ചോപ്പുടുപ്പുകാരി പാവയെയാണ് വൈഗ കുറച്ചുദിവസമായി കളിക്കാനെടുക്കുന്നത്.
അവള്‍ക്ക് തോന്നി, ‘എനിക്ക് ഭയങ്കര ചൂടെടുക്കുന്നേ,’ എന്ന് പാവക്കുട്ടി പരാതി പറയുന്നുവെന്ന്.
അവളതിനെ ഫാനിന്റെ ചോട്ടില് തന്നെ കിടത്തി, എന്നിട്ട് ഫാനിന്റെ സ്പീഡ് കൂട്ടിവച്ചു.
എന്നിട്ടും ചോപ്പുടുപ്പുകാരി റെബേക്ക പരാതി തന്നെ പരാതി. ‘എനിക്ക് ചൂടെടുക്കുന്നേ, ചൂടെടുക്കുന്നേ,’ എന്ന്.
ഇനി എന്തു ചെയ്യും?
വൈഗ എസി ഓണ്‍ ചെയ്തു.
എസി ഓണ്‍ ചെയ്യുമ്പോള്‍, റെബേക്കാ ചോപ്പുടുപ്പുകാരി തണുത്തു വിറയ്ക്കും, എന്നെ ഒന്ന് പുതപ്പിക്കൂ പ്ളീസ് എന്നവള്‍ ബഹളമാവും എന്നാണ് വൈഗ കരുതിയത്.
എന്തു ചെയ്യാന്‍, എസി ഇട്ടിട്ടും റെബേക്കക്ക് ചൂടു തന്നെ, ചൂട്. ‘ഈ ചൂടൊന്നു മാറ്റിത്തരുവോ വൈഗാ, എന്നവള്‍ ദേഷ്യപ്പെടലായി അവസാനം.
“എന്റെയീ റെബേക്കാക്കുട്ടിയ്ക്ക് ചൂടെടുത്തിട്ടു വയ്യ, അവള്‍ക്കൊരു നാരങ്ങാവെള്ളം നല്ല പോലെ ഐസിട്ടത് റെഡിയാക്കിത്തരുവോ എന്നു ചോദിക്കാം അമ്മയോട് എന്നു വിചാരിച്ചു അവള്.
അമ്മ, അതു കേട്ട് ചിരിച്ചു. എന്നിട്ട് പറഞ്ഞു “വൈഗക്കുട്ടിയുടെ പാവക്കുട്ടിയെക്കൊണ്ട് ഞാന്‍ തോറ്റു.”
“ശ്… ഒന്നു പതുക്കെപ്പറ, റെബേക്ക കേള്‍ക്കണ്ട. അവള് അമ്മയോട് പിണങ്ങാന്‍ ഈ ഒറ്റക്കാര്യം മതി കേട്ടോ,” എന്ന് ചുണ്ടത്ത് വിരല്‍ വെച്ച് വിലക്കി വൈഗ.

അതിനിടെ വൈഗ ഫ്രിഡ്ജ് തുറന്ന് ചെറുനാരങ്ങാ ഒരെണ്ണമെടുത്ത് സ്ക്വീസറില് വച്ച് പിഴിഞ്ഞു നീരെടുത്തു . തിളപ്പിച്ചു ചൂടാറ്റിയ വെള്ളം ഒരു ഗ്ളാസു കൊണ്ടളന്ന് അതിലേക്ക് ഒഴിച്ചു കൊടുത്തു അമ്മ.
നാലു ഗ്ളാസ് വെള്ളം അമ്മ ഒഴിക്കുന്നതു കണ്ട് വൈഗ പറഞ്ഞു, “ഇത്രേം ലൈം ജ്യൂസു കുടിച്ചാല്‍ എന്റെ പാവക്കുട്ടിയുടെ കുഞ്ഞിവയറു പൊട്ടൂലേ അമ്മേ?”
