/indian-express-malayalam/media/media_files/uploads/2021/05/priya-03-16.jpg)
വീട്ടുകാര്‍ കൂട്ടിലിട്ട് വളര്‍ത്തുന്നതായിരുന്നു ആ മുയല്‍. ഛോട്ടു എന്നായിരുന്നു അവന്റെ പേര്.
വൈകുന്നേരം ആ വീട്ടുകാര്‍ കൂട്ടിനകത്തുനിന്ന് തുറന്നു പുറത്തുവിടും. അപ്പോ വീട്ടുമുറ്റത്തെ പുല്‍ത്തകിടിയിലൂടെ അവന്‍ ഓടിപ്പാഞ്ഞു നടക്കും.
'ഇതാരാ ഇവിടെങ്ങും കാണാത്ത ഈ പുതിയ ആള്?' എന്ന മട്ടില്‍ അപ്പോഴവിടെ ഒരു കീരി വരും. എന്നിട്ട് കീരിയും അവന്‍റെ ഒപ്പം അവിടെ കൂടി ഓടി നടക്കും.
ചിലപ്പോഴൊക്കെ അവര്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കും. 'നിന്‍റെ രൂപമെന്താ ഇങ്ങനെ? നിന്‍റെ നിറമെന്താ ഇങ്ങനെ? നിന്‍റെ പല്ലെന്താ ഇങ്ങനെ?' എന്നൊക്കെ അവര്‍ പരസ്പരം ചോദിക്കുകയായിരിക്കും.
മുയലിന്റെ ഓട്ടം, ചാട്ടം എന്നീവക എക്‌സര്‍സൈസ് കഴിയുമ്പോള്‍, അവനെ വീട്ടുുകാര്‍ പിടിച്ച് വീണ്ടും കൂട്ടിനകത്താക്കും. നിന്നു തിരിയാനുള്ള സ്ഥലമേയുള്ളു അവന്റെ കൂട്ടില്‍.
അതു കാണുമ്പോ കീരിയ്ക്ക് സങ്കടം തോന്നും. വീട്ടിനകത്തെ കൂട്ടില്‍ അവന് എപ്പോഴും ക്യാരറ്റോ കാബേജോ ഒക്കെ തിന്നാന്‍ റെഡിയാക്കി വച്ചിട്ടുണ്ടാവും വീട്ടുകാര്‍.
'വേറെ ഏതെങ്കിലും ജീവി കടന്നു ചെന്ന് അവനെ ഉപദ്രവിക്കുമെന്ന പേടിയും വേണ്ടല്ലോ കൂട്ടിനകത്ത് അവനെ താമസിപ്പിയ്ക്കുമ്പോള്‍' എന്നു വിചാരിയ്ക്കുന്നുണ്ടാവും ആ വീട്ടുകാര്‍.
'പക്ഷേ ആ നിന്നുതിരിയാന്‍ മാത്രമിടമുള്ള ആ ഇത്തിരിസ്ഥലത്ത് താമസിയ്ക്കുമ്പോള്‍ അവന് ശ്വാസം മുട്ടില്ലേ,' എന്ന് കീരിയക്ക് നല്ല സംശയമുണ്ട്.
മുയലിന്റെ കൂട് വീടിന്റെ മുന്‍വശത്താണ് വീട്ടുകാരെപ്പോഴും കൊണ്ടുവയ്ക്കുക. അതു കൊണ്ട് ഒരു ഗുണമുണ്ട്. അവന് ആകാശം കാണാം, മരങ്ങള്‍ കാണാം... വീട്ടുമുറ്റത്തേയ്ക്കു വരുന്ന കിളികളെയും അണ്ണാരക്കണ്ണനെയും ഒക്കെ കാണാം.
/indian-express-malayalam/media/media_files/uploads/2021/05/priya-01-16.jpg)
അവരെയൊക്കെ കീരി, ഛോട്ടുവിന് പരിചയപ്പെടുത്തികൊടുത്തിട്ടുണ്ട്. അണ്ണാരക്കണ്ണനും മുയലായ താനും തമ്മില്‍ നല്ല സാമ്യമുണ്ടെന്നാണ് ഛോട്ടു വിചാരിക്കാറ് എന്നാണ് കീരിയ്ക്ക് തോന്നാറ്. രണ്ടിനും ഒരു ഇരിയ്ക്കപ്പൊറുതിയുമില്ലല്ലോ. രണ്ടും അനങ്ങാതിരിയ്ക്കുന്ന പ്രശ്‌നമേയില്ല.
പക്ഷേ കരിയിലാംപീച്ചിക്കിളികളുടെ നിര്‍ത്താതെയുള്ള ചിലപ്പ്, ഛോട്ടുവിന് തീരെ ഇഷടമില്ല എന്നാണ് കീരി വിചാരിക്കുന്നത്. അവര് ബഹളം തുടങ്ങുമ്പോള്‍ മത്രമാണ് ഛോട്ടു കൂടിന്റെ മൂലയില്‍ പോയി ചെവിയും താഴ്ത്തി അനങ്ങാതിരിക്കുക.
അവനവരെ പേടിയാണെന്നു തോന്നുന്നു. 'മുയലുകള്‍ കിളികളെ പേടിയ്‌ക്കേണ്ട ആവശ്യമില്ല,' എന്ന് കീരി അവനോട് പറഞ്ഞു നോക്കാറുണ്ട്. പക്ഷേ അവനാ ചെവിയും താഴ്ത്തിയുള്ള ഇരിപ്പ് മാറ്റാന്‍ കൂട്ടാക്കാറേയില്ല. കിളികള്‍ പോകും വരെ അവനാ ഇരിപ്പു തുടരും.
ഇടക്കിടെ മുന്‍വശത്തെ ചെടികളില്‍ പ്രത്യക്ഷപ്പെടുന്ന ഓന്തിനെ അവന് വലിയ ഇഷ്ടമാണ് എന്നും തോന്നാറുണ്ട് കീരിയ്ക്ക്. അവനെങ്ങനെയാണ് ദിവസംതോറും ഇങ്ങനെ മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ പലതരം നിറങ്ങളിലേയ്ക്ക് നിറം മാറുന്നത് എന്ന് അവന് സംശയവും അത്ഭുതവും ഉണ്ടെന്നു തോന്നുന്നു.
ഓന്ത് ഇടയ്ക്കിടയ്‌ക്കോടി വന്ന് മുയലിന്റെ കൂടിനു മുമ്പില്‍ അവനെയും നോക്കി തലയുയര്‍ത്തി ഇരിക്കുന്നതു കാണാം.
'ഒരു പരുന്തെന്നെ ഇന്ന് പിടിക്കണ്ടതായിരുന്നു. അത്, കൂര്‍ത്ത കൊക്കും പിളര്‍ന്ന് എന്റെ നേരെ താഴ്ന്ന് പറന്നു വന്നു... ഒരു വിധമാ ഞാന്‍ രക്ഷപ്പെട്ടത്' എന്നൊക്കെയാണെന്നു തോന്നുന്നു അവന്‍ ഉണ്ടക്കണ്ണു മിഴിച്ച് പറയാറുള്ളത്.
'കുഞ്ഞായിരുന്നപ്പോ, ഞാന്‍ എന്റെ അമ്മയുടെ കൂടെ വേറെ ഒരു വീട്ടിലായിരുന്നല്ലോ, അവിടുന്ന് വാങ്ങിച്ചതാണല്ലോ ഇവരെന്നെ, അന്നാ വീട്ടില്‍ വച്ച് മുറ്റത്തു കൂടെ ഞങ്ങള്‍ കുട്ടികള്‍ പാഞ്ഞോടി നടക്കുമ്പോ ഞങ്ങളിലൊരുത്തനെ ഈ പരുന്ത് പിടിച്ചോണ്ടു പോയിട്ടുണ്ട്. എനിക്കവന്‍റെ മുഖമോര്‍മ്മയില്ല, പക്ഷേ ചിറകടി ഓര്‍മ്മയുണ്ട്,' എന്നൊക്കെയാവും മുയല്‍, ആ ഓന്തിനോട് അവന്റെ ചോന്ന കണ്ണില് നിറയെ പേടി നിറച്ച് പിന്നെയും പറയുന്നത്.
അങ്ങനെയൊക്കെയാവും ഓന്തും മുയലും തമ്മിലുള്ള സംഭാഷണം എന്നു വിചാരിച്ച് ഓന്തിനെയും മുയലിനെയും നോക്കിക്കൊണ്ടും മുറ്റത്തെ കാര്‍പ്പോര്‍ച്ചില്‍ കിടന്ന വെള്ളം നക്കിക്കുടിച്ചു കൊണ്ടും കീരി നില്‍ക്കുകയായിരുന്നു ഇന്നാളൊരു ദിവസം. അപ്പോഴുണ്ട്,തുറന്നിട്ട ഗേറ്റിലൂടെ ഒരു കാള കടന്നു വരുന്നു, എന്നിട്ട് മുറ്റത്തെ ചെടിയൊക്കെ തിന്നാനാരംഭിക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/05/priya-02-16.jpg)
റോഡില്‍ക്കൂടിപ്പോകുന്ന കാളയെ റോഡിനു കുറുകേ ഒരു പറമ്പില്‍ നിന്നു വേറൊരു പറമ്പിലേയ്ക്കു പായുന്നതിനിടെ കീരി വല്ലപ്പോഴും കണ്ടിട്ടുണ്ടെന്നല്ലാതെ അതുവരെയും അടുത്തു കണ്ടിട്ടുണ്ടായിരുന്നില്ല.
