ഒരിടത്തൊരിടത്തൊരു തീവണ്ടിയാകൃതിയുള്ള സ്കൂൾ

സ്‌കൂളിനുമുണ്ടാവില്ലേ ഒരു മനസ്സ് ? കോവിഡ് കാരണം, ഒരു കൊല്ലത്തിലധികമായി കുട്ടികളെ കാണാത്ത സ്കൂളിന്റെ സങ്കടമനസ്സാണ് ഇന്ന് കഥയിൽ

priya as, childrens stories , iemalayalam

തീവണ്ടിയാകൃതിയായിരുന്നു സ്കൂളിന്.

ഓരോ ബോഗിയും ഓരോ ക്ലാസ്.

സ്‌കൂൾ, മഴയത്ത് ആകെ തണുത്തുവിറച്ച് നില്‍ക്കുകയായിരുന്നു. കാറ്റും ഇടിവെട്ടും മിന്നലും ഉണ്ടായിരുന്നു മഴയ്‌ക്കൊപ്പം. ആകെപ്പാടെ മങ്ങിയ ഒരന്തരീക്ഷം.

”ഇപ്പോഴും രാജ്യത്ത് കോവിഡൊന്നും മാറിയിട്ടില്ല, സ്ഥിതിഗതികള്‍ വളരെ മോശമാണ്, സ്കൂളുകളൊന്നും അടുത്തൊന്നും തുറക്കാനിടയില്ല,” എന്നൊക്കെ കാക്കകള്‍ അന്ന് രാവിലെയും വന്ന് പറഞ്ഞിരുന്നു സ്‌കൂളിനോട്.

കാക്കകള്‍ പറന്നു ചെല്ലുന്ന വീടുകളിലെ ആളുകളും ടിവികളും പറഞ്ഞാണ് കാക്കകള്‍ വാര്‍ത്തകള്‍ എല്ലാമറിയുന്നത്.

കുട്ടികളില്ലെങ്കിലും അതുകൊണ്ടുതന്നെ അവര്‍ സ്‌കൂളിലേക്കു കൊണ്ടുവരുന്ന ആഹാരത്തിന്റെ പൊട്ടും പൊടിയും തിന്നാന്‍ കിട്ടാനില്ലെങ്കിലും, ഈ കാക്കകള്‍ പതിവായി സ്‌കൂളില്‍ വരുന്നതെന്താണെന്നറിയാമോ? അവര് എന്തെങ്കിലും പഠിക്കാന്‍ വരുന്നതാണെന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ തെറ്റിപ്പോയി കേട്ടോ.

സ്‌കൂള്‍ മുറ്റം നിറയെ ഞാവലും മാവും ചാമ്പയും കശുമാവും സപ്പോട്ടയും ഉണ്ടല്ലോ, അതിലെയൊക്കെ കായകള്‍, തിന്നാന്‍ കുട്ടികളില്ലാതെ വെറുതെ വീണുപോവുകയാണ്. ആരുടെയും ശല്യമില്ലാതെ അതു തിന്ന് വയറു നിറയ്ക്കലാണ് കാക്കകളുടെ ഉദ്ദേശ്യം.

കാക്കകളെ കൂടാതെ മറ്റു കിളികളും അണ്ണാരക്കണ്ണന്മാരുമുണ്ട് കേട്ടോ ഇതിന്റെയെല്ലാം പങ്കു പറ്റാനായി. എന്നാലും കാക്കകളാണ് കൂട്ടത്തില്‍ കൂടുതല്‍. എവിടെ നോക്കിയാലും കാക്കകളാണ്. മരക്കൊമ്പത്തും മുറ്റത്തും പുല്ലിനിടയിലുമൊക്ക നിരന്നിരുന്ന് ബഹളം വച്ച് ഓരോന്ന് സാപ്പിടുകയാണ് കാക്കകളായ കാക്കകളെല്ലാം.

priya as, childrens stories , iemalayalam

സ്‌ക്കൂള്‍ പാവം, ഒരിടത്തു തന്നെ നിന്നനില്‍പ്പല്ലേ, ലോകകാര്യങ്ങളറിയാന്‍ ഈ കാക്കക്കൂട്ടത്തിനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല.

”സ്കൂളൊന്നും തുറക്കാന്‍ പ്ലാനില്ല. ഈ ജൂണിലോ അടുത്തയിടെയോ എന്നാണ് മന്ത്രിസഭാ തീരുമാനം” എന്നു കാക്കകളില്‍ നിന്നറിഞ്ഞതും സ്‌കൂളിനാകെ സങ്കടമായി. അതിന് കരച്ചില്‍ വന്നു.

എത്ര നാളായി കുട്ടികളെ കണ്ടിട്ട് ?

എത്ര നാളായി കുട്ടികളീ മുറ്റത്തൂ കൂടി ഓടിപ്പാഞ്ഞു ചിരിച്ചു രസിച്ചു നടന്നിട്ട്?

