/indian-express-malayalam/media/media_files/uploads/2021/05/priya-03-14.jpg)
റെമി കുഞ്ഞല്ലേ? ഒരു വയസ്സല്ലേ ആയിട്ടുള്ളൂ, അവള്‍ക്ക്?
അവള്‍ തനിയെ കുളിക്കാറായിട്ടൊന്നുമില്ലല്ലോ. അവളുടെ കാലുറച്ചിട്ടു തന്നെയില്ല.
ബക്കറ്റില്‍ നിന്ന് വെള്ളം കോരി കുളിയ്ക്കാന്‍ അവളെങ്ങാന്‍ നോക്കിയാല്‍ ബാലന്‍സ് തെറ്റി മറിഞ്ഞു വീണതു തന്നെ. അതുകൊണ്ട് അമ്മയാണവളെ എന്നും കുളിപ്പിയ്ക്കുന്നത്.
ഇളം ചൂടുവെള്ളത്തിലാണവളുടെ കുളി. അമ്മ നിറയെ എണ്ണപുരട്ടിയാണവളെ കുളിപ്പിക്കുക.
കുളിപ്പിയ്ക്കുമ്പോള്‍ എപ്പോഴുമവള്‍ കരയും. ചിലപ്പോ, അവള്‍ തന്നെ എണ്ണ പുരട്ടാം എന്ന ഭാവത്തിലാവും കരച്ചില്‍. ചിലപ്പോള്‍, അവള്‍ തന്നെ പിടിച്ച് തേയ്ക്കാം സോപ്പ് എന്ന മട്ടില്‍ സോപ്പിനു നേരെ കൈ നീട്ടിയാവും കരച്ചില്.
അവള്‍ സോപ്പിന് 'പോപ്പ് 'എന്നാണ് പറയുക. അവള്‍കെന്താണ് സോപ്പിന് സോപ്പെന്നു തന്നെ പറഞ്ഞാല് എന്ന് റെമിയുടെ ചേട്ടന്‍ റോണിയ്ക്ക് മനസ്സിലായില്ല.
അവളെ സോപ്പെന്നു പറയാനായി പഠിപ്പിക്കാന്‍ റോണി ഒരുപാട് പാടുപെട്ടുനോക്കി. പക്ഷേ അവള്‍ 'സോപ്പ്' എന്ന വാക്ക്, 'സോ' ഒഴിച്ച് എല്ലാ അക്ഷരങ്ങളും കൊണ്ടു പറയാന്‍ നോക്കും. അങ്ങനെ 'റോപ്പ്,' 'ഡോപ്പ്,' 'ലോപ്പ്'എന്നൊക്കെ അവള്‍ പറയുന്നതു കേട്ടു ചിരിച്ചു ചിരിച്ചു വയറു വേദനയെടുക്കും റോണിയ്ക്ക്.
"എന്നാപ്പിന്നെ നീ പോപ്പെന്നു തന്നെ പറയു," എന്നവസാനം അവളുമായി ഒരു ഒത്തുതീര്‍പ്പിലെത്തും റോണി.
കുളിപ്പിച്ചു കഴിഞ്ഞാല്‍ ഉടനെ അവളുടെ തലയും മേലുമൊക്കെ തോര്‍ത്തണമല്ലോ. ഇല്ലെങ്കില്‍ തലയില്‍ വെള്ളം നിന്ന് അവള്‍ക്ക് പനിയാകില്ലേ?
തലതോര്‍ത്തുന്നത് റെമിക്ക് ഇഷ്ടമേയല്ല.തോര്‍ത്ത് തലയില്‍ നിന്ന് കുടഞ്ഞു കളയാന്‍ നോക്കും, അവളെപ്പോഴും.
"ആഹാ... അത്രയ്ക്കായോ," എന്നു ചോദിച്ച് അമ്മ ദേഷ്യപ്പെടുമ്പോ, സങ്കടം വന്ന് അമ്മയെ നോക്കിക്കൊണ്ട് കണ്ണൊക്കെ ആകെ നിറഞ്ഞ് ഒരു വിതുമ്പിക്കരച്ചിലുണ്ട് അവള്‍ക്ക്. അതു കണ്ടാല്‍ ആര്‍ക്കായാലും സങ്കടം വന്നു പോവും.
