ഒരിടത്തൊരു എട്ടുകാലി…
മഞ്ഞ മന്ദാരത്തില് നിന്ന് സപ്പോട്ട മരത്തിലേക്കുള്ള കമ്പിലേയ്ക്ക് ഒരു സുന്ദരന്‍ വല നെയ്തു പിടിപ്പിച്ചിരിപ്പാണ് നമ്മുടെ എട്ടുകാലി.
‘വലയ്ക്കുള്ളില്‍ വല്ല ജീവിയും വന്നു പെടുന്നുണ്ടോ, ആരെങ്കിലും വേഗം വന്നു പെടണേ വലയില്‍, എന്നിട്ടു വേണം എനിയ്ക്കാ ജീവിയെ പിടിച്ച് എന്റെ ബ്രെയ്ക് ഫാസ്റ്റാക്കാന്,’ എന്നെല്ലാം വിചാരിച്ചു വലയുടെ നടുവില്‍ ചുറ്റുപാടുകളും ശ്രദ്ധിച്ച് ഇരിപ്പായിരുന്നു അവന്.
അപ്പോഴാണ് വീട്ടിനകത്തെ പിയാമ്മ ആ വഴി പോയത്. എട്ടുകാലി സൂക്ഷിച്ചു നോക്കി, ഈ പിയാമ്മ എവിടേയ്ക്കാണ് പോകുന്നത്? ആഹാ, അങ്ങനെ വരട്ടെ, സപ്പോട്ടയുടെ പുറകില്‍ നില്ക്കുന്ന കരിവേപ്പില് നിന്ന് ഇല പറിയ്ക്കാനാണ് പിയാമ്മയുടെ പോക്ക്.
ആ ഇല പറിച്ച് ഏതോ കറിയിലൊക്കെ ഇടുന്ന ശീലമുണ്ട് പിയാമ്മയ്ക്ക്. ആ ഇല ഇട്ടാലേ കറിക്ക് രുചിയും നല്ല മണവും ഒക്കെയുണ്ടാവൂ എന്നാണ് പിയാമ്മയടക്കമുള്ള മനുഷ്യരുടെ കണ്ടുപിടുത്തം.
വലയില്‍ എന്തെങ്കിലും ജീവി അതായത് വല്ല ഈച്ചയോ പൂമ്പാറ്റയോ പുല്‍ച്ചാടിയോ മറ്റോ കുരുങ്ങിയാല്‍ നേരെ അതിനെ അകത്താക്കലാണ് എട്ടുകാലികളുടെ രീതി.
എട്ടുകാലികള്‍ക്ക് അടുപ്പും തീയും പാത്രവും ആഹാരം പാകം ചെയ്യലുമൊന്നും പതിവില്ല. അതൊക്കെ ഈ മനുഷ്യരുടെ ഓരോ പരിപാടികളാണ്.
കഷ്ടമാണ് ഈ പിയാമ്മയെപ്പോലുള്ള മനുഷ്യരുടെ കാര്യം, എന്തു മാത്രം സമയമാണ് അവര്‍ ഓരോന്ന് പാചകം ചെയ്യാനായി കളയുന്നത്?പച്ചയ്ക്കു തിന്നാല്‍ ഒന്നിനും അത്ര സ്വാദുണ്ടാവില്ല എന്നാണ് ഈ മനുഷ്യരുടെ ഒരു പറച്ചില്. പഴങ്ങള്‍ പോലും പച്ചയ്ക്കു തിന്നില്ല അവരാരും, പഴുപ്പിച്ചേ തിന്നൂ.

കരിവേപ്പിലയും പറിച്ച് പിയാമ്മ തിരിച്ചു പോരുമ്പോള്‍ ഒരാപത്തുണ്ടാകേണ്ടതായിരുന്നു. പിയാമ്മയ്ക്കല്ല, വലയ്ക്ക്.
പിയാമ്മ വല കണ്ടില്ല. രാവിലെ കറിയോ ഉപ്പുമാവോ ഏതോ ഒന്നുണ്ടാക്കിയിട്ട് ഓഫീസില്‍ പോകാനുള്ള ധിറുതിയിലായിരുന്നല്ലോ പിയാമ്മ. ആ ധിറുതിയില്പ്പെട്ട് പിയാമ്മ ആ വല കണ്ടില്ല. നേരെ അതുമ്മേല് വന്നിടിച്ച് വല പൊട്ടിത്തകരേണ്ടതായിരുന്നു.
ഭാഗ്യം, അടുത്തെത്താറായതും എട്ടുകാലി അവനിരുന്ന വശത്തുനിന്ന് വലയുടെ കുറുകേ ഒര പാച്ചില്‍. അവന്റെ പാച്ചില്‍ കണ്ണില്പെട്ടതും പിയാമ്മ പുറകോട്ടു മാറി.
എന്നിട്ടൊരു ചോദ്യം “മനുഷ്യര്‍ നടക്കുന്ന വഴിയിലാണോ ഇയാള്‍ കൊണ്ടുവന്ന് ഇയാളുടെ തങ്കപ്പെട്ട വല നെയ്തുവച്ചിരിക്കുന്നത്? വഴീന്ന് ഇത്തിരി മാറ്റി കെട്ടിക്കൂടായിരുന്നോ വല? ഇതിപ്പം ഞാന്‍ തട്ടിപ്പൊട്ടിച്ചേനെ. തനിയ്ക്ക് ദേഷ്യവും സങ്കടവും ഒക്കെക്കൂടി വന്നിട്ട് എന്നെയെങ്ങാന്‍ കടിച്ചിരുന്നെങ്കിലോ, വിഷമേറ്റ് എനിക്ക് പണിയായേനെ. രാവിലെ തന്നെ ഞാന്‍ മരുന്നിന് വൈദ്യനെ നോക്കിപ്പോകേണ്ടി വന്നേനെ. തന്നെയുമല്ല .എത്ര നാളത്തെ തന്റെ അദ്ധ്വാനമാ ഒരു വല. അതിപ്പോ കഷണം കഷണമായി നുറുങ്ങിയേനെ… താന്‍ നെഞ്ചത്തടിച്ച് കരയേണ്ടിയും വന്നേനെ.”
അത്രയും പറഞ്ഞപ്പോ പിയാമ്മയ്ക്ക് ചിരി വന്നു. എന്നിട്ട് എട്ടുകാലിയോട് ചോദിച്ചു,”ആകെപ്പാടെ ഒരു തുള്ളി ദേഹമുണ്ട്. അതിലെവിടെയാ കാല്, മേല്‍, നെഞ്ച് എന്നൊക്കെ ചോദിച്ചാല്‍ എന്തു മറുപടി പറയാനാ അല്ലേ?”
എട്ടുകാലി പിന്നെയും പോയി ഒരു മൂലയിലിരുന്നു. ഒളിച്ചും പതുങ്ങിയുമൊക്കെ ഇരുന്നാലല്ലേ വല്ല പ്രാണിയും വന്നു പെടുള്ളൂ വലയില്‍?
പിയാമ്മ അതിനിടെ ആകപ്പാടെ അയാളെയും അയാളുടെ വലയെയും ഒന്നു നോക്കി.
“നല്ല കളര്‍ഫുള്‍ ആണല്ലോ തന്റെ ദേഹമൊക്കെ. മഞ്ഞ, കറുപ്പ്… നല്ല കളര്‍ കോമ്പിനേഷനാണല്ലോ? വലയും ഒന്നാന്തരമയിട്ടുണ്ടല്ലോ.. മഞ്ഞുതുള്ളിയും വെയില്ത്തുള്ളിയുമൊക്കെ വീണ് ആകെ അങ്ങനെ തിളങ്ങി ശരിയ്ക്കും ഒരു കൊട്ടാരം പോലുണ്ടല്ലോ.”
പിയാമ്മ അങ്ങനെ പറയുന്നതിനിടെ മഞ്ഞമന്ദാരത്തിന്റെ രണ്ടിതളുകള്‍ പൊഴിഞ്ഞു വീണത് വലയില്‍ കുരുങ്ങി.