അപ്പോ അമ്മ പറഞ്ഞു “പാവക്കുട്ടിക്ക് മാത്രം മതിയോ ലൈം ജ്യൂസ്, നമക്കും ചൂടെടുക്കണില്ലേ? നമക്കും വേണ്ടേ?”
“ഓ, അതുശരിയാണല്ലോ എന്നോര്‍ത്തു വൈഗ.
“അമ്മയേക്കാള്‍ സ്പീഡ് എനിക്കാ… ഞാന്‍ ചെയ്യാം ബാക്കി,” എന്ന് പറഞ്ഞു അവള് വെള്ളവും നാരങ്ങാനീരും നല്ലോണമിളക്കിച്ചേര്ത്തു.
അപ്പോ അമ്മ ഒരു ഗ്ളാസ് വെള്ളമതില്‍ നിന്നെടുത്തു മാറ്റിവച്ച് അതില്‍ പാകത്തിന് ഉപ്പിട്ടു. വൈഗയ്ക്കറിയാം, അത് അച്ഛനുള്ളതാണ്. അച്ഛന് ഉപ്പുമാത്രമിട്ട നാരങ്ങാവെള്ളമാണിഷ്ടം.
ബാക്കിയുള്ളതില്‍ അമ്മ ഒരു നുള്ളുപ്പും പിന്നെ അഞ്ചാറു സ്പൂണ്‍ പഞ്ചസാരയുമിട്ടു.അങ്ങനെ ഉപ്പും പഞ്ചാരയും ചേര്‍ത്ത നാരങ്ങാവെള്ളമാണ് അമ്മയും അവളും കുടിക്കുക.
അതുതന്നെയാണ് റെബേക്കാപ്പാവക്കുട്ടിക്കുമിഷ്ടം എന്ന് വൈഗക്കറിയാം. പാവക്കുട്ടികളുടെ ഉടമകള്ക്കാണല്ലോ പാവക്കുട്ടികള്‍ക്ക് എന്തുവേണമെന്നറിയുക.
അങ്ങനെ നാരങ്ങാവെള്ളമൊക്കെ റെഡിയാക്കി ഭംഗിയുള്ള മൂന്നു കുപ്പിഗ്ളാസിലെടുത്തു വച്ചു അവള്. ചെറിയ സ്റ്റീല്‍ ഗ്ളാസിലാണ് പാവക്കുട്ടിക്കെടുത്തത്. കുപ്പിഗ്ളാസു പിടിക്കാനുള്ള ആരോഗ്യമൊന്നുമില്ലല്ലോ പാവക്കുട്ടികളുടെ കൈകള്‍ക്ക്.
അമ്മയും വൈഗയും കുടിച്ചു കഴിഞ്ഞ് അച്ഛനുള്ളതെടുത്ത് അമ്മ ഫ്രഡ്ജില്‍ വച്ചു. അച്ഛന് മുറ്റത്ത് ചേന നടുകയാണല്ലോ. അതു കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോ , അച്ഛന് തണുത്ത നാരങ്ങാവെള്ളം കുടിക്കുമ്പോഴാണ് ഒരാശ്വാസമാവുക.
പാവക്കുട്ടിയുടെ മുന്നില്‍ വച്ചു കൊടുത്ത ഗ്ളാസിലെ നാരങ്ങാവെള്ളം അവള് കുടിക്കാതെ വച്ചിരിക്കുന്നതെന്താണെന്ന് ചോദിച്ചു അമ്മ.
“അവള്‍ക്കും നാരങ്ങാവെള്ളം തണുക്കണം, ഫ്രിഡ്ജില്‍ വച്ചിട്ട് തരാമോ എന്നെന്നെ അമ്മ കാണാതെ തോണ്ടിവിളിച്ച് ചോദിക്കുകയാണ് അവള്.”
“എനിക്കറിയാമായിരുന്നു അവളത് ചോദിക്കുമെന്ന്,” ചിരിച്ചു അമ്മ.

