Latest News

മയിലാഞ്ചിക്കുട്ടികൾ

കൈ ചുവക്കാന്‍ ,കാല്‍ ചുവക്കാന്‍ മയിലാഞ്ചിയിട്ട് നിരനിരയായി ക്ഷമയോടെ കാത്തുകാത്തിരുന്ന ഒരു കൂട്ടം കുട്ടികളാണിന്ന് കഥയില്

priya as, childrens stories , iemalayalam

നിളയ്ക്ക്, അമ്മ ഒരു ചെറിയ അരകല്ലും അമ്മിക്കല്ലും വാങ്ങിച്ചു കൊടുത്തു, കളിയ്ക്കാനായി.

അമ്മ അവിയലിനരയ്ക്കുന്നതും ചമ്മന്തിയരയ്ക്കുന്നതുമൊക്കെ വലിയൊരു അരകല്ലില്‍ വലിയൊരു അമ്മിക്കല്ലുപയോഗിച്ചാണ്. മിക്‌സിയിലരയ്ക്കുന്നതിനേക്കാള്‍ ഇതിലരയ്ക്കുമ്പോഴാണ് കൂട്ടാനുകള്‍ക്കൊക്കെ സ്വാദു വരിക എന്നു പറഞ്ഞ് അമ്മ മിക്‌സി തൊടാറേയില്ല.

“എനിയ്ക്കും അരയ്ക്കണം അരകല്ലില്‍.” എന്നു നിള ഇടക്കൊക്കെ നിര്‍ബന്ധം പിടിക്കും.

“നിള കുഞ്ഞല്ലേ, നിനക്കീ വലിയ അമ്മിക്കല്ലൊന്നും എടുത്തു പൊക്കാന്‍ പറ്റില്ല,” എന്നാണ് അമ്മ അപ്പോഴെല്ലാം പറയുക.

അപ്പോഴാണ് കടയില്‍ ഒരു കുഞ്ഞമ്മിക്കല്ലും അരകല്ലും ഇരിക്കുന്നത് നിള കണ്ടുപിടിച്ചത്. നിള പറയാതെ തന്നെ അമ്മ അവള്‍ക്കത് വാങ്ങിച്ചു കൊടുത്തു.

വീട്ടിലെത്തിയതും വൈകുന്നേരമാവാന്‍ കാത്തിരിപ്പായി നിള. വൈകുന്നേരമേ അമ്മ പുറത്തു കളിയ്ക്കാന്‍ വിടൂ. അപ്പുറത്തെയുമിപ്പുറത്തെയുമൊക്ക വീട്ടില്‍ നിന്നൊരു നിന്നൊരു പറ്റം കുട്ടികള്‍ വന്ന് നിളയുടെ മുറ്റത്ത് ഒരു കളിക്കൂട്ടമാവും അന്നേരം.

അവരെല്ലാം വന്നപ്പോള്‍ നിളയും അവരും ചേര്‍ന്നാലോചനയായി. നമ്മളെന്താണ് അരകല്ലില്‍ വച്ച് അരയ്ക്കുക?

“മയിലാഞ്ചിയില പറിച്ചരച്ച് കൈയിലും കാലിലുമിട്ടു കൂടെ നിങ്ങള്‍ക്ക്? എന്തു ഭംഗിയായിരിയ്ക്കും അപ്പോ കൈയും കാലുമൊക്കെ കാണാന്‍,” എന്നന്നേരം ചോദിച്ചു അമ്മ.

അതുകേട്ടതും അവരെല്ലാം മുറ്റത്തിന്റെ കോണില്‍ നില്‍ക്കുന്ന മയിലാഞ്ചിച്ചെടിയുടെ അരികിലേയ്‌ക്കോട്ടമായി.

മുള്ളു കൊള്ളാതിരിക്കാന്‍ നല്ലോണം ശ്രദ്ധിച്ചുകൊണ്ട് അവരില പറിച്ചു കൂട്ടാന്‍ തുടങ്ങി.

ചിലര്‍ പാവാടത്തുമ്പ് മടക്കിപ്പിടിച്ച് അതിലാണ് ഇല പറിച്ചിട്ടത്. ചിലര് അതിനിടയില്‍ പത്രത്താളുകൊണ്ട കടലാസു കുമ്പിളുണ്ടാക്കി അതിലിട്ടു ഇല. ചിലര്‍ നിക്കറിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകള്‍ ഇലകൊണ്ട് നിറച്ചു.

priya as, childrens stories , iemalayalam


എല്ലാവരുമില പറിച്ചു കഴിഞ്ഞപ്പോ അമ്മ മുറം കൊടുത്തു അവര്‍ക്ക് ഇല ചൊരിഞ്ഞിടാന്‍. മുറത്തില്‍ മയിലാഞ്ചിയില നിരത്തിപ്പരത്തിയിട്ട്, അവരതില്‍ പ്രാണികള്‍ വല്ലതുമുണ്ടോ എന്നു നോക്കി. പിന്നെ ഇല കഴുകി പൊടിയൊക്കെ കളഞ്ഞു.

