Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

പാവകളുടെ കോവിഡ്ക്കാലം

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി. കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും. അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് […]

ഒഴിവുകാലം ഇത്തവണ നേരത്തേ തുടങ്ങി.

കാരണം , എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ.  കൊറോണ എന്ന വൈറസ് ലോകം മുഴുവന്‍ രോഗകാരണമായി അങ്ങനെ വിലസുകയാണ്. ആ രോഗം പടരുന്നത് തടയാനുള്ള കരുതലാണ്, നേരത്തേ തുടങ്ങിയ ഒഴിവുകാലവും നമുക്കു ചുറ്റും കാണുന്ന ഈ ലോക് ഡൗണ്‍കാലവും. ആരും സ്‌ക്കൂളില്‍ പോകുന്നില്ല ഓഫീസില്‍ പോകുന്നില്ല. വീടിനു പുറത്തേയ്ക്കിറങ്ങുന്നതു പോലുമില്ല. വെക്കേഷന്‍ ക്‌ളാസുകള്‍ ഒന്നുമില്ല. വീട്ടിനകത്തിരിപ്പാണ് എല്ലാവരും.

അപ്പോള്‍ കൊച്ചു കൂട്ടുകാര്‍ എന്തു ചെയ്യും? എത്ര നേരമെന്നു വച്ചാണ് വീടിനുള്ളിലിരുന്ന് ഓരോന്ന് കളിച്ച് സമയം കളയുക! അനിയനോ അനിയത്തിയോ ചേച്ചിയോ ചേട്ടനോ അമ്മയോ അച്ഛനോ ഒക്കെ കളിയില്‍ ചേര്‍ന്നാലും പിന്നെയും ബാക്കി കിടക്കുകയല്ലേ സമയം!

ഇടയ്ക്ക് നമുക്ക് കഥ കേട്ടാലോ?

കഥ കേള്‍ക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ അപൂര്‍വ്വം. ഉണ്ണാന്‍ കഥ, ഉണരാന്‍ കഥ, ഉറങ്ങാന്‍ കഥ- അങ്ങനെ സര്‍വ്വത്ര കഥമയമാണ് കുട്ടികളുടെ ലോകം. വായിച്ചതും കേട്ടതുമായ കഥകള്‍ തീര്‍ന്നാല്‍പ്പിന്നെ ഉണ്ടാക്കിക്കഥകള്‍. പക്ഷേ ഇതിനു മാത്രം ഉണ്ടാക്കിക്കഥകളും കഥയുണ്ടാക്കാനുള്ള സമയവും എവിടെയിരിക്കുന്നു ഓരോ അമ്മയുടെയും അച്ഛന്റെയും കൈയില്‍? എന്നു ചോദിച്ചാല്‍ പറ്റില്ലല്ലോ. കഥയ്ക്കു പകരം മറ്റൊന്നില്ലല്ലോ. പ്രിയ എ എസ് നിങ്ങള്‍ക്കെല്ലാം വേണ്ടി കഥ പറഞ്ഞു തന്നാലോ?

എന്താണ് കഥ കേള്‍ക്കലിന്റെ ഗുണം? നമ്മുടെ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്ന ശീലം, കഥകേള്‍ക്കലിനൊപ്പം നമുക്കുണ്ടായിത്തുടങ്ങും. മറ്റുള്ളവരുടെ ലോകങ്ങളെ ബഹുമാനിയ്ക്കാന്‍ നമ്മള്‍ പഠിയ്ക്കും. നമ്മള്‍ കഥയുള്ള നല്ല മനുഷ്യരായിത്തീരും. നല്ല മനുഷ്യരായിത്തീരാന്‍ വേണ്ടിയല്ലേ നമ്മള്‍ വളരുന്നത് തന്നെ!

കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

കഥ മണിയോരോന്നും പുറത്തെടുത്ത് തിരിച്ചിട്ടും മറിച്ചിട്ടും നോക്കാം. വേനല്‍ വഴിയോരത്ത് ഒരു പ്രിയച്ചെപ്പ്. അത് തുറന്നാല്‍ കഥച്ചെപ്പ്. അതിലെല്ലാം കുഞ്ഞിക്കഥ നിരത്തി പ്രിയ എ.എസ്. ഇനി വേനല്‍ച്ചൂടില്ല, കോവിഡ് മടുപ്പില്ല -കഥക്കുളിര്, കഥക്കാത്സ്യം…

പാവകളുടെ കോവിഡ്ക്കാലം

അദിതിയ്ക്ക് പെട്ടെന്ന്, പതിവിലും നേരത്തേ സ്‌ക്കുളടച്ചത് കൊറോണ എന്നൊരു വൈറസ് കാരണമാണ്.

