Latest News

ഓടുന്ന മുയല്‍ക്കുട്ടിയ്ക്കു പുറകേ

താരക്കുട്ടി വീട്ടില്‍ വളര്‍ത്തുന്ന നാണി എന്ന മുയല്‍ക്കുട്ടിയുടെ ഓരോരോ വിക്രിയകളാണിന്ന് കഥയില്‍

priya as, childrens stories , iemalayalam

നാണി മുയല്‍ക്കുട്ടിയ്ക്ക് വിശക്കുമ്പോഴത് എന്താ ചെയ്യുകയെന്നറിയാമോ?

അവള്‍ താരക്കുട്ടിയുടെ അമ്മയെ നോക്കി നടക്കും വീട്ടിലെല്ലാം. അമ്മയെ കണ്ടാലുടന്‍, അമ്മയുടെ ഉടുപ്പിന്‍ തുമ്പില്‍ പിടിച്ചു വലിയ്ക്കും. അതിനര്‍ത്ഥം, “അമ്മേ വിശക്കുന്നു, എനിക്ക് തിന്നാന്‍ വല്ലതും തായോ,” എന്നാണ്.

മുയല്‍ക്കുട്ടി താരക്കുട്ടിയുടേതാണെങ്കിലും അതിന് ആഹാരം കൊടുക്കാന്‍ താരക്കുട്ടിയുടെ അമ്മ വേണമല്ലോ.

താരക്കുട്ടി, അവള്‍ തിന്നുന്നതെല്ലാം നീട്ടിക്കാണിച്ച് അതിന്റെ ഓരോഹരി തരട്ടെയെന്നു ഇടക്കിടെ മുയല്‍ക്കുട്ടിയോട് ചോദിയ്ക്കും.

പക്ഷേ ചിപ്‌സ്, ഐസ്‌ക്രീം, പോപ് കോണ്‍, പിസ്സ ഇതൊന്നും തിന്നുന്നയാളല്ല മുയല്‍ക്കുട്ടി.
അവള്‍ക്ക് കറുകപ്പുല്ലാണ് തിന്നാനേറ്റവുമിഷ്ടം. പിന്നെ ചെമ്പരത്തിപ്പൂവും.

അതു രണ്ടും താരക്കുട്ടിയുടെ വീട്ടിലില്ല. അമ്മനട്ടു വളര്‍ത്തുന്നതു മുഴുവന്‍ റോസാച്ചെടികളാണ്. അതില്‍ നിറയെ മുള്ളായതു കാരണം നാണി, റോസച്ചെടികളുടെ അടുത്തൊന്നും പോവുകയേയില്ല.

അപ്പൂറത്തെ വീട്ടിലുണ്ട് കറുകപ്പുല്ലിന്റെ ഒരു കുഞ്ഞു പുല്‍ത്തകിടിയും ചുവന്ന ചെമ്പരത്തിപ്പൂക്കളുമെല്ലാം.

മുയല്‍ക്കുട്ടിയ്ക്ക് വേണ്ടി ഇത്തിരി കറുകപ്പുല്ലും നാലഞ്ച് ചെമ്പരത്തിപ്പൂക്കളും കൊടുക്കാന്‍ അപ്പുറത്തെ വീട്ടുകാര്‍ക്ക് മടിയൊന്നുമില്ല. എന്നാലും എപ്പോഴും നമ്മളവരെ ആശ്രയിക്കുന്നത് ശരിയല്ല എന്നാണ് അമ്മയുടെ അഭിപ്രായം.

അതു കൊണ്ട് അമ്മ കഴിഞ്ഞയാഴ്ച കുറച്ചു ചെടിച്ചട്ടികള്‍ വാങ്ങി അതില്‍ കറുകപ്പുല്ലും ചെമ്പരത്തിയും നട്ടു. കറുകപ്പുല്ല് വേഗം പിടിക്കും, വലുതാവും. പക്ഷേ ചെമ്പരത്തി വലുതാവാന്‍ ഇത്തിരി നാളെടുക്കും.

priya as, childrens stories , iemalayalam

.
പക്ഷേ മുയല്‍ക്കുട്ടി നാണിയ്ക്കുണ്ടോ ഇതു വല്ലതും പറഞ്ഞാല്‍ മനസ്സിലാകുന്നു! അവള്‍ ചെടിച്ചട്ടിയിലാകെയുള്ള ആ കറുകനാമ്പിന്റെ അറ്റം കടിച്ചു വലിയ്ക്കാന്‍ തുടങ്ങി.

