മന്ദാരപ്പൂവിലെ കരിവണ്ടത്താന്‍

കാലിലും ദേഹത്തുമൊക്കെ മഞ്ഞപ്പൂമ്പൊടി പറ്റി ആകെ മഞ്ഞനിറമായിപ്പോയ ഒരു കരിവണ്ടത്താനാണ് ഇന്ന് കഥാനായകന്‍. ചുറ്റിലും കുറേ തേന്‍കുരുവികളും

priya as, childrens stories , iemalayalam

കരിവണ്ടത്താന്‍ എന്നും രാവിലെ എണീറ്റ് വീട്ടുമുറ്റത്തു നില്‍ക്കുന്ന വെള്ളമന്ദാരച്ചെടികളുടെ അടുക്കലേയ്ക്ക് ‘ഭ്രും ഭ്രും’ എന്ന ഒച്ചയോടെ പോവും. എന്നിട്ട് ഓരോ പൂവിലേയ്ക്കും പറക്കും. ഓരോ പൂവിലും ചെന്നിരുന്ന് തേന്‍ കുടിയ്ക്കും.

നാലഞ്ചു പൂവുകളിലെ തേന്‍ കുടിയ്ക്കുമ്പോഴേയ്ക്കും അവന്റെ വയറു നിറയും. ഓരോ പൂവിലെയും മഞ്ഞപ്പൂമ്പൊടി ദേഹത്തു പറ്റി അവനപ്പോഴേയ്‌ക്കൊരു മഞ്ഞവണ്ടത്താനെ പോലെയായിട്ടുണ്ടാവും. അവനെ കണ്ടിട്ട് അവനുതന്നെ ചിരിവരും.

വയറങ്ങനെ ‘ഭും’ എന്നായി പൊട്ടാറാവുമ്പോള്‍ അവന് ക്ഷീണം വരും. അവന്‍ അവസാനം തേന്‍ കുടിക്കാനിരുന്ന വെള്ളമന്ദാരപ്പൂവില്‍ കാലും നീട്ടി വച്ചു ഒരു വിശ്രമക്കിടപ്പ് പാസ്സാക്കും. അങ്ങനെ വെള്ളമന്ദാരപ്പൂ ചാരുകസേരയില്‍ കിടന്ന് അവനൊന്നു മയങ്ങിപ്പോവും.

അപ്പോഴാണ് തേന്‍കുരുവികളുടെ വരവ്. അവരും തേന്‍ കുടിയ്ക്കാന്‍ വരുന്നവരാണ് . ചെത്തിപ്പൂവിലെയും ചെമ്പരത്തിപ്പൂവിലെയും തേന്‍ കുടിച്ച ശേഷം വയറിലെ ബാക്കിസ്ഥലം കൂടി നിറയ്ക്കലാവും അവരുടെ ഉദ്ദേശ്യം. അവരുടെ വയറ് ഏതായാലും കരിവണ്ടത്താന്റെ വയറിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ വലുതാണല്ലോ.

കരിവണ്ടത്താന്‍ തേന്‍ കുടിച്ചു വറ്റിച്ച നാലഞ്ചു മന്ദാരപ്പൂക്കളൊഴികെ ബാക്കിയുള്ള മന്ദാരപ്പൂവുകളിലെല്ലാം അവര്‍ കയറിയിറങ്ങും. അവരുടെ വളഞ്ഞ കൊക്ക് പൂവിനകത്തേക്കിട്ട് വായുവില്‍ ചിറകടിച്ചു നിന്ന് അവര്‍ തേന്‍ കുടിക്കുന്നതു കാണാന്‍ തന്നെ എന്തൊരു ചന്തമാണ്.

അവരങ്ങനെ തേന്‍ കുടിക്കുന്നതിന്റെ ഫോട്ടോ എടുത്തു, ഇന്നാളൊരാള്‍ വന്ന്. അതോടെ, ‘ഫോട്ടോയിലൊക്കെ വന്നവരാ ഞങ്ങള്‍’ എന്ന തേന്‍ കുരുവികള്‍ക്ക് വലിയ ഗമയായി. കരിവണ്ടത്താനോട് അവര് കുശലമൊന്നും പറയാതായി.

priya as, childrens stories , iemalayalam


അവന് ആകെയുള്ള കൂട്ടുകാരായിരുന്നു തേന്‍കുരുവികള്‍. അവരവനോട് മിണ്ടാതായാല്‍പ്പിന്നെ അവനാരോട് മിണ്ടും?

കാക്കകള്‍ക്കുണ്ടോ ഒരു കരിവണ്ടത്താനോട് മിണ്ടാന്‍ നേരം? അവര്‍ക്കെപ്പോഴും തിരക്കല്ലേ?
അണ്ണാരക്കണ്ണന്മാര്‍ക്കുണ്ടോ കരിവണ്ടത്താനോട് മിണ്ടാന്‍ നേരം? അവരെപ്പോഴും ‘ചില്‍ ചില്‍’ എന്നു പറഞ്ഞ് ഓടിപ്പാഞ്ഞുനടപ്പല്ലേ?

പിന്നെയുള്ളത് പച്ചക്കിളികളാണ്. അവര് വീട്ടുമുറ്റത്തേയ്ക്ക് വന്നവഴിയേ, പേരക്കൊമ്പിലിരുന്ന് പേരയ്ക്ക തിന്നാന്‍ തുടങ്ങും.