‘നിങ്ങള്‍ കുട്ടികള്‍ എപ്പോഴും കളിക്കുട്ടികളല്ലേ, കോറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും ശ്രദ്ധിക്കാതെ നിങ്ങള്‍ കളിച്ചുതിമര്‍ക്കും, അങ്ങനെ സ്വയമറിയാതെങ്ങാനും നിങ്ങള്‍ കൊറോണ വരുത്തി വച്ചാലോ, നിങ്ങളൊക്കെ ആശുപത്രിയാലായി ആകെ കുഴപ്പമാവില്ലേ കാര്യങ്ങള്… അതു കൊണ്ടാണ് സ്‌ക്കൂള്‍ പെട്ടെന്ന് അടക്കുന്നത് ‘എന്ന് പ്രിന്‍സിപ്പല്‍, ക്‌ളാസിലേക്കുള്ള മൈക്കിലൂടെ പറഞ്ഞു.

അപ്പോള്‍ ലില്ലി റ്റീച്ചര്‍ കണക്കു പഠിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു ക്‌ളാസില്‍.
‘ഓ, അപ്പോ ഇനി നമ്മളെന്നാ കാണുക ലില്ലിറ്റീച്ചര്‍?’ എന്നു സങ്കടപ്പെട്ടു കുട്ടികളെല്ലാം. അവര്‍ക്കത്ര ഇഷ്ടമായിരുന്നു കണക്കു പഠിപ്പിക്കുന്ന ആ റ്റീ്ച്ചറിനെ.

‘വിഷമിക്കേണ്ടന്നേ, നമുക്ക് എന്നും കാണാം, ഇനി നമുക്ക് രാവിലെ ഓണ്‍ലൈന്‍ ക്ലാസാവാം’ എന്ന് റ്റീച്ചര്‍ പറഞ്ഞു. ‘ആദ്യം കുറച്ച് കണക്കു പഠിക്കാം, ഇടയ്ക്ക് നമ്മള്‍ക്ക് കഥ പറയുകയുമാവാം’ എന്നും റ്റീച്ചര്‍ പറഞ്ഞു.

കഥ എന്നു കേട്ടപ്പോള്‍ത്തന്നെ അവര്‍ കൈയടിച്ചു. അവര്‍ക്കെല്ലാം ഒരു പാടിഷ്ടമായിരുന്നു കഥ കേള്‍ക്കാന്‍.

‘ഇനി നമ്മള്‍ അധികമൊന്നും പുറത്തിറങ്ങിക്കൂടാ, പുറത്തിറങ്ങിയാല്‍ത്തന്നെ മറ്റുള്ളവരുടെ ശ്വാസത്തില്‍ നിന്ന് കോറോണ പകരാതിരിക്കാനായി മാസ്‌ക് ഒക്കെ വയ്ക്കണം തിരികെ വീട്ടിലേയ്ക്കു കയറിയാലുടന്‍ തന്നെ രണ്ടു കൈയും, സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പും വെള്ളവുമോ ഉപയോഗിച്ച് കഴുകി കൈകളില്‍ വൈറസില്ലെന്നുറപ്പു വരുത്തണം’ എന്നെല്ലാം റ്റീച്ചര്‍ പിന്നെ കൊറോണയെക്കുറിച്ചവരോട് ഓരോന്ന് പറഞ്ഞു.

പിന്നെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ‘എല്ലാവരും വീട്ടിനുള്ളില്‍ത്തന്നെ അടച്ചുപൂട്ടിയിരിക്കണം, വളരെ അത്യാവശ്യകാര്യത്തിനു മാത്രമേ ആരായാലും പുറത്തിറങ്ങിക്കൂടൂ, അതാണ് ലോക് ഡൗണ്‍,’ ഇതു റ്റീച്ചര്‍ ഓണ്‍ലൈന്‍ ക്‌ളാസിനിടെ അവര്‍ക്ക് പറഞ്ഞു കൊടുത്താണ്.

പാവകളുടെ ഒരു പാവമഹാസമ്മേളനം വിളിച്ചു കൂട്ടി കൊറോണയ്‌ക്കെതിരെ അവരെ ഉപദേശിക്കാമെന്നു അദിതിയ്‌ക്കൊരൈഡിയ വന്നു, റ്റീച്ചര്‍ കൊടുത്ത ഹോം വര്‍ക് ചെയ്യുന്നതിനിടെ.

പിന്നെയാണവളോര്‍ത്തത് കൊറോണക്കാലത്ത് മീറ്റിങ്ങുകള്‍, കൂട്ടം കൂടലുകള്‍ ഒന്നും പാടില്ലല്ലോ. അങ്ങനെ എന്നും ഓര്‍മിപ്പിക്കാറുണ്ടല്ലോ വൈകുന്നേരത്തെ പത്രസമ്മേളനത്തിനിടയില്‍ മുഖ്യമന്ത്രി.

