പ്ലാവിലത്തുണികളും മുരുകൻ മാമയും

പ്ലാവിലകള്‍ പെറുക്കിയെടുത്ത് തുണികളായി സങ്കല്‍പ്പിയ്ക്കും കുഞ്ഞു. മുറ്റത്തുനിന്ന് കിട്ടിയ തേപ്പു പെട്ടിയുടെ ആകൃതിയിലുള്ള ഒരു കല്ലാണ് കുഞ്ഞുവിന്റെ തേപ്പുപെട്ടി

priya as, childrens stories , iemalayalam

ഓര്‍ക്കാപ്പുറത്ത് പെട്ടൊന്നൊരു മഴ വന്നു. വലിയൊരു മഴ.

അമ്മ കുളിക്കാന്‍ തുടങ്ങുകയായിരുന്നു. കുഞ്ഞു കുളിമുറിവാതിലില്‍ തട്ടി വിളിച്ചു ചോദിച്ചു, ”അഴയില്‍ വെയിലത്ത് ഉണക്കാനിട്ടിരിക്കുന്ന നമ്മുടെ തുണികളെല്ലാം മഴ നനയും മുമ്പ് പെറുക്കിയെടുക്കേണ്ടെ അമ്മേ?”

അമ്മ വേഗം കുളി വേണ്ടെന്നു വച്ച് ഓടി പുറത്തിറങ്ങി, എന്നിട്ട് പാവം അമ്മ ഓടി നടന്ന് അതെല്ലാം പെറുക്കിയെടുത്ത് ക്ഷീണിച്ചു.

കുഞ്ഞുവിന് സങ്കടം വന്നു. അവള്‍ പറഞ്ഞു, ”തുണി പെറുക്കുന്ന കാര്യത്തിലമ്മയെ സഹായിക്കാനൊന്നും എനിക്ക് പറ്റില്ല. കാരണം, കുഞ്ഞുവിന് അഴയുടെ അത്രയുമൊന്നും പൊക്കമില്ലല്ലോ, കുഞ്ഞു ഒരു കുഞ്ഞല്ലേ, അതു കൊണ്ടല്ലേ എല്ലാവരും കുഞ്ഞുവെന്നു വിളിക്കുന്നതു തന്നെ.”

”അതിനെന്താ, അമ്മ കൊണ്ടുവന്ന് ദീവാനിലിട്ടിരിക്കുന്ന ഈ തുണിയെല്ലാം മടക്കാന്‍ സഹായിക്കാന്‍ പറ്റുമല്ലോ കുഞ്ഞുവിന്,” എന്നു പറഞ്ഞു അമ്മ.

”അമ്മയുടെ ഉടുപ്പുകളോ അച്ഛന്റെ ഷര്‍ട്ടുകളോ മടക്കാന്‍ പറ്റില്ല കുഞ്ഞുവിന്. അതിനൊക്കെ ഒരു പാട് വലിപ്പമുണ്ട്. കുഞ്ഞുവിന്റെ കുഞ്ഞിക്കൈകളില്‍ ഒതുങ്ങില്ല അതൊന്നും.” കുഞ്ഞുവിന് പിന്നെയും വിഷമം വന്നു.

”കുഞ്ഞുവിന്റെ ഉടുപ്പുകളും അനിയന്‍ കുഞ്ചുവിന്റെയും ഉടുപ്പുകള്‍ മടക്കാന്‍ പറ്റുമല്ലോ കുഞ്ഞുവിന്. അതൊക്കെ ചെറുതല്ലേ ? കുഞ്ഞുവിന് കൈയില്‍ പിടിച്ചോ മടിയില്‍ വച്ചോ അതെല്ലാം ഈസിയായി മടക്കാന്‍ പറ്റും,” അമ്മ അങ്ങനെ പറഞ്ഞപ്പോ കുഞ്ഞുവിന്റെ സങ്കടം മാറിപ്പോയി.