ആ വീട്ടില്‍ ഒരു പട്ടിയുണ്ട്. കൈസര്‍. അവനെപ്പോഴും അവന്റെ വാലില്‍പ്പിടിക്കാനായി വട്ടം കറങ്ങിക്കൊണ്ടിരിക്കലും എല്ലാവരെയും ‘ബൗ ബൗ’ എന്നു കുരച്ച് പേടിപ്പിയ്ക്കലുമാണ് പണി.

വീട്ടിലെ കുട്ടിയ്ക്കാണെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സും ഹോം വര്‍ക് ചെയ്യലും തന്നെ പണി.
കരിവണ്ടത്താന് ആകെ സങ്കടമായി. ആരുമില്ല ഒന്നുമിണ്ടാന്‍ പോലും.

തേന്‍ കുടിച്ചു കഴിഞ്ഞ് ഒരു ദിവസം അവന്‍ വയറുനിറഞ്ഞതിന്റെ ക്ഷീണവും ആരോടും മിണ്ടാനില്ലാത്തതിലെ മടുപ്പും കൊണ്ട് മന്ദാരപ്പൂവില്‍ത്തന്നെ കിടന്നുറങ്ങുകയായിരുന്നു.

കിളികള്‍ പേടിച്ചു കരയുന്നതു കേട്ടാണന്ന് അവനാ മയക്കത്തില്‍ നിന്നുണര്‍ന്നത്. നോക്കുമ്പോഴുണ്ട് വമ്പനൊരു പൂച്ച തേന്‍കുരുവികളെ പിടിയ്ക്കാനോടിയ്ക്കുന്നു.

ചാടിയെണീറ്റു വണ്ടത്താന്‍. എന്നിട്ട് ‘ഭ്രും ഭ്രും’ എന്നു മുരണ്ടു കൊണ്ട് ആ പൂച്ചയുടെ പുറകേ ഒറ്റപ്പറക്കല്‍. പൂച്ചയുടെ ചെവിയ്ക്കത്തു കയറിയിരുന്ന കരിവണ്ടത്താന്‍ ‘ഭ്രും ഭ്രും’ എന്നു മുരണ്ടപ്പോള്‍, പൂച്ച കാര്യം മനസ്സിലാകാതെ പേടിച്ചു വിരണ്ട് എങ്ങോട്ടോ ഒറ്റപ്പാച്ചില്‍.

അവന്റെ തല പൊട്ടിത്തെറിയ്ക്കാന്‍ പോവുകയാണെന്നാണോ, ആകാശം ഇടിഞ്ഞു വീഴാന്‍ പോവുകയാണെന്നാണോ, അതോ ഏതോ ഭീകരജീവി അവനെ ആക്രമിയ്ക്കാന്‍ വരികയാണെന്നാണോ അവന്‍ ധരിച്ചത്? ആ,ആര്‍ക്കറിയാം?

priya as, childrens stories , iemalayalam


ഏതായാലും നിന്നിടത്തു നിന്ന് അവന്‍ പ്രാണനും കൊണ്ടോടി രക്ഷപ്പെട്ടുവെന്നു പറഞ്ഞാല്‍ മതിയയല്ലോ. പൂച്ചവായില്‍ നിന്ന് കരിവണ്ടത്താന്‍ കാരണം രക്ഷപ്പെട്ട തേന്‍ കുരുവികള്‍ ആ പൂച്ച പോയതും കരിവണ്ടത്താനോട് വീണ്ടും കൂട്ടുകൂടാന്‍ പാഞ്ഞുപറന്നുവന്നു.

“ഞങ്ങള്‍ വെറുതേ ഗമ കാണിച്ച് മിണ്ടാതിരുന്ന കരിവണ്ടത്താനില്ലായിരുന്നെങ്കില്‍ ഞങ്ങളിലാരെങ്കിലുമൊക്കെ പൂച്ചവയറ്റിലായിക്കഴിഞ്ഞേനെ,” എന്നവര്‍ പലതവണ കരിവണ്ടത്താനോട് പറഞ്ഞു.

അപ്പോള്‍, ഇന്നാളൊരു ദിവസം തേന്‍കുരുവികളുടെ ഫോട്ടോയെടുത്തയാള്‍ അതിലൂടെ കടന്നുപോവുകയും തേന്‍കുരുവികളും കരിവണ്ടത്താനും മന്ദാരപ്പൂവിനകത്ത പരസ്പരം ചേര്‍ന്ന് കൂട്ടുകൂടിയിരിക്കുന്നതു കണ്ടു രസം പിടിച്ചാവും അവരുടെ ഫോട്ടോ തുരുതുരെ എടുക്കുകയും ചെയ്തു.

“എന്റെയും ഫോട്ടോ എടുത്തേ,” എന്ന് കരിവണ്ടത്താനപ്പോള്‍ തുള്ളിച്ചാടി.

“നമ്മളെല്ലാവരുടേയും ഫോട്ടോയെടുത്തേ.” എന്നൊരു പാട്ടുണ്ടാക്കിപ്പാടി തേന്‍ കുരുവികള്‍. കരിവണ്ടത്താനതേറ്റുപാടി.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible mandarapoovile karivandathaan

Next Story
ഒരു പൂച്ചയും ഒരു മഞ്ഞച്ചേരയും പിന്നെ കുറേ കിളികളുംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com