Latest News

ഒരു പൂച്ചയും ഒരു മഞ്ഞച്ചേരയും പിന്നെ കുറേ കിളികളും

ഇന്ന് വെങ്കിപ്പൂച്ചയുടെ ലോകമാണ്. അവന്റെ ആലോചനകളെ തടസ്സപ്പെടുത്തി മുറ്റത്തൂകൂടി ചിലച്ചുനടക്കുന്ന കിളികളും ഉണ്ട് അവന്റെ ചുറ്റിലും

priya as, childrens stories , iemalayalam

വെങ്കിപ്പൂച്ച, രാവിലെ ഒന്നും ചെയ്യാനില്ലാതെ വീടിന്റെ മുന്‍വശത്തു വന്നിരിക്കുകയായിരുന്നു. വീടെന്നു പറഞ്ഞാല്‍ അവനെ വളര്‍ത്തുന്ന അല്ലിയുടെ വീട്.

അവന്റെ ഭാര്യ പങ്കി രണ്ടുമൂന്നു ദിവസം മുമ്പ് പ്രസവിച്ചതേയുള്ളൂ. അവളും മൂന്നുകുഞ്ഞുങ്ങളും ഇപ്പോഴും നല്ല ഉറക്കത്തിലാവും.

അല്ലിയുടെ അമ്മ എഴുന്നേറ്റ് ചായ ഉണ്ടാക്കുന്നതേയുള്ളു. പിന്നെ കുറച്ചുനേരം കൂടി കഴിഞ്ഞാണ് അമ്മ, കഴിയ്ക്കാനെന്തെങ്കിലും ഉണ്ടാക്കുക. അതു കഴിഞ്ഞ് അമ്മ വിളിയ്ക്കും, ‘വാ വെങ്കീ, വന്ന് ദോശ കഴിയ്ക്ക് എന്നീട്ട് അല്ലിയെ പോയി മ്യാവൂ എന്നു വിളിച്ച് ഉറക്കത്തീന്നെണീപ്പിക്ക്, പിന്നെ നിന്റെ പങ്കിയ്ക്കും കൊണ്ടുചെന്ന് ദോശ കൊടുക്ക്.’

മുറ്റത്ത് ചിക്കിപ്പെറുക്കി നടക്കുന്ന കിളികളെ ‘മ്യാവൂ’ എന്നു ബഹളം കൂട്ടി ഓടിപ്പാഞ്ഞു ചെന്ന്, ‘ഞാനിപ്പോ നിങ്ങളെ പിടിച്ചു തിന്നുമേ,’ എന്നു പറഞ്ഞ് പേടിപ്പിച്ചോടിക്കലാണ് അവന്‍ രാവിലെ എഴുന്നേറ്റാലുടന്‍ ചെയ്യുന്ന പണി.

രാത്രി ഉറക്കത്തില്‍ കണ്ട സ്വപ്‌നത്തെക്കുറിച്ചവനാലോചിയ്ക്കുന്നതും, ഇന്നെന്തു കഥ പറഞ്ഞു കൊടുക്കണം കുഞ്ഞിപ്പൂച്ചകള്‍ അവരുടെ അമ്മയുടെ പാലു കുടിയ്ക്കാന്‍ മടിപിടിക്കുമ്പോള്‍ എന്നവന്‍ പ്‌ളാനിടുന്നതും രാവിലെ ആ നേരത്താണ്.

priya as, childrens stories , iemalayalam


അതിനിടെ കിളികള്‍ വന്ന് കലപില കൂട്ടിയാല്‍ ആലോചനകള്‍ തടസ്സപ്പെടില്ലേ? അതാണവന് ദേഷ്യം, ആ ദേഷ്യം കൊണ്ടാണവന്‍ കിളികളെ പേടിപ്പിച്ചോടിയ്ക്കുന്നത്.

തന്നെയുമല്ല കിളികള്‍ ചിലചിലയെന്നു നിര്‍ത്താതെ ചിലച്ചോണ്ട് ചിതറിപ്പറന്നു രക്ഷപ്പെടുന്നത് കാണാന്‍ നല്ല രസവുമാണ്.

അപ്പോഴൊക്കെ അവന്, എന്തൊരു പേടിക്കൂട്ടരാണാ കിളികളെന്ന് ചിരി വരും. ഞാന്‍ തമാശയ്ക്ക് പേടിപ്പിയ്ക്കുന്നതാണെന്ന് ഇവര്‍ക്ക് ഇതു വരെയായിട്ടും മനസ്സിലായിട്ടില്ലല്ലോ എന്നവന് അവരോട് പാവം തോന്നുകയും ചെയ്യും.