മുറ്റത്തെ മൂലയിലിരിക്കുന്ന കീരിയുടെ നേര്‍ക്ക് കാള കൊമ്പും കുലുക്കി ഒരു വരവ്. കീരിയാകെ പേടിച്ചു പോയി. ഒരു പക്ഷേ കാളയും ജീവിതത്തിലാദ്യമായാവും മുയലിനെ കാണുന്നത്. അവന്റെ ചോപ്പുകണ്ണും ഇരിപ്പും കണ്ട് കാളയാണോ പേടിച്ചു പോയതെന്നുമറിയില്ല, കേട്ടോ.
അവന്‍ പരക്കം പാഞ്ഞോടിച്ചാടി മതിലിനു മുകളിലേയ്ക്കു കയറി അപ്പുറത്തെ പറമ്പിലേയ്ക്കു രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.
കീരി ഓടി രക്ഷപ്പെട്ടതിന്റെ ദേഷ്യം അവന്‍ തീര്‍ത്ത് മുന്‍വശത്ത് കൂടിനകത്ത് ഇരുന്ന മുയലിനോടാണ്. .ആ കാള, കൊമ്പും കുലുക്കി വന്ന് മുയലിന്റെ കൂട് കുത്തി മറിച്ചു. അവന്റെ കുത്തിമറിയ്ക്കലിന്‍റെ ശക്തി കാരണം മുയല്‍ക്കൂടിന്റെ വാതില്‍ തുറന്നു പോയി.
'ഇതെന്തൊരു ജീവി, ഇതെന്ത് ഭൂകമ്പം വന്നാണോ എന്റെ കൂടു മറിഞ്ഞു പോയത്,' എന്നൊക്കെ ആധി പിടിച്ച മുയല് കാളയുടെ കൊമ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്നു പറഞ്ഞാമതിയല്ലോ.
അവന്‍, കാളക്കൊമ്പിന്റെ മൂര്‍ച്ചയില്‍ നിന്ന് തലനാരിഴയ്ക്ക് തെന്നിമാറി ഓടടാ ഓട്ടം അകത്തേയ്ക്ക്. അത്രയും സംഭവങ്ങള്‍ മതിലിനു മുകളിലിരുന്ന് കീരി കണ്ടു.
പിന്നെ അവിടെ ആ കാളയ്‌ക്കെന്തു സംഭവിച്ചു, മുയലിനെന്തു സംഭവിച്ചു എന്ന് അവന് കാണാമ്പറ്റിയില്ല . അതിനകം അവന്‍ അപ്പുറത്തെ പറമ്പിലേയ്ക്ക് ചാടിക്കഴിഞ്ഞിരുന്നല്ലോ.
പക്ഷേ അപ്പോഴത്തേയ്ക്ക്, അവിടെ നടന്ന സംഭവങ്ങളൊക്കെയറിഞ്ഞ് കരിയിലാംപീച്ചിക്കിളികള്‍ മതിലിന്മേല്‍ നിരനിരയായി ഇരുന്ന് ചിലയ്ക്കാന്‍ തുടങ്ങിയല്ലോ. ആ പാവം ഛോട്ടുമയലിനെ കളിയാക്കലാവും അവരുടെ ഉദ്ദേശ്യം.
'ആപത്ത് എപ്പോ വേണേലും ആര്‍ക്കു വേണേലും വരാം, അതിനിത്ര കളിയാക്കാനും ബഹളം വയ്ക്കാനുമുണ്ടോ?' എന്നു കീരി പലതവണ ചോദിച്ചു നോക്കി.
പക്ഷേ അവര്‍ മുയലിനെ കളിയാക്കി കളിയാക്കി അവന് യാതൊരു സ്വൈര്യവുമില്ലാതാക്കുന്നതും ഛോട്ടുമുയല്‍ ചെവി പൊത്തി വീടിന്റെ മൂലയില്‍ പോയിരിക്കുന്നതും മതിലിന്റെ ഒരു തുളയില്‍ കൂടി അവന്‍ കണ്ടു.
ഏതായാലും കാള, ഛോട്ടുവിന്റെ കൂടു തകര്‍ത്തത് നന്നായി, ഇനി പുതിയ കൂടു വീട്ടുകാര്‍ വാങ്ങും വരെ അവനോടിക്കളിക്കാമല്ലോ വീടിനകത്തും മുറ്റത്തും.
അങ്ങനെ കുറച്ചു നാള്‍ അവനെ സ്വതന്ത്രമായി വിട്ടു കഴിയുമ്പോള്‍ ഇനി അവനെ കൂട്ടിലടയ്‌ക്കേണ്ട, ഇനി അവനിങ്ങനെ ഓടിക്കളിച്ചു വളരട്ടെ എന്നു വീട്ടുകാര്‍ വിചാരിക്കാനും മതി.
ഇതാണെന്നേ പറയുന്നത്, ചില ആപത്തുകള്‍ നന്മകള്‍ കൊണ്ടുവരും എന്ന്. അങ്ങനെയൊക്കെയാണ് നമ്മുടെ കീരിയുടെ ആലോചനകള്‍.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us