Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പേരയ്ക്കയും മുല്ലപ്പൂവും ഒരമ്മിണിയും

എന്താണ് പേരയ്ക്കയ്ക്കും മുല്ലപ്പൂവിനും നല്ല മണം ? എനിയ്‌ക്കെന്താ മണമില്ലാത്തത്?എന്നെല്ലാം ചോദിയ്ക്കുകയാണ് അമ്മിണി

priya as, childrens stories , iemalayalam

അമ്മിണി മുറ്റത്തൂകൂടി ചുറ്റി നടക്കുകയായിരുന്നു.

നോക്കുമ്പോഴുണ്ട് പനിനീര്‍ റോസാപ്പൂവ് രണ്ടെണ്ണം റോസ് നിറത്തില്‍ വിരിഞ്ഞുനില്‍ക്കുന്നു. പ്രാണി വല്ലതുമുണ്ടോ പൂവില്‍ എന്ന് സൂക്ഷിച്ചു നോക്കി അവള്‍. ഇല്ല എന്നു തീര്‍ച്ച വരുത്തിയ ശേഷം അവള്‍ പൂ മണത്തു നോക്കി, ”ഹായ്, എന്തൊരു വാസന.”

അപ്പോഴാണ്, പനിനീര്‍ റോസിന്റെ അടുത്തുതന്നെ നില്‍പ്പായിരുന്ന മുല്ലവള്ളി കാറ്റിലാടിയതും അതില്‍ നിന്ന് അഞ്ചാറ് പൂക്കളടര്‍ന്നു വീണതും. മുല്ലപ്പൂക്കളെടുത്തു മണത്തു നോക്കിയപ്പോള്‍ പനിനീര്‍പ്പൂവിനേക്കാളും നല്ല മണം.

അമ്മയ്ക്ക് കൊടുക്കാം തലമുടിയില്‍ വയ്ക്കാന്‍ എന്നു വിചാരിച്ച് മുല്ലപ്പൂക്കളെടുത്തു പോക്കറ്റിലിടുമ്പോഴാണ് അമ്മിണിയ്ക്ക് ഒരാലോചന വന്നത്. എന്താണ് അമ്മിണിക്കുട്ടിയ്ക്ക് മണമില്ലാത്തത്? പൗഡറിടുമ്പോഴും പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുമ്പോഴുമല്ലേ അമ്മിണിക്കുട്ടിക്ക് നല്ലമണം വരാറുള്ളൂ?

അങ്ങനെയാലോചിച്ച് അകത്തേക്കവള്‍ നടക്കുന്നതിനിടെ ഒരു പേരയ്ക്ക കൊഴിഞ്ഞു വീണു, പേരമരത്തില്‍ നിന്ന്. ഹായ്, പേരയ്ക്കയ്ക്കും പേരയിലയ്ക്കുമൊക്കെയുണ്ട് നല്ല മണം. പേരയുടെ അടുത്തുനില്‍ക്കുന്ന ഇഞ്ചിയുടെയും തുളസിയുടെയും ഇല അടര്‍ത്തി ഞെരടി നോക്കിയപ്പോ അതിനുമുണ്ട് മണം.

പനിനീര്‍ റോസപ്പൂവിനും മുല്ലപ്പൂവിനും പേരയ്ക്കും ഇഞ്ചിയ്ക്കും തുളസിയ്ക്കും ഒക്കെ സ്വന്തമായി മണമുണ്ടല്ലോ അമ്മിണിക്കുട്ടിക്ക് മാത്രമെന്താ സ്വന്തമായി ഒരു മണമില്ലാത്തത് എന്ന് അവള്‍ക്ക് സങ്കടം വന്നു.

സങ്കടം വന്നപ്പോ അവളുടെ മുഖമാകെ മങ്ങി.

priya as, childrens stories , iemalayalam


”എന്താ അമ്മേടെ കുട്ടി ഒരു സന്തോഷവുമില്ലാതെ നടക്കുന്നത്,” എന്നു ചോദിച്ചു അതുവഴിയേ വന്ന അമ്മ.

അവളമ്മയോട് കാര്യമൊക്ക വിസ്തരിച്ചു.

അമ്മ അവളെ എടുത്തു മടിയിലിരുത്തി വീടിന്റെ മുന്‍ വശത്തെ ഇറയത്ത് കാലുനീട്ടിയിരുന്നു.
എന്നിട്ട് ചോദിച്ചു, ” അവര്‍ക്കൊക്കെ മുറ്റത്ത് കൂടെ ചുറ്റി നടക്കാന്‍ പറ്റുമോ?”

അമ്മിണി പറഞ്ഞു,”ഇല്ല”

അമ്മ ചോദിച്ചു, ”അവര്‍ക്ക് ബോറടിക്കുന്നുണ്ടാവില്ലേ ഒരിടത്തു തന്നെ നിന്നു നിന്ന്?”

അതുശരിയാണല്ലോ എന്നു വിചാരിച്ച് അമ്മിണി തലയാട്ടി.

അമ്മചോദിച്ചു, ”അവര്‍ക്കൊക്കെ അവരുടെ അമ്മയുടെ മടിയിലിങ്ങനെ കൊഞ്ചിക്കൂടി ഇരിക്കാന്‍ പറ്റുമോ?”