എന്നാപ്പിന്നെ അവരെയൊക്കെ ഫോണ്‍ ചെയ്യാമെന്നായി അദിതിയുടെ തീരുമാനം. പാവകളൊക്കെ ഇരിക്കുന്നത് റ്റോയ്‌സ് വയ്ക്കുന്ന അലമാരിയിലെ ഓരോരോ തട്ടുകളിലാണ് .

ഓരോ തട്ടും ഓരോ വീടാണെന്നു സങ്കല്പിച്ചു അദിതി. എന്നിട്ട് അദിതി, അരുന്ധതിപ്പാവയെയും ജോ പാവക്കുട്ടനെയും മാഗിപ്പാവയെയും ഫാത്തിമപ്പാവയെയും വര്‍ഗ്ഗീസ് പാവക്കുട്ടനെയും മണിക്കുട്ടിപ്പാവയെയും ഫിലിപ്പ് പാവയെയുമെല്ലാം ഫോണ്‍ ചെയ്തു.

അപ്പോഴുണ്ട് അവര്‍ പറയുകയാ, അദിതി സക്കൂളില്‍ പോകുന്ന നേരത്ത് അവര്‍ പോകുന്ന പാവസ്‌ക്കൂളുണ്ടല്ലോ അതും കൊറോണ കാരണം അടച്ചെന്ന്.

ജോ എന്ന പാവക്കുട്ടന്‍ പറഞ്ഞു  ‘ഞങ്ങടെ പാവക്‌ളാസ് റ്റീച്ചറും ഞങ്ങക്ക് കൊറോണായെക്കുറിച്ച് ഓരോ കാര്യങ്ങളൊക്കെ ഇപ്പോ ഓണ്‍ലൈന്‍ക്‌ളാസിലൂടെ പറഞ്ഞു തരുന്നുണ്ട്’.

അവര്‍ ഓണ്‍ലൈന്‍ ക്‌ളാസിലൂടെ ഇപ്പൊ പാവഭാഷയാണ് പഠിക്കുന്നതെന്നും പാവകള്‍, അദിതിയോട് പറഞ്ഞു.

‘കൊറോണയ്ക്ക് കോവിഡ് 19 എന്നുമൊരു പേരുണ്ട് എനിക്കതറിയാം. അദിതിക്കുട്ടീ’ എന്നു പറഞ്ഞു ഗമയില്‍ മാഗിപ്പാവ.

‘ഞാന്‍ പറഞ്ഞുതരാം ശരിക്കുള്ള കാര്യങ്ങള്, കൊറോണ എന്നത് ആ വൈറസിന്റെ വീട്ടിലെപ്പേരാണ്. കോവിഡ് 19 ആണ് സ്‌ക്കൂളിലെ പേര്, കൊറോണ വൈറസ് ഡിസീസ് 2019 (കൊറോണ വൈറസ് ഡിസീസ് 2019) എന്നതിന്റെ ചുരുക്കമാണ് കോവിഡ് 19,’ എന്നു പറഞ്ഞു അരുന്ധതിപ്പാവ.

‘അതേ എനിക്കൊരു കാര്യം കൂടി അറിയാം ‘ എന്നു പറഞ്ഞു ഫാത്തിമപ്പാവ. ‘ചൈനയിലാണ് ഇതാദ്യം വന്നത്. പിന്നെ ചൈനയിലുള്ളവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക്, വൈറസ് ബാധ അവര്‍ക്ക് വന്നതറിയാതെ സഞ്ചരിച്ചപ്പോള്‍ ലോകം മുഴുവനും അസുഖം പടര്‍ന്നു. അങ്ങനെ ആ വൈറസ് കാരണം നാടൊട്ടുക്കുള്ള ആളുകള്‍ക്കെല്ലാം വേഗം വേഗം പനിയും ചുമയും കൂടെ ശ്വാസം മുട്ടലുമൊക്കെയുള്ള ഒരസുഖം വരുന്നു, ആ അസുഖത്തിനുള്ള മരുന്ന് ആരും ഇതുവരെ കണ്ടടുപിടിച്ചിട്ടില്ല. അങ്ങനെ രോഗം കൂടിക്കൂടി പലരുടെയും നില വഷളാവുന്നു. അത് പാവക്കുട്ടികള്‍ക്കും പകരാമല്ലോ, അത് തടയാനിട്ടാണ് ഞങ്ങളുടെ പാവസ്‌ക്കൂളടച്ചത്.’

‘നിങ്ങളുടെ പാവസ്‌ക്കൂള്‍ റ്റീച്ചര്‍ മിടുക്കിയാണല്ലോ’ എന്നു പറഞ്ഞു അദിതി.

‘ഞങ്ങളും കേള്‍ക്കാറുണ്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നു കൂടി മണിക്കുട്ടിപ്പാവ പറഞ്ഞപ്പോള്‍, അവള്‍ അത്ഭുതപ്പെട്ടുപോയി.

അപ്പോ ഫിലിപ്പ് പാവ തുമ്മുകയും ചുമയ്കുകയും ചെയ്തു. ‘അയ്യോ, എനിക്കെങ്ങാനും കോറോണാച്ചുമയാണോ?’ എന്നവന് പെട്ടെന്ന് പേടിയായി.

‘ഏയ് ഇത് ജലദോഷത്തുമ്മലായിരിക്കും, എന്നാലും നീ വൈകുന്നേരം ഡോക്റ്ററെ ഒന്നു കാണുന്നതു നല്ലതായിരിയ്ക്കും,’ എന്നു പറഞ്ഞു അദിതി.

പാവകള്‍, അദിതി പറഞ്ഞതെല്ലാം കുറച്ച് പേടിയോടെ, അനുസരണയോടെ നിന്നു കേട്ടു.
ഇനി കൂടുതെന്തെങ്കിലും കാര്യം അറിയണമെങ്കില്‍ വൈകുന്നേരമുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേള്‍ക്കാന്‍ മറക്കണ്ട എന്നും അദിതി, പാവകളുടെ ശ്രദ്ധയില്‍ പെടുത്തി.

പക്ഷേ പിന്നെയല്ലേ അദിതി ഒരു കാര്യം അറിയുന്നത്!

അദിതിയുടെ മാഗിപ്പാവ, ഒഴിവുകാലമാഘോഷിയ്ക്കാന്‍ വിദേശരാജ്യത്ത് പോയി വന്നതേ ഉള്ളു. ആരോടും അവള്‍ പറഞ്ഞില്ല അവള്‍ വേറെ രാജ്യത്ത് പോയി വന്നതാണെന്ന്. ആ രാജ്യത്തൊക്കെ തുരുതുരെ ആളുകള്‍ കൊറോണ വന്ന് ആശുപത്രിയിലായിക്കൊണ്ടിരിക്കുകയല്ലേ, അപ്പോള്‍ അവള്‍ ആദ്യമേ തന്നെ അവളങ്ങനെ പോയതും വന്നതുമൊക്കെയായ കാര്യങ്ങള്‍ പറയേണ്ടതായിരുന്നില്ലേ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് !

അവളങ്ങനെ പറഞ്ഞില്ലെന്നു മാത്രമല്ല, ഒരു പാവക്കല്യാണത്തിലും പാവഉത്സവത്തിലും പങ്കെടുത്തത്രേ! എത്ര പാവകള്‍ തടിച്ചു കൂടുന്ന സ്ഥലമാണതെല്ലാം, അവരിലാര്‍ക്കെങ്കിലും കൊറോണ വന്നു കാണുമോ ഇതിനകം?

Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

നമുക്കു കൊറോണ വരാതിരിക്കാനും നമ്മള്‍ കാരണം ബാക്കിയുള്ളവര്‍ക്ക് കൊറോണ വരാതിരിക്കാനും ശ്രദ്ധിക്കണ്ടേ നമ്മള്‍? ഇതൊക്കെ എന്നാണ് ഇനി നമ്മള്‍ മനസ്സിലാക്കുക എന്ന് അദിതിക്ക് സങ്കടം വന്നു.

അദിതിയുടെ ബാക്കി പാവകളും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് എന്നാണ് ആരോഗ്യവകുപ്പ് , അദിതിയെ അറിയിച്ചത്.

അവരൊക്കെ ശരിയായാലേ ഇനി അദിതിക്ക് പാവകളുമായി കളിയ്ക്കാന്‍ പറ്റൂ. അതുവരെ ദിവസവും അവരെ ഫോണ്‍ ചെയ്ത് കാര്യങ്ങളന്വേഷിച്ചു കൊണ്ടേയിരിക്കണം.

എന്നാണോ എല്ലാം ശരിയാവുക ? മാഗിപ്പാവ ചെയ്തത് ശരിയല്ലയെങ്കിലും അവള്‍ക്കും ഒന്നും വരാതിരുന്നാല്‍ മതിയായിരുന്നു, അല്ലേ? നിങ്ങളെല്ലാം മാഗിപ്പാവയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കല്ലേ…

 

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible pavakalude covidkalam

Next Story
 കോഴിക്കുഞ്ഞുങ്ങളുടെ മണ്ടത്തരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com