സ്കൂൾ തുറക്കുന്നതും കാത്ത് ആലോല

‘രണ്ടുമാസം സ്കൂളുകൾ മതി, ബാക്കി ഒഴിവുകാലം എന്ന് മോഹിച്ചു നടന്നിരുന്ന ഒരാളുണ്ടായിരുന്നല്ലോ ഇവിടെ, അതാരാണ്?’ എന്നമ്മ ചോദിയ്ക്കുമ്പോൾ, ആലോല തല കുനിക്കും

priya as, childrens stories , iemalayalam

ആലോലയ്ക്ക് ക്‌ളാസില്‍ പോകാന്‍ കൊതിയായി.

വീട്ടിലെത്ര നേരമെന്നുവച്ച് ഇരിക്കും? വീടിനു മുറ്റമുണ്ട്. മുറ്റത്തു കിളികളുണ്ട്, ഓന്തുണ്ട്, അണ്ണാരക്കക്കണ്ണനുണ്ട്, തുമ്പിയുണ്ട്, പൂമ്പാറ്റയുണ്ട്. മുന്നിലെ ഇടവഴിയിലൂടെ ഇടയ്‌ക്കോരോ പൂച്ചയും പട്ടിയും പോകുന്നുണ്ട്. അവരോടൊക്കെ കഴിയുന്നത്ര ഓരോന്ന് മിണ്ടിപ്പറയുന്നുണ്ട് ആലോല.
പക്ഷേ സ്‌കൂളിലെ കുട്ടികളോടൊപ്പം കളിക്കുന്നതിലെ രസം വരുമോ അവരോട് ചുമ്മാ ഓരോന്ന് മിണ്ടിക്കൊണ്ടിരുന്നാല്‍?

അവര്‍ക്കാണെങ്കില്‍ ആലോലയുടെ ഭാഷയറിയില്ല, ആലോലയ്ക്കാണെങ്കില്‍ അവരുടെ ഭാഷയുമറിയില്ല. ഇങ്ങനെയൊക്കെയാവും അവര്‍ പറയുന്നത്, അങ്ങനെയൊക്കെയാവും പറയുന്നത് എന്നൊക്കെ സങ്കല്‍പ്പിച്ച് ആലോല അവരോട് വെറുതെ ഓരോന്ന് പറഞ്ഞിരിപ്പാണ്. അതിലത്ര വലിയ രസമൊന്നുമില്ല. കാരണം, അവര്‍ക്ക് ആലോല പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ടോ എന്നാര്‍ക്കറിയാം.

പക്ഷേയുണ്ടല്ലോ, കോവിഡില്ലാതിരുന്ന, സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആലോലയ്ക്ക് സ്‌കൂളില്‍ പോകാന്‍ വലിയ മടിയായിരുന്നു കേട്ടോ.

ആഴ്ചയിലൊരിക്കലെങ്കിലും രാത്രിയാവുമ്പോള്‍ ആലോല പറയും, ”ഈ കാലിനു വേദന. ഫുട്‌ബോള്‍ കളിച്ചപ്പോ, ഗോള്‍ പോസ്റ്റില്‍ നിന്നുള്ള ഒരു ചാട്ടത്തിനിടെ വീണപ്പോ കാലുളുക്കിയോന്ന് ഒരു സംശയം.”

അതല്ലെങ്കില്‍ അവള്‍ പറയും, ”തലവേദന. ഇന്നു നല്ല വെയിലായിരുന്നില്ലേ? രണ്ടു പീരീഡ് സ്‌പോര്‍ട്‌സായിരുന്നു. വെയിലു കൊണ്ടിട്ടാവും തല പൊളിയുന്നപോലുള്ള വേദന.”

അപ്പോള്‍ തന്നെ അമ്മ നെറ്റി ചുളിച്ച് ചോദിക്കും, ”നാളെ സ്‌ക്കൂളില്‍ പോകാതിരിക്കാനുള്ള വേലയാണോ ഇത് ആലോലേ ?”