അവന്റെ വരവു കണ്ടാലേ കിളികള്‍ മരക്കൊമ്പുകളിലേയ്ക്ക് പറന്നു രക്ഷപ്പെടുമെന്നു പറഞ്ഞല്ലോ. ചിലപ്പോ അവനവരെ മരത്തിലേയ്ക്കു വലിഞ്ഞു കയറിച്ചെന്നും പേടിപ്പിയ്ക്കും. അപ്പോഴവര്‍ കൂട്ടത്തോടെ പേടിച്ചു ചിലച്ചും കൊണ്ട് പറന്ന് വേറെ എങ്ങോട്ടെങ്കിലും പോകും.

തിരിച്ചു വന്ന് താനിരുന്ന പഴയ സ്ഥാനത്തിരുന്ന് വെങ്കി തന്റെ സ്വപ്‌നത്തെക്കുറിച്ചും കുഞ്ഞുങ്ങളോടു പറയാനായി തയ്യാറാക്കിയെടുക്കേണ്ടുന്ന കഥയെക്കുറിച്ചും വീണ്ടും ആലോചിയ്ക്കും.

കിളികളെ പേടിപ്പിച്ചോടിയ്ക്കല്‍ ഒരു പ്രിയ വിനോദമാണ് എന്നല്ലാതെ വെങ്കിപ്പൂച്ച ഇതുവരെയും ഒരു കിളിയെയും പിടിച്ചിട്ടുമില്ല, തിന്നിട്ടുമില്ല കേട്ടോ.

അവനെ വളര്‍ത്തുന്ന വീട്ടുകാര്‍ അവന് മീന്‍, ചിക്കന്‍, ചോറ്, ദോശ, ബിസ്‌ക്കറ്റ്, പാല് ഇതൊക്കെ കൊടുക്കാറുള്ളതു കൊണ്ട് അവനൊരിയ്ക്കലും വിശന്നിരിയ്‌ക്കേണ്ടി വരാറില്ലല്ലോ. പിന്നെന്തിന് കിളികളെ പിടിച്ച് തിന്നണം?

പക്ഷേ ഇന്നത്തെ ദിവസം കിളികളെ ഒരെണ്ണത്തിനെപ്പോലും മുറ്റത്തു കാണുന്നില്ലല്ലോ എന്നോര്‍ത്തു വെങ്കിപ്പൂച്ച.

എവിടെപ്പോയിക്കാണും അവര്‍ എന്ന് മീശ തടവിക്കിടന്നു കൊണ്ട് അവനാലോചിച്ചു.
അവര് വല്ല ബര്‍ത്‌ഡേ പാര്‍ട്ടിയ്‌ക്കോ കല്യാണ റിസപ്ഷനോ പോയിക്കാണും എന്നവന്‍ വിചാരിച്ചു.

അപ്പോഴാണ് മുറ്റം വഴി ഒരു മഞ്ഞച്ചേര വലിഞ്ഞിഴഞ്ഞു പോകുന്നത് അവന്‍ കണ്ടത്. കിളികളെ പിടിച്ചു സാപ്പിടുക എന്ന ഉദ്ദേശ്യത്തോടെ അവന്‍, ആ മഞ്ഞച്ചേര ചിലപ്പോള്‍ മുറ്റത്തുവന്നു കരിയിലകള്‍ക്കിടയില്‍ പതുങ്ങിക്കിടക്കാറുണ്ട്.

കിളികളെ പേടിപ്പിച്ചോടിയ്ക്കല്‍ ഒരു ഹോബിയാണവനെങ്കിലും ചേര, കിളികളെ തിന്നുന്ന കാര്യത്തില്‍ ഭയങ്കര എതിരാണ് വെങ്കിപ്പൂച്ച.

ചിലപ്പുവീരന്മാരാണ്, ഒരിടത്തു സമാധാനമായിരുന്ന് എന്തെങ്കിലും ആലോചിയ്ക്കാന്‍ പോലും സ്വൈര്യം തരില്ല ഈ കിളികൾ എന്നല്ലാതെ പാവങ്ങളല്ലേ കിളികള്‍?

ചേരയെ കണ്ടാലുടന്‍ അവന്‍ കിളികളോട് വിളിച്ചു പറയും, “ദേ ഒരു ചേരവീരന്‍ എത്തിയിട്ടുണ്ടിവിടെ, ജീവന്‍ വേണമെങ്കില്‍ പറന്നു പോയ്‌ക്കോ…

ഇന്നിപ്പോ ചേര തലയുയര്‍ത്തി വെങ്കിപ്പൂച്ചയെ തന്നെ നോക്കി നില്‍ക്കുകയാണ്.

“നിന്റെ കിളിക്കൂട്ടം എന്ത്യേ? അവരുടെ തരി പോലും കാണുന്നില്ലല്ലോ,” എന്നാവും.