എത്ര നാളായി കുട്ടികളെക്കൊണ്ട് ക്ലാസുകൾ നിറഞ്ഞിട്ട്?

എത്ര നാളായി ടീച്ചര്‍മാര്, കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് കണ്ടിട്ട്? ടീച്ചര്‍മാര്, കുട്ടികളെ സ്‌നേഹിക്കുന്നതും അവരെ ഇടയ്ക്ക് വഴക്കു പറയുന്നതും കണ്ടിട്ട്?

എത്രനാളായി ‘തട്ടകം’ എന്നു പേരുള്ള ഞാവല്‍മരച്ചോട്ടില്‍ കുട്ടികള്‍ നാടകം കളിച്ചിട്ട് ?

എത്രനാളായി ക്രിക്കറ്റ് ബാറ്റും ഫുട്‌ബോളും ഒക്കെ, ഒരു കുട്ടിയും തൊടാനില്ലാതെ ഉറക്കമായിട്ട് ?

എത്രനാളായി കുട്ടികള്‍,അവരുടെ പാട്ടുവിരലുകള്‍ കൊണ്ട് മ്യൂസിക് റൂമിലെ ഡ്രംസിനെയും ഗിറ്റാറിനെയും കീബോര്‍ഡിനെയും ഒന്നുണര്‍ത്തിയിട്ട് ?

എത്രനാളായി കാന്റീനിലെ പാത്രങ്ങള്‍, ചോറും സാമ്പാറും തോരനും ഫ്രൈഡ് റൈസും പപ്പടവും സലാഡും ഒക്കെ കണ്ടിട്ട്?

എത്ര നാളായി കുട്ടികള്‍,സ്‌ക്കൂള്‍ മുറ്റത്തെ മഞ്ചാടി മരങ്ങളില്‍ നിന്ന് പൊഴിയുന്ന മഞ്ചാടി മണികള്‍ പോക്കറ്റില്‍ പെറുക്കി നിറച്ച് ധനവാന്മാരുടെ മട്ടില്‍ ഗമയോടെ നടക്കുന്നതു കണ്ടിട്ട് ?

എത്ര നാളായി സ്‌കൂള്‍ ബസുകള്‍ കുട്ടികളുടെ കലപില മേളം നിറഞ്ഞ് ഒന്നോടിനടന്നിട്ട് ?

സ്‌കൂള്‍, കാക്കകളോട് പറഞ്ഞു, ”ഈ സ്‌കൂള്‍ മുറ്റമൊക്കെ വൃത്തിയാക്കിയിടാന്‍ ഇപ്പോഴും ജോലിക്കാരിടയ്ക്കിടയ്ക്ക് വന്നുപോകുന്നുണ്ട്. പക്ഷേ, കുട്ടികളുടെ കോലാഹലങ്ങള്‍ കൊണ്ട് ക്‌ളാസുകളും മുറ്റവും നിറയുമ്പോഴല്ലേ എന്റെയീ മഴക്കുളിരൊക്കെ ഒന്നുമാറിക്കിട്ടുകയുള്ളൂ, ഇനിയിപ്പോ ഇങ്ങനെ ഒറ്റയ്ക്കു വിറച്ചു നില്‍ക്കുകയല്ലാതെ ഞാനെന്തു ചെയ്യും? കുട്ടികളെ കാണാതായിട്ട് എനിക്ക് ശ്വാസം മുട്ടുന്നു. കുട്ടികളാണ് എന്റെ പ്രാണന്‍ , കുട്ടികളാണ് എന്റെ ശ്വാസം , അതറിയാമോ നിങ്ങള്‍ക്ക് ?”

കാക്കകള്‍, ”അറിയാം അറിയാം” എന്ന് രണ്ട് കാ കാ ഒച്ചകളിലൂടെ പറഞ്ഞു.

priya as, childrens stories , iemalayalam


”ഞാന്‍ ഇങ്ങനെ തനിച്ചുനിന്ന് പനി വന്ന് കുളിര്‍ന്ന് വിറച്ച് ചത്തുപോവുകയേയുള്ളൂ,” എന്നു പറഞ്ഞു സ്‌കൂള്‍. എന്നിട്ട് ‘ജീവല്‍, കത്രീന, മാധവ്, നിസാല്‍, ശിവകല്യാണീ, നീലാഞ്ജനാ’ എന്നൊക്കെ കുട്ടികളുടെ പേരോരോന്നും ഓര്‍മയില്‍ നിന്നെടുത്തു വിളിച്ച് വിതുമ്പി വിതുമ്പിക്കരയാന്‍ തുടങ്ങി.

സ്‌കൂള്‍ പറഞ്ഞു, ”ഗേറ്റിനരികില്‍ ഏതെങ്കിലും ഒരു വണ്ടി ഹോണടിച്ചാല്‍ ഞാന്‍ എത്തിനോക്കും, എന്തെങ്കിലും ഒരാവശ്യത്തിനായി ഏതെങ്കിലും കുട്ടിയെയും കൊണ്ട് അച്ഛനമ്മമാര്‍ വരുന്ന വണ്ടിയാണോ എന്ന്? കുട്ടികളെ കാണാതെയായിട്ട് എനിക്ക് തീരെ വയ്യ.”

