Latest News

സന്തോഷം വിപരീതം സങ്കടം

കുട്ടികളും അറിയണം ഒരു സന്തോഷത്തിന് ഒരു സങ്കടം എന്ന്…

priya as, childrens stories , iemalayalam

ഹസീന അച്ഛന്റെ കൂടെയിരുന്ന് മലയാളം പഠിക്കുകയായിരുന്നു.
അച്ഛന്‍ പറഞ്ഞു സന്തോഷം വിപരീതം സങ്കടം.

ഒരു സന്തോഷത്തിന് ഒരു സങ്കടം എന്നൊരു ചൊല്ലുണ്ടെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
അതായത് എല്ലാവര്‍ക്കും എപ്പോഴും സന്തോഷമുണ്ടായെന്നു വരില്ല, സങ്കടാവസ്ഥകളും ജീവിതത്തില്‍ ഉണ്ടാകാം.

സങ്കടം മാത്രമുള്ള മനുഷ്യരുമില്ല, ലോകത്തില്‍. സന്തോഷം മാത്രമുള്ള മുനഷ്യരുമില്ല ലോകത്തില്‍. മാറിമാറി വന്നുകൊണ്ടിരിയ്ക്കും ജീവിതത്തില്‍ സങ്കടവും സന്തോഷവും.

ഹസീനയ്ക്കത് സങ്കടക്കാര്യവും സന്തോഷക്കാര്യവും പെട്ടെന്ന് മനസ്സിലായി.

അച്ഛന്‍ ഇന്നാള് അവള്‍ക്ക് ഒരു ജെസിബി വാങ്ങിച്ചു കൊടുത്തായിരുന്നല്ലോ, അന്നവള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി.

വൈകിട്ട് അപ്പുറത്തെ വീട്ടിലെ രണ്ടുവയസ്സുകാരി നിത്യക്കുട്ടിയെയും കൂട്ടി അവളുടെ അപ്പൂപ്പന്‍ വന്നപ്പോ, ഹസീന അവള്‍ക്ക് ജെസിബി കാണിച്ചു കൊടുത്ത . അവളതു കൊണ്ട് ‘ബ്രും, ബ്രും’ എന്നു വണ്ടി പോകുന്ന് ഒച്ച കേള്‍പ്പിച്ച് കളിയ്ക്കാനും തുടങ്ങി. അവളെ അവിടെയിരുത്തി അപ്പൂപ്പന്‍ തിരിച്ചുപോയി.

priya as, childrens stories , iemalayalam


അങ്ങനെ ഹരം പിടിച്ച് ഹസീനയും നിത്യക്കുട്ടിയും കളിയ്ക്കുന്നതിനിടയില്‍ നിത്യക്കുട്ടി, ജെസിബിയെടുത്ത് ഒറ്റയേറ്.

ജെസിബി, ഭിത്തിയില്‍ ചെന്നിടിച്ച് താഴെ വീണു. അതിന്റെ മണ്ണു വാരുന്ന ഭാഗം പൊട്ടിത്തകര്‍ന്നു.
ഹസീനയ്ക്ക് ആകെ സങ്കടമായി അവള്‍ കുറേ കരഞ്ഞു. പിന്നെ നിത്യക്കുട്ടിയോട് ദേഷ്യപ്പെട്ടു.

“നീയെന്താ കാണിച്ചത്? ഞാനെത്ര നാള്‍ പറഞ്ഞിട്ടാ അച്ഛനെനിയ്ക്ക് ജെസിബി വാങ്ങിത്തന്നതെന്നറിയാമോ നിനക്ക്? ഞാനതു വച്ച് കളിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുുള്ളു.അപ്പേയ്ക്കും നീയത് പൊട്ടിച്ചു.”

അമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, “കളിപ്പാട്ടമെറിഞ്ഞാല്‍ അത് പൊട്ടും എന്നൊക്കെ മനസ്സിലായി വരുന്നല്ലേയുള്ളു നിത്യക്കുട്ടിക്ക്, അവള്‍ കൊച്ചു കുട്ടിയല്ലേ. മോള് ദേഷ്യപ്പെട്ടപ്പോ അവള്‍ക്കാകെ സങ്കടായി. അവള്‍ ചുണ്ടു പിളര്‍ത്തി കരയാന്‍ പോകുന്നത് കണ്ടില്ലേ? മോളവളെയൊന്ന് സമാധാനിപ്പിയ്ക്ക്. അല്ലെങ്കില്‍ അവള്‍ കരഞ്ഞു തുടങ്ങും. കരഞ്ഞു തുടങ്ങിയാല്‍പ്പിന്നെ അവള്‍ കുറേ നേരത്തേക്ക് കരച്ചില്‍ നിര്‍ത്തുകയുമില്ല കരഞ്ഞുകരഞ്ഞവള്‍ക്ക് വല്ല ജലദോഷവും വന്നാലോ?”

അതു കേട്ടപ്പോ ഹസീനയ്ക്ക് പാവം തോന്നി. അവള്‍ നിത്യക്കുട്ടിയെ എടുത്ത് എളിയയിലുത്തി ഓരോന്നു പറഞ്ഞ് സന്തോഷിപ്പിക്കാന്‍ തുടങ്ങി.

നിത്യക്കുട്ടി പെട്ടെന്ന് സങ്കടക്കുട്ടിയില്‍ നിന്ന് സന്തോഷക്കുട്ടിയായി, ആകെയുള്ള രണ്ടു പല്ലു കാണിച്ച് ചിരി തുടങ്ങി. ചിരിക്കുടുക്കയായി മാറിയ നിത്യക്കുട്ടിയെ കണ്ട് ഹസീനയ്ക്കും ചിരി വന്നു. അവളുടെ സങ്കടവും മാഞ്ഞു പോയി.

പൊട്ടിപ്പോയ ജെസിബി, അച്ഛനെടുത്ത് ഗ്ലു വച്ച് ഒട്ടിച്ച ശേഷം പശ ഉണങ്ങാനായി വേറെവിടെയോ കൊണ്ടുവച്ചു. അവര്‍ ഹസീനയും നിത്യക്കുട്ടിയും രണ്ടുപേരും റബ്ബര്‍പ്പന്തു വച്ച് വേറെ കളികള്‍ കളിച്ചു.

“സന്തോഷം വിപരീതം സങ്കടം എന്ന് പണ്ടുപണ്ടേ എനിക്കറിയാമച്ഛാ. ഒരാള്‍ക്കും എപ്പഴും സങ്കടമായിരിക്കില്ല എപ്പഴും സന്തോഷമായിരിക്കില്ല എന്നും എനിക്കറിയാം അച്ഛാ.രാത്രിയും പകലും പോലെയാണ് സന്തോഷവും സങ്കടവും അല്ലേ അച്ഛാ.രണ്ടിനും ഓരോരോ നന്മകള്‍ . പകലേ സൂര്യനേ കാണാമ്പറ്റൂ . രാത്രിയേ ചന്ദ്രനും നക്ഷത്രങ്ങളും വരൂ,” ഹസീന പറഞ്ഞു.

അച്ഛന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു “സങ്കടം കൊണ്ടു വരുന്ന നന്മകളുണ്ട് .സന്തോഷം കൊണ്ടു വരുന്ന നന്മകളുമുണ്ട്.”

പിന്നെ അച്ഛന്‍ ചോദിച്ചു, ‘ഇനി മറക്കില്ലല്ലോ അല്ലേ? സന്തോഷം വിപരീതം സങ്കടം എന്ന്?”

ഇല്ല എന്ന് തലയാട്ടി ഹസീന.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible santhosham viparitham sankadam

Next Story
ഒരിടത്തൊരിടത്തൊരു നെല്ലിപ്പുളിമരംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com