ആദ്യം ഉടുപ്പുകളുടെ നല്ല വശം പുറത്തേക്കെടുക്കണം. എന്നിട്ട് ചുളിവില്ലാതെ വേണം മടക്കാന്‍. തേച്ചു വച്ച തുണികളാണെന്നു തോന്നണം ഓരോന്നും കണ്ടാല്‍. അങ്ങനെ വൃത്തിയായി തുണി മടക്കുന്ന വിദ്യ കുഞ്ഞുവിനെ പഠിപ്പിച്ചത് അച്ഛനാണ്.

priya as, childrens stories , iemalayalam

അമ്മയും കുഞ്ഞുവും കൂടി മടക്കിയ തുണികള്‍ – അച്ഛന്റേത്, അമ്മയുടേത്, കുഞ്ഞുവിന്റേത്, കുഞ്ചുവിന്റേത് എന്ന് തരം തിരിച്ചു വയ്ക്കാനും കുഞ്ഞുവിനിഷ്ടമമാണ്.

എന്നിട്ട് അടുക്കിയ തുണിയുടെ നിരയില്‍നിന്ന്, കുഞ്ഞുവിന്റെ കൈയില്‍ കൊള്ളുന്നത്രയും ചെറിയ ഭാഗങ്ങളായി എടുത്തുകൊണ്ട് അലമാരിയുടെ അടുത്തേക്ക് ചെല്ലണം. അപ്പോ അമ്മ അതെല്ലാം വാങ്ങി ഓരോരുത്തര്‍ക്കുമുള്ള തട്ടില്‍ ഓരോന്നും പല നിരകളായി അടുക്കിയടുക്കി വയ്ക്കും.

ഓരോരുത്തരുടെയും കര്‍ച്ചീഫുകളൊരിടത്ത്, സോക്‌സുകളൊരിടത്ത്, വീട്ടിലിടുന്ന ഉടുപ്പൊരിടത്ത് – അങ്ങനെയങ്ങനെ തരംതിരിച്ചാണ് അമ്മ അലമാരയിലോരോ തുണിക്കൂട്ടവും വയ്ക്കുക.

പുറത്തു പോകുമ്പോള്‍ ഇടുന്നതെല്ലാം കൂടി അമ്മ ഒരു വലിയ കവറിലാക്കി വയ്ക്കും. അത് തുണി തേയ്ക്കുന്ന മുരുകന്‍ മാമന്‍ വരുമ്പോള്‍ കൊടുത്ത് തേപ്പിക്കാനുള്ളതാണ്.

മുരുകന്‍ മാമന്റെ തേപ്പുപെട്ടി കറന്റു കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്. കല്‍ക്കരിക്കട്ടകള്‍ കത്തിച്ച് തേപ്പു പെട്ടിയുടെ ഉള്ളിലിട്ട് അതിന്റെ ചൂടു കൊണ്ടാണ് മുരുകന്‍ മാമന്‍ തേയ്ക്കുക.

അതൊക്കെയോര്‍ത്തപ്പോള്‍ കുഞ്ഞു താനേ ഉറക്കെ പറഞ്ഞുപോയി, ”എന്റമ്മോ, ഇന്നാളൊരിക്കല്‍ കുഞ്ഞു ആ തേപ്പു പെട്ടി ഒന്നു പൊക്കാന്‍ നോക്കി. എന്തൊരു ഭാരമാണതിനെന്നോ. കുഞ്ഞു രണ്ടു കൈ കൊണ്ടും പിടിച്ചിട്ടും അത് പൊക്കാന്‍ പറ്റിയില്ല.”

അമ്മ അതു കേട്ട് ചിരിച്ചു.

ഒരു തുണി തേയ്ക്കുന്നതിന് പത്തുരൂപയാണ് കൂലി. സാരിക്കും കഞ്ഞിമുക്കിയ ഷര്‍ട്ടിനുമൊക്കെ തേപ്പുകൂലി കൂടുതലാണ്. അതൊക്കെ തേയ്ക്കാന്‍ കൂടുതല്‍ സമയം വേണം, കൂടുതല്‍ ശക്തിയും വേണം, അതുകൊണ്ടാണതിന് കൂടുതല്‍ രൂപ.