ആരും പെറുക്കാനില്ലാതെ കുമിഞ്ഞു കൂടിക്കിടക്കുന്ന മഞ്ചാടി മണികളും കശുവണ്ടികളും ചാമ്പയ്ക്കയും കരയാറായി സ്‌കൂളിനെത്തന്നെ നോക്കി നിന്നു.

കഷ്ടം തോന്നി കാക്കകള്‍ക്ക് അവരുടെയൊക്കെ അവസ്ഥകണ്ട്. കാക്ക പറഞ്ഞു, ”ഒരു കാര്യം ചെയ്യാം. കുട്ടികളെ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നതൊക്കെ കണ്ട് കണ്ട് അക്ഷരമൊക്കെ പഠിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ പ്രിയപ്പെട്ട സ്കൂളെഴുതുന്നത് എന്നു പറഞ്ഞ് ഒരു കത്തെഴുതിത്താ. കുട്ടികള്‍ക്ക്. ഞങ്ങള്‍ കാക്കകള്‍ ഒരുപാടു പേരില്ലേ? ഞങ്ങള്‍ കൊണ്ടുചെന്നു കൊടുക്കാം അവര്‍ക്കോരോരുത്തര്‍ക്കും കത്തുകള്‍.”

ആ ഐഡിയ, സ്‌കൂളിനിഷ്ടപ്പെട്ടു.

ടീച്ചേഴ്‌സ് റൂമില്‍നിന്നു തപ്പി കണ്ടുപിടിച്ച പേപ്പറും പേനയുമൊക്കെയായിരുന്ന്, സ്‌കൂള്‍ കത്തുകളെഴുതാന്‍ തുടങ്ങി.

ഓരോ ക്ലാസിലും ഇരുപതു കുട്ടികള്‍. ഓരോ ഇരുപതു പേരുകളും സ്‌കൂള്‍ പെട്ടെന്നുതന്നെ ഓര്‍ത്തെടുത്തു.

”നിങ്ങള്‍ വേഗം വരണേ, ഈ കോവിഡ് കാലവും മാറിപ്പോകും, ഇനിയും ഓണം വരും, അപ്പോ നമുക്ക് പൂക്കളമിടാം, ഇനിയും ക്രിസ്മസ് വരും, അപ്പോള്‍ നമുക്ക് ക്രിസ്മസ പപ്പയുടെ വേഷം കെട്ടാം, ഇനിയും നമുക്ക് കൂട്ടം കൂടിയിരുന്ന് ഓരോ കുട്ടിയും കൊണ്ടു വന്ന ചാപ്പാത്തിയും ചോറും ഇടിയപ്പവും പങ്കുവച്ച് കഴിക്കാം, നിങ്ങളെന്നെ മറന്നിട്ടില്ലല്ലോ അല്ലേ?” എന്നൊക്കെ പറഞ്ഞ് നിറയെ നിറയെ എഴുതി നിറച്ചു സ്‌കൂള്‍ ആ പേപ്പറുകളോരോന്നും.

കാക്കകള്‍, കത്തെഴുതിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ ആവേശവും സന്തോഷവും കണ്ട് രസിച്ചുനിന്നു.

”അതും കൂടി എഴുത്, ഇതും കൂടി എഴുത്,” എന്ന് കാക്കകള്‍ സ്‌കൂളിനെ പ്രോത്സാഹിപ്പിച്ചു.

എഴുതിത്തീര്‍ന്ന കത്തുകളും കൊണ്ട് നാനാദിശകളിലുള്ള വീടുകളിലേക്ക് കാക്കകള്‍ ഇതിനകം പറന്നിട്ടുണ്ട്.

നാളെയോ മറ്റന്നാളോ കുട്ടികള്‍ക്ക് കത്തുകള്‍ കിട്ടുമായിരിക്കും.

സ്‌കൂളിന് സ്‌നേഹം നിറഞ്ഞ മറുപടി എഴുതാനായി, ”വേഗം വരാം ഞങ്ങളീ കോവിഡ് കാലവും കടന്ന് സ്‌കൂളിലേക്ക്” എന്ന് പറഞ്ഞ് മറുപടി എഴുതാനായി കുട്ടികളരാരും മറക്കരുതേ.

അറിയാമല്ലോ, മറുപടി കിട്ടിയില്ലെങ്കില്‍ സ്‌കൂളിന് സങ്കടമാവുമേ…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oridathoridathoru theevandi akritiyulla school

Next Story
ചുവപ്പു സ്വെറ്ററിട്ട റ്റൈഗര്‍പ്പൂച്ചchildren stories, childrens literature, kuttikatha, kids stories, holiday reading, holiday stories malayalam stories for kids, malayalam story,latest malayalam story 2021,malayalam stories 2020, malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, read aloud stories for children, stories for children, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com