പിയാമ്മയുടെയും ദീപ്തയുടെയും ചെടികൾ

കുട്ടികളെ ചെറു ചെറു ദൗത്യങ്ങളേൽപ്പിച്ചു നമുക്കവരെ പ്രസരിപ്പും ഉത്തരവാദിത്തവുമുള്ളവരാക്കിയെടുക്കാം

priya as, childrens stories , iemalayalam

ഈ കഥ തുടങ്ങുമ്പോള്‍ ദീപ്ത ചെടിക്ക് നനക്കുകയാണ്. പിയാമ്മയുടെ ചെടികളാണതെല്ലാം. ദീപ്തയുടെ അച്ഛന്റെ ചേച്ചിയെയാണ്, ദീപ്ത, പിയാമ്മ എന്നു വിളിക്കുന്നത്.

പിയാമ്മയുടെ വീടും ദീപ്തയുടെ വീടും ഒരേ കോമ്പൗണ്ടിലാണ്. ഇടക്കൊക്കെ പിയാമ്മ, പിയാമ്മയുടെ ഫ്‌ളാറ്റിലേക്കു പോകും, എന്നിട്ടവിടെ കുറച്ചു ദിവസം താമസിക്കും. അപ്പോ പിയാമ്മയുടെ ചെടികളെ ആരു നോക്കും എന്നൊരു പ്രശ്‌നം വരും.

വലിയൊരു ചെടിപ്രേമിയും പൂ പ്രേമിയുമായതുകൊണ്ട് പിയാമ്മയുടെ വീടു മുഴുവന്‍ ചെടികളും പൂക്കളുമാണല്ലോ. രണ്ടു നേരവും നനയ്ക്കണം ചെടികള്‍ക്ക്. ഇല്ലെങ്കില് ചെടികളാകെ വാടിത്തളരും.

രണ്ടു ദിവസം തുടര്‍ച്ചയായി വെള്ളം കിട്ടിയില്ലെങ്കില് പിന്നെ ചെടികള് പതുക്ക കരിഞ്ഞു തുടങ്ങും.
ആദ്യമൊക്കെ പിയാമ്മ അങ്ങനെ ഈ വീടു വിട്ടു ഫ്‌ളാറ്റിലേക്ക് പോകുമ്പോ, മുറ്റം കൊത്തിക്കിളക്കാന്‍ വരാറുള്ള വേലായുധമ്മാമനെ പിയാമ്മ ഏല്‍പ്പിച്ചിരുന്നു ചെടികള്‍ക്ക് രണ്ടു നേരവും നനയ്ക്കുന്ന കാര്യം.

വേലായുധമ്മാമന്‍ കൃത്യമായി ചെടിക്ക് നനയ്ക്കുകയും പിയാമ്മ ഫ്‌ളാറ്റീന്ന് തിരിച്ചു വരുമ്പോഴും പിയാമ്മ പോയ ദിവസത്തെപ്പോലെ തന്നെ ചെടികളെല്ലാം നല്ല ഉത്സാഹത്തില്‍ തലയാട്ടി നില്‍ക്കുകയും ചെയ്യുമായിരുന്നു കുറേ നാള്‍.

പിന്നെയല്ലേ വേലായുധമ്മാമന് വയ്യാതെ വന്നതും ചെടി നന നിന്നു പോയതും. അപ്പോ പിയാമ്മയുടെ ചെടികളുടെ കാര്യമാകെ കഷ്ടത്തിലായി.

ചെടി വാടി നില്‍ക്കുന്നതു കണ്ടാല്‍ പിയാമ്മയുടെ മുഖവും ആകെ വാടുമല്ലോ എന്നോര്‍ത്തു ദീപ്ത.
ചെടികളോടും പിയാമ്മയോടും പാവം തോന്നി ദീപ്തയ്ക്ക്.

അങ്ങനെയാണ് ദീപ്ത, ആരും പറയാതെ തന്നെ ചെടിനനക്കാര്യം ഏറ്റെടുത്തത്.

“അച്ഛാ, ഞാന്‍ നനയ്ക്കാം ചെടിയ്ക്ക്. ഇപ്പോഴുള്ള ഈ വലിയ ഹോസ് എനിയ്ക്ക് വളയ്ക്കാനും തിരിയ്ക്കാനുമൊക്കെ പ്രയാസമാണ്,” എന്നു പറഞ്ഞു അവളച്ഛനോട്.

“എന്റെ പാകത്തിന് എനിയ്‌ക്കൊരു ചെറിയ ഹോസ് വാങ്ങിത്തരാമോ,” എന്ന അവളുടെ ചോദ്യം കേട്ടപ്പോ അച്ഛന്‍ പുരികം വളച്ചവളെ സംശയഭാവത്തില്‍ നോക്കി.

