അന്ന എന്നും രാത്രി കഥ കേട്ടാണുറങ്ങുന്നത്.
അമ്മയാണ് കഥ പറച്ചിലുകാരി.
ചിലപ്പോ അമ്മ, ഉണ്ടാക്കിക്കഥ പറഞ്ഞു കൊടുക്കും. ചിലപ്പോ പുസ്തകത്തില്‍ നിന്നോ ഫോണില്‍ നിന്നോ കഥ വായിച്ചു കൊടുക്കും.
അന്നയുടെ കൂടെ, അവരുടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെയിരുന്ന് കഥ കേള്‍ക്കുന്ന വേറൊരാളുണ്ട്. അതാരാണെന്നോ? ഒരു നിശാശലഭം.
നിശ എന്നു പറഞ്ഞാല്‍ രാത്രി. ശലഭം എന്നു വച്ചാല്‍ പൂമ്പാറ്റ. അതായത് ഒരു രാത്രിപ്പൂമ്പാറ്റ. രാത്രിപ്പൂമ്പാറ്റയ്ക്ക് പകല്‍പ്പൂമ്പാറ്റകളെപ്പോലെ ഭംഗിയുള്ള ഡിസൈനുകളും നിറങ്ങളുമില്ല.
അതെന്താണെന്നറിയാമോ? നല്ല നിറവും ഭംഗിയുമൊക്കെയുണ്ടെങ്കിലവന്‍ പെട്ടെന്നുതന്നെ മറ്റു ജീവികളുടെ കണ്ണില്‍പ്പെടും. അവനെ വേഗം കണ്ടുപിടിക്കാനും കറുമുറ എന്നു തിന്നാനും അവന്റെ ശത്രുക്കളായ പല്ലിയ്‌ക്കൊക്കെ ഭയങ്കര എളുപ്പമാവും.
നിറവും ഭംഗിയും തീരെ ഇല്ലാത്തുകൊണ്ട് ഒരു കരിയില പോലെ ഒതുങ്ങി എവിടെയെങ്കിലും ഒരു മൂലയില്‍ പതുങ്ങിയിരുന്ന്, ശത്രുക്കളുടെ ആരുടെയും കണ്ണില്‍പ്പെടാതെ അവന് സുഖമായി ജീവിച്ചു പോവാം. അതൊരു നല്ല കാര്യമല്ലേ?
അന്നയ്ക്ക് അമ്മ പറഞ്ഞുകൊടുക്കുന്ന കഥ അവനിരുന്ന് കേള്‍ക്കുന്ന കാര്യമാണല്ലോ നമ്മള് പറഞ്ഞുവന്നത്. രാത്രിക്കഥ കേട്ടാലേ അവനും ഇപ്പോ ഉറക്കം വരൂ എന്നായിട്ടുണ്ട്.
കുറേ ദിവസമായി അമ്മ ഇപ്പോ, ഫോണിലെ കഥകളാണ് വായിച്ചു കൊടുക്കുന്നത് അന്നയ്ക്ക്. കരിവണ്ടത്താന്‍. മഞ്ഞച്ചേര, പല്ലി, പരുന്ത്, കാക്ക, ആമ, കൊക്ക്, വലിയ മനുഷ്യര്‍, ചെറിയ കുട്ടികള്‍ ഒക്കെയുണ്ട് കഥകളില്‍.
കഥയുടെ ബാക്കിയെന്താവും എന്നാലോചിച്ചാണ് അന്നയും നിശാശലഭവും ഇപ്പോ ഉറങ്ങാറ്.
“ഹാവൂ, ഈ ഫോണില്‍ കഥ വരാന്‍ തുടങ്ങിയതില്‍പ്പിന്നെ എന്റെ കഥയുണ്ടാക്കല്‍ പണിയില്‍നിന്ന് തത്കാലം രക്ഷയായി. എപ്പോഴാണാവോ അവരിത് നിര്‍ത്തുക,” എന്ന് പലപ്പോഴും തന്നത്താന്‍ പറയുന്നതു കേള്‍ക്കാം അമ്മ.
പിയാമ്മ എന്നാണ് കഥയെഴുതുന്ന ആളുടെ പേരെന്ന് അന്ന, രാത്രിപ്പൂമ്പാറ്റയോട് ഒരു ദിവസം പറഞ്ഞു. പിയാമ്മയുടെ ഒരു കഥാപ്പുസ്തകത്തില്‍നിന്ന് ഫോട്ടോയും അഡ്രസും കാണിച്ചു കൊടുക്കുകയും ചെയ്തു.

ഇടയ്ക്ക് നമ്മുടെ രാത്രിപ്പൂമ്പാറ്റയ്ക്ക് ഒരാലോചന വന്നു. ശരിയ്ക്കും പറഞ്ഞാല്‍ ആലോചനയല്ല ഒരു സങ്കടം തന്നെയായിരുന്നു അത്.
കഥയെഴുതുന്ന ഈ പിയാമ്മ ഇതുവരെ ഞങ്ങളെക്കുറിച്ചുള്ള കഥയെഴുതിയിട്ടില്ലല്ലോ, ഭംഗി കുറഞ്ഞവരായതു കൊണ്ടാവുമോ ഞങ്ങളെക്കുറിച്ചൊന്നും മിണ്ടാത്തത് കഥയിലൊന്നും? അതോ പിയാമ്മ നിശാശലഭങ്ങളെന്ന രാത്രിപ്പൂമ്പാറ്റകളെ കണ്ടിട്ടേ ഇല്ലായിരിക്കുമോ?
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ കഥയെഴുത്തുകാരിയെ, ഞങ്ങള്‍ രാത്രിപ്പൂമ്പാറ്റകളെക്കുറിച്ചും എഴുതണം കഥ എന്നു ചെന്ന പറഞ്ഞിട്ടു തന്നെ ബാക്കികാര്യം എന്നു നിശ്ചയിച്ചു അവന്‍.
പക്ഷേ അങ്ങോട്ടേയ്ക്കുള്ള വഴി ആരു പറഞ്ഞു കൊടുക്കും ?
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു രാത്രി അന്ന, അവളുടെ അമ്മയോട് ”എനിക്ക് ഈ കഥയൊക്കെ എഴുതുന്ന പിയാമ്മയെ കാണണം, എന്നെയൊന്നു കൊണ്ടുപോവുമോ,” എന്നു ചോദിച്ചത്. അപ്പോ അമ്മ , ”അതിനെന്താ കൊണ്ടുപോവാല്ലോ,” എന്നു പറയുകയും പിയാമ്മയെ ഫോണില്‍ വിളിച്ച് വഴി ചോദിക്കുകയും ചെയ്തു.
പിയാമ്മ, ഗൂഗിള്‍ മാപ്പിലെ വഴി ഷെയറു ചെയ്തു കൊടുത്തു അന്നയുടെ അമ്മയ്ക്ക്. അമ്മ അത് ഓപ്പണ്‍ ചെയ്ത് വഴി നോക്കിക്കൊണ്ടിരിക്കുമ്പോ നമ്മുടെ രാത്രിപ്പൂമ്പാറ്റ അടുത്തുചെന്നിരുന്ന് മാപ്പ് നോക്കി വഴി കണ്ടുപഠിച്ചു.
പിറ്റേന്നു തന്നെ അവന്‍ അങ്ങോട്ടേയ്ക്ക് പോയി. എളുപ്പമായിരുന്നു വഴി കണ്ടുപിടിക്കാന്‍. തന്നെയുമല്ല വളരെ അടുത്തുമായിരുന്നു വീട്.
ലാന്‍ഡ് മാര്‍ക്കായി പിയാമ്മ പറഞ്ഞു കൊടുത്ത അമ്പലവും സൂപ്പര്‍ മാര്‍ക്കറ്റും ചെടികളുടെ നേഴ്‌സറിയും ഒക്കെ കണ്ടുകണ്ട് അവന്‍ ആ വീട്ടില്‍ ചെല്ലുമ്പോള്‍ സമയം വൈകുന്നേരം.
പിയാമ്മ ഓഫീസില്‍നിന്നു വന്നിട്ടല്ലായിരുന്നു. വാതിലില്‍ ചെന്ന് ചിറകടിച്ചു നിന്നപ്പോ, ”എന്താ ഒരു കുഞ്ഞു ശബ്ദം,” എന്നോര്‍ത്ത് പിയാമ്മയുടെ അമ്മ വാതില്‍ തുറന്നു.
”ദേ, ഒരു നിശാശലഭം, ഇതെന്താ ഇത് നല്ല പകല്‍ വെളിച്ചത്തില്‍ വന്നത്,” എന്നു തന്നത്താന്‍ ചോദിച്ചുകൊണ്ട് പിയാമ്മയുടെ അമ്മ നിന്ന തക്കത്തില്‍ അവനകത്തു കയറി.
പിയാമ്മയുടെ അച്ഛന്‍ എന്തോ വായിയ്ക്കുകയും തുരുതുരാ എഴുതുകയും ചെയ്യുകയായിരുന്നു. കഥയായിരിക്കുമോ എന്നു സംശയിച്ച് നിശാശലഭം ഒന്നെത്തിനോക്കിയെങ്കിലും എഴുത്തിലുള്ള ശ്രദ്ധ കാരണം പിയാമ്മയുടെ അച്ഛന്‍ അവനെ ശ്രദ്ധിച്ചതേയില്ല.
”ആരോടാ അമ്മൂമ്മ വര്‍ത്തമാനം പറയുന്നത്,” എന്നു ചോദിച്ചു പിയാമ്മയുടെ മകന്‍ മുകളില്‍ നിന്ന്.
”ഒരു നിശാശലഭത്തിനോട്, കുഞ്ഞുണ്ണീ,” എന്നു പറഞ്ഞു അമ്മൂമ്മ.
”ആഹാ, അവനെ അമ്മൂമ്മ വളര്‍ത്തുന്ന പല്ലി പിടിക്കാതെ നോക്കിക്കോണം കേട്ടോ,” എന്നു അപ്പോ ആ കുഞ്ഞുണ്ണിച്ചേട്ടന്‍ ചിരിച്ചു.
രാത്രിശലഭത്തിന്, പല്ലികള്‍ എന്നു കേട്ടതും പേടിയായി. അവന്‍ അപ്പൂപ്പന്റെ മാഗസിനുകള്‍ക്കു പിന്നില്‍ പതുങ്ങിയിരുന്ന് അതിനിടെ ഒന്നു മയങ്ങിപ്പോയി.
പിന്നെ നോക്കുമ്പോ നല്ല ലൈറ്റുണ്ട് വീട്ടില്‍. രാത്രിയായതും വീട്ടുകാര്‍ ലൈറ്റിട്ടതും പിയാമ്മ വന്നതും കുളിയും കാപ്പികുടിയുമൊക്കെ കഴിഞ്ഞ് കഥയെഴുതാനിരുന്നതും ഒന്നും അവനറിഞ്ഞതേയില്ല ഉറക്കത്തിനിടയില്‍.
അവന്‍ പെട്ടെന്ന് പിയാമ്മ എഴുതാനിരിക്കുന്നതെവിടെയാണെന്ന് നോക്കി പറന്നു.
കമ്പ്യൂട്ടറിനു മുന്നിലിരിപ്പായ പിയാമ്മയുടെ തലമുടിയില്‍, ‘ഇതു ഞാനാ, ഒരു രാത്രിപ്പൂമ്പാറ്റ,’ എന്നു സ്‌നേഹത്തോടെ പറയും മട്ടില്‍ അവന്‍ ചെന്നിരുന്നു.

പിയാമ്മ എഴുത്തു നിര്‍ത്തി തല ചെരിച്ച് അവനെ ഒന്നു നോക്കി. എന്നിട്ട് അത്ഭുതത്തോടെ ചോദിച്ചു, ”ഇന്ന് ഞാന്‍ ഒരു രാത്രിപ്പൂമ്പാറ്റയെക്കുറിച്ച് കഥയെഴുതുകയാണെന്ന് നീയെങ്ങനെ അറിഞ്ഞു? പത്രാധിപരും കൂട്ടികളും അവരുടെ വീട്ടുകാരും വായിക്കുന്നതിനു മുൻപ് അതു വായിച്ചു കേള്‍ക്കാന്‍ വന്നതാണോ നീയ്?”
‘സന്തോഷം കൊണ്ടെനിയ്ക്ക് ഇരിയ്ക്കാന്‍ വയ്യേ,’ എന്ന മട്ടിലായി അവന്‍. അവന്‍ പതുക്കെ പിയാമ്മയുടെ തലമുടിയില്‍ നിന്നെണീറ്റ് പിയാമ്മയുടെ കഴുത്തിലിരുന്നു.
അതവന്റെ ഉമ്മയാണെന്ന് പിയാമ്മയ്ക്ക് പെട്ടെന്ന് മനസ്സിലായി. ”നിന്നെക്കുറിച്ചുള്ള കഥയ്ക്ക് സമ്മാനമാണേല്ല? ഇരിക്കൂ കേട്ടോ. ഇപ്പോ എഴുതിക്കഴിയും കഥ. തീര്‍ന്നാലുടന്‍ നിന്നെ വായിച്ചു കേള്‍പ്പിക്കാം,” എന്നു പറഞ്ഞു ചിരിച്ചു പിയാമ്മ.
അന്നയേക്കാള്‍ മുമ്പേ എല്ലാ കഥയും വായിക്കാനായി ഇവിടെ താമസിയ്ക്കണോ അതോ തന്നെ കണ്ടില്ലെങ്കില്‍ അന്നയ്ക്ക് സങ്കടമാവുമോ എന്നാലോചിച്ച്, പിയാമ്മ രാത്രിപ്പൂമ്പാറ്റക്കഥ എഴുതിത്തീരുന്നതും കാത്ത് അവനാ കമ്പ്യൂട്ടറിന്റെ ഒരു സ്പീക്കറില്‍ അക്ഷമനായി ഇരിക്കുകയാണ് ഇപ്പോഴും.
പിയാമ്മ വേഗം കഥയെഴുതി അവനെ വായിച്ചു കേള്‍പ്പിക്കുമായിരിയ്ക്കും ഇല്ലേ?