”സത്യായും അമ്മേ, എനിക്ക് വേദനയുണ്ട്, ഒരു തരിപോലും നുണയല്ല” എന്നുറപ്പു പറയും അവള്‍. ”ഇന്ന് മരുന്നു പുരട്ടി നേരത്തേ കിടന്നാല്‍ വേദനയൊക്കെ നാളേക്ക് മാറും, നാളെ തീര്‍ച്ചയായും ഞാന്‍ സ്കൂളിൽപോകും,” എന്നു കൂടി പറയും അവള്‍.

മരുന്നു പുരട്ടിക്കൊടുത്തുകൊണ്ട്, അവള്‍ക്ക് ഭക്ഷണം വായില്‍ വച്ചുകൊടുത്തു കൊണ്ട് അമ്മ പറയും ”കാലുവേദനയും തലവേനയും അളക്കാന്‍ ആരും, പനിയളക്കുന്ന തെര്‍മോമീറ്റര്‍ പോലെ ഒരുപകരണം കണ്ടുപിടിക്കാത്തത് കുട്ടികളുടെ ഭാഗ്യം.”

അതു കേള്‍ക്കുമ്പോ ഒരു ചിരി വരുമെങ്കിലും അവളാ ചിരി അമര്‍ത്തിപ്പിടിക്കും.

priya as, childrens stories , iemalayalam


അമ്മ, ഉമ്മ കൊടുത്തു കിടത്തിപ്പോകുമ്പോള്‍ പുതപ്പുവലിച്ചു പുതച്ച് കിടന്ന അവള്‍ സുഖമായി ഉറങ്ങിപ്പോവും. അമ്മ ഇടയ്ക്കു വന്നു, കുട്ടി വേദന കൊണ്ട് ഞരങ്ങുകയോ മറ്റോ ചെയ്യുന്നുണ്ടോ എന്നു നോക്കും, പനിയുണ്ടോ എന്നു തൊട്ടും നോക്കും. അവള്‍ സുഖമായി ഉറങ്ങുകയാണ് എന്നു കണ്ട് അമ്മ സമാധാനത്തോടെ അവളുടെ യൂണിഫോം തേച്ചു വയ്ക്കാന്‍ പോവും.

രാത്രി പണിയൊക്കെ തീര്‍ത്ത് ആലോലയുടെ കൂടെ വന്ന് ഉറങ്ങാന്‍ കിടക്കുമ്പോഴും അമ്മ ഇടക്കിടെ നോക്കും, കുട്ടി സുഖമായി ഉറങ്ങുന്നുണ്ടല്ലോ അല്ലേ? ഉറക്കത്തില്‍ സ്വപ്‌നം കണ്ട് ചിരിക്കുന്നു കൂടിയുണ്ടാവും ആലോല. അമ്മയതു കണ്ട് അവളുടെ നെറ്റിയില്‍ ഉമ്മവയ്ക്കും.
പക്ഷേ, പിറ്റേന്ന് രാവിലെ പതിവിലും നേരത്തേ ഉണര്‍ന്ന് ആലോല കരയും, ”എനിക്ക് വേദന കൂടി അമ്മേ. ഞാനുറങ്ങിയിട്ടേയില്ല ഇന്നലെ വേദന കൊണ്ട്.”

അപ്പോഴമ്മയ്ക്ക് ദേഷ്യം വരും, ”നിനക്കു വല്ല വയ്യായ്കയുമുണ്ടോ എന്നു നോക്കി നോക്കി ഇന്നലെ ഞാനാണുറങ്ങാതിരുന്നത്. മടിച്ചിക്കോതയാവല്ലേ ആലോലേ, സ്‌കൂളില്‍ പോകാന്‍ മടിയായിട്ട് ഓരോരോ കാരണങ്ങള്‍ കണ്ടുപിടിക്കുകയാണല്ലേ? ഇന്നാള് ഓപ്പണ്‍ ഹൗസിനു ചെന്നപ്പോഴും മിസ് ചോദിച്ചില്ലേ ആലോല ക്‌ളാസില്‍ വരുന്നതിനേക്കാള്‍ വരാത്ത ദിവസമാണല്ലോ കൂടുതല്‍? ഇങ്ങനെ ക്‌ളാസുകള്‍ പോയാല്‍ എങ്ങനാ പഠിക്കുക?”