”അവരെങ്ങനെയാ ഇരിക്കുക, അതിന് ചെടികള്‍ക്കെവിടുന്നാ മടി,” എന്നവള്‍ക്ക് ചിരി വന്നു.

”അവര്‍ ജീവിതത്തിലിതുവരെയും ഐസ്‌ക്രീം കഴിച്ചിട്ടുണ്ടാവില്ല, ശര്‍ക്കര വരട്ടി കൊറിച്ചിട്ടുണ്ടാവുകയുമില്ല അല്ലേ, അമ്മീണീ,” എന്നു ചോദിച്ചു അമ്മ.

അതും ശരിയാണല്ലോ എന്നോര്‍ത്ത് അവള്‍ തലയാട്ടി.

അതൊക്കെ കേട്ടുനിന്നപ്പോ അമ്മിണിയുടെ സങ്കടം പോയിപ്പോയി സന്തോഷം വന്നു. അവള്‍ ഒന്നു കൂടി നോക്കി പനിനീര്‍റോസാപ്പൂവിനെയും മുല്ലപ്പൂവിനെയും ഇഞ്ചിയെയും തുളസിയെയും പേരയെയും.

കഷ്ടം അവര്‍ക്ക് സ്വന്തമായി നല്ല മണമൊക്കെയുണ്ട് കാര്യം ശരിയാണ്, പക്ഷേ അവര്‍ക്ക് ഓടിക്കളിക്കാന്‍ പറ്റില്ല മുറ്റത്തുകൂടെ, അമ്മയുടെ മടിയില്‍ കയറി വിസ്തരിച്ച് ഇരിയ്ക്കാന്‍ പറ്റില്ല, ചിപ്സും തണ്ണിമത്തന്‍ ജ്യൂസുമൊന്നും കഴിക്കാന്‍ പറ്റില്ല.

അപ്പോപ്പിന്നെ അമ്മിണി എന്തിന് സങ്കടപ്പെടണം? അമ്മിണിയ്ക്ക് സ്വന്തമായി മണമില്ല എങ്കിലെന്ത്? മണമുള്ള ചെടികള്‍ക്കും പൂവുകള്‍ക്കും ചെയ്യാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമല്ലോ സ്വന്തമായി?

”എല്ലാം തികഞ്ഞിട്ടാരുമില്ല ഭൂമിയില്‍ എന്നമ്മൂമ്മ പറയുന്നത് കേട്ടിട്ടില്ലേ അമ്മീണീ,” എന്നു ചോദിച്ചു അമ്മ.

അപ്പോ, അമ്മയുടെ മടിയില്‍ നിന്നെഴുന്നേറ്റ് അമ്മൂമ്മയെ തിരക്കി അകത്തേയ്ക്ക് പോയി അമ്മിണി .
അമ്മിണി പറഞ്ഞ കാര്യമൊക്കെ കേട്ടപ്പോള്‍ അമ്മൂമ്മ പറഞ്ഞു , ”ഓരോ ചെടിയ്ക്കും ഓരോ ജീവിയ്ക്കും ഓരോ മനുഷ്യനും ഓരോ പ്രത്യേകത , അങ്ങനെയാണ് ലോകം.”

priya as, childrens stories , iemalayalam


അമ്മിണി വിചാരിച്ചു, ശരിയാണല്ലോ, ജിറാഫിനെന്തൊരു പൊക്കമാണ്. തുമ്പിയ്‌ക്കെന്തൊരു പൊക്കക്കുറവാണ്. സൂര്യകാന്തിപ്പൂ എന്തു വലുതാണ്, മുക്കുറ്റിപ്പൂ എന്തു ചെറുതാണ്.

ഓരോന്നിനും ഓരോ ഭംഗി, ഓരോ ജീവിതം എന്നു പറഞ്ഞ് അമ്മൂമ്മ, അമ്മിണിയെ എടുത്തപ്പോള്‍ അമ്മിണി എല്ലാം മനസ്സിലായതു പോലെ അമ്മൂമ്മയെ ഉമ്മ വച്ചു.

”എനിയ്ക്ക് നല്ല സ്പീഡില് ഓടാന്‍ പറ്റും, അപ്പുറത്തെ ചിന്തുവിന് നല്ല ഭംഗിയായി വരയ്ക്കാന്‍ പറ്റും, നമ്മുടെ ചേച്ചിക്കുട്ടിയ്ക്ക് നല്ലോണം മരം കേറാന്‍ പറ്റും അതു പോലെ, അല്ലേ അമ്മൂമ്മേ,” എന്നു ചോദിച്ചു അമ്മിണി.

”അതെ, ഓരോരുത്തര്‍ക്കും ഓരോ കഴിവ്,” എന്നു പറഞ്ഞു അതെല്ലാം കേട്ടുകൊണ്ട് നിന്ന അമ്മ.

അമ്മയെ കണ്ടതും ,”ഞാന്‍ നല്ല കുട്ടിയല്ലേ അമ്മേ,” എന്ന് ചോദിച്ച് അവള്‍, അമ്മൂമ്മയുടെ ഒക്കത്തുനിന്ന് അമ്മയുടെ ഒക്കത്തേയ്ക്ക് ഒറ്റച്ചാട്ടം.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible perakkayum mullappoovum oramminiyum

Next Story
കഥ കേൾക്കാൻ പോയ രാത്രിപ്പൂമ്പാറ്റpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com