ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.
കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ. കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന് ക്ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.
അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!
ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?
കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?
എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള് പഠിയ്ക്കും. നമ്മള് കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള് വളരുന്നത് തന്നെ!
കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…
പുസ്തകക്കട ബൈ രാമന് പൂച്ച ആന്റ് ചിന്നു മുയല്
ചിന്നു മുയലും രാമന് പൂച്ചയും കൂടി ഒരു കട തുടങ്ങാന്‍ തീരുമനിച്ചു.
ആദ്യം അവര്‍ വിചാരിച്ചത് ഒരു മിഠായിക്കട തുടങ്ങാം എന്നാണ്. അപ്പോള്‍ കരടി മാഷ് പറഞ്ഞു, മിഠായി തിന്നു തിന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ പല്ലൊക്കെ കേടാവുമല്ലോ.
എന്നാപ്പിന്നെ മിഠായിക്കട വേണ്ട എന്നായി അവരുടെ തീരുമാനം. മിഠായി തിന്നുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷത്തിനുമപ്പുറം, അവരുടെ പല്ലിലൊക്കെ കേടായി പോടായി വേദനയായി തീര്‍ന്നാല്‍ അതൊരു ചീത്തക്കാര്യമല്ലേ, ചീത്തക്കാര്യം ചെയ്തിട്ടുണ്ടാക്കുന്ന പൈസ നമുക്കു വേണ്ട. അങ്ങനെ ആലോചിച്ചുറപ്പിച്ചു അവര്‍.
‘എന്നാല്‍ പിന്നെ അമിട്ടും പടക്കവുമൊക്കെ വില്‍ക്കുന്ന ഒരു കടയായാലോ?’ രാമന് പൂച്ച ചോദിച്ചു.
അമിട്ടെന്നോര്ത്തപ്പോഴേ ആകാശത്തുമ്പത്തേക്കു പോയി കുടപോലെ ആകാശം നിറഞ്ഞു മിന്നുന്ന നക്ഷത്രത്തിളക്കം താഴേയ്ക്ക് മിന്നിമിന്നിയിറങ്ങി വരുന്ന വെളിച്ചക്കാഴ്ച ഓര്‍ത്ത് ചിന്നുമുയലിന് ഹരം പിടിച്ചു.
അയ്യോ അതെങ്ങാനും ശരിക്ക് പൊട്ടിയില്ലെങ്കില്‍ കൈ പൊള്ളും അപകടമാവും എന്നു പറഞ്ഞു കരടി മാഷ്. അതോടെ അവരതും വേണ്ടെന്നുവച്ചു.
പിന്നെ ആലോചന, മീന്‍ കച്ചവടം ആയാലോ എന്നായി. പക്ഷേ നാറില്ലേ എനിക്ക് എന്നായി ചിന്നു മുയല്. എന്നാപ്പിന്നെ അതും വേണ്ട എന്നായി അവരുടെ ചിന്ത.
പിന്നെന്തു കട തുടങ്ങും? അവരാലോചിച്ചാലോചിച്ചു കുഴഞ്ഞു.
അപ്പോഴാണ് കരടി മാഷ് പറഞ്ഞത് ‘നമ്മുടെ കുട്ടികള്‍ക്കുള്ള പുസ്തകക്കട തുടങ്ങിയാലോ?
പുസ്തകങ്ങളില്‍ ഇല്ലാത്തതൊന്നുമില്ലല്ലോ, മിഠായിയുടെ കഥ, അമിട്ടിന്റെ കഥ, മീനിന്റെ കഥ, അങ്ങനെ എന്തെല്ലാം എന്തെല്ലാം കഥകളാണ് പുസ്തകങ്ങളില്‍!’
അതായത് ചിന്നു മുയലിനെക്കുറിച്ചും രാമന് പൂച്ചയെക്കുറിച്ചും കരടിമാഷെക്കുറിച്ചും വരെ അതില്‍ കഥ കാണും എന്നു പറഞ്ഞു കരടിമാഷ്.
നമ്മള് കട തുടങ്ങാന്‍ പോകുന്നതിനെ കുറിച്ചു പോലും അതില്‍ കഥ കാണുമോ എന്നു ചോദിച്ചു ചിന്നു മുയല്.
അപ്പോഴേയ്ക്കും കരടി മാഷ് പേനയെടുത്ത്, ‘പുസ്തകക്കട ബൈ രാമന് പൂച്ച ആന്റ് ചിന്നു മുയല്’ എന്നൊരു കഥ എഴുതി്കഴിഞ്ഞു.
അത് പുസ്തകമാക്കുന്നേരം അതിലേയ്ക്ക് വേണ്ടുന്ന പടം വരച്ചു തരാമെന്നു പറഞ്ഞ് മരംകൊത്തിയും കുളക്കോഴിയും അപ്പോഴേക്ക് പുസ്തകചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. അത് പുസ്തകമാക്കാമെന്നു പറഞ്ഞ് കുരങ്ങച്ചന് അവന്റെ പുസ്തകപ്രസ്സില് കൊണ്ടുപോയി.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അതായിരുന്നു അവരാദ്യം വിറ്റ പുസ്തകം. ഇപ്പോള്‍ നിങ്ങള്‍ വായിക്കുന്ന ഈ കഥകളൊക്കെ പിന്നെ കാട്ടിലെ മൃഗങ്ങളോരോരുത്തരായി എഴുതി പുസ്തകമാക്കിയ കഥകളാണ്.
പുസ്തകങ്ങള്‍ വായിച്ചാല്‍ വിവരം കൂടുകയും ചെയ്യും പല്ലിന് പോടും കേടും വേദനയും വരികയുമില്ല. പടക്കക്കടയിലെ പോലെ തീ പടര്‍ന്ന് വാലു കരിയുകയോ കൈ പൊള്ളുകയോ ഇല്ല.
പുസ്തകത്തിലില്ലാത്തത് ലോകത്തെവിടെയും ഇല്ലതാനും, പറയൂ അപ്പോ കട തുടങ്ങുമ്പോള്‍ പുസ്തകക്കട തുടങ്ങുന്നതു തന്നെയല്ലേ നല്ലത്?