Latest News

മതിലിനപ്പുറത്തെ പന

മതിലിനപ്പുറത്തെ പനയില്‍ സംഭവിച്ചത് ബൈനോക്കുലേഴ്‌സിലൂടെ കണ്ട റ്റോമും അപ്പൂപ്പനുമാണ് ഇന്ന് കഥാനായകന്മാർ

priya as, childrens stories , iemalayalam

മതിലിനപ്പുറം താഴത്തെ പറമ്പിലാണ് പന നില്‍ക്കുന്നത്.

പനന്തടിയില്‍ ‘ടക് ടക് ‘ എന്നു ചുണ്ടുകൊണ്ടു കൊത്തിക്കൊത്തി ഒരു തുളയുണ്ടാക്കിയിട്ടുണ്ട് മരംകൊത്തികള്‍ രണ്ടെണ്ണം.

കുറേ ദിവസം കൊണ്ടാണ് അവർ ആ തുള ഉണ്ടാക്കിയെടുത്തത്. ”ആ തുളയാണ് ആ മരംകൊത്തിയാണിന്റെയും മരംകൊത്തിപ്പെണ്ണിന്റെയും കൂട്,” എന്ന് റ്റോമിന് അപ്പൂപ്പന്‍ പറഞ്ഞുകൊടുത്തു.

”മനുഷ്യര്‍ താമസിക്കുന്നയിടം വീട്, മറ്റു ജീവജാലങ്ങള്‍ താമസിക്കുന്നയിടം കൂട് അല്ലെങ്കില്‍ മാളം അല്ലെങ്കില്‍ പൊത്ത്. അങ്ങനെയാണ് പറയുക,” അതും അപ്പൂപ്പനാണ് റ്റോമിന് പറഞ്ഞുകൊടുത്തത്.

ആ പൊത്തില്‍ പെണ്‍കിളി മുട്ടയിട്ടിട്ടുണ്ട്. മുട്ടയ്ക്ക് അടയിരിക്കുകയാണ് ആ കിളിയമ്മ. കിളിയച്ഛന്‍ എവിടെയൊക്കെയോ പറന്നുപോയി കിളിയമ്മക്കുള്ള ആഹാരവുമായി വരും.

അതൊക്കെ മുറ്റത്തിറങ്ങി നിന്നോ അല്ലെങ്കില്‍ ടെറസ്സില്‍ കയറിനിന്നോ ബൈനോക്കുലേഴ്‌സിലൂടെ നോക്കിനില്‍ക്കാറുണ്ട് റ്റോം.

അപ്പൂപ്പന്റെയാണ് ബൈനോക്കുലേഴ്‌സ്. അപ്പൂപ്പന്‍ കപ്പലില്‍ ജോലി ചെയ്തിരുന്നയാളാണല്ലോ. കപ്പലോടിക്കുമ്പോള്‍ കടലിലെ അങ്ങ് ദൂരെയുള്ള കാര്യങ്ങള്‍ അടുത്ത് കാണാന്‍ ബൈനോക്കുലേഴ്‌സ് എന്ന ദൂരദര്‍ശിനി കൂടിയേ തീരൂ. കപ്പലിലെ ജോലി കഴിഞ്ഞ് വന്നപ്പോ അപ്പൂപ്പനത് റ്റോമിനു കൊടുക്കുകയാണുണ്ടായത്.

അങ്ങനെയിരിക്കെ ഒരു ദിവസം മുട്ട വിരിഞ്ഞു കാണണം. കുറേ പീക്കിരി കിളിശബ്ദം കേട്ടു പനയുടെ മുകളില്‍ നിന്ന്.

”മരംകൊത്തിക്കുഞ്ഞുങ്ങളാവും, വിശന്നിട്ട് ബഹളം വയ്ക്കുകയാവും,” എന്നപ്പൂപ്പന്‍ പറഞ്ഞു.

മുട്ട വിരിഞ്ഞ് കിളിക്കുഞ്ഞുങ്ങള്‍ പുറത്തുവന്നു എന്നപ്പൂപ്പന്‍ തീര്‍ച്ചയാക്കാന്‍ കാരണമെന്താണെന്നോ? അച്ഛന്‍ കിളിയുടെ ഒപ്പം അമ്മക്കിളിയും പുറത്തിറങ്ങി പറക്കാന്‍ തുടങ്ങിയിരുന്നു. രണ്ടുപേരും കൂടി എവിടെയെങ്കിലുമൊക്കെ പറന്നു പോയി കൊത്തിക്കൊണ്ടുവരണ്ടേ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം? അവര്‍ മുട്ട വിരിഞ്ഞ് പുറത്തു വന്നതല്ലേയുള്ളൂ, പറക്കാറായിട്ടൊന്നുമില്ലല്ലോ.