കുഞ്ഞു അതിനിടെ അമ്മയോട് പറഞ്ഞു,”തേപ്പുകാരന്‍ മുരുകന്‍ മാമന്‍ വന്നു എന്ന കളി കളിക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ !”

പ്ലാവിലകള്‍ പെറുക്കിയെടുത്ത് തുണികളായി സങ്കല്‍പ്പിക്കും കുഞ്ഞു. മുറ്റത്തുനിന്ന് കിട്ടിയ, തേപ്പു പെട്ടിയുടെ ആകൃതിയിലുള്ള ഒരു കല്ലാണ് കുഞ്ഞുവിന്റെ തേപ്പുപെട്ടി.

priya as, childrens stories , iemalayalam


മുരുകന്‍ മാമ തേയ്ക്കുമ്പോള്‍ അസിസ്റ്റന്റായി നില്‍ക്കുന്നത് ഭാര്യ വള്ളി മാമിയാണ്.

കുഞ്ഞുവിന് സഹായി കുഞ്ചുവാണ്. ”ഈ തുണിയിലൊന്ന് വെള്ളം തളിച്ചേ” എന്നും ”ഇതൊന്ന് മടക്കി എടുത്തുവച്ചേ” എന്നും കുഞ്ഞുവിനു പറയാനുള്ള ആളാണ് കുഞ്ചു അസിസ്റ്റന്റ്.

ആ അതു പറഞ്ഞില്ലല്ലോ, കഞ്ഞിമുക്കിയ തുണിയുടെ ചടപടാ എന്നുള്ള നില്‍പ്പിനെ ഒന്നു മയപ്പെടുത്താനാണ് തുണിയില്‍ വെള്ളം തളിക്കുന്നത്.

ഇടയ്ക്ക് തേച്ചുതേച്ചു തളരുമ്പോള്‍, മുരുകന്‍ മാമന്‍ കുഞ്ചുവിനോടോ കുഞ്ഞുവിനോടോ പറയും, ”ഇത്തിരി വെള്ളം.”

കുട്ടികള്‍ ചെന്ന് മുരുകന്‍ മാമയുടെ ആവശ്യം പറയുമ്പോള്‍, അമ്മ കഞ്ഞിവെള്ളമോ നാരങ്ങാവെള്ളമോ കൊടുത്തയയ്ക്കും ഒരു മൊന്തയില്‍.

മൊന്ത വായില്‍ തൊടാതെ എടുത്തുപിടിച്ച് തൊണ്ടയിലൂടെ ഗള്‍പ് ഗള്‍പ് എന്ന ശബ്ദത്തോടെ മുരുകന്‍ മാമന്‍ വെള്ളം കുടിക്കുന്നത് കുഞ്ഞുവും കുഞ്ചുവും രസിച്ച് നോക്കിനില്‍ക്കും.

മഴ മാറട്ടെ എന്നിട്ട് കുറേ പ്ലാവിലകള്‍ പെറുക്കിയെടുത്ത് വയ്ക്കണം. കുഞ്ചു എണീറ്റുവരട്ടെ ഉച്ചമയക്കത്തില്‍നിന്ന്, എന്നിട്ടു വേണം അവനെ അസിസ്റ്റന്റാക്കി പ്ലാവിവിലത്തുണിതേയ്ക്കല്‍ കളി കളിക്കാന്‍. എത്ര നാളായി ”മുരുകന്‍ മാമന്‍ വന്നു” എന്ന കളി കളിച്ചിട്ട് എന്നോര്‍ത്ത്, മഴ നോക്കി, അരപ്രൈസില്‍ തൂണും ചാരി ഇരുന്നു കുഞ്ഞു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible plavilathunikalum murukan mamayum

Next Story
താര ടീച്ചറുടെ സൂര്യകാന്തിപ്പൂക്കുഞ്ഞുങ്ങൾpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com