ഒരു കണ്ണിമാങ്ങാക്കാലം

അച്ചുവിന് എന്തൊരു ബോറടിയായിരുന്നുവെന്നേ രാവിലെ മുതല്‍.പക്ഷേ പിന്നെ അവന്റെ ബോറടിയെ കണ്ണിമാങ്ങകള്‍ വിഴുങ്ങി. ഓരോ സമയത്തെ ബോറടിയെയും മാറ്റാന്‍ പാകത്തില് അച്ചവിന്റെ കണ്ണിമാങ്ങകള്‍ പോലെ ഓരോന്നുണ്ടാവും നമ്മുടെ ചുറ്റുവട്ടത്തും .പക്ഷേ നമ്മള്‍ സ്വയം കണ്ടപിടിക്കണം ആ കണ്ണിമാങ്ങകളെ

priya as, childrens stories , iemalayalam

“വെറുതെയിരുന്ന് ബോറടിക്കുന്നേ,” എന്നാണ് രാവിലെ മുതല്‍ അച്ചുവിന്റെ പരാതി അതു കേട്ടപ്പോ അമ്മിണിച്ചച്ചേച്ചി, “വാടാ വാ നമുക്ക് കാരംസ് കളിക്കാം, അല്ലെങ്കില്‍ ചെസ് കളിക്കാം,” എന്നു പറഞ്ഞു വിളിച്ചു അച്ചുവിനെ.

അമ്മിണിച്ചേച്ചി നല്ല വിരുതത്തിയാണ്, എല്ലാ കളികളിലും ഈസിയായി ജയിക്കും. അച്ചുവോ, ശടുപടോന്ന് എല്ലാ കളികളിലും തോല്‍ക്കും.

തോല്‍ക്കാനാര്‍ക്കെങ്കിലും ഇഷ്ടമുണ്ടോ? അതു കൊണ്ട് അച്ചു കൂടാറില്ല അമ്മിണിച്ചേച്ചിയുടെ കൂടെ ചെസ്സും കാരംസും ഒന്നും കളിക്കാന്‍. ഒളിച്ചുകളിച്ചാല്‍പ്പോലും അമ്മിണിച്ചേച്ചി വേഗം അച്ചു ഒളിച്ചിരിക്കുന്നയിടം കണ്ടുപിടിച്ചുകളയും.

“ഞാനില്ല ചേച്ചീടെ കൂടെ കളിക്കാന്‍, തോല്‍പ്പിച്ചിട്ട് എനിക്ക് സങ്കടം വരുത്താനല്ലേ? സങ്കടം വരുത്തി എന്നെ കരയിക്കാനല്ലേ,” എന്നു ചോദിച്ചു അച്ചു അമ്മിണിച്ചേച്ചിയോട്.

“എന്നാ നീ വാ നിന്നെ ഞാന്‍ തുന്നാന്‍ പഠിപ്പിക്കാം,” എന്നു പറഞ്ഞ നൂലും സൂചിയും തുണിയുമെടുത്തു അമ്മിണിച്ചേച്ചി.

അമ്മിണിചേച്ചി തുണിയിൽ റോസാപ്പൂക്കൾ തുന്നും. കിളികളെ തുന്നും. വീടുകള്‍ തുന്നും. നല്ല ഭംഗിയാണതൊക്കെ കാണാന്‍ പക്ഷേ തയ്യൽ പഠിക്കാനിരുന്നപ്പോഴെല്ലാം സൂചി കൊണ്ട് വിരല് നൊന്തിട്ടുണ്ട് എന്നോര്‍മ്മ വന്നു അച്ചുവിന്.

“ഞാനില്ല, ഞാനില്ല, ഈ സൂചി വിരലില് കൊണ്ട് നോവും എനിക്ക്,” എന്നു പറഞ്ഞു അച്ചു.

“ഒരു കാര്യവും ചെയ്യാന്‍ വയ്യ ചെറുക്കന്. പിന്നെങ്ങനാ ബോറടിക്കാതിരിക്കുക,” എന്നു ചോദിച്ച് പിണങ്ങിപ്പോയി അമ്മിണിച്ചേച്ചി.

priya as, childrens stories , iemalayalam


പിണങ്ങിയ സ്ഥിതിക്ക് ഇനി അമ്മിണിച്ചേച്ചി ഒന്നും മിണ്ടാനും വരില്ല. അവള്‍ മിണ്ടുകയോ വഴക്കു പറയുകയോ ദേഷ്യപ്പെടുകയോ ചെയ്താലും മതിയായിരുന്നു, ഇത്തിരി ബോറടി കുറഞ്ഞേനെ എന്നു വിഷമം വന്നു അവന്.

ഇനി ഇപ്പോ എന്തു ചെയ്യും എന്നു വിചാരിച്ചു അവന്‍. അപ്പോഴാണ് മുറ്റത്തെ മാവില്‍ നിന്ന് ഒരു കണ്ണിമാങ്ങ അടര്‍ന്നു വീണത്.

‘ആഹാ, എന്നാലിനി ഈ കണ്ണിമാങ്ങ എടുത്തു പോക്കറ്റിലിട്ടിട്ടു തന്നെ കാര്യം,’ എന്നു വിചാരിച്ച് മാവിന്‍ ചോട്ടിലേക്കോടിച്ചെന്നു അവന്‍. അപ്പോഴല്ലേ കാണുന്നത്, മാവിന്‍ ചോട്ടില്‍ ഒത്തിരി വീണുകിടപ്പുണ്ട് കണ്ണിമാങ്ങകള്‍.

അതെല്ലാം ‘ഒന്ന്, രണ്ട്’ എന്നെണ്ണി അച്ചു പെറുക്കിനിറച്ചു പോക്കറ്റില്‍. ഇരുപതെണ്ണമായപ്പോള്‍ അവന്‍റെ പോക്കറ്റു നിറഞ്ഞു. അച്ചു അതുമായി അമ്മയുടെ അടുത്തു ചെന്നു.

അമ്മ, കറിക്ക് അരകല്ലില്‍ അരയ്ക്കുകയായിരുന്നു. അച്ചു കണ്ണിമാങ്ങകളോരോന്നായെടുത്ത് അവിടെ കണ്ട ഒരു ഒഴിഞ്ഞ പാത്രത്തില്‍ നിറച്ചു.

“ആഹാ, കുറേയുണ്ടല്ലോ, രാവിലെ നല്ല കളക്ഷനാണല്ലോ,” എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു അമ്മ.

priya as, childrens stories , iemalayalam


“നമുക്കിത് ചതച്ച് ചമ്മന്തി അരച്ചാലോ? ഞാന്‍ ചെറിയ ഉള്ളി പൊളിച്ചു തരട്ടെ, എന്നു ചോദിച്ചു അവന്‍.

അമ്മ തല കുലുക്കി. അച്ചു ഉള്ളി പൊളിയ്ക്കുന്നതിനിടെ അമ്മ, കണ്ണിമാങ്ങയുടെ ചുന കളഞ്ഞു. ഞെട്ട് ചെത്തിമാറ്റി. എന്നിട്ട് കഷണങ്ങളായി മുറിച്ചു. ഉപ്പും മുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് പിന്നെ അമ്മ അത് അരകല്ലില്‍ വച്ച് ചതച്ചെടുത്തു. പിന്നെ വെളിച്ചെണ്ണയും ചേര്‍ത്തു.

അച്ചു തൊട്ടു നക്കിനോക്കി, “ഹായ്, എന്തൊരു സ്വാദ്!

“ആ കൊതിച്ചിപ്പാറു അമ്മിണിച്ചച്ചേി ഉച്ചയൂണിനു വരുമ്പോള്‍ അവള്‍ക്കിതു കൊടുക്കണോ അമ്മേ?” എന്നു ചോദിച്ചു അച്ചു.

“പാവമല്ലേ, അച്ചുവിന്റെ ഒരേയൊരു ചേച്ചിയല്ലേ? അവള്‍ക്കിത് വലിയ ഇഷ്ടമല്ലേ,” എന്നു ചോദിച്ചു അമ്മ.

‘പാവം, അമ്മിണിച്ചേച്ചി, അവളല്ലേ എനിക്ക് അവിടെയുമിവിടെയുമൊക്കെ കാടു കേറി നടന്ന് ഞൊട്ടാഞൊടിയന്‍ കായ പറിച്ചുതരണത്,’ എന്നോര്‍ത്തു അച്ചു.

“എന്റെ ബോറടി എങ്ങോട്ടുപോയി, അമ്മേ,” എന്നവന് ഒപ്പം തന്നെ അത്ഭുതവുമായി.

“ചെലപ്പം കണ്ണിമാങ്ങ, എന്റെ ബോറടിയെ ഒക്കെ വിഴുങ്ങിക്കാണും, അമ്മേ” എന്നവന് ഒരു ചിരിയും വന്നു.

കണ്ണിമാങ്ങ ബോറടിയെ വിഴുങ്ങിയ കഥ പറയാനും കണ്ണിമാങ്ങ ചതച്ചുണ്ടാക്കിയ ചമ്മന്തി കൂട്ടി ഊണു കഴിക്കാനിരിക്കാന്‍ നേരമായി എന്നു പറയാനുമായി അവന്‍ പിന്നെ അമ്മിണിച്ചേച്ചിയെ അന്വേഷിച്ചുപോയി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oru kannimanga kalam

Next Story
അമ്മൂമ്മയുടെ റ്റീച്ചര്‍priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com