”ഇന്നെനിക്ക് തീരെ വയ്യായേ, ഞാനിന്ന് സ്‌കൂളില്‍ പോകുന്നില്ലേ” എന്ന് അപ്പോ വലിയ വായില്‍ കരയും അപ്പോ ആലോലക്കുട്ടി.

അമ്മ അവസാനം ഗതികെട്ട് സ്‌കൂൾവാന്‍ ഡ്രൈവറോട് വിളിച്ചു പറയും ,”ഇന്ന് ആലോല വരുന്നില്ല കേട്ടോ.”

വാന്‍ മറ്റുകുട്ടികളെയും കയറ്റിപ്പൊയ ശേഷം അല്പനേരത്തിനകം ആലോല എണീറ്റ് വരും, ”ഇപ്പോ വേദന കുറവുണ്ട് ഒരിത്തിരി” എന്നു പറഞ്ഞ്.

”ഓരോ കള്ളവും പറഞ്ഞ് വീട്ടിലിരുന്നോളൂ, വലുതാവുന്തോറും നിന്നെ മാനേജ് ചെയ്യാന്‍ പാടായി വരികയാണ് .അച്ഛന്‍ ഒഴിവിന് വരട്ടെ, ഞാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്,” എന്നു ദേഷ്യപ്പെടും അപ്പോ അമ്മ.

പിന്നെയുമുണ്ട് ആലോലയുടെ വക ഓരോ ഒപ്പിക്കലുകള്‍. ”മലയാളം നോട്ട് ബുക്ക് കളഞ്ഞു, സയന്‍സ് നോട്ട് മുഴുവനാക്കിയിട്ടില്ല, പ്രസംഗം പറഞ്ഞു കേള്‍പ്പിച്ചില്ല,” അങ്ങനെ അങ്ങനെ ഓരോരോ പരാതികള്‍ പറഞ്ഞ് ടീച്ചേഴ്‌സ് അമ്മയെ സ്‌കൂളിലേക്ക് വിളിപ്പിക്കും.

”ഒക്കെ ചെയ്തതാണ് അമ്മേ ഞാന്‍ സമയത്തും കാലത്തും, ആ ടീച്ചര്‍ മറന്നു പോയതാണ്,” എന്നൊക്കെ ആലോല തറപ്പിച്ചു പറയുമ്പോള്‍ ,”ഇനി ടീച്ചര്‍ ശരിക്കും മറന്നു പോയതാവുമോ, അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കുട്ടിയെ വഴക്കു പറഞ്ഞാലെങ്ങനെയാവും?” എന്നു വിചാരിച്ച് എന്തു പറയേണ്ടൂ, എന്തു ചെയ്യേണ്ടൂ എന്നുവിചാരിച്ച് അമ്മ നില്‍ക്കും.

priya as, childrens stories , iemalayalam


അങ്ങനെയുള്ള ആലോലയാണ് ഇപ്പോള്‍ ”സ്‌കൂളൊന്നു തുറന്നാല്‍ മതിയേ, സ്‌കൂള്‍ വാനൊന്നു വന്നാല്‍ മതിയേ, അവിടെച്ചെന്നിരുന്ന് തമ്മില്‍ത്തമാശ പറഞ്ഞ്, ഇടയ്‌ക്കൊക്കെ കുഞ്ഞുകുഞ്ഞു വഴക്കുണ്ടാക്കി, ടീച്ചറിനെയൊന്ന് കളിയാക്കിച്ചിരിപ്പിച്ച്, അങ്ങനെയങ്ങനെ സ്‌കൂളിലിരുന്ന് പഠിച്ചാല്‍ മതിയേ,” എന്നു മോഹിക്കുന്നത്!

”ഒരു വര്‍ഷം കഴിഞ്ഞില്ലേ കൂട്ടുകാരെ ഒന്നു തൊട്ടിട്ടും അവരുടെ തോളത്തു കൈയിട്ടു നടന്നിട്ടും? ഈ കൊറോണ വൈറസ് എന്തു ദുരിതമാണ് ? ഇതൊന്നു പോകുന്നതെപ്പോഴാണ്? സ്‌കൂള്‍ തുറക്കുന്നതും ഈ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ അവസാനിക്കുന്നതും എന്നാണ്?” ആലോല ചോദിച്ചു കൊണ്ടേയിരിക്കുന്നു അമ്മയോട്.

”കഴിഞ്ഞ കൊല്ലം സ്‌കൂളില്‍ പോകാന്‍ മടി പിടിച്ചിരുന്ന് നൂറായിരം നുണകളുണ്ടാക്കി കൊണ്ടിരുന്ന ആളല്ലേ നീയ്?” എന്നമ്മ അപ്പോള്‍ ചിരിക്കും. ”രണ്ടുമാസം സ്‌കൂള്‍ മതി, ബാക്കി ഒഴിവുകാലം എന്നു മോഹിച്ചു നടന്നിരുന്ന ഒരാളുണ്ടായിരുന്നല്ലോ ഇവിടെ, അതാരാണ്?” എന്നമ്മ ചോദിക്കുമ്പോള്‍ ആലോല തല കുനിക്കും.

അന്ന് പറഞ്ഞതൊക്കെ നുണവേദനകളും ചുമ്മാ കള്ളത്തരങ്ങളും ആയിരുന്നുവെന്ന് സമ്മതിക്കാന്‍ ആലോലയ്ക്ക് ഇപ്പോ മടിയില്ല. ആലോല, സത്യങ്ങള്‍ തുരുതുരെ അമ്മയോട് സമ്മതിക്കുന്നത് കേട്ടെങ്കിലും സ്‌കൂൾ തുറന്നാല്‍ മതിയായിരുന്നു.

ഉടനെതന്നെ തുറക്കുമായിരിക്കും അല്ലേ സ്‌ക്കൂളുകള്‍? കോവിഡ് ദുരിതം മാറിപ്പോകുമായിരിക്കും അല്ലേ എളുപ്പം തന്നെ?

കൊച്ചുകൂട്ടുകാരോട് പ്രിയ എ. എസ്

ഇക്കഴിഞ്ഞ വിഷു മുതല്‍ ഇന്നു വരെ നിരന്തരം കഥ പറയുകയായിരുന്നു കുട്ടികള്‍ക്കായി. ഒഴിവുകാല കഥകളുടെ മൂന്നാം സീസണാണ് കടന്നുപോകുന്നത്.

ഈ വേനലൊഴിവുകാലവും കഴിഞ്ഞ വേനലൊഴിവു കാലം പോലെ തന്നെ നിറം കെട്ടതായിരുന്നു കോവിഡ് മൂലം, ജീവിതത്തിലെ അനശ്ചിതത്വം മൂലം.

കുട്ടികള്‍ ഒരു വര്‍ഷത്തിലേറെയായി വീടുകളില്‍ത്തന്നെയാണ്. കൂട്ടുകാരെ കാണലോ അവരുമായുള്ള ചിരികളികളോ ക്ലാസുകളുടെ രസങ്ങളോ യാത്രകളുടെ നിറച്ചാര്‍ത്തോ ഇല്ലാതെ വീട്ടിലിരിപ്പായ കുഞ്ഞുങ്ങളുടെ ലോകത്തിലേക്ക് ഇത്തിരി ചിരിയും കളിയും ചിന്തയും ഭാവനയും നിരീക്ഷണപാടവവും അവര്‍ക്ക് പണിതു കൊടുക്കുന്ന തരം കഥകള്‍ ചേര്‍ത്തുവച്ച് അവരുടെ ലോകം സമ്പന്നമാക്കുക, ചുറ്റുപാടും ചൂഴ്ന്നു നില്‍ക്കുന്ന മടുപ്പില്‍ നിന്നവരെ പുറത്തു കൊണ്ടുവരിക ഒരല്പനേരത്തെക്കെങ്കിലും എന്ന വിചാരത്തോടെയാണ് ഓരോ കഥയും എഴുതിയത്.

