നിലാവത്തുണക്കിയ പാറുത്തങ്കത്തിന്റെ ഉടുപ്പുകള്‍ എടുത്ത് മടക്കി വക്കുകയായിരുന്നു അപ്പോ അമ്മ. പാറുത്തങ്കമാണ് തോര്‍ത്തുകളും കര്‍ച്ചീഫും മടക്കിയത്.

പാറുത്തങ്കം അമ്മയെ ഹെല്‍പ് ചെയ്യുന്ന കുട്ടിയാണല്ലോ എന്ന് സന്തോഷം വന്ന് സൂര്യമ്മാമ ഒരു സൂര്യരശ്മി കൊണ്ട് അപ്പോള്‍ പാറുത്തങ്കത്തിന്റെ മിനുമിനാക്കവിളില്‍ ഉമ്മ വച്ചു.

രാത്രിയുടെ വാതില്‍ തുറന്ന് ആകാശത്തേക്ക് വരാനൊരുങ്ങി നിന്ന ചന്ദ്രമ്മാവന് അതു കണ്ട് ഇത്തിരി അസൂയ വരുന്നുണ്ടോ എന്ന് അപ്പോ പാറുത്തങ്കത്തിന് സംശയമായി.

പാറുത്തങ്കം അങ്ങനെയൊക്കെ പറയുന്നതു കേട്ട് അമ്മ കുടുകുടെ ചിരിച്ചു. കുടുകുടെ ചിരിയ്ക്കുന്ന അമ്മയെ കാണാന്‍ എന്തു രസമാണ് എന്നു വിചാരിച്ച് പാറു, അമ്മയ്ക്കും കൊടുത്തു സൂര്യനിലാവു പോലെ ചൂടും ചന്ദ്രനിലാവുപോലെ തണുപ്പുമുള്ള ഒരുമ്മ…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible suryante nilavil oru paruthankam

The moderation of comments is automated and not cleared manually by malayalam.indianexpress.com