“പാവക്കുട്ടികള്‍ക്ക് മനുഷ്യക്കുട്ടികളെപ്പോലയല്ല, ഫ്രിഡ്ജില്‍ വച്ച് എത്ര തണുപ്പിച്ച വെള്ളം കുടിച്ചാലും തൊണ്ടവേദന വരില്ല എന്നമ്മക്കറിയാലലോ, അല്ലേ” എന്നു ചോദിച്ചു വൈഗ.
അമ്മ തലയാട്ടി. പിന്നെ അമ്മ എന്തിനോ മുറ്റത്തേക്ക് പോയി. കറിവേപ്പില എടുക്കാനാവും.
തിരിച്ചു വന്നതച്ഛനും അമ്മയും കൂടിയാണ് . അമ്മയ്ക്കച്ഛന് നാരങ്ങാവെള്ളമെടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോ കണ്ടതോ? ദേ ഇരിക്കണു റെബേക്കാപ്പാവയും കൂടി ഫ്രിഡ്ജില്‍.
അമ്മ “വൈഗാ…” എന്നു വളിച്ചതും, എങ്ങാണ്ടു നിന്നോ ഓടി വന്നു അപ്പോഴവിടേക്ക് അവള്.
“നാരങ്ങാവെള്ളം കുടിക്കണതിനേക്കാള് തണുപ്പ് ഫ്രിഡ്ജിലിരിക്കുമ്പോഴാണ്, അതു കൊണ്ടെനിക്കു നാരങ്ങാ വെള്ളം വേണ്ടാ, ഫ്രിഡ്ജിലിരുന്നാ മതി എന്നവള്‍ കരച്ചിലും പിഴിച്ചിലുമായി അമ്മ മുറ്റത്തേക്കു പോയപ്പോ. ഞാന്‍ പറഞ്ഞു നോക്കി അമ്മ വഴക്കു പറയും എന്ന് . കേക്കണ്ടേ? എന്നിട്ട് നടനടോ എന്നു നടന്ന് തന്നത്താന്‍ ചാടിക്കയറി ഒരിരുത്തം. അതാ സംഭവിച്ചത്. സ്ഥലമില്ല ഫ്രിഡ്ജില്‍ എന്നു പറഞ്ഞപ്പോ അവള് പറയുകയാ, ഞാന്‍ ആ താഴത്ത് ,പാവയ്ക്കായും പടവലങ്ങയും വച്ചിരിക്കുന്ന പച്ചക്കറിപ്പെട്ടിയില് ഇരുന്നോളാം എന്ന്.”
അതും പറഞ്ഞ് തണുതണുത്ത പാവക്കുട്ടിയെയുമെടുത്ത്, “ഇപ്പോ റ്റിവിയില്‍ കാണണ കാശ്മീരിലെപ്പോലെ തണുപ്പായി, ഇത്ര മതി തണുപ്പ്, ഇപ്പോ എന്റെ ചൂടൊക്കെപ്പോയി എന്നു പറയണു അവള്,” എന്നു പറഞ്ഞ് വൈഗ ഒറ്റ ഓട്ടം.
“എന്തൊരു കുട്ടി,” എന്നു പറഞ്ഞു, അമ്മ അച്ഛനോട്. അച്ഛന് ചിരിച്ചു.
“കുട്ടിയായിരിക്കുമ്പോഴല്ലേ ഇങ്ങനെ പാവകള്‍ മിണ്ടണതു കേള്‍ക്കാനും പാവകളെ കൊഞ്ചിക്കാനും ഒക്കെ നേരമുണ്ടാകൂ. അവളങ്ങനെയൊക്കെ രസിക്കട്ടെ,” എന്നു പറഞ്ഞു അച്ഛന്.
“അതു ശരിയാണ്,” എന്നു പറഞ്ഞു അമ്മ.പിന്നെ ഫ്രിഡ്ജില്‍ പാവക്കുട്ടിക്കൊപ്പമിരുന്ന പാവക്ക എടുത്ത് അരിയാന്‍ തുടങ്ങി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം