Latest News

ഒരിടത്തൊരിടത്തൊരു നെല്ലിപ്പുളിമരം

കുട്ടികൾക്കും കിളികൾക്കും ഒരേ പോലെ ഇഷ്ടമാണല്ലോ പുളി രസം. അതിനെന്താവും കാരണം?

priya as, childrens stories , iemalayalam

ലിയയുടെ വീട്ടിലെ നെല്ലിപ്പുളിമരത്തില്‍ അടിമുടി കായുണ്ടായി ഇത്തവണ. നെല്ലിക്കയുടെ ആകൃതിയാണ് നെല്ലിപ്പുളിയ്ക്ക്. പോരാഞ്ഞോ ഒന്നു കടിച്ചുനോക്കിയാലേതന്നെ, കണ്ണടച്ചുനിന്നുപോകുന്നത്ര നല്ല പുളിരസവും.

അമ്മയ്ക്ക്,അമ്മയുടെ ഓഫീസിലെ സുപ്രഭാന്റി ഒരു ദിവസം കൊടുത്തതാണ് നെല്ലിപ്പുളിമരത്തിന്റെ തൈ. അമ്മ അത് കൊണ്ടു വന്ന് ഒരു ചെടിച്ചട്ടിയില്‍ നട്ടു. വളരെ പെട്ടെന്നത് വലുതായി.

അതിന്റെ വേരുകള്‍ക്ക് സഞ്ചരിക്കാന്‍ ചെടിച്ചട്ടിയിലെ ഇടം മതിയാവില്ല എന്ന് തോന്നിയപ്പോള്‍ അമ്മ, അതിന്റെ വേരുകള്‍ക്കൊന്നും ഇളക്കം തട്ടാതെ, ചട്ടിയില്‍ നിന്നതിനെ മണ്ണോടെ ഇളക്കി വലിയ തടമെടുത്ത് മണ്ണില്‍ നട്ടു.

എന്നെ പറമ്പിലെ മണ്ണില്‍ നട്ടത് എനിയ്ക്ക് ഒത്തിരി ഇഷ്ടായി എന്നു പറയുമ്പോലെ അതങ്ങാര്‍ത്തു വളരാന്‍ തുടങ്ങി. പിന്നെയത് എടുപിടിയെന്ന് പൂത്തു. പിന്നെ കമ്പോടുകമ്പ് കായായി.

ലിയ അതില്‍ നിന്നിറങ്ങാതായി. കഥാപ്പുസ്തകം വായിക്കലും പഠിക്കുന്ന പുസ്തകം വായിക്കലുമൊക്കെ അവള്‍ അവളുടെ മുറിയില്‍ നിന്ന് നെല്ലിപ്പുളിമരക്കൊമ്പിലേക്ക് മാറ്റി.

ഒരു ചെറിയ കുപ്പിയില്‍ ഉപ്പുമുണ്ടാവും ലിയയുടെ ഉടുപ്പിന്റെ പോക്കറ്റില്‍. ചാമ്പയ്ക്ക, നെല്ലിപ്പുളി, ഇലുമ്പന്‍പുളി ഇതൊക്കെ ഉപ്പും കൂട്ടി തിന്നുമ്പോഴത്തെ ഒരു പുളിയുപ്പുരസം, അതോര്‍ക്കുമ്പോഴേ ഹായ് എന്നു പറഞ്ഞുപോകും ലിയയുടെ കൂട്ടുകാരെല്ലാം.

പക്ഷേ ലിയയുടെ അമ്മയും അച്ഛനും അമ്മൂമ്മയുമെല്ലാം അവള്‍ നെല്ലിപ്പുളി തിന്നുന്നത് കാണുമ്പോഴേ മുഖം ചുളിയ്ക്കും.

‘എങ്ങനെ സഹിക്കണു കുഞ്ഞേ ഈ കടും പുളി,’ എന്നു ചോദിക്കും അവരെല്ലാം.

priya as, childrens stories , iemalayalam


അപ്പോഴൊക്കെ ലിയ ആലോചിയ്ക്കും, കുട്ടിപ്രായം കഴിയുമ്പോള്‍ ലിയയും അവരെപ്പോലെ മുഖം ചുളിച്ചു പോവുമോ, പുളിരസം കഴിയ്ക്കുമ്പോള്‍? ആവോ, ആര്‍ക്കറിയാം?

നെല്ലിപ്പുളിയിഷ്ടക്കാരായ കൂട്ടുകാര്‍ക്കൊന്നും പക്ഷേ നെല്ലിപ്പുളി എത്തിച്ചു കൊടുക്കാന്‍ വഴിയില്ലല്ലോ എന്നാണ് ലിയയുടെ സങ്കടം. കോവിഡ് കാലമല്ലേ, ക്‌ളാസില്ലല്ലോ.

ആദ്യമൊക്കെ ലിയ മരത്തിലുണ്ടെന്നു കണ്ടാല്‍ നെല്ലിപ്പുളി കൊത്തിത്തിന്നാന്‍ റെഡിയായി വരുന്ന കിളികള്‍ ദൂരെ മാറി വേറെ ഏതെങ്കിലും മരക്കൊമ്പില്‍ ചെന്നിരുന്ന് തിരിഞ്ഞും മറിഞ്ഞുമൊക്കെ അവളെ സൂക്ഷിച്ചുനോക്കി, നെല്ലിപ്പുളിമരത്തിലേക്കു വരാന്‍ പേടിച്ച് ഇരിക്കുമായിരുന്നു.

അപ്പൊഴൊക്കെ ലിയ ഉറക്കെ വിളിച്ചു പറയും “പേടിക്കണ്ടെന്നേ. ഞാന്‍ കിളികളെ ഉപദ്രവിക്കുുന്ന കുട്ടിയൊന്നുമല്ലെന്നേ, വാ നമുക്ക് കൂട്ടാകാം, നമുക്ക് വീതം വച്ചു തിന്നാം നെല്ലിപ്പുളി. അല്ലെങ്കിലും എനിക്കൊരാള്‍ക്കനെന്തിനാണിത്ര നെല്ലിപ്പുളി? അമ്മൂമ്മ അച്ചാറിടാനെടുത്താലും ചമ്മന്തിയരക്കാനെടുത്താലും ബാക്കിയാണെന്നേ നെല്ലിപ്പുളിക്കായ. രസിച്ചു മദിച്ചടിമുടി ഉണ്ടായിരിക്കുകയല്ലേ ഇത്തവണ കായ.”

അപ്പറഞ്ഞതെല്ലാം മനസ്സിലായിട്ടാണോ അതോ ലിയ കിളികളോടെല്ലാം വളരെ പെട്ടെന്ന് ചങ്ങാതംകുടുന്ന നല്ലൊരു കുട്ടിയാണെന്ന് മനസ്സിലാക്കിയിട്ടാണോ എന്തോ പതുക്കെപ്പതുക്കെ കിളികള്‍ അവളിരിക്കുമ്പോഴും മരത്തിലേക്ക് ഒരു കൂസലുമില്ലാതെ വരാനും കായ കൊത്തിത്തിന്നാനും കായ തിന്നു കഴിഞ്ഞ് അവളെ നോക്കി എന്തൊക്കെയോ പറഞ്ഞ് ചിലയ്ക്കാനും തുടങ്ങി.

ചിലപ്പോ ‘ലിയ, എന്തു നല്ല കുട്ടി,’ എന്നാവാം അവര് പറയുന്നത്. അല്ലെങ്കില്‍, ‘ ഇതിവിടെ നട്ടത് ലിയയോ, അച്ഛനോ, അമ്മയോ, അമ്മൂമ്മയോ,’എന്ന് ഉറക്കെ പരസ്പരം ചോദിക്കുന്നതാവാം. അതുമല്ലെങ്കില്‍, ‘ലിയ അവളുടെ നെല്ലിപ്പുളിമരം നമുക്ക് വിട്ടു തന്നില്ലേ, പകരം നമ്മളെന്തു കൊടുക്കും,’ അവള്‍ക്ക് എന്നാവാം അവര്‍ പറയുന്നത്.

‘അപ്പുറത്തെ വീട്ടിലെ ചാമ്പയ്ക്ക കൊത്തിക്കൊണ്ടുവന്നിവിടെയിരുന്ന് തിന്ന്, അതിന്റെ വിത്തൊക്കെ ഇവിടെയെല്ലാമായി വിതറിയിട്ട് നമുക്ക് ഒരു ചാമ്പയ്ക്കാമരം, നെല്ലിപ്പുളിമരത്തിനു പകരമായി ലിയയ്ക്ക് കിളിര്‍പ്പിച്ചു കൊടുത്താലോ’ എന്നാവുമായിരിക്കുമോ?

അതോ ‘കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ഒരേ പോലെ ഇഷ്ടമാണല്ലോ പുളിരസം, അതിനെന്താവും കാരണം’ എന്നവര്‍ ചര്‍ച്ച ചെയ്യുകയായിരിക്കുമോ?’

priya as, childrens stories , iemalayalam


ചാമ്പയ്ക്കാമരം കിളിര്‍പ്പിച്ചു തരുന്ന കാര്യമായിരിക്കണേ അവര്‍ ചിലച്ചു പറയുന്നത് എന്നാണ് ലിയ പ്രാര്‍ത്ഥിക്കുന്നത്. കാരണം ലിയയ്ക്ക് ഒത്തിരി ഇഷ്ടമാണ് ചാമ്പയ്ക്ക.

കുട്ടികള്‍ക്കിഷ്ടമുള്ള പുളിതന്നെയാണല്ലോ ചാമ്പയ്ക്കയുടെ രുചിയും. ചാമ്പയ്ക്കാ പിളര്‍ന്ന് കുരുവെടുത്തു കളഞ്ഞ്, അതൊന്നു കഴുകി വൃത്തിയാക്കി ഉപ്പും കൂട്ടി, ഹായ്, എന്തു രസമായിരിക്കും എന്നാലോചിച്ചപ്പോഴേ ലിയയുടെ വായില്‍ വെള്ളം വന്നു.

കിളികള്‍ അപ്പുറത്തെ ഏതോ വീട്ടില്‍ നിന്ന് ചാമ്പയ്ക്കാ കൊത്തിക്കൊണ്ടുവന്ന് അവളുടെ വീട്ടിലെ മരക്കൊമ്പുകളിലിരുന്ന് തിന്നുന്നത്, അവള്‍ക്കൊരു ചാമ്പയ്ക്കാമരം കിളിര്‍പ്പിച്ചു കൊടുക്കാന്‍ തന്നെയാവും ,തീര്‍ച്ച.

മുറ്റത്തുകൂടെ നടക്കുമ്പോള്‍ ലിയ കാണുന്നുണ്ട് ചാമ്പയ്ക്കാത്തൈകള്‍ പൊടിച്ചു വരുന്നത്.

‘ഏതു ചാമ്പയ്ക്കാ ചെടിയാവും ഉശിരോടെ തിമിര്‍ത്ത് വളരുക എന്ന് കണ്ടുതന്നെ അറിയണം അല്ലേ കിളികളേ?’ എന്നു വിളിച്ചു ചോദിച്ചു ലിയ.

അവരെന്തൊക്കെയോ മറുപടിയായി പറഞ്ഞു. പെട്ടെന്നുവന്ന മഴയുടെ ശബ്ദത്തില്‍ ലിയയ്ക്കത് കേള്‍ക്കാനായില്ല. എന്നാലും എന്താവും അവര്‍ പറഞ്ഞത്?

ഈ അമ്മയും അമ്മൂമ്മയും അച്ഛനുമെന്താ ചാമ്പയാക്കാപ്പുളിരസവും ഇലുമ്പന്‍പുളിരസവും വാളന്‍പുളിരസവും നെല്ലിപ്പുളിരസവും ഒന്നും രസിയ്ക്കാത്ത അരസികന്മാരായത് എന്നാവുമോ?
മിക്കവാറും അതുതന്നെയാവും അവര്‍ പറയുന്നത്.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oridathoru nellipulimaram

Next Story
പിയാമ്മയുടെയും ദീപ്തയുടെയും ചെടികൾpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com