scorecardresearch

റെറ്റോബേബിയും കുറേ കുഞ്ഞുവർത്തമാനങ്ങളും

ഒരിയ്ക്കൽ എല്ലാവരും ചന്തുവും അമ്മയും അമ്മൂമ്മയുമൊക്കെ കുഞ്ഞുങ്ങളായിരുന്നു. വാചകങ്ങളില്ലാതെ വെറും വാക്കുകൾ കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു. അതൊക്കെ യോർമ്മിപ്പിച്ചു കൊണ്ട് റെറ്റോ ബേബി

ഒരിയ്ക്കൽ എല്ലാവരും ചന്തുവും അമ്മയും അമ്മൂമ്മയുമൊക്കെ കുഞ്ഞുങ്ങളായിരുന്നു. വാചകങ്ങളില്ലാതെ വെറും വാക്കുകൾ കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു. അതൊക്കെ യോർമ്മിപ്പിച്ചു കൊണ്ട് റെറ്റോ ബേബി

author-image
Priya A S
New Update
priya as, childrens stories , iemalayalam

ചന്തുവിന്റെ വീടിനു മുന്നില്‍ ഒരു വലിയ വീടില്ലേ, അവിടെ താമസിക്കാന്‍ ഒരച്ഛനുമമ്മയും കുഞ്ഞാവയും വന്നു, രണ്ടുദിവസം മുമ്പ്.

Advertisment

അവര്‍ കാറില്‍ വന്നിറങ്ങുന്നതും പിന്നെ ഒരു ലോറിയില്‍ അവരുടെ കട്ടില്, കസേര, സോഫ തുടങ്ങിയ വീട്ടുസാധനങ്ങള്‍ കുറേ ആളുകള്‍ കൊണ്ടുവന്നിറക്കുന്നതും ചന്തു ജനലിലൂടെ കണ്ടു.

പിറ്റേന്നു വൈകുന്നേരം കുഞ്ഞാവ, അവന്‍റെ വിട്ടിലെ ചേച്ചിയുമായി നടക്കാനിറങ്ങിയ നേരത്ത് ചന്തു ഗേറ്റില്‍ നില്‍പ്പുണ്ടായിരുന്നു.

അവന്‍ ചന്തുവിനെ ചൂണ്ടിക്കാണിച്ച് പറഞ്ഞു, "ചേട്ട." പിന്നെ അവന്‍ കുറച്ചു വാക്കുകള്‍ പറഞ്ഞു.

Advertisment

"അമ്മ, വീട്, ജോലി"- അതിനര്‍ത്ഥം അവന്റെ അമ്മ വീട്ടില് പണിയെടുക്കുകയാണ് എന്നാണെന്ന് കുഞ്ഞാവയുടെ കൂടെയുള്ള ചേച്ചി, ചന്തുവിന് പറഞ്ഞു കൊടുത്തു. ചന്തു അവന് ഷേക് ഹാന്‍ഡ് കൊടുത്തു.

"അപ്പ, ദൂരെ, പാട്ട്" എന്നും പറഞ്ഞു പിന്നെ അവന്‍. അവന്റെ അപ്പ പാട്ടിന് ട്യൂണ്‍ കൊടുക്കുന്ന ആളാണെന്നാണ് എന്നും പാട്ടിന് ട്യൂണ്‍ കൊടുക്കാനായി ആരോ വിളിച്ചിട്ട് അപ്പ ദൂരെ പോയിരിക്കുകയാണ് എന്നും ഒക്കയാണ് അതിനര്‍ത്ഥം എന്ന് ആ ചേച്ചി പറഞ്ഞു.

"അതെയോ, അങ്ങനാണോ," എന്നു ചോദിച്ചു അപ്പോ ചന്തു.

കുഞ്ഞാവ മുഴുവന്‍ വാചകവും പറയാത്തതെന്താണെന്നോ? അവന്‍ ഒരിത്തിരിക്കുഞ്ഞനാണ്. അവന്‍ വാക്കുകള്‍ മാത്രമേ പറയാറായിട്ടുള്ളൂ, ഇനി കുറച്ചുനാള്‍ കൂടി കഴിയുമ്പോ അവനിത്തിരി കൂടി വലുതാവും, അപ്പോ അവന്‍ ചന്തുവിന്റെ ഗേറ്റില്‍ വന്നു നിന്ന് "ചന്തുച്ചേട്ടാ, എന്റെ കൂടെ കളിക്കാന്‍ വായോ," എന്നു പറയുമായിരിക്കും.

അവന്റെ പേര് റെറ്റോ. അവന് ഒന്നര വയസ്സ്. അതൊക്കെ ആ ചേച്ചി പറഞ്ഞാണ് ചന്തു അറിഞ്ഞത്. ചന്തു അവന്റെ താടിയില്‍ തൊട്ട് പുന്നാരിച്ച് "റെറ്റോ ബേബി" എന്നു വിളിച്ചു.