priya as, childrens stories , iemalayalam


അങ്ങനെ അപ്പൂപ്പനും റ്റോമും കിളിനിരീക്ഷണവുമായി കഴിഞ്ഞുവരവേയാണ് ഒരു ദിവസം രാവിലെ, ലോകത്തുള്ള എല്ലാ കിളികളും കൂടി ഒച്ചവയ്ക്കുന്നതു പോലുള്ള ഒരു ബഹളം അപ്പൂപ്പനും റ്റോമും കേട്ടത്. എന്താ കാര്യം എന്നറിയാനായി ബൈനോക്കുലേഴ്‌സുമായി റ്റോം ഓടിപ്പാഞ്ഞെത്തിയപ്പോള്‍ എന്താ കഥ?

അപ്പൂപ്പന്‍ പറയുകയാണ്, ”ഒരു പാമ്പോ മറ്റോ ഇഴഞ്ഞു കയറിയിട്ടുണ്ട് ആ പനമുകളിലേയ്ക്ക് എന്നാണ് കിളികളുടെ ബഹളം കേട്ടിട്ട് തോന്നുന്നത്. കിളികളാകെ പേടിച്ച മട്ടുണ്ട്.”

റ്റോം ഉടനെ ബൈനോക്കുലേഴ്‌സെടുത്ത് അതിലൂടെ നോക്കാനാരംഭിച്ചു. ശരിയാണ് അപ്പൂപ്പന്റെ ഊഹം. ഒരു തടിയന്‍ പാമ്പ് ഇഴഞ്ഞു കയറിപ്പോവുന്നു പനയുടെ മുകളിലേയ്ക്ക്.

റ്റോം, പാമ്പിനെ കണ്ടതും കണ്ണുപൊത്തി. റ്റോമിന് ഭയങ്കര പേടിയും അറപ്പുമാണ് പാമ്പുകളെ.

ഇന്നാള് അച്ഛനുമ്മയും റ്റോമിനെ സ്‌നേക് പാര്‍ക്കില്‍ കൊണ്ടുപോയ കഥ അറിയാമോ? കുറച്ചു നേരം പാമ്പുകളുടെ വളയലും പുളയലും നാവു പുറത്തിടലും കണ്ടതോടെ തന്നെ റ്റോമിന് മതിയായി.

”എനിയ്ക്കു പേടിയാണ് ഇവരെ,” എന്നു പറഞ്ഞ് ബഹളം കൂട്ടി സ്‌നേക്ക് പാര്‍ക്ക് കാണല്‍ ഇടയ്ക്കു വച്ചു നിര്‍ത്തിപ്പോന്ന ആളാണ് റ്റോം.

അപ്പൂപ്പന്‍ അവന്റെ കൈയില്‍നിന്ന് ബൈനോക്കുലേഴ്‌സ് വാങ്ങി പനത്തലപ്പത്തേയ്ക്ക് നോക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു, ”നോക്ക് റ്റോം, ആ കിളികളെന്താണ് ചെയ്യുന്നതെന്ന് നോക്ക്.”

”അപ്പൂപ്പന്‍ പറഞ്ഞാല്‍ മതി അതിലൂടെ നോക്കിയിട്ട്. ആ പാമ്പ് ആ കിളിക്കുഞ്ഞുങ്ങളെ പിടിച്ചു തിന്നുന്നത് കാണാനൊന്നും എനിക്ക് വയ്യ,” എന്നു റ്റോം ആകെ സങ്കടപ്പെട്ടു പറഞ്ഞു.

അപ്പൂപ്പന്‍ റ്റോമിനായി ദൃക്‌സാക്ഷിവിവരണം തുടങ്ങി.

priya as, childrens stories , iemalayalam


”ആ മരം കൊത്തികള്‍ രണ്ടും പറക്കുന്നില്ല, അവർ കുഞ്ഞുങ്ങളുള്ള പൊത്തിന് കാവലിരിക്കുകയാണ്. ‘ഞങ്ങളപകടത്തിലാണേ, ഓടിവായോ’ എന്ന് അവർ അപകട സിഗ്നല്‍ കൊടുത്തിട്ടാവും ഈ നാട്ടിലെ സര്‍വ്വ കിളികളും എത്തിച്ചേര്‍ന്നിട്ടുണ്ട് പനയ്ക്കു ചുറ്റും. മുകളിലേക്ക് കയറുന്ന പാമ്പിനെ അവരെല്ലാം ചേര്‍ന്ന് അടിമുടി കൊത്തുകയാണ്. പാമ്പ് മുകളിലേക്ക് കയറാന്‍ എന്നിട്ടും ശ്രമിക്കുന്നുണ്ടേ റ്റോം. പക്ഷേ കിളികളുണ്ടോ സമ്മതിക്കുന്നു!”