/indian-express-malayalam/media/media_files/uploads/2021/05/priya-01-14.jpg)
"കരയണ്ട,ഇത്തിരി നേരം തനിയെ തല തോര്‍ത്തിക്കോളൂ റെമി ബേബി," എന്നവളുടെ കുഞ്ഞിക്കൈയിലേയ്ക്ക് തോര്‍ത്തു നീട്ടിക്കൊണ്ട പറയും അമ്മ. അതോടെ നിമിഷനേരം കൊണ്ട് അവളുടെ വിതുമ്പല്‍ നില്‍ക്കും. എത്ര പെട്ടെന്നാണ് അവള്‍ ചിരിയ്ക്കുന്നതും ചിരി നിര്‍ത്തുന്നതും കരച്ചില്‍ നിര്‍ത്തുന്നതും.
ചെറിയ കുട്ടികളുടെ കൈയില്‍, കരച്ചിലിന്റെയും ചിരിയുടെയും, ഒരു ആരും കാണാസ്വിച്ച്, ആരോ പിടിപ്പിച്ചിട്ടുണ്ട് എന്നാണ് റോണിയ്ക്ക് തോന്നുന്നത്.
"നിന്റെയാ സ്വിച്ചെവിടെയാണെന്നു നോക്കട്ടെ," എന്നു പറഞ്ഞ് റോണി റെമിയുടെ മേലൊക്കെ പരതുമ്പോള്‍ റെമിയുടെ ഒരു കുലുങ്ങിച്ചിരിയുണ്ട്. അതു കാണാന്‍ എന്തു രസമാണെന്നോ?
"റെമിയ്ക്ക് റോണിച്ചേട്ടനെ ഒത്തിരിയൊത്തിരി ഇഷ്ടമാണല്ലേ," എന്നു ചോദിച്ചു രണ്ടാളെയും പുന്നാരിക്കും അപ്പോഴമ്മ.
റോണിയുടെ തല മുടിയില്‍ പിടിച്ച് അവന്റെ മുഖമുയര്‍ത്തി അവനെ 'ഉമ്മ ഉമ്മ' എന്നു പറഞ്ഞ് ഉമ്മ വയ്ക്കും അപ്പോള്‍ റെമി.
"ഉമ്മ വയ്ക്കുമ്പോഴെല്ലാം നീ എന്തിനാ 'ഉമ്മ ഉമ്മ' എന്നു പറയുന്നത്? ഉമ്മ കിട്ടുമ്പോഴെനിക്കറിയാല്ലോ അത് അടിയല്ല ഉമ്മയാണെന്ന്? നിന്റെയോരോ മണ്ടന്‍ വിചാരങ്ങളും പണികളും," എന്നവളോട് റോണി നിര്‍ത്താതെ സംസാരിക്കുമ്പോള്‍ എല്ലാം മനസ്സിലായതു പോലെ അവളുടെ ഒരു ഇരിപ്പുണ്ട്. അതു കാണാന്‍ നല്ല രസമാണ്.
പിന്നെ അമ്മ കിടക്കയില്‍ കൊണ്ടുചെന്നു കിടത്തി അവളെ പൗഡറിടീപ്പിയ്ക്കും, കണ്ണെഴുതിയ്ക്കും. അതൊക്കെ തട്ടിക്കളയാന്‍ നോക്കും റെമി. അപ്പോ അവളുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് അവളെ അനങ്ങാതെ കിടത്തല്‍ ഒരു വലിയ പണിയാണ്.
അവളനങ്ങാതിരിക്കാനാണ് അവളുടെ കൈ കൂട്ടിപ്പിടിച്ചിരിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലാകാനേ പാടില്ല. അതൊരു കളിയാണെന്നേ തോന്നാവൂ അവള്‍ക്ക്. അല്ലെങ്കില്‍ അവള്‍ കാറിക്കരയാന്‍ തുടങ്ങും. തന്നെയുമല്ല കുഞ്ഞിക്കാലു നീട്ടി റോണിയെ ചവിട്ടുകയും ചെയ്യും.
/indian-express-malayalam/media/media_files/uploads/2021/05/priya-02-14.jpg)
"അമ്പടീ, സുന്ദരീ, കുളിച്ചു കഴിഞ്ഞ് കണ്ണൈഴുതി പൊട്ടു തൊടുകയാണല്ലേ? ഇനി കുഞ്ഞ്, ഉടുപ്പിടുമോ? പൂക്കളുള്ള ഉടുപ്പാണോ അതോ പൂമ്പാറ്റകളള്ള ഉടുപ്പാണോ ഇടുന്നത്? നീല ഉടുപ്പാണോ മഞ്ഞ ഉടുപ്പാണോ ഇടീക്കുന്നത് എന്ന് കുഞ്ഞ് അമ്മയോട് ചോദിച്ചോ? അച്ഛന്‍ ഇന്നാള് വാങ്ങിക്കൊണ്ടു വന്ന ഉടുപ്പാണോ അതോ ചേട്ടന്‍ ഒരു വണ്ടത്താനെ പെയിന്റു ചെയ്തു തന്ന ഉടുപ്പാണോ കുഞ്ഞിനിന്നിടാന്‍ ഇഷ്ടം," എന്നൊക്കെ നിര്‍ത്താതെ സംസാരിച്ച്, അവളുടെ കൈ, അവന്‍ കൂട്ടിപ്പിടിച്ചിരിക്കുന്ന കാര്യം അവളെക്കൊണ്ട് മറന്നു കളയിക്കണം, അതിന് നല്ല പാടുണ്ട്.