ആ തൊടലും പുന്നാരിക്കലും ഇഷ്ടപ്പെട്ട മട്ടില്‍ അവന്‍ ചന്തുവിന്റെ തൊട്ടടുത്തു വന്നു നിന്ന്, "ഇനീം ഇനീം" എന്നു പറഞ്ഞു കൊണ്ടിരുന്നു. ചന്തു നാലഞ്ചു തവണ കൂടി അങ്ങനെ പുന്നാരിച്ചു.

priya as, childrens stories , iemalayalam


അതിനിടെ ചന്തുവിന്റെ അമ്മ, ഗേറ്റില്‍ നിന്ന് ചന്തു ആരോടാ സംസാരിക്കുന്നതെന്നറിയാന്‍ അങ്ങോട്ടുവന്നു.

അപ്പോ അമ്മയെ നോക്കി റെറ്റോ ബേബി ഒന്നൂടെ പറഞ്ഞു, "അമ്മ വീട് ജോലി, അപ്പ, ദൂരെ... പാട്ട്."

അങ്ങനെ പറയുന്നതുകൊണ്ട് അവനെന്താണുദ്ദേശിക്കുന്നതെന്ന് ചന്തു അമ്മയ്ക്ക് വിശദീകരിച്ചു കൊടുത്തു.

അമ്മ പറഞ്ഞു, "കുഞ്ഞായിരുന്നപ്പോ ചന്തുവും ഇങ്ങനൊക്കെത്തന്നായിരുന്നു, കുറച്ചു വാക്കുകള്‍ പറയും, അതൊക്കെ ചുറ്റുമുള്ളവര്‍ വാചകങ്ങളാക്കി എടുത്തോളണം."

ചന്തുവും കുഞ്ഞാവയായിരുന്നു ഒരിയ്ക്കല്‍, ചന്തുവിനും ഒരിയ്ക്കല്‍ ഒന്നര വയസ്സായിരുന്നു എന്നൊക്കെ ചന്തുവിനറിയാം. പക്ഷേ ഇതു പോലെ വാക്കുകള്‍ മാത്രം കൊണ്ട് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചന്തുവിനും എന്നറിഞ്ഞപ്പോള്‍ ചന്തു അത് സങ്കല്പിച്ച് പാടുപെട്ടു.

അപ്പോ ഒരു ചെറിയ മഴ വന്നു.

"തിരിച്ചു പൊക്കോ വീട്ടിലേക്ക് വേഗം... അതോ ഞങ്ങളുടെ വീട്ടില്‍ കേറി നില്‍ക്കുന്നോ മഴ കൊള്ളാണ്ട്," എന്നു ചോദിച്ചു ചന്തു റെറ്റോക്കുഞ്ഞനോട്.

അപ്പോ റെറ്റോ എന്തു ചെയ്‌തെന്നോ? കുനിഞ്ഞുനിന്ന് റോഡിലെ മഴവെള്ളത്തുള്ളികള്‍ വിരല്‍ കൊണ്ട് തൊട്ടെടുത്തു. എന്നിട്ട് കൈയിലും മുഖത്തും തലയിലുമൊക്കെ പുരട്ടി. എന്നിട്ട് പറഞ്ഞു "എണ്ണ."

"വെള്ളമാണതെന്നവനറിയാഞ്ഞിട്ടല്ല, എണ്ണയാണതെന്ന് അവന്‍ ഭാവിക്കുകയാണ്, അങ്ങനെയൊക്കെയാണ് കുഞ്ഞുങ്ങളുടെ ഭാവനക്കളി," അമ്മ പറഞ്ഞു.

ചന്തു, അതെല്ലാം കേട്ട് റെറ്റോക്കുഞ്ഞനെ കൗതുകത്തോടെ നോക്കി നിന്നു.

മഴച്ചാറ്റല്‍ പെട്ടെന്ന് മാറി. പിന്നെ ആകാശത്ത് മഴവില്ല് തെളിഞ്ഞു.

മഴവില്ല് കാണിച്ചു കൊടുത്തപ്പോ റെറ്റോ അവന്റെ വീട്ടിലേക്ക് കൈ ചൂണ്ടി പറഞ്ഞതെന്താണെന്നോ? "അമ്മ, ഹെയര്‍ബാന്‍ഡ്."

മഴവില്ല് അമ്മയുടെ ഹെയര്‍ബാന്‍ഡാണെന്നു പറയുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണെന്നു പറഞ്ഞ് ആകെ ചിരിച്ചു പോയി ചന്തു.

റെറ്റോ ജനിച്ചിട്ടാദ്യമായാണ് മഴവില്ലു കാണുന്നതെന്നും അവനാകെ അമ്മയുടെ ഹെയര്‍ബാന്‍ഡുമാത്രമേ 'റ' ആകൃതിയില്‍ കണ്ടിട്ടുള്ളുവെന്നു പറഞ്ഞ് ആ ചേച്ചിയും ചന്തുവിന്റെ കൂടെ ചിരിച്ചു.

priya as, childrens stories , iemalayalam


അപ്പോ റെറ്റോ ദൂരേക്ക് റോഡിന്റെ അറ്റത്തേക്ക് കൈ ചൂണ്ടി പറഞ്ഞു, "വല്യ ബൗബൗ... പോ."