“കാക്കകളാണ് അവന്റെ തലയ്ക്കു താഴെ കൊത്തുന്നതില്‍ മിടുക്കരായിട്ടുള്ളത്. അവന്‍ ചീറുമ്പോള്‍,’അയ്യോ പറ്റിച്ചേ’ എന്ന മട്ടില്‍ പറന്നുമാറി കാക്കകളുടെ ഒരു ചിറകടിമേളമുണ്ട്. ബഹുരസമാണത് കാണാന്‍. അവന്റെ നടുഭാഗത്ത് ഓലേഞ്ഞാലിയും കാക്കത്തമ്പുരാട്ടിയും മൈനയും കൊത്തോടു കൊത്ത്. തേന്‍കുരുവികളും കരിയാലാം പീച്ചികളും അവന്റെ വാലാണ് ഏറ്റെടുത്തിരിക്കുന്നത്. കൊത്തു സഹിക്കാതെ അവന്‍ പുളയുകയാണ്. നോക്ക്, അവന്‍ ഇപ്പോ പിടിവിട്ടു താഴെ വീഴും. ദാ, വീണു…”

അപ്പൂപ്പനത്രയും പറഞ്ഞതും റ്റോമിനു ധൈര്യം വച്ചു. അവന്‍ വന്ന് ബൈനോക്കുലേഴ്‌സ് വാങ്ങി.

കൊത്തു കൊണ്ട് ദേഹമാകെ മുറിഞ്ഞ പാമ്പ്, ഒരു വിധം ഇഴഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നതിനിടെ വീണ്ടും ചെന്നു കൊത്തുന്നുണ്ട് കിളികള്‍. റ്റോമിനത്ഭുതമായി, ”ഈ വമ്പന്‍ പാമ്പിനെ ഇത്തിരിപ്പോന്ന കിളികളെല്ലാം കൂടി എങ്ങനെ തുരത്തി അപ്പൂപ്പാ?”

”ഇതെങ്ങാന്‍ വല്ല സ്വപ്നമാണോ അപ്പൂപ്പാ,” അവന്‍ ചോദിച്ചു. അപ്പൂപ്പനവനെ കളിമട്ടില്‍ ഒന്നു ചെറുതായി പിച്ചി. എന്നിട്ട് ചോദിച്ചു, ”പിച്ചിയപ്പോ വേദനിക്കുന്നുണ്ടെങ്കില്‍, റ്റോമേ, ഇതൊക്കെ സത്യം സത്യമായി നടന്ന കാര്യങ്ങളാണ് കേട്ടോ.”

റ്റോമിനതു കേട്ട് ചിരി വന്നു. അവന്‍ ബൈനോക്കുലേഴ്‌സ് എടുത്ത് കണ്ണില്‍ വച്ച് അപ്പൂപ്പനെ നോക്കി. ”ഹമ്പട, അപ്പൂപ്പന്‍ കണ്ണട വച്ച ഒരു രാക്ഷസനെപ്പോലുണ്ട്.”

”ഒരു രാക്ഷസന്റെ കഥ പറയൂ,”എന്നു പറഞ്ഞവന്‍ ബൈനോക്കുലേഴ്‌സ് മാറ്റിവച്ച് അപ്പൂപ്പന്റെ മടിയിലേക്കു കയറിയിരുന്നു.

”രാക്ഷസന്റെ കഥയോ ?” എന്ന് അപ്പൂപ്പന്‍ റ്റോമിനു വേണ്ടി കഥയാലോചിക്കാന്‍ തുടങ്ങി.

കിളിക്കുഞ്ഞുങ്ങളെ രക്ഷിച്ചതിന് മരംകൊത്തിയമ്മയും അച്ഛനും കൂടി മറ്റു കിളികള്‍ക്ക് വല്ല വിരുന്നുസത്കാരവും ഏര്‍പ്പെടുത്തുന്നുണ്ടാവുമോ നാളെയെങ്ങാന്‍ എന്നു റ്റോം അതിനിടെ ആലോചിക്കാന്‍ തുടങ്ങി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible mathilinappurthe pana

The moderation of comments is automated and not cleared manually by malayalam.indianexpress.com