Latest News

കുളത്തിന്‍കരയിലെ വിശേഷങ്ങള്‍

ഒരുപാടു സംഭവങ്ങള്‍ നടക്കുന്നയിടമാണ് കുളക്കര. അതുണ്ടോ നമ്മള്‍ മനുഷ്യരറിയുന്നു?

priya as, childrens stories , iemalayalam

ഒരു ആമ കുളത്തില്‍ നിന്നു കരയ്ക്കു കയറി വെയിലുകായാന്‍ കിടക്കുന്നതു മരക്കൊമ്പിലിരുന്നു കാണുന്നുണ്ടായിരുന്നു അണ്ണാരക്കണ്ണന്‍.

മരത്തില്‍ നിന്നിറങ്ങിച്ചെന്ന് ആമയോട് വല്ലതും കുശലം പറഞ്ഞിരിയ്ക്കാം എന്നു കരുതി അണ്ണാന്‍

അകത്തേയ്ക്ക് തല വലിച്ചു കിടപ്പായിരുന്നു ആമ. ‘അയ്യോ, ഞാനൊരു പാവമാണേ,’ മട്ടിലെ അവന്‍റെ കിടപ്പു കണ്ട് അണ്ണാന് ചിരി വരുന്നുണ്ടായിരുന്നു.

കരിങ്കല്ലു പോലുള്ള അവന്റെ പുറന്തോടിനു പുറത്തു കയറിയിരുന്ന് താഴേയ്ക്കും മുകളിലേയ്ക്കും നാലഞ്ച് ചാട്ടം പാസ്സാക്കി അവന്‍ വിളിച്ചു പറഞ്ഞു, ‘തല പുറത്തിട് ആമയാശാനേ, ഇത്, ഞാനാ അണ്ണാരക്കണ്ണന്‍.’

“ആഹാ, നീയോ, ഞാനിത്ര പമ്മിപ്പമ്മി പതുക്കെ വന്നിട്ടും നീയെങ്ങനെ എന്നെ കണ്ടുപിടിച്ചു,” എന്ന് അത്ഭുതപ്പെട്ടു ആമ.

“മരക്കൊമ്പത്തിരുന്ന് ലോകവീക്ഷണമാണ് എന്‍റെ പണി, എന്‍റെ കണ്ണില്‍പ്പെടാതെ യാതൊന്നും നടക്കില്ല ഈ ഭൂമിയില്‍,” എന്നു ഗമ പറഞ്ഞു അണ്ണാരക്കണ്ണന്‍.

“നിന്റെ കുളത്തില്‍ നിറയെ താമര വിരിഞ്ഞല്ലോ. എന്തു ഭംഗിയാ നിന്റെ കുളം കാണാനിപ്പോള്‍,” എന്നണ്ണാന്‍ പറഞ്ഞതു കേട്ടപ്പോ ആമയ്ക്ക് സന്തോഷമായി.

“കുളത്തിനടിയില്‍ അതിലും രസമാ, നിറയെ താമരക്കിഴങ്ങുകളുണ്ട് അവിടെയിപ്പോ… താമരക്കിഴങ്ങുകള്‍ ആമകള്‍ക്കിഷ്ടപ്പെട്ട ഭക്ഷണമാണെന്ന് നിനക്കറിയില്ലേ? നിനക്കിഷ്ടമാണേല്‍ നിനക്കും ഞാന്‍ കൊണ്ടുത്തരാം, താമരക്കിഴങ്ങ്. ദാ നോക്ക് താമരക്കിഴങ്ങ് തിന്ന് എന്റെ വയറു പൊട്ടാറായി. വയറു നിറഞ്ഞപ്പോ ഇനി ഇത്തിരി വെയിലു കായാം എന്നു വിചാരിച്ചാ ഞാന്‍ കുളത്തീന്നു പുറത്തു വന്നത്,” എന്നെല്ലാം കുളത്തിലെ വിശേഷങ്ങള്‍ വിസ്തരിച്ചു ആമ.

priya as, childrens stories , iemalayalam


“നിന്റെയീ കുളത്തിലൊരു വരാലില്ലേ? വലിയൊരു വരാല്‍? അവന്‍ ചിലപ്പോള്‍ ഒരിടത്തു നിന്നൊരിടത്തേയ്ക്കു വെള്ളത്തിനു മീതേ കൂടി ചാടുന്നതു കാണാം, അവനെ കാണുന്നതേ എനിയ്ക്കു പേടിയാ,” എന്നായി അണ്ണാരക്കണ്ണന്‍.