അമ്മ നട്ട ചെമ്പരത്തിക്കമ്പ് അവളതിനകം കടിച്ചുു വലിച്ചു ചെടിച്ചട്ടിയില്‍ നിന്ന് പുറത്തേക്കെടുത്തിട്ടിരുന്നു. അതു കണ്ടു വന്ന അമ്മ അവളെ വഴക്കോടു വഴക്കായി.

അപ്പോ അമ്മ അവളോട്‌ ദേഷ്യപ്പെടുകയാണ് എന്നു മനസ്സിലായതു പോലെ താരക്കുട്ടിയുടെ പുറകില്‍ ഒളിച്ചുനിന്നു നാണിക്കുട്ടി.

അതു കണ്ട് അമ്മയ്ക്ക് ചിരി വന്നു.

“കുരുത്തക്കേടു കാണിച്ചിട്ട് പതുങ്ങിയിരിക്കുന്നോ? വന്നേ ഇവിടെ, നിന്നെയൊന്ന് കാണട്ടെ,” എന്നു പറഞ്ഞമ്മ താരക്കുട്ടിയുടെ കാലിനു പിന്നില്‍ നിന്നവളെ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ട് അവള്‍ കുതിച്ചൊരോട്ടം.

അമ്മയ്ക്കതു കണ്ട് ചിരി വന്നു. പിന്നെയമ്മ അവള്‍ക്കെത്താത്തത്ര പൊക്കത്തിലേയ്ക്ക് ആ ചെടിച്ചട്ടികളൊക്കെ എടുത്തു വച്ചു.

എന്നിട്ട് പറഞ്ഞു, “ഇനി നീയെങ്ങനെ എന്റെ ചെടിച്ചട്ടികളില്‍ തലയിടും എന്നൊന്ന് കാണട്ടെ.”

നാണിക്കുട്ടി ഒന്നും മനസ്സിലാകാത്തതു പോലെ അവളുടെ മുയല്‍പ്പല്ലും കാണിച്ച് അമ്മ ചെടിച്ചട്ടികളെടുത്തു പൊക്കി വച്ച സ്ഥലത്തേക്ക് നോക്കി നിന്നു .

priya as, childrens stories , iemalayalam


“അങ്ങോട്ട് നോക്കി നിന്നിട്ടൊന്നും ഒരു കാര്യവുമില്ല, വാ, വന്ന്, വേണമെങ്കില്‍ തിന്ന് ദാ നിന്റെ ചെമ്പരത്തിപ്പൂക്കള്‍,” എന്നു പറഞ്ഞ് പിന്നെ അവള്‍ക്കായി അപ്പുറത്തെ വീട്ടില്‍ പോയി താരക്കുട്ടി എത്തിവലിഞ്ഞു പറിച്ചു കൊണ്ടുവന്ന നാലഞ്ച് ചെമ്പരത്തിപ്പൂക്കള്‍ ഇട്ടു കൊടുത്തു.

മുകളിലേക്കു നോക്കിനില്‍പ്പ് നിര്‍ത്തി നാണിക്കുട്ടി ഓടി വന്ന് അതെല്ലാം ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. അവളുടെ മീശരോമങ്ങളില്‍ ചെമ്പരത്തിപ്പൂവിന്റെ മഞ്ഞപ്പൂമ്പൊടി പറ്റിപ്പിടിച്ചതു അമ്മയെ ചൂണ്ടി്കാണിച്ചു കൊടുത്തു താരക്കുട്ടി.

“മീശക്കാരി നാണിയ്ക്ക് ചെമ്പരത്തിപ്പൂ തിന്നാനാശ’ എന്ന് പിന്നെ ഉറക്കെപ്പാടി താരക്കുട്ടി.

പാട്ടിഷ്ടപ്പെട്ടിട്ടാണോ അതോ വയര്‍ നിറഞ്ഞിട്ടാണോ എന്തോ അവള്‍ വീടിനകം മുഴുവന്‍ ഓടിക്കളിക്കാന്‍ തുടങ്ങി.

താര അവളെ പിടിയ്ക്കാന്‍ സ്പീഡില്‍ അവളുടെ പുറകേ ഓടുന്നതും നോക്കി രസിച്ചു അമ്മ.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible oodununa muyalkuttikku purakke

Next Story
കടലും കരയുംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com