പാകമാകാത്ത ഉടുപ്പുകള്‍

ആരും അവരവരുടെ പാകമാകാത്ത ഉടുപ്പുകള്‍ കീറി നിലം തുടയ്ക്കാനൊന്നും എടുക്കരുത്. അതെല്ലാം ആവശ്യമായ ഏതെല്ലാമോ കുട്ടികള്‍ തീര്‍ച്ചയായും എവിടെയെല്ലാമോ ഉണ്ട്

priya as, childrens stories , iemalayalam

അമ്മ, നീലിന്റെ ഡ്രസുകള്‍ വയ്ക്കുന്ന അലമാര അടുക്കുകയായിരുന്നു .
നീലിടാത്ത ഷര്‍ട്ടുകളും റ്റീ ഷര്‍ട്ടുകളും ട്രൗസറുകളും ജീന്‍സുകളും ഒരുപാടുണ്ടെന്നു കണ്ട് അമ്മ അതെല്ലാം മാറ്റി വച്ചു.

നീല്‍ വലുതായപ്പോള്‍ നീലിനു പാകമാകാതെ വന്ന ഡ്രസുകളാണതെല്ലാം. അതിലൊന്നു പോലും കീറിയതോ നിറം മങ്ങിയതോ പഴയതു പോലെ തോന്നിയ്ക്കുന്നതോ ഇല്ലായിരുന്നു.

“കഷണങ്ങളായി കീറി വച്ചാല്‍ വല്ല കൈയ്ക്കല പിടിക്കാനോ നിലം തുടയ്ക്കാനോ ജനല്‍ വൃത്തിയാക്കാനോ എടുക്കാം,” എന്നു പറഞ്ഞു അമ്മൂമ്മ.

“എനിക്കിതൊന്നും കീറാന്‍ തോന്നണില്ല, എല്ലാം പുതുപുത്തന്‍ പോലിരിക്കും തേച്ചു മടക്കി വച്ചാല്‍,” എന്നു പറഞ്ഞു അമ്മ.

“പക്ഷേ നമ്മുടെ അടുത്തെങ്ങും ഈ ഉടുപ്പിടാന്‍ പാകത്തിലുള്ള കുട്ടികളില്ലല്ലോ, ഉണ്ടെങ്കില്‍ത്തന്നെ എന്തു കാര്യം? ഇക്കാലത്ത് അവരൊന്നുമിടില്ല ആരൈങ്കിലും ഉപയോഗിച്ച ഉടുപ്പുകളൊന്നും” എന്നു പറഞ്ഞു അച്ഛന്‍.

അപ്പോ അമ്മ ഓരോന്ന് ഓര്‍ക്കാന്‍ തുടങ്ങി.

“പണ്ട് എന്റെ ഉടുപ്പുകള്‍ എനിയ്ക്ക് പാകമാകാതെ വരുമ്പോള്‍, എന്താ ചെയ്തിരുന്നതെന്നറിയാമോ? പ്രായം കൊണ്ട് എന്നേക്കാള്‍ ചെറുതായ, പക്ഷേ ഏതാണ്ട് എന്റത്ര മാത്രം വണ്ണവും പൊക്കവുമുള്ള മൂന്നു പെണ്‍കുട്ടികളായിരുന്നു എന്റെ അയല്‍വക്കത്ത്. അവര്‍ സന്തോഷത്തോടെ വന്ന് വാങ്ങിപ്പോകുമായിരുന്നു എന്റെ പഴയ ഉടുപ്പുകള്‍. അവര്‍ക്കുവേണ്ടി അവരുടെ അച്ഛനുമമ്മയും തയ്പിയ്ക്കുന്ന ഉടുപ്പുകളേക്കാള്‍ പാകമായിരുന്നു അവര്‍ക്കെന്റെ ഉടുപ്പുകള്‍. അവര്‍ കല്യാണം കഴിച്ച് ഓരോ ഇടത്തേക്കു ചിതറിപ്പോകുന്നതു വരെ അവരെല്ലാം എന്റെ ഉടുപ്പുകളിട്ടു, പുതുപുത്തനാണതെല്ലാം എന്ന പോലെ സന്തോഷിച്ചു.”

“കാലം മാറിപ്പോയില്ലേ,” എന്നു ചോദിച്ചു അച്ഛന്‍.

priya as, childrens stories , iemalayalam


അപ്പോ അമ്മയ്ക്ക് ഒരു ഐഡിയ വന്നുു.