എന്നത്തെയും പോലെ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇതെല്ലാം വായിച്ചു രസിച്ചു എന്ന് കഥയോടുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. കുട്ടികളും അവരുടെ വളര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കുന്ന മുതിര്‍ന്നവരും ഒരുപോലെ ഇക്കഥകള്‍ നുണഞ്ഞു എന്നുള്ളത് അധികസന്തോഷം തരുന്നു.

എല്ലാത്തിലും പ്രധാനം, ഇക്കഥകള്‍ എന്നെ വീണ്ടും വീണ്ടും ഒരു കുട്ടിയാക്കി എന്നുള്ളതാണ്. ഇതോരോന്നും എഴുതുമ്പോള്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക്, കുട്ടികളുടെ കൈയും പിടിച്ച് യാത്രപോയി. ഇതെഴുതുന്ന ഓരോ നിമിഷവും ഞാനലിഞ്ഞലിഞ്ഞില്ലാതായി.

പ്രത്യേകിച്ച് ഒരാലോചനയുമില്ലാതെ തുടക്കവാക്കായി എഴുതിയ ‘ആമ’ എന്നോ ‘മാന്‍’ എന്നോ ‘ആലോല ‘ എന്നോ ഉള്ള ചില അക്ഷരങ്ങൾക്ക് പുറകേ പോയി ഈ അക്ഷരങ്ങളെങ്ങനെയാണ് താനേ വിരിഞ്ഞ് കഥാരൂപമായി തീരുന്നതെന്ന് കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം.

കഥകേള്‍ക്കുന്ന കുട്ടികളെപ്പോലെ എന്റെ കണ്ണും അത്ഭുതം കൊണ്ടും ആഹ്‌ളാദം കൊണ്ടും അന്നേരമൊക്കെ വിടര്‍ന്നു വന്നു. ആ അളവറ്റ തന്നത്താനാഹ്‌ളാദത്തിനു വേണ്ടി സ്വാര്‍ത്ഥമതിയായിരുന്നാവാം ഞാനീ കഥകളെഴുതുന്നതെന്ന് ചില നിമിഷങ്ങളില്‍ എനിക്ക് തന്നെ തോന്നിപ്പോയി.

കഥ തീരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന , രാത്രിനേരത്തെ ഈ കഥയ്ക്കുവേണ്ടി കാത്തുകാത്തിരിക്കുന്ന കുട്ടികളുണ്ടെന്നെനിക്കറിയാം. അവരോട്, കഥകള്‍ തീരുന്നില്ല, ഞാനെഴുതിക്കൊണ്ടേയിരിക്കാം എന്നു പറയുന്നു. ഇനി കുറച്ചുനാള്‍ വേറെ ചിലര്‍ കഥ പറയട്ടെ, അതു കഴിഞ്ഞ വരാം പുതുകഥകളുമായി.

എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെല്ലാം അതുവരെ, കുട്ടിക്കഥകളെല്ലാം വീണ്ടും വീണ്ടും വായിച്ച് സന്തോഷമായിരിക്കുക.

ഇക്കാലവും കടന്നുപോകും.നമ്മളിനിയും നല്ലതിനെയല്ലാം വരവേല്‍ക്കും. ഇനിയും കാണാം നമുക്ക് കുഞ്ഞിക്കഥകളിലൂടെ…

Read More: വേറെയും കുട്ടിക്കഥകള്‍ വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible school thurakkunnathum kath alola

Next Story
ഒരിടത്തൊരിടത്തൊരു തീവണ്ടിയാകൃതിയുള്ള സ്കൂൾpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com