Latest News

നിഷാദ് മാമന്റെ പയറുവള്ളികൾ

ഇന്ന് കൃഷിയുടെ കഥയാണ്. നല്ല നീളക്കാരൻ ‘മീറ്റർ പയർ’ കൃഷി ചെയ്യുന്ന നിഷാദ് മാമന്റെയും ജാക്ക് ആന്റ് ദ ബീന്‍സ്റ്റോക്കിന്റെയും കഥകൾ ചേർത്തുണ്ടാക്കിയ പയറുകൃഷിക്കഥ

priya as, childrens stories , iemalayalam

അച്ഛന് സത്യത്തിലിന്ന് ഓഫീസ് ഒഴിവായിരുന്നു. പക്ഷേ അച്ഛന്‍ കൃഷിഓഫീസറാണല്ലോ. അച്ഛന്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ഒഴിഞ്ഞു കിടക്കുന്ന പല സ്ഥലങ്ങളും പാട്ടത്തിനെടുത്ത് നിഷാദ് മാമന്‍ പലതരം കൃഷിചെയ്യുന്നുണ്ടല്ലോ. അത്തരമൊരു കൃഷിയിടത്തിലെ വിളവെടുപ്പുദ്ഘാടനം ചെയ്യാന്‍ പോകണം ഇന്നച്ഛന്.

“പാറു വരുന്നുണ്ടോ, പൊന്നി വരുന്നുണ്ടോ എന്റെ കൂടെ,” എന്നച്ഛന്‍ തിരക്കി അമ്മയോട്.

അച്ഛനെന്താ അങ്ങനെ ചോദിക്കാത്തത് എന്ന് കാത്തുകാത്തക്ഷമരായി നില്‍ക്കുകയായിരുന്നു കുട്ടികള്‍ രണ്ടാളും. അച്ഛന്‍ ചിലപ്പോഴൊക്കെ അങ്ങനെ ചില പാടങ്ങളിലേക്കുള്ള പോക്കില്‍ അവരെ ഒപ്പം കൂട്ടാറുണ്ടല്ലോ.

ഇന്നാള്‍ നിഷാദ് മാമ്മന്റെ തണ്ണിമത്തന്‍ പാടത്തെ വിളവെടുപ്പിനച്ഛന്‍ അവരെ കൂടെ കൂട്ടി. സാധാരണ പോലെ ചുവന്ന ഉള്ളുള്ള തണ്ണിമത്തനായിരുന്നില്ല അത്. പ്രത്യേക പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത മഞ്ഞ അകമുള്ള തണ്ണിമത്തനായിരുന്നു അത്.

“കേരളത്തിലാദ്യമായാണ് അത്തരം തണ്ണിമത്തന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്,” എന്ന് അച്ഛനവര്‍ക്ക് പറഞ്ഞു കൊടുത്തു. അന്ന് ആദ്യ വിളവെടുത്ത് കൃഷിമന്ത്രിയായിരുന്നു.

പിന്നൊരു ദിവസം സൂര്യകാന്തിപ്പാടം പൂത്തുനിറഞ്ഞപ്പോഴും അച്ഛനവരെ കൊണ്ടുപോയി. അന്ന് ഇടവിളയായിട്ട് കണിവെള്ളരിയുമുണ്ടായിരുന്നു. പാടത്ത്. വിഷുക്കാലമായിരുന്നു അത്. കണി വയ്ക്കാനെല്ലാവര്‍ക്കും കണിവെള്ളരി വേണമല്ലോ.

അന്ന് അമ്മയും വന്നു കൂടെ. അമ്മയ്ക്കന്ന് അമ്മ ജോലി ചെയ്യുന്ന സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസ് എടുക്കേണ്ടാത്ത ദിവസമായിരുന്നു.

അമ്മയ്ക്ക് ലോകത്തേക്കു വച്ചേറ്റവുമിഷ്ടമുള്ള പൂക്കള്‍ സൂര്യകാന്തിപ്പൂക്കളാണത്രെ. അന്ന് അമ്മയും അച്ഛനും പാറുവും പൊന്നുവും സൂര്യകാന്തിപ്പൂക്കളും കൂടി നില്‍ക്കുന്ന ഒത്തിരി ഫോട്ടോകളെടുത്തു നിഷാദ് മാമന്‍.

priya as, childrens stories , iemalayalam


“ഇന്ന് ‘മീറ്റര്‍ പയര്‍’ എന്നറിയപ്പെടുന്ന അച്ചിങ്ങാപ്പയറിന്റെ വിളവെടുപ്പാണ്, അതുദ്ഘാടനം ചെയ്യാനാണ് എന്നെ വിളിച്ചിരിക്കുന്നത്,” എന്ന് അച്ഛന്‍ പറഞ്ഞു.