പിന്നെ ഓരോരുത്തരായി ഊഴം വച്ച് ഇല അരയ്ക്കാന്‍ തുടങ്ങി. ഇല അരയ്ക്കുന്നവരുടെയൊക്കെ വിരലറ്റം ഓറഞ്ച് നിറമായി വന്നു. അവര്‍ക്കെല്ലാം അതു കണ്ട് സന്തോഷമായി . മയിലാഞ്ചി മണമുള്ള വിരലറ്റം അവരോക്കെ മണത്തുനോക്കി രസം പിടിച്ചു.

കുഞ്ഞിക്കൈകള്‍ കൊണ്ടരച്ചു അവരെല്ലാം ക്ഷീണിച്ചപ്പോള്‍ അമ്മ വന്നു അവരെ സഹായിയ്ക്കാന്‍.

“‘നെറ്റിയില്‍ തൊടുന്ന ചാന്തു പരുവത്തില്‍ അല്ലെങ്കില്‍ വെണ്ണപ്പരുവത്തില്‍ അരയണം മയിലാഞ്ചി, എന്നാലേ കൈയില്‍ നല്ല നല്ല ഡിസൈനുണ്ടാക്കാന്‍ പറ്റൂ,” എന്നു അമ്മ പറഞ്ഞു.

പിന്നെ അമ്മ അവരെയെല്ലാം നിരത്തിയിരുത്തി ഓരോ കുഞ്ഞിക്കൈയിലും ഓരോ കുഞ്ഞിക്കാലിലും പല പല ഡിസൈനുകളില്‍ മയിലാഞ്ചിയിട്ടുകൊടുത്തു.

അച്ചുവിന്റെ കൈയില്‍ പൂവള്ളികള്‍, അമലയുടെ കൈയില്‍ അരയന്നം, ലിന്‍ഡയുടെ കൈയില്‍ പലതരം പൂക്കള്‍, നിളയുടെ കൈയില്‍ ഒരു മരം അങ്ങനെയങ്ങനെ…

priya as, childrens stories , iemalayalam


നന്നായി ചുവക്കാന്‍ വേണ്ടി അമ്മ ഇടയ്ക്കിടെ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു ഓരോ മയിലാഞ്ചിക്കൈയിലും കാലിലും. കുറേനേരം അങ്ങനെയിരുന്നാലേ കൈ ചുവക്കൂ.

പാട്ടും പാടി കഥയും പറഞ്ഞ് കൈയെല്ലാം, കാലെല്ലാം മയിലാഞ്ചിചോപ്പോപ്പാവാന്‍ കാത്തിരിക്കുകയാണ് അവരെല്ലാം.

‘എന്താ ഈ കുട്ടികള്‍ക്കു പറ്റിയത്, ഇവരെന്താ ഓടിപ്പാഞ്ഞു നടക്കാത്തത്, ഇവരെന്താ അനങ്ങാത്തത് എന്നു വിചാരിച്ചാവും ഒരു വെള്ളപ്പൂച്ച അവരുടെ മുന്നില്‍ വന്ന് അവരെത്തന്നെ നോക്കിക്കൊണ്ട് കിടപ്പായി.

“നിനക്കൊരു മയിലാഞ്ചിപ്പൊട്ടു തൊട്ടുതരാം,” എന്നു പറഞ്ഞമ്മ അവളുടെ നെറ്റിയില്‍ ഒരു വലിയ വട്ടപ്പൊട്ടിന്റെ വലിപ്പത്തില്‍ മയിലാഞ്ചി അരച്ചത് പറ്റിച്ചു വച്ചു കൊടുത്തപ്പോ കുട്ടികള്‍ ചിരിയായി.

പൂച്ചയ്‌ക്കോ, യാതൊന്നും മനസ്സിലായില്ല. അവനവരെത്തന്നെ മിഴിച്ചു നോക്കി, ‘എന്താ, എന്താ എന്നു ചോദിക്കും പോലെ ‘മ്യാവൂ മ്യാവൂ’ എന്നു കരഞ്ഞു.

പിന്നെയാ മയിലാഞ്ചിപ്പൊട്ടും നെറ്റിയില്‍ വെച്ച് അവന്‍ ഒരു കാക്കയുടെ പുറകെ ഓടിപ്പോയി.

കുട്ടികള്‍ ആരുടെ കൈയാണ് കൂടുതല്‍ ചുവക്കുക എന്നറിയാന്‍ പിന്നെയും കാത്തിരുന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible mayilanji kuttikal

Next Story
ഓടുന്ന മുയല്‍ക്കുട്ടിയ്ക്കു പുറകേpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com