വെങ്കിപ്പൂച്ച അവനോട് പറഞ്ഞു, “നീ അറിഞ്ഞില്ലേ കോവിഡ് എന്നൊരു മഹാഅസുഖം ലോകം മുഴുവനും പടര്‍ന്നുപിടിച്ചിരിക്കുന്നത്? അതെങ്ങനാ നിന്റെ മാളത്തില് പത്രം വരുത്തുന്നില്ലല്ലോ അല്ലേ? അവിടെ റ്റീവീയുമില്ലല്ലോ അല്ലേ? പിന്നെങ്ങനാ നീ ഇതൊക്കെ അറിയുന്നത്?”

priya as, childrens stories , iemalayalam


അവന്‍ തുടര്‍ന്നു, “അതേ ഇപ്പോ ലോക്ഡൗണാ. അത്യാവശ്യകാര്യത്തിനല്ലാതെ ഒറ്റമനുഷ്യരു പോലും വീട്ടീന്നിറങ്ങരുതെന്നാ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ചില കിളികള്‍ ഇതൊന്നും അറിയാത്ത മട്ടില്‍ ഇവിടെക്കൂടി തന്നാരം പാടി പറന്നു നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. അത് കിളികളറിഞ്ഞു കാണും. പോലീസും അറസ്റ്റും ഒന്നും വേണ്ട എന്നു വിചാരിച്ച് ഇന്ന് കിളികള്‍ കൂട്ടില്‍ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചുവെന്നാ എനിയ്ക്കു തോന്നുന്നത്.”

ചേര ഇതു കേട്ട് ഒന്നും മനസ്സിലാവാതെ ഒന്നു കൂടി അവിടൊക്കെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പത്രം വായിക്കാത്തു കൊണ്ടും റ്റിവി കാണാത്തു കൊണ്ടും അവന് ലോകവിജ്ഞാനം തീരെയില്ലല്ലോ.

അപ്പോള്‍ വെങ്കി പറഞ്ഞു, “നീയിവിടെ കറങ്ങി നടക്കുന്നതു കണ്ടാല്‍ നിന്നെയും പോലീസുകാര്‍ പിടിയ്ക്കും. നീ വേഗം മാളത്തില്‍ പോയി ഒളിച്ചിരുന്നോ.”

പോലീസെന്നു കേട്ടതും പേടിച്ചുവിറച്ച് മഞ്ഞച്ചേര ഇഴഞ്ഞിഴഞ്ഞ് സ്ഥലം വിട്ടു.

വെങ്കിപ്പൂച്ചയിരുന്ന് ആലോചിയ്ക്കാന്‍ തുടങ്ങി. എന്നാലും ഈ കിളികളെങ്ങോട്ടു പോയി? മുഖ്യമന്ത്രി പറയുന്നതൊക്കെ വല്ല റ്റിവിയിലും കൂടെ കേട്ടിട്ട് അറസ്റ്റ് പേടിച്ച് പുറത്തിറങ്ങാതിരിക്കുന്നതു തന്നെയാണെന്നു വരുമോ?

അവന്‍ ചേരയുടെ കാര്യവും ആലോചിച്ചു. ചേരകള്‍ക്ക് ഓണ്‍ലൈനായി തവളയെയും മീനിനെയും ഒക്കെ ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കഴിയ്ക്കാന്‍ പറ്റുമോ ആവോ?

പൂച്ചകളെ മനുഷ്യര്‍ വളര്‍ത്തുന്ന ഒരു സ്വഭാവമുള്ളത് നന്നായി അല്ലെങ്കില്‍ ഈ ലോക്ഡൗണ്‍ കാലത്തില്‍ എവിടുന്നോര്‍ഡര്‍ ചെയ്ത് വല്ലതും കഴിയ്ക്കാന്‍ സംഘടിപ്പിച്ചേനെ എന്നന്തം വിട്ടു കൊണ്ട് വെങ്കിപ്പൂച്ച അല്ലിയുടെ അമ്മ അടുക്കളയില്‍ ദോശ ചുടുന്ന മണം പിടിച്ച് അകത്തേയ്ക്കു പോയി.

“വാ, വെങ്കീ, നീയിതെവിടെപ്പോയി? നിന്റെ അനക്കം കേള്‍ക്കുന്നില്ലല്ലോ,” എന്നൊക്കെ പറഞ്ഞ് അവനെ ദോശ തിന്നാന്‍ അല്ലിയുടെ അമ്മ വിളിക്കുന്നതു കേട്ടതും അവന്‍ കിളികളുടെയും ചേരയുടെയും കാര്യമൊക്കെ മറന്ന് അകത്തേക്കൊരൊറ്റപ്പാച്ചില്‍…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oru poochayum oru manja cherayum pinne kure killikalum

Next Story
അതിരാവിലെ ഒരു ചാരുകസേരച്ചന്തുpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express