മീറ്ററു കണക്കിനു നീളം, അമ്മയുടെ കൈയോളം നീളമുള്ള പയറാണത്. അങ്ങനെ അച്ഛന്‍ പറയാന്‍ കാരണമെന്താണെന്നോ? അമ്മയുടെ കൈയിന് അച്ഛന്റെ കൈയിനേക്കാളും നീളമാണ്.

അച്ചിങ്ങ പോലെ തന്നെ മെലിഞ്ഞിട്ടുമാണ്, ‘അച്ചിങ്ങാക്കൈക്കാരി ‘ എന്നാണ് അച്ഛനമ്മയെ കളിയാക്കുക.

“നല്ല വെള്ള നിറമുള്ള ചൊരിമണലാണ് നമ്മുടെ ചേര്‍ത്തലയിലും ആലപ്പുഴയിലുമൊക്കെ. വളക്കൂറ് കുറഞ്ഞ മണ്ണാണ്. വെള്ളം നില്‍ക്കാത്ത മണ്ണാണ്. അത്തരം മണ്ണിലൊക്കെ കൃഷി ചെയ്യുന്നതു തന്നെ വലിയ റിസ്‌ക്കാണ്. എന്നിട്ടും ഇത്ര നല്ല വിളവ് ഓരോന്നു നടുമ്പോഴും ഉണ്ടാക്കുന്ന നിഷാദിനെ സമ്മതിച്ചു കൊടുക്കണ്ടേ,” എന്നമ്മയോട് ചോദിച്ചു അച്ഛന്‍.

“ഓഫീസ് ജോലി വേണം, ഓഫീസ് ജോലി വേണം എന്നു പറഞ്ഞ് എല്ലാവരും നെട്ടോട്ടമോടുമ്പോള്‍, ഒരാള്‍ ഇതാണെന്റെ വഴി എന്നു തിരിച്ചറിഞ്ഞ് ചുറ്റുമുള്ള മണ്ണിലേക്കിറങ്ങി കിളയ്ക്കുക, അതു കൊണ്ട് ജീവിച്ചു കാണിയ്ക്കുക അതു വലിയ കാര്യമല്ലേ,” എന്നു ചോദിച്ചു അമ്മ.

“തിരിച്ചു വരുമ്പോ പയറു വാങ്ങിക്കൊണ്ടു വരണേ, നമുക്ക് അച്ചിങ്ങാത്തോരന്‍ വയ്ക്കാം, പൊന്നിയ്ക്കും പാറുവിനും വലിയ ഇഷ്ടമാണല്ലോ അച്ചിങ്ങാത്തോരന്‍,” എന്നു കൂടി പറഞ്ഞു അമ്മ.

“എനിയ്ക്കിന്നുമുണ്ട് സ്‌ക്കൂളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ക്‌ളാസ്, അല്ലെങ്കില്‍ തീര്‍ച്ചയായും ഞാനും വന്നേനെ’ എന്നു കൂടി പറഞ്ഞു അമ്മ.

കാറിലിരിക്കുമ്പോള്‍ പാറു ചോദിച്ചു, “അച്ഛാ, അച്ഛനോര്‍മ്മയില്ലേ ‘ജാക്ക് ആന്റ് ദ ബീന്‍ സ്റ്റോക്ക്’ എന്ന പണ്ടത്തെ ഞങ്ങളുടെ ചിത്രകഥാപ്പുസ്തകത്തിലെ കഥ?”

അച്ഛന്‍ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു, “അത്രയ്ക്കങ്ങ് ഓര്‍മ്മ കിട്ടണില്ലല്ലോ, മക്കളേ…”

“ആകാശത്തു നിന്ന ഭൂമിയോളം നീളമുണ്ടായിരുന്ന ആ നീളന്‍ പയറുവള്ളിയുടെ കഥ അച്ഛന് ഒട്ടും ഓര്‍മ്മ വരണില്ലേ,” എന്നു ചോദിച്ചു പാറു.

‘ഇല്ല’ എന്നു തലയാട്ടി അച്ഛന്‍.

“നിഷാദ്‌സ് ബീന്‍സ്‌റ്റോക്ക്, എന്നു കൂടി നിഷാദ് മാമന്റെയാ മീറ്റര്‍ പയറിന് പേരിടാമായിരുന്നു അച്ഛാ,” എന്നു പറഞ്ഞു പൊന്നു.

ka beena , childrens novel, iemalayalam


ഞങ്ങളാക്കഥ പറഞ്ഞു തരാം എന്ന പറഞ്ഞ് പിന്നെ അവര്‍ രണ്ടു പേരും കൂടി ആ കഥ പറഞ്ഞു കൊടുത്തു.

ഒരിടത്തൊരിടത്ത് ഒരു ജാക്കും അമ്മയും കൂടി താമസിച്ചിരുന്നു. വലിയ ദാരിദ്ര്യമായിരുന്നു അവര്‍ക്ക്. അവരുടെ ആകെയുള്ള സ്വത്ത് ഒരു പശുവായിരുന്നു. അതിനെ വിറ്റ് അല്പം ആഹാരവും പണവും സംഘടിപ്പിക്കാം എന്നു വിചാരിച്ചമ്മ അതിനെ ജാക്കിനെ ഏല്‍പ്പിച്ചു.

പശുവിനെ വിറ്റിട്ട് പകരം ഒരു കെട്ട് മാജിക് ബീന്‍സു വാങ്ങി കച്ചവടമുറപ്പിച്ചു തിരിച്ചുപോന്ന ജാക്കിനെ അമ്മ തല്ലിയില്ലെന്നേയുള്ളു.

അമ്മയാ പയറെടുത്ത് ദേഷ്യത്തിലും സങ്കടത്തിലും മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പിറ്റേന്ന് ജാക്ക് നോക്കുമ്പോഴുണ്ട് അത് കിളിര്‍ത്ത് ആകാശം വരെ പടര്‍ന്നു കയറിയിരിക്കുന്നു.

അവനെ കണ്ടാല്‍ അമ്മ വഴക്കു പിന്നെയും തുടങ്ങും എന്നു പേടിച്ചാവും അവനതിന്മേല്‍ പിടിച്ചു കയറിപ്പോയി, ചുമ്മാ ഒരു രസത്തിന്.

അത് ചെന്നു നിന്നത് രാക്ഷസന്മാരുടെ കൊട്ടാരത്തിലാണ്. കുട്ടികളെ പിടിച്ചു തിന്നുന്ന ഭീകരരാക്ഷസന്മാരാണവിടെ എന്നു മനസ്സിലായപ്പോ ജാക്ക് ഒളിച്ചിരുന്നു.

അതിനിടെ ജാക്കിന് അവിടെ നിന്ന് ഒരു സഞ്ചി സ്വര്‍ണ്ണനാണയം കിട്ടി. അതുമായി അവന്‍ തിരികെ ഭൂമിയിലേക്കിറങ്ങി വന്ന്, രാക്ഷസക്കൊട്ടാരത്തിന്റെ കഥയൊക്കെ അമ്മയോട് വിസ്തരിച്ചു പറഞ്ഞു.

അമ്മയോടൊപ്പം വളരെക്കാലം സുഖമായി ജീവിച്ചു. പൈസ തീരാന്‍ തുടങ്ങിയ രണ്ടു തവണ കൂടി അവന്‍ പയറുവള്ളികളില്‍ തൂങ്ങിക്കയറിപ്പോയി രാക്ഷസക്കൊട്ടാരത്തിലേയക്ക്.

സ്വര്‍ണ്ണ മുട്ടയിടുന്ന ഒരു കോഴിയെ, പിന്നൊരു സ്വര്‍ണ്ണ മൗത് ഓര്‍ഗന്‍ ഇതൊക്കെ കൈയ്ക്കലാക്കി ജാക്ക് ഭൂമിയിലേക്ക് കടന്നു.

ആരോ ഇവിടെ കയറിക്കൂടിയിട്ടുണ്ട്, ഇവിടുത്തെ വില പിടിപ്പുള്ളതൊക്കെ കടത്തിപോവുന്നുണ്ട് എന്നു അതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു രാക്ഷസന്‍.

രാക്ഷസന്‍ പിടിക്കാതിരിക്കാന്‍ ജാക്ക് എന്തു ചെയ്‌തെന്നോ? ഭൂമിയിലെത്തയിയതും ആ പയറുവള്ളി മുറിച്ചു കളഞ്ഞു.