ചന്തു എത്തിവലിഞ്ഞു നോക്കി, എവിടെ 'ബൗ ബൗ?' അവിടെങ്ങും ഒരു പട്ടിയെയും കാണാനുണ്ടായിരുന്നില്ല. അതും അവന്റെ ഭാവനക്കളിയാണെന്ന് അമ്മ് പറഞ്ഞു കൊടുക്കാതെ തന്നെ ചന്തുവിന് മനസ്സിലായി.

പിന്നെ റെറ്റോക്ക് മേലുകഴുകാനുള്ള നേരമായെന്നു പറഞ്ഞ് ചേച്ചി അവനെയും എടുത്തു കൊണ്ട് അവരുടെ വീടിനകത്തേക്കു പോയി.

അപ്പോ ചന്തുവിന്റെ അമ്മ, ചന്തുവിന്റെ തലമുടിയില്‍ തലോടിപ്പറഞ്ഞു "എത്ര പെട്ടെന്നാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. 'അമ്മ വയും ഇപ്പ വയും... പാലു തയും,' എന്നു പറഞ്ഞമ്മയെ കാത്തു കാത്ത് വൈകുന്നേരം മുറ്റത്തിറങ്ങി നില്‍ക്കുമായിരുന്ന കുഞ്ഞാവയാണ് ഇപ്പോ അമ്മ ലാപ്‌റ്റോപ്പില്‍ എഴുതുന്ന കഥയൊക്കെ എഡിറ്റു ചെയ്തു തരുന്നത്ര വലുതായി അമ്മയുടെ അടുത്ത് ദേ ഇങ്ങനെ നില്‍ക്കുന്നത്."

അപ്പോ ചന്തുവിന് എന്തു പറയണമെന്നറിയാതെയായി, അപ്പോ.

"അമ്മയും ഇതുപോലെ ഒരിത്തിരിക്കുഞ്ഞത്തിയായിരുന്നു പണ്ട്. അമ്മയ്ക്ക് 'ദേവകി' എന്നു പറയാനറിയില്ലായിരുന്നു. 'ദേകവി' എന്നേ പറയാന്‍ പറ്റുമായിരുന്നുള്ളു. പിന്നെ അരയന്നത്തിന് അമ്മ പറഞ്ഞു കൊണ്ടിരുന്നതെന്താണെന്നോ? 'അരകന്നന്‍.' സ്വന്തം പേരായ തങ്ക എന്നു പറയാനറിയില്ലായിരുന്നു അമ്മയ്ക്ക്. 'അന്ത,' അങ്ങനെയാണ് അമ്മ പറഞ്ഞിരുന്നത്. 'തങ്കയ്ക്കും വേണം,' എന്നു പറയുന്നതിനു പകരം അമ്മ ചിണുങ്ങും 'അന്തച്ചും മേണം."

ചന്തു അതു കേട്ട് നിര്‍ത്താതെ ചിരിച്ചു. എന്നിട്ട് ചോദിച്ചു , "നമ്മുടെ അമ്മൂമ്മയും കുഞ്ഞായിരുന്നോ പണ്ട്?"

അമ്മ തലയാട്ടി. 'കുഴിതവി'യ്ക്കു പകരം അമ്മൂമ്മ എന്ന ഇത്തിരിക്കുഞ്ഞത്തി പറഞ്ഞു കൊണ്ടിരുന്നത് 'കുഴുവതി' എന്നാണെന്നു കേട്ടപ്പോള്‍ ചന്തുവിന് 'കുഴിതവി' എന്താണെന്നറിയില്ലെങ്കിലും ചിരി സഹിക്കവയ്യാതെയായി.

'കഞ്ഞിയും കൂട്ടാനുമൊക്കെ വിളമ്പാന്‍ തക്കവണ്ണം നല്ലോണം കുഴിയുള്ള മരത്തവിയ്ക്കാണ് 'കുഴിതവി' എന്നു പറയുക എന്നമ്മ പറഞ്ഞുകൊടുത്തത് കേള്‍ക്കാന്‍ നില്‍ക്കാതെ ചന്തു, അമ്മൂമ്മയോട് 'കുഴുവതിക്കാര്യം' ചോദിക്കാനായി അകത്തേക്കോടി.

ഇത്തിക്കുഞ്ഞത്തിയായിരുന്നപ്പോ അമ്മൂമ്മ എങ്ങനെയായിരിക്കും ഇരുന്നിട്ടുണ്ടാവുക എന്നോര്‍ത്ത് ഓട്ടത്തിനിടയിലൊക്കെ കുടുകുടെ ചിരിക്കുന്നുണ്ടായിരുന്നു ചന്തു.

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: