ഒരു കണ്ണാടിയും ജിമ്മി എന്ന നായയും

ഒരു നായ ആദ്യമായി കണ്ണാടി കാണുന്നു. ആദ്യം അവനതില്‍ തെളിയുന്ന രൂപങ്ങളോട് ദേഷ്യം. പിന്നെ ഇഷ്ടം

priya as, childrens stories , iemalayalam

ജിമ്മി എന്ന അല്‍സേഷ്യന്‍ നായയെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ട് പുറത്തേയ്ക്ക് പോയി അമ്മയും അച്ഛനും നോര്‍ബുക്കുട്ടനും നയനക്കുട്ടിയും. അവര്‍ക്ക് ഇടയ്ക്ക് അങ്ങനെയൊരു പോക്കുണ്ട്.

ഷോപ്പിങ്ങിന് പോവുകയാണെങ്കില്‍ അവര്‍ ജിമ്മിയെ കൂടെ കൂട്ടും. അമ്മയെയും മക്കളെയും ഷോപ്പിങ്ങിനു വിട്ടിട്ട്, അവനെ കാറില്‍ തന്നെയിരുത്തി അച്ഛനവന് കൂട്ടിരിയ്ക്കും, അപ്പോഴെല്ലാം.

ചിലപ്പോ ഇന്ന് സിനിമയ്ക്ക് പോവുകയായിരുന്നിരിക്കും അവര്‍. അപ്പോ അച്ഛനും കാറില്‍ നിന്നിറങ്ങുമല്ലോ സിനിമ കാണാന്‍, അവനെ ഒറ്റയ്ക്ക് കാറിലിരുത്തിയാല്‍ അതെങ്ങനെ ശരിയാവാന്‍?

പക്ഷേ എത്ര നേരമെന്നു വച്ചാണ് ജിമ്മി വീട്ടില്‍ ഒറ്റയ്ക്കിരിയ്ക്കുക?

മടുത്തപ്പോള്‍ അവന്‍ എണീറ്റ് ജനല്‍പ്പടിമേല്‍ മുന്‍കാലുകള്‍ വച്ചു കുറേനരം ജനലിലൂടെ പുറത്തേക്കു തന്നെ നോക്കി നിന്നു. മുറ്റത്ത് നില്‍ക്കുന്ന ചാമ്പയ്ക്കാമരത്തിലെ കായ്കള്‍ കാറ്റത്ത് ആടുന്നതു നോക്കി നിന്നു അവന്‍ കുറേ നേരം. അതു തിന്നാന്‍ വന്ന അണ്ണാരക്കണ്ണനെ ‘ബൗ ബൗ ‘എന്ന നിര്‍ത്താതെ കുരച്ച് പേടിപ്പിച്ചോടിച്ചു.

അണ്ണാരക്കണ്ണന്മാര്‍ ജീവനും കൊണ്ടോടിയൊളിച്ചെന്നു ബോദ്ധ്യമായപ്പോള്‍ അവന്‍ ജനാലക്കരികില്‍ നിന്നു മാറി വീടിനകത്ത് ചുറ്റി നടന്നു. പിന്നെയും ഭയങ്കര മടുപ്പായപ്പോള്‍ അവന്‍ പോയി, അവന്റെ പ്ലേറ്റില്‍ വീട്ടിലെ അമ്മ എടുത്തു വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് തിന്നു.

അതും കഴിഞ്ഞു കുറച്ചു നേരം പന്തു കളിച്ചു. പന്ത് കടിച്ചു കൊണ്ടുവന്ന് താഴെയിട്ട് കാലു കൊണ്ടു തട്ടും. അതുരുണ്ടു പോകുമ്പോ അതിന്റെ പുറകേ ഓടിച്ചെന്നത് കടിച്ചെടുക്കും. അങ്ങനെയാണവന്‍ പന്തു കളിയ്ക്കുക.

priya as, childrens stories , iemalayalam


അങ്ങനെ പന്ത് കളിച്ചു അവന്‍ വീട്ടിനുള്ളിലൂടെ കറങ്ങി നടക്കുമ്പോഴല്ലേ കണ്ടത്, ബെഡ് റൂമിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. ചുറ്റാന്‍ പോകുന്ന തിരക്കില്‍ അമ്മ വാതിലയട്ക്കാന്‍ മറന്നതാവണം.

‘ഇതുതന്നെ തക്കം, അമ്മയുടെ കട്ടിലില്‍ കയറി കളിക്കാം’ എന്നു വിചാരിച്ചവന്‍ പന്തുമായി കട്ടിലിലേക്ക് ചാടിക്കയറി. അമ്മയുള്ളപ്പോ അവനെ ബെഡ്‌റൂമില്‍ കയറ്റാറില്ല.

‘കിടക്കയിലപ്പിടി അവന്റെ രോമമാകും, നമുക്കൊക്കെ അലര്‍ജിയുള്ളതല്ലേ, തുമ്മലുവരാന്‍ വരാന്‍ ബാക്കിയൊന്നും വേണ്ട,’ എന്നു പറയും അമ്മ.

കിടക്കയില്‍ പന്തിട്ട് അത് തട്ടിക്കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവന്‍ എതിര്‍ഭിത്തിയിലെ കണ്ണാടി കണ്ടത്. അവനതു വരെ കണ്ണാടി കണ്ടിട്ടേയില്ലായിരുന്നു. അവന്‍ ‘കാലു വച്ച് മാന്തും, കണ്ണാടി നിറയെ പോറലാക്കും’ എന്നു പറഞ്ഞ് അവന്റെ പൊക്കത്തിനും മുകളിലായിരുന്നു ആ വീട്ടിലെ കണ്ണാടികളെല്ലാം ഉറപ്പിച്ചുവച്ചിരുന്നത്.

കണ്ണാടിയ്ക്കു നേരെ നിന്നതും അവന് തന്റെ രൂപം കണ്ണാടിയില്‍ തെളിഞ്ഞത് കണ്ട് അത്ഭുതമായി. ‘ദേ നില്‍ക്കുന്നു വേറൊരു കൂറ്റന്‍ ജിമ്മി. അവന്റെ വായിലുമുണ്ടല്ലോ ഒരു മഞ്ഞപ്പന്ത് എന്നവനത്ഭുതമായി.

‘ഇങ്ങോട്ടുതാടാ മഞ്ഞപ്പന്ത്’ എന്നവന്‍ കുരയായി ബഹളമായി. കുരച്ചപ്പോള്‍ അവന്റെ വായില്‍ നിന്ന് പന്തു താഴെ വീണു കിടക്കയില്‍ നിന്നുരുണ്ടു താഴോട്ടുപോയി. അപ്പോഴുണ്ട് കണ്ണാടിയിലെ ആ മറ്റേ ജിമ്മിയും കുരയോട് കുര. അവന്റെ പന്തും താഴെ വീണു. ജിമ്മി ആ പന്തെടുക്കാന്‍ താഴേയ്ക്ക് ചാടിയപ്പോള്‍ ആ മറ്റേ ജിമ്മിയും ചാടിയല്ലോ അതുപോല തന്നെ. ജിമ്മി എന്തു ചെയ്താലും അതു തന്നെ ചെയ്യും മറ്റേ ജിമ്മി. അവന് ദേഷ്യം സഹിയ്ക്കാന്‍ വയ്യാതായി.

ഭാഗ്യത്തിനപ്പോഴേയ്ക്ക് മുറ്റത്ത് കാറ് വന്നു നിന്നു. അതില്‍ നിന്ന് അമ്മയും അച്ഛനും നോര്‍ബുവും നയനയുമിറങ്ങി.

“നമ്മള് വന്നതറിഞ്ഞില്ലേ നമ്മുടെ വീട്ടുകാവല്‍ക്കാരന്‍,” എന്നു ചോദിച്ച് വീടു തുറന്ന് അകത്തുകയറിയപ്പോഴല്ലേ അവര്‍ കാണുന്നത് ജിമ്മി ബെഡ്‌റൂമിലാണെന്നും അവര്‍ ബെഡ്‌റൂം പൂട്ടാന്‍ മറന്നു പോയതക്കത്തിന് അവനവിടെ കയറി കണ്ണാടിയിലെ നായയെ നോക്കി കുരച്ചു ദേഷ്യം പിടിച്ചിരിക്കുകയാണെന്നും.

“ജിമ്മീ… ഇത് കണ്ണാടിയാണ്, നീയീ കണ്ണടിയില്‍ കാണുന്നത് ശരിയ്ക്കും വേറൊരു നായയെയല്ല, നിന്‍റെ തന്നെ രൂപത്തെയാണ്,” എന്നു കുട്ടികള്‍ പറഞ്ഞു കൊടുത്തു അവന്.

പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ കിടക്കയില്‍ നിന്ന് കണ്ണാടിയിലെ ജിമ്മിയെ ലക്ഷ്യമാക്കി കുതിച്ചുചാടാനാണ് ഭാവം എന്നു മനസ്സിലായപ്പോ അച്ഛന്‍ വന്നവനെ എടുത്തു “‘ദേഷ്യം പിടിക്കല്ലേ ജീമ്മീ,” എന്നു പറഞ്ഞു കൊണ്ടു പോയി മുന്‍വശത്തെ മുറിയിലേയ്ക്ക്.

priya as, childrens stories , iemalayalam


പിന്നെ ഒരു ചെറിയ കണ്ണാടി കാണിച്ച് അവനെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ നോക്കി കുട്ടികള്‍.

അവന്‍ നോക്കുമ്പോഴുണ്ട്‌ കണ്ണാടിയില്‍ ഒരു നയന. ഒരു നോര്‍ബു. അമ്മയെയും അച്ഛനെയും പോലെ തന്നെ ഇരിയ്ക്കുന്ന വേറൊരു അച്ഛനുമമ്മയും. അവരുടെ വീട്ടിലെ അതേ സോഫ. അതേ ജനല്‍, അതേ കളിപ്പാട്ടങ്ങള്‍.

ഇതെന്തൊരു മായാജാലം എന്ന മട്ടില്‍ അവനാ കണ്ണാടിയും പിടിച്ചു കൊണ്ട് വീട്ടിലെ ഓരോ സാധനങ്ങളുടെയും അരികത്തു ചെന്നു നിന്ന് പിന്നെ കണ്ണാടിയില്‍ തെളിഞ്ഞു വരുന്ന അതേ രൂപങ്ങളെ നോക്കി ‘ബൗ ബൗ’ എന്ന് ആശ്ചര്യപെട്ടു.

അവന്റ ആശ്ചര്യം കണ്ട് അവരെല്ലാം ചിരിച്ചു. അന്ന് മുഴുവന്‍ അവനാ കണ്ണാടി കൂടെ കൊണ്ടു നടന്നു . ഇടയ്ക്കിടയ്ക്കതില്‍ നോക്കാന്‍ വേണ്ടിയാവും അവനത് അവന്‍റെ മുന്നില്‍ത്തന്നെ വച്ചു.

ഇടയ്ക്ക് നയന ഒരു ബ്രഷ് കൊണ്ടുവന്ന് അവന്റെ രോമങ്ങള്‍ ചീകിയൊതുക്കുകയും അവന് ഒരു പൊട്ടു തൊട്ടു കൊടുക്കുകയും പിന്നെ അവനെ കണ്ണാടിയില്‍ അവന്റെ മേക്കപ്പെല്ലാം ചെയ്ത രൂപം കാണിച്ചു കൊടുക്കുകയും ചെയ്തു.

ആ സുന്ദരന്‍ ജിമ്മിയെ അവനിഷ്ടമായെന്നു തോന്നി. അവനതിനെ നോക്കി കുരച്ചില്ലെന്നു മാത്രമല്ല സ്‌നേഹപൂര്‍വ്വം നക്കാനും തുടങ്ങി.

അവന് കണ്ണാടിയുടെ ഗുട്ടന്‍സ് മനസ്സിലായാലുമില്ലെങ്കിലും അതും പിടിച്ചാണവന്റെ ഇരിപ്പും നടപ്പും. ഉറങ്ങുമ്പോള്‍ പോലും അതവന്റെ അടുക്കലുണ്ടാവും.

ഇങ്ങനുണ്ടോ ഒരു കണ്ണാടിഭ്രാന്തന്‍ എന്നു തലയില്‍ കൈ വച്ചു ചിരിച്ചു നടപ്പാണ് ഇപ്പോള്‍ വീട്ടിലെല്ലാവരും…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oru kannadiyum jimmy enna nayayum

Next Story
കളിയുടെ തമ്പുരാക്കന്മാർpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com