എന്നിട്ട് ചോദിച്ചു, “നീ എപ്പോഴും ഓരോന്നേറ്റെടുക്കും വലിയ ഉത്സാഹത്തോടെ. രണ്ടുമൂന്നു ദിവസം നീ എല്ലാം കൃത്യമായി ചെയ്യും. പിന്നെ ആ പ്രദേശത്തൊന്നും നിന്‍റെ പൊടി പോലും കാണില്ല. ഇതും അങ്ങനെയാവുമോ? വലിയ ഹോസും ചെറിയ ഹോസും വെറുതേ കിടക്കുകയും ചെടികളൊക്കെ കരിഞ്ഞ് നില്‍ക്കുകയും പിയാമ്മ അതു കണ്ട് താടിക്ക് കൈയും കൊടുത്ത് സങ്കടപ്പെട്ട് ഇരിക്കേണ്ടിവരികയും ചെയ്യുമോ അവസാനം?”

“ഇല്ലച്ഛാ, ഞാനുറപ്പായും നനയ്ക്കും ചെടികള്‍ക്ക് രണ്ടുനേരവും,” എന്നു പറഞ്ഞ് അച്ഛനെ നിര്‍ബന്ധിച്ച് ചെറിയ ഹോസ് വാങ്ങിപ്പിച്ചു ദീപ്ത.

priya as, childrens stories , iemalayalam


എന്നിട്ട് കൃത്യസമയമൊക്കെ നോക്കിനോക്കി ചെടിനനച്ചു തുടങ്ങി.

ആദ്യം നനയ്ക്കുമ്പോ ദീപ്തയ്ക്ക് ആ വെളിച്ചം കുറഞ്ഞ മൂലയിലെ ചട്ടികളിലെ ചെടി, ഭിത്തിയിലേയ്ക്ക് പടരുന്ന ചെടി , വെളുത്ത പൂവുള്ള ചെടി , മൈക്ക് പോലുള്ള ചെടി എന്നൊക്കെ പറയാനേ അറിയുമായിരുന്നുള്ളു.

അച്ഛനോടും അമ്മയോടും ചോദിച്ച് പതുക്കെപ്പതുക്കെ അവള്‍ ഓരോ ചെടിയുടെയും പേര് ബിഗോണിയ, പിച്ചകം, റോസ്, ലില്ലി, പേറ്റുണിയ എന്നിങ്ങനെ പഠിച്ചു.

പിന്നെപ്പിന്നെ വെളിച്ചമിഷ്ടമുള്ള ചെടി, ഇരുണ്ട മൂലയില്‍ പതുങ്ങിയിരിക്കാനിഷ്ടമുള്ള ചെടി, ആഴ്ചയിലൊരിക്കല്‍ മാത്രം വെള്ളം വേണ്ടുന്ന ചെടി, പടരാന്‍ കമ്പു കുത്തിക്കൊടുക്കേണ്ടുന്ന ചെടി ഇങ്ങനെ ഓരോ ചെടിയുടെയും രീതിയും മട്ടും ഇഷ്ടവും അവള്‍ ചെടികളെ കണ്ടുകണ്ട് സ്വയം മനസ്സിലാക്കിയെടുത്തു.

ഈയിടെയായി രാവിലെ ദീപ്ത ഉണരുന്നതു തന്നെ ചെമ്പകം പൂവിട്ടോ, പിച്ചകത്തിന് പുതിയ വള്ളി ഉണ്ടായോ, ബിഗോണിയയുടെ പട്ടുപോലുള്ള ഇലകളില്‍ മഞ്ഞുതുള്ളി പറ്റിപ്പിടിച്ചിരുന്ന് തിളങ്ങുന്നുണ്ടോ, ആമ്പലിലയില്‍ തവളക്കുഞ്ഞിരിപ്പുണ്ടോ എന്നൊക്കെ അറിയാനാണ്.

priya as, childrens stories , iemalayalam


ഓണ്‍ലൈന്‍ ക്‌ളാസിലെ ശാരിക, ബെറ്റി, എഡ്മണ്ട്, ആയിഷ, ഹസീന ഇവരോടെല്ലാമുള്ളതിനേക്കാള്‍ കൂട്ടായി ദീപ്ത ,പിയാമ്മയുടെ ചെടികളോട്.

ചെടികളെല്ലാം തന്നോട് ഓരോന്നു സംസാരിക്കുന്നുണ്ട് ഇലയാട്ടി, പൂവാട്ടിനിന്ന് എന്നു പോലും തോന്നാന്‍ തുടങ്ങി അവള്‍ക്ക്.

അങ്ങനെ ചെടികളും ദീപ്തയും കൂട്ടായതൊന്നും പിയാമ്മ അറിയുന്നുണ്ടായിരുന്നില്ല ഫ്‌ളാറ്റിലിരുന്ന്.