വെറുതെയാണോ അവളെ കുളിപ്പിച്ചു കഴിയുമ്പോഴേക്കും അമ്മയും അമ്മയെ അസിസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന റോണിയും ക്ഷീണിച്ചുപോകുന്നത്?
ഭാഗ്യം, കുളിപ്പിച്ചു കഴിഞ്ഞാലുടന്‍ റെമി ഉറങ്ങിപ്പോവും. പിന്നെ റെമിയെ കുളിപ്പിച്ചതിന്റെ ക്ഷീണം മാറ്റാന്‍ അമ്മ ചെന്ന് ഒരു കാപ്പിയിട്ടു കുടിയ്ക്കും. പിന്നെ റോണിയ്ക്ക് നാരങ്ങാവെള്ളമോ ഫ്രൂട്ട് ജ്യൂസോ റെഡിയാക്കികൊടുക്കും. അതു കുടിച്ചു കഴിഞ്ഞ് 'ഹാവൂ 'എന്നു പറഞ്ഞ് റോണി റോക്കിങ് ചെയറില്‍ പോയിരുന്നാടിക്കൊണ്ട് എന്തെങ്കിലും കഥാപ്പുസ്തകം വായിയ്ക്കും.
അമ്മ അപ്പോ വന്ന്, അതിനകം ഉറക്കത്തിലായ റെമിയെ നോക്കി 'വിരുതത്തി' എന്നു പറഞ്ഞ് റോണിയുടെ തലമുടിയല്‍ തഴുകും. എന്നിട്ട് ചോദിക്കും "മോനില്ലായിരുന്നെങ്കില്‍ ഈ കള്ളിപ്പെണ്ണിനെ കുളിപ്പിയ്ക്കാന്‍ അമ്മ എന്തു ചെയ്‌തേനെ?"
അപ്പോ, ഒരു ചേട്ടനാവുക നിസ്സാര കാര്യമല്ലെന്ന് തോന്നും റോണിയ്ക്ക്. അവന്‍ അഭിമാനത്തോടെ അമ്മവയറ്റിലേക്ക് തല ചായ്ച്ചു നില്‍ക്കും. അമ്മ അവനെ ഉമ്മ വയ്ക്കും.
"കുട്ടികളെ കുളിപ്പിയ്ക്കുന്ന ഒരു യന്ത്രം കണ്ടുപിടിച്ചാലോ? അമ്മാരുടെയും ചേട്ടന്മാരുടെയും പാട് കുറയ്ക്കാമല്ലോ," എന്നവന്‍ അതിനിടെ ചിരിയ്ക്കും.
പിന്നെ വിചാരിയ്ക്കും, "യന്ത്രം റെമിയെ കുളിപ്പിച്ചാല്‍ ഈ വക കളിചിരികളുംരസങ്ങളും ഉമ്മകളും ഒന്നും ഉണ്ടാവില്ലല്ലോ."
"അമ്മയും ചേട്ടനും വിരലു കൊണ്ട് തൊടുമ്പോഴുള്ള സുഖം കിട്ടുമോ അവള്‍ക്ക് മെഷീനവളെ കുളിപ്പിച്ചാല്‍, അതു വേണ്ട അല്ലേ അമ്മേ," എന്നവന്‍ ചോദിയ്ക്കും പിന്നെ അമ്മയോട്.
"മനുഷ്യര്‍ക്കു പകരമാവില്ല ഒരിയ്ക്കലും യന്ത്രങ്ങളുടെ കുളിപ്പിയ്ക്കലും കൊഞ്ചിയ്ക്കലും കണ്ണെഴുതിയ്ക്കലും," എന്നു പറഞ്ഞമ്മ അവനെ ചേര്‍ത്തുപിടിയ്ക്കും അപ്പോള്‍.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us