അച്ഛന്‍ പറഞ്ഞു, “ഈ കഥ അച്ഛന് ഒന്നാം ക്‌ളാസിലെ ഇംഗ്‌ളീഷ് പാഠ പുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്നു. വലുതായപ്പോ അച്ഛനതൊക്കെ മറന്നു പോയതാണ്.”

“അങ്ങനെയൊക്കെ മറന്നുകളയാമോ അച്ഛാ പഠിച്ച പാഠങ്ങളും കേട്ട കഥകളും,” എന്നച്ഛനെ അവര്‍ കളിയാക്കി.

priya as, childrens stories , iemalayalam

പിന്നെ കുട്ടികള്‍ ചോദിച്ചു, “ഭൂമിയില്‍ നിന്ന് ആകാശത്തോളം നീളമുള്ള പയറുവള്ളികളില്‍ ഉണ്ടാകുന്ന അച്ചിങ്ങയും നെടുനീളത്തിലുള്ളതായിരിക്കില്ലേ അച്ഛാ? അപ്പോപ്പിന്നെ നമുക്ക് നിഷാദ് മാമന്റെ പയറുകളെ മീറ്റര്‍ പയര്‍ എന്നല്ലാതെ ‘നിഷാദ്‌സ് ബീന്‍സ്റ്റോക്ക്’ എന്നും വിളിയ്ക്കാം, അല്ലേ?”

അച്ഛന്‍ ചിരിച്ചു. അപ്പോഴേയ്ക്കവര്‍ നിഷാദ് മാമന്റെ പാടത്തെത്തിയിരുന്നു. അവിടെ ഒരുപാടാളുകള്‍ കൂടിയിരുന്നു പ്രോഗ്രാമില്‍ പങ്കെടുക്കാനും പയറു വാങ്ങാനുമായിട്ട്.

പൊന്നുവും പാറുവും കൂടി വന്നിട്ടുണ്ട് എന്നു കണ്ട് നിഷാദ് മാമന് സന്തോഷമായി. അവരോളം നീളമുണ്ട് പയറിന് എന്നു നിഷാദ് മാമന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു.

“ശരിയ്ക്കും ജാക്ക് ആന്റ് ദ ബീന്‍ ബീന്‍സ്റ്റോക്ക് കഥയിലെപ്പോലെ തന്നെ,” എന്നു പറഞ്ഞു അവര്‍ രണ്ടാളും.

നിഷാദ് മാമന്‍ അച്ഛനെപ്പോലെ തന്നെ ആ കഥ മറന്നുപോയിട്ടുണ്ട് എന്നു തോന്നി കുട്ടികള്‍ക്ക്.

Read More: ജാക്ക് ആന്റ് ദ ബീന്‍ സ്റ്റോക്ക് കഥ വായിക്കാം

“വിളവെടുപ്പു കഴിഞ്ഞ് ഒരു കഥയും ഈ മീറ്റര്‍പ്പയറിന് വേറൊരു പേരും പറഞ്ഞു തരാം,” എന്നു പറഞ്ഞു കുട്ടികള്‍. നിഷാദ് മാമന്‍ കാര്യമൊന്നുമറിയാതെയാണെങ്കിലും ചിരിച്ചു.

കുട്ടികള്‍ അച്ഛനോടു ചോദിച്ചു, “ഈ പയറിന്മേല്‍ പിടിച്ചു കയറിയാല്‍ എവിടെയാണെത്തുക? മാന്ത്രികക്കൊട്ടാരത്തിലോ അതോ പച്ചക്കറിക്കൊട്ടാരത്തിലോ?”

“രാസവളമൊന്നും ഇടാതെ ചെയ്യുന്ന കൃഷിയാണിത്. ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളു. അതൊക്കെത്തിന്നാല്‍ നമ്മുടെ ആരോഗ്യം കൂടില്ലേ, അപ്പോ ആരോഗ്യത്തോട്ടത്തിലേക്കാണ് നമ്മള്‍ പോകുന്നത്,” എന്നു പറഞ്ഞു നിഷാദ് മാമന്‍ അവരെ എടുത്തു തോളത്തിരുത്തി പച്ചക്കറി തോട്ടത്തിലേയ്ക്കു പോയി.

അവരുടെ പുറകെ വിളവെടുപ്പുദ്ഘാടകനായി അച്ഛനും നടന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible nishad mammante payar vallikal

Next Story
അല്ലി രാവിലെ എഴുന്നേല്ക്കുന്നുpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com