“അവനാരെയും പേടിപ്പിയ്ക്കാനല്ല ചാടുന്നത്. ബോറടിച്ചിരിക്കുമ്പോഴുള്ള അവന്റെ ഒരു കളിയല്ലേ അത്? അവന്‍ എന്റെ വലിയ ഫ്രണ്ടാ, ഞാന്‍ അവനെ നിനക്കു പരിചയെപ്പടുത്തിത്തരാം,” എന്നു പറഞ്ഞ് ആമ അണ്ണാരക്കണ്ണനെയും കൂട്ടി കുളത്തിനരികിലേയ്ക്കു ഇഴഞ്ഞുചെന്നു.

കുളത്തിന്റെ വക്കത്തു ചെന്നു നിന്നവന്‍ ഉറക്കെ വിളിച്ചു, “വരാല്‍കുട്ടാ, നിന്നെ പരിചയപ്പെടാന്‍ ഇവിടൊരാള്‍ വന്നു നില്‍ക്കുന്നു.”

ആമ വിളിച്ചതും ദാ വെള്ളത്തിന്റെ മുകളിലേയ്ക്കു താമരപ്പൂക്കളുടെ ഇടയിലൂടെ നീന്തി, താമരയിലകള്‍ക്കു മീതേ കൂടി വെള്ളം തെറിപ്പിച്ചു വരാലെത്തി.

താമരയിലകള്‍ക്കുമീതേ കൂടി വെള്ളത്തുള്ളികള്‍ ഉരുണ്ടുരുണ്ട് ഓടി നടക്കുന്നതാസ്വദിച്ച് നിന്നു അണ്ണാരക്കണ്ണന്‍.

ആമ അവന് അണ്ണാരക്കണ്ണനെ പരിചയപ്പെടുത്തിയപ്പോള്‍ വരാല്‍ ചിരിച്ചു. “നിലത്തിരിപ്പുറക്കാതെ എപ്പോഴും ചാടിമറിഞ്ഞു ‘ചില്‍ ചില്‍,’ എന്നു ചിലച്ചോണ്ടു നടക്കുന്ന ഇവനെ ഞാന്‍ മിക്കദിവസവും കാണാറുണ്ടല്ലോ. പക്ഷേ ഇവന്റെ പേര് അണ്ണാരക്കണ്ണന്‍ എന്നാണെന്ന് ആമക്കുട്ടാ, നീ പറഞ്ഞപ്പോഴാണ് കേട്ടോ, എനിയ്ക്ക് മനസ്സിലായത്.”

“ഒരു വാലും രണ്ടു ചിറകും മാത്രമുണ്ടായിരുന്നിട്ടും നീ വെള്ളത്തില്‍ എത്ര അഭ്യാസങ്ങളാ കാണിയ്ക്കുന്നത് എന്നെനിയ്‌ക്കെപ്പോഴും അത്ഭുതമാ വരാലേ,” എന്നു പറഞ്ഞു അണ്ണാരക്കണ്ണന്‍.

വരാലപ്പോള്‍, ‘നിനക്കു കാണണോ എന്റെ വെള്ളത്തിലഭ്യാസങ്ങള്‍,” എന്നു ചോദിച്ചു.

“വേണം, വേണം” എന്ന് അവന്റെ ‘ചില്‍ ചില്‍’ ഭാഷയില്‍ അണ്ണാരക്കണ്ണന്‍ പറഞ്ഞതും വരാല്‍, നീളത്തില്‍ വട്ടത്തില്‍ ഒക്കെ നീന്തലും ചാട്ടവും ഒക്കെയായി അണ്ണാരക്കണ്ണനെ രസിപ്പിയ്ക്കാന്‍ തുടങ്ങി.

താമരയിലകളുടെ ഇടയിലൂടെ നീന്തി വന്ന് മുകളിലേയ്ക്ക് കഴുത്തു നീട്ടി കുഞ്ഞുമീന്‍കൂട്ടങ്ങളെ അവന്‍ ചിതറിയോടിക്കുന്നതു കണ്ട് അണ്ണാരക്കണ്ണന് രസം പിടിച്ചു. അവന്‍ ‘ചില്‍ ചില്‍’ എന്ന് ചിരിയോടു ചിരിയായി.

priya as, childrens stories , iemalayalam


പക്ഷേ അതിനിടെ എത്തിയല്ലോ എവിടെ നിന്നോ ഒരു വെള്ളക്കൊക്ക്. അവനെ കണ്ടതും വരാല്‍ ആകെ പേടിച്ച് വെള്ളത്തിലൂടെ ഊളിയിട്ട് എങ്ങോട്ടോ പോയി മറഞ്ഞു. അവന്‍റെ പുറകേ ആമയും വെള്ളത്തിലപ്രത്യക്ഷനായി.

കൊക്കുകള്‍ മീനിനെ പിടിച്ച് സാപ്പിടുന്നവരാണ് എന്ന് അണ്ണാരക്കണ്ണനറിയാമായിരുന്നു. അവന്‍ മരക്കൊമ്പിലിരുന്ന് പല തവണ കണ്ടിട്ടുണ്ട് കൊക്കുകള്‍ കുളക്കരയില്‍ ഒന്നുമറിയാത്ത പാവത്താന്മാരെപ്പോലെ തപസ്സു ചെയ്യുന്നതും ഒറ്റ റാഞ്ചലിന് മീനിനെ പിടിച്ച വിഴുങ്ങുന്നതുമൊക്കെ.

ഏതായാലും ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല എന്നു കണ്ട അവന്‍ കുളക്കരയില്‍ നിന്ന് അവന്റെ മരക്കൊമ്പത്തേയ്ക്ക് ചാടിയോടാന്‍ തുടങ്ങുകയായിരുന്നു.

അപ്പോള്‍ കൊക്ക് അവനോട് കഴുത്തു നീട്ടിച്ചോദിച്ചു, “ഇവിടുത്തെ ആ വാരല് ഇപ്പോഴും ഈ കുളത്തില്‍ തന്നെയില്ലേ? ഞാനവനെ നോക്കി വന്നതാ. എത്ര നാളായെന്നോ അവനെന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു നടക്കുന്നു. ഒരു വരാലിനെത്തിന്നാന്‍ കൊതിയായിട്ടെനിയ്ക്ക് വയ്യ.”

എന്നിട്ട് കൊക്ക് രഹസ്യമായി അണ്ണാനോട് ചോദിച്ചു “അവനെ പിടിക്കാന്‍ എന്താ ഒരു വഴി?”

അണ്ണാന്‍ പറഞ്ഞു, ‘അവനിപ്പോ ഇവിടെയില്ല. അവനെ വീട്ടുകാര്‍ വീട്ടിനുള്ളിലെ ഫിഷ് പോണ്ടിലാക്കിയിരിക്കുകയാ നിന്നെ പേടിച്ച്. വീടുകള്‍ക്ക് വാതിലും ജനലും മേല്‍ക്കുരയുമൊക്കെയുണ്ട്. നിനക്ക് കടക്കാനേ പറ്റില്ല വീടിനകത്തേക്ക്.”

‘ശ്ശെടാ, പണി പറ്റിച്ചല്ലോ ഈ വീട്ടുകാര്‍,’ എന്നു വിചാരിച്ച് കൊക്ക് ദൂരേക്കെവിടേയ്‌ക്കോ പറന്നുപോയി.

‘നല്ല കൂട്ടുകാരെ രക്ഷിയ്ക്കാനായിട്ടാണെങ്കില്‍ ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു ചെറു നുണ പ്രയോഗിക്കലൊക്കെയാവാം’ എന്നു മുത്തശ്ശി പറഞ്ഞത് ഓര്‍ത്തു കൊണ്ട് അണ്ണാരക്കണ്ണന്‍ അവന്റെ സ്ഥിരം താവളമായ മാവിന്‍കൊമ്പിലേയ്‌ക്കോടിപ്പോയി.

പിന്നെ അവിടെയിരുന്ന് പതിവിന്‍പടി ലോകനിരീക്ഷണം തുടങ്ങി .
താമരയിലകള്‍ക്കിടയില്‍ നിന്ന് രണ്ടാമക്കണ്ണുകളും രണ്ടു വരാല്‍ക്കണ്ണുകളും അവനെ നന്ദിയോടെ നോക്കുന്നത് പക്ഷേ അവന്‍ കണ്ടില്ല.

അവര്‍ ‘നന്ദി, ഒത്തിരി സന്തോഷം’ എന്നൊക്കെ വിളിച്ചു പറഞ്ഞതും അവന്‍ കേട്ടില്ല. വെറുതെ ‘ചില്‍ ചില്‍,’ ബഹളം വയ്ക്കുകയായിരുന്നല്ലോ അവനപ്പോള്‍.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible kulathin karayile visheshangal

Next Story
മറിയം,പട്രീഷ്യ, അറുമുഖന്‍, ഉമ്മുഖൊല്‍സു,പങ്കി,ചിലങ്ക-കുട്ടികളുടെ നോവൽ നാലാംഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com