“അലങ്കാരങ്ങളോരോന്നായി കൂടുവാണല്ലോ നോക്കിനില്‍ക്കുന്തോറും,” എന്നു ചിരിച്ചു പിയാമ്മ. പക്ഷേ എട്ടുകാലി വിചാരിച്ചത്, ഏതോ ജീവി വീണു വലയില്‍ എന്നാണ്. അവന് ഓടിപ്പാഞ്ഞ് മൂലയില്‍ നിന്നും നടുക്കോട്ടു വന്നപ്പോഴല്ലേ കാണുന്നത് മന്ദാരയിതളാണ് വീണതെന്ന് അവനാകെ നിരാശനായി തിരിച്ചു പോയി.

അങ്ങനെ നിന്നപ്പോഴാണ് നല്ല മൂത്തു പഴുത്ത് അടര്‍ന്നുവീഴാന്‍ പാകത്തില്‍ നില്ക്കുന്ന സപ്പോട്ടക്ക പിയാമ്മയുടെ കണ്ണില്‍ പെടുന്നത്.
“എന്നാലിതും കൂടി പറിച്ചു വച്ചേക്കാം, അല്ലേലേ ഞാനോഫീസില്‍ പോയിട്ട് വരുമ്പോഴേക്ക് നിന്റെ കിളിക്കൂട്ടുകാരെല്ലാം കൂടി ഇതെല്ലാം കൊത്തിവിഴുങ്ങും,” എന്നു പറഞ്ഞു പിയാമ്മ സപ്പോട്ടക്കാ പറിക്കാന്‍ തുടങ്ങി എത്തിവലിഞ്ഞ്.
എട്ടുകാലിയ്ക്ക് പേടിയായി പിയാമ്മയുടെ സപ്പോട്ടയ്ക്കാ പറിയ്ക്കല്‍ ആവേശം കണ്ട്. ഇതിനിടെ എങ്ങാന്‍ വല പൊട്ടിപ്പോയാല്‍ എന്തു ചെയ്യും എന്നവന് പേടിയായി.
“ഇല്ലെന്നേ, ഞാന്‍ നോക്കീം കണ്ടുമാ പറിയ്ക്കുന്നത്, തന്റെ വലയ്ക്കൊന്നും ഒരു കുഴപ്പവും വരാതെ നോക്കിക്കൊണ്ടാ ഞാന്‍ കാ പറിക്കുന്നത്,” എന്ന് എട്ടുകാലിയെ സമാധാനിപ്പിച്ചു അതിനിടെ പിയാമ്മ.
കരിവേപ്പിലയും അഞ്ചെട്ടു സപ്പോട്ടയ്ക്കയുമായി പിയാമ്മ അകത്തേയ്ക്കു പോയപ്പോള്‍ എട്ടുകാലി വീണ്ടും, തന്റെ മിനുങ്ങുന്ന സുന്ദരന്‍ വലയില്‍ വന്നു വീഴുന്ന പ്രാണികളെ കാത്തിരിപ്പായി.
പിയാമ്മയോ അതിനിടെ ഓഫീസില്‍ പോകാന്‍ റെഡിയായി വന്നു ഒരു മഞ്ഞയും കറുപ്പും ഡിസൈനുള്ള സാരിയുടുത്ത്.
“തന്റെ ദേഹത്തെ നിറങ്ങളുടെ കോമ്പിനേഷന്‍ കണ്ടാ ഞാനിന്നത്തേക്ക് ഈ സാരി ചൂസു ചെയ്തത്” എന്നു പറഞ്ഞു ചെരിപ്പിട്ടു കൊണ്ട് വീടിന്റെ വാതില്‍ പൂട്ടിക്കൊണ്ട് പിയാമ്മ.
ഗേറ്റിലേക്ക് പോകുന്നതിനിടെ പിയാമ്മ വിളിച്ചു ചോദിച്ചു, ‘വല്ലതും ഒത്തോ, രാവിലെ കഴിയ്ക്കാനായി? തന്റെ ഇരിപ്പും ഉഷാറും കണ്ടിട്ട് എന്തോ വലിയ കോളൊത്ത മട്ടുണ്ടല്ലോ.”
നമ്മുടെ എട്ടുകാലി, അവന്റെ എട്ടുകാലി ഭാഷയില്‍ എന്തോ വിളിച്ചു പറഞ്ഞത് പിയാമ്മ കേട്ടോ ആവോ?
പിയാമ്മയ്ക്ക് എട്ടുകാലി ഭാഷ മനസ്സിലാവുമോ എന്തോ?