വേലായുധമ്മാമന് സുഖമില്ലാതായി ചെടിയ്ക്ക് നനയ്ക്കാന്‍ വരാതായത് ഒരു ദിവസം അച്ഛന്‍ ഫോണില്‍ പറഞ്ഞപ്പോഴാണ് പിയാമ്മ അറിഞ്ഞത്. ദീപ്ത ചെടിക്കു നനക്കുന്ന കാര്യം, പിയാമ്മയ്‌ക്കൊരു സര്‍പ്രൈസാവട്ടെ എന്നു വിചാരിച്ച് അച്ഛനും മകളും മിണ്ടാതിരുന്നു.

അപ്പോള്‍, ‘അയ്യോ, എന്റെ ചെടികള്‍.’ എന്ന് വേവലാതി പിടിച്ച് ഫ്‌ളാറ്റില്‍ നിന്ന് പിറ്റേന്നു തന്നെ തിരിച്ചു വന്നു പിയാമ്മ. വന്നപ്പോ കണ്ടതോ , ചെടികളിലെല്ലാം പണ്ടത്തേക്കാള്‍ പൂവ്. ചെടികളെല്ലാം നീളവും വണ്ണവും വച്ച് കുട്ടപ്പന്മാരും കുട്ടപ്പത്തികളുമായതുപോലെ.

“ഇതെന്തൊരു ജാലവിദ്യ, ആരാണെന്റെ ചെടികള്‍ നനയ്ക്കുന്നത് എല്ലാ ദിവസവും, നിങ്ങള്‍ വേറെയാരെയാ ചെടിക്കു നനയ്ക്കാന്‍ ഏര്‍പ്പാടാക്കിയത്,” എന്നു പിയാമ്മ അത്ഭുതപ്പെടുമ്പോള്‍, സൂര്യകാന്തിപ്പൂക്കൂട്ടത്തിനിടയില്‍ നിന്ന് മറ്റൊരു സൂര്യകാന്തി പോലെ മഞ്ഞ ഉടുപ്പിട്ട ദീപ്ത ചെടി വകഞ്ഞുമാറ്റി എണീറ്റു നിന്നു ചിരിച്ചു.

‘സൂര്യകാന്തിക്ക് വളമായി ചാണകപ്പൊടി ഇടുകയായിരുന്നു’ എന്നു ദീപ്ത പറഞ്ഞു.

“ആഹാ നീയും എന്നെപ്പോലെ ചെടികളുടെ കൂട്ടുകാരിയായോ,” എന്ന് പിയാമ്മ അത്ഭുതപ്പെട്ടു.

ദീപ്തയാണ് ഇപ്പോള്‍ ചെടിനനക്കാരി എന്ന് അവളുടെ അച്ഛന്‍ പറഞ്ഞതു കേട്ട് പിയാമ്മ പിന്നെയും അത്ഭുതപ്പെട്ടു.

ചെടികളെ പൂക്കള്‍ കൊണ്ട് ചിരിപ്പിച്ച കുഞ്ഞുപെണ്‍കുട്ടിക്ക് എന്താണ് സമ്മാനം കൊടുക്കേണ്ടതെന്ന് പിയാമ്മ ആലോചിക്കാന്‍ തുടങ്ങിയതിനവസാനം ദീപ്തയ്ക്ക് സമ്മാനം കിട്ടിയതെന്താണെന്നറിയേണ്ടേ?

ഒരു സൈക്കിളും പിന്നെ അമ്മപ്പശുവിന്റെ കഥകളുള്ള നാലു ചിത്രപുസ്തകങ്ങളും.

പിയാമ്മ തിരിച്ചു വന്നുവെങ്കിലും ഇപ്പോഴും ചെടിയ്ക്കു നനയ്ക്കുന്നത് ദീപ്ത തന്നെയാണ്.

“കുട്ടികള്‍ നനച്ചാലാണ് ചെടികള്‍ക്ക് സന്തോഷമാവുക, അവരുടെ സന്തോഷമാണ് ഇലകളുടെ തിളക്കമായും പൂക്കളുടെ ചിരിയായും പ്രത്യക്ഷപ്പെടുക,” എന്ന പിയാമ്മ പറഞ്ഞു.

അങ്ങനെയങ്ങനെ ഇക്കഥ തീരുമ്പോള്‍, ഫ്‌ളവര്‍ വെയ്‌സില്‍ പല നിറങ്ങളിലുള്ള ചെമ്പരത്തിപ്പൂക്കള്‍ പറിച്ചു വയ്ക്കുകയാണ് ദീപ്ത.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible piyammayudem deepthayudem chedikkal

Next Story
എഡ്ഡി മാസ്‌ക്കുകൾ, ഒന്നിന് വില മുപ്പതുരൂപpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com