“നമ്മളിന്നാള് നീലിന്റെ പിറന്നാളിന് ഒരു ഓര്‍ഫനേജ് കാണാനും അവരുടെ ഒപ്പമിരുന്ന് നീലിന്റെ പിറന്നാള്‍ സദ്യയുണ്ണാനും പോയില്ലേ? നമ്മളവര്‍ക്കെല്ലാം പുതിയ ഉടുപ്പും വാങ്ങിക്കൊടുത്തു . അന്നവിടുത്തെ കന്യാസ്ത്രീയമ്മ പറഞ്ഞില്ലേ ‘ഈ മോന്റെ ഉടുപ്പുകള്‍ അവന് പാകമല്ലാതെ വരുമ്പോള്‍, അതൊന്നും അത്ര കേടൊന്നും പറ്റാത്തവയാണെങ്കില്‍ ഞങ്ങളുടെ ഈ കുട്ടികള്‍ക്കു കൊണ്ടുത്തരണേ. അവര്‍ക്കത് വളരെ സന്തോഷമാവും. അവര്‍ക്കെല്ലാം പുതിയ ഉടുപ്പൊന്നും വാങ്ങിക്കൊടുക്കാന്‍ ഞങ്ങളൊക്കൊണ്ട് എപ്പഴും പറ്റിയെന്നു വരില്ല. നിങ്ങളെപ്പോലുള്ളവര്‍ സഹായിക്കുന്നതു കൊണ്ടല്ലേ ഞങ്ങളുടെ കുട്ടികള്‍ വളരുന്നത്.’

നീല്‍ ആ കുട്ടികളെ ഓര്‍ത്തു. അച്ഛനും അമ്മയുമൊക്കെ എവിടെയോ കളഞ്ഞു പോയ കുട്ടികളാണ് ഓര്‍ഫനേജിലുള്ളത്. അന്നവര്‍ക്കെന്തു സന്തോഷമായിരുന്നു നീലിന്റെ പിറന്നാള്‍ സദ്യയുണ്ണുമ്പോള്‍.

“ഉള്ളവര്‍ക്കല്ല ഇല്ലാത്തവര്‍ക്കാണ് നമ്മള്‍ നമ്മുടെയൊക്കെ പിറന്നാളിന് സദ്യ കൊടുക്കേണ്ടത്,” എന്ന് അവരുടെ ചിരിമുഖങ്ങളിലേയ്ക്ക് നോക്കി അന്ന് അമ്മ നീലിനോട് പറഞ്ഞു.

നീലിനതൊക്കെ ഓര്‍മ്മയുണ്ട്. അവിടുത്തെ കുട്ടികളുടെ കൂടെ ഉള്ള ഫോട്ടോകള്‍ അച്ഛന്റെ മൊബൈലില്‍ എടുത്തുവച്ച് നോക്കാന്‍ തുടങ്ങി നീല്‍. അവന് അവരില്‍ പലരുടെയും പേരു പോലും ഓര്‍മ്മയുണ്ടായിരുന്നു. ഹരി, ജീവന്‍, ഡാനി, നോര്‍ബു, ദേവന്‍ അങ്ങനെ ഓരോരുത്തെയും ചൂണ്ടിക്കാണിച്ചു അവരുടെ പേരു പറഞ്ഞു കൊണ്ടിരുന്നു നീല്‍.

priya as, childrens stories , iemalayalam


അമ്മ പറഞ്ഞു,”നാളെത്തന്നെ നമുക്കവരെ കാണാന്‍ പോകാം.”

എന്നിട്ടമ്മ ആ ഉടുപ്പുകള്‍ എടുത്ത് തേച്ചു ഭംഗിയാക്കാന്‍ തുടങ്ങി. അച്ഛന്‍ അമ്മയെ സഹായിക്കാന്‍ റെഡിയായി.

നീല്‍ പറഞ്ഞു, “എനിയ്ക്ക് വിഷുക്കൈ നീട്ടം കിട്ടിയ പൈസ കൊണ്ട് അവര്‍ക്ക് കുറച്ചു പുതിയ ഉടുപ്പും കൂടി വാങ്ങാം അമ്മേ.”

“നല്ല കാര്യം,” എന്നു പറഞ്ഞു അമ്മ.

“ഇല്ലാത്തവരെ എങ്ങനെ സഹായിക്കാമെന്ന് കുട്ടികളും അവരാല്‍ കഴിവത് ആലോചിയ്ക്കണം,” എന്നു പറഞ്ഞു നീലിനെ കെട്ടിപിപടിച്ചു കൊണ്ട് അച്ഛന്‍.

അച്ഛനും അമ്മയും കൂടി തേച്ചു വച്ച ഉടപ്പുകള്‍ , ബാഗിലേക്കെടുത്ത് വയ്ച്ച് എല്ലാം റെഡിയാക്കാന്‍ തുടങ്ങി നീല്‍.

അവന് നാളെയാവാന്‍, ആ കൂട്ടുകാരെ കാണാന്‍ തിടുക്കമായി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible pakamakatha uduppukal

Next Story
നിഷാദ് മാമന്റെ പയറുവള്ളികൾpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com