വൈകുന്നേരം അപ്പൂപ്പന് പലചരക്ക് കടയില്‍പോക്ക് പതിവുണ്ട്. പഴം, പച്ചക്കറി, കല്യാണിയ്ക്ക് ബിസ്ക്കറ്റ് അങ്ങനെ എന്തെങ്കിലുമൊക്കെ വാങ്ങിക്കാന്‍ കാണും എന്നും.
കടയില്‍ പോകുമ്പോള്‍ അവിടെ അപ്പൂപ്പന്റെ ഏതെങ്കിലുമൊക്കെ പരിചയക്കാര് കാണും. അവരോട് ഓരോന്ന് മിണ്ടിപ്പറയുന്നതും അപ്പൂപ്പന് ഒരു സന്തോഷമാണ്.
പക്ഷേ ഇന്ന് അപ്പൂപ്പന് പനിയാണ്. വീട്ടിലേയ്ക്ക് അത്യാവശ്യമായി പഴം വേണം, പിന്നെ സവാളയും ചേനയും കൂടി വേണം.
“എന്നാല്‍ ഞാന്‍ പോകാം,” എന്നു പറഞ്ഞ് അമ്മ കടയില്‍ പോകാന്‍ റെഡിയാകാന്‍ തുടങ്ങുമ്പോഴാണ് കല്യാണി പറഞ്ഞത് “ഇന്ന് ഞാന്‍ പോകാം കടയില്‍. എന്റെ സൈക്കിളില്‍ പോകാം. അപ്പൂപ്പന് ഇന്ന് വയ്യല്ലോ? ജോലി കഴിഞ്ഞു വന്നതല്ലേയുള്ളൂ, ഇനീം പുറത്തു പോയി അമ്മ ക്ഷീണിയ്ക്കണ്ട.”
“കല്യാണിയ്ക്ക് കടയില്‍ പോകാനും സാധനങ്ങള്‍ നല്ലതു നോക്കി വാങ്ങാനും അറിയുമോ,” എന്നു സംശയിച്ചു അമ്മൂമ്മ.
“അങ്ങനെ ചെയ്തു ചെയ്തല്ലേ എല്ലാവരും ഓരോന്നു പഠിയ്ക്കുന്നത്,” എന്നു ചോദിച്ചു അമ്മ.
അമ്മ, കല്യാണിയുടെ കൈയില്‍ പൈസ കൊടുത്തു. സാധനങ്ങള്‍ വാങ്ങാന്‍ തുണിസഞ്ചിയും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും കൊടുത്തു അമ്മൂമ്മ.

‘മഴ വന്നാലോ,’ എന്നു വിചാരിച്ചു കല്യാണി തൊപ്പിയെടുത്തു സൈക്കിളിന്റെ കരിയര്‍ ബാസ്ക്കറ്റില് വച്ചു. രൂപ ഒരു പോക്കറ്റിലും സാധനങ്ങളുടെ ലിസ്റ്റ് മറ്റേ പോക്കറ്റിലും ഇട്ടു.
അമ്മൂമ്മ ഗേറ്റു വരെ വന്നു പറഞ്ഞു, “സൂക്ഷിച്ചു പോണേ… റോഡിന്റെ വശം ചേര്‍ന്ന് സൈക്കിളോടിയ്ക്കണേ. വളവുകളില്‍ ബെല്ലടിയ്ക്കണേ. സ്പീഡ് കുറച്ചേ പോകാവൂ കേട്ടോ.”
‘ഈ അമ്മൂമ്മയുടെ ഒരു പേടി,’ എന്ന് അവള്‍ക്ക് ചിരി വന്നു.
“ഞാനിത്ര വലുതായില്ലേ അമ്മൂമ്മേ, പത്തുവയസ്സുകാരിയാ ഞാന്‍ എന്ന് അമ്മൂമ്മ ഇടയ്ക്കിടയ്ക്ക് മറക്കും അല്ലേ? എനിക്ക് കടയിലേയ്ക്ക് സൈക്കിളില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ പറ്റും അമ്മൂമ്മേ. പോരെങ്കിലോ ആകെ അര കിലോമീറ്റര്‍ ദൂരമല്ലേയുള്ളു കടയിലേയ്ക്ക്,” എന്നു പറഞ്ഞു അവള്.
“ശരി, ശരി” എന്നു ചിരിച്ചു കൈവീശി അമ്മൂമ്മ.
കടയില്‍ ആളു വളരെ കുറവായിരുന്നു.
കല്യാണി കൊടുത്ത ലിസ്റ്റുനോക്കി കടക്കാരന് മാമ്മന്‍ ഓരോന്നെടുക്കാനും തൂക്കിനോക്കാനും ഒക്കെ തുടങ്ങി.
അപ്പൂപ്പന്റെ കൂടെ ഇടയ്ക്ക് കടയില്‍ വരുന്നതു കൊണ്ടു കടയിലെ എല്ലാവര്ക്കും കല്യാണിയെ പരിചയമായിരുന്നു.
“അപ്പൂപ്പനെവിടെ മോളെ,” എന്നു ചോദിച്ചു അവരെല്ലാവരും.
‘കടയിലൊക്കെ തനിയേ വന്ന് സാധനം വാങ്ങിപ്പോകാന്‍ തക്ക വലുതായല്ലേ മോള്? ഞങ്ങളിതൊന്നും അറിഞ്ഞില്ലല്ലോ,’ എന്നു അവര്‍ ചോദിച്ചപ്പോള്‍ അവള്‍ക്ക് ശരിയ്ക്കും അഭിമാനം വന്നു.
കടക്കാരന്മാമന് പഴക്കുലയില്‍ തൊട്ടുകൊണ്ട് “ഏതു പഴം വേണം,” എന്നു ചോദിച്ചപ്പോള്‍ അവള്, അവള്‍ക്കറിയുന്ന വാഴപ്പഴങ്ങളുടെ പേര് അവള് ഓര്‍ത്തുനോക്കി. പാളയങ്കോടന്, പൂവന്, ഞാലിപ്പൂവന്.
അപ്പൂപ്പനെപ്പോഴും വാങ്ങാറ് ഞാലിപ്പൂവന് പഴമാണെന്നോര്ത്തു കൊണ്ട് അവള് പറഞ്ഞു “ഞാലിപ്പൂവന് മതി.”
“കിലോയ്ക്ക് എത്രയാ,” എന്നു കൂടി അപ്പൂപ്പന് ചോദിയ്ക്കും പോലെ അവള് ചോദിച്ചു.
“അന്‍പതു രൂപ,” എന്നു പറഞ്ഞു കടക്കാരന്മാമന്.
പിന്നെ സവാള ഒരു കിലോ, ചേന ഒരു കിലോ – രണ്ടും ത്രാസിന്റെ തട്ടില്‍ വച്ച് തൂക്കിയെടുത്തപ്പോള്‍ തൂക്കം കൃത്യമല്ലേയെന്നു നോക്കി കല്യാണി. തൂക്കം നോക്കുന്നതൊക്കെ അവള് അപ്പൂപ്പന്റെ കൂടെ നിന്നു കണ്ടുപഠിച്ചിട്ടുണ്ടെന്നറിയാവുന്ന കടക്കാരന് മാമന്, “എല്ലായിടത്തേക്കും കണ്ണെത്തുന്നുണ്ടല്ലോ ,അപ്പൂപ്പന്റെ കൊച്ചുമകള്‍ തന്നെ,” എന്നു പറഞ്ഞു ചിരിച്ചു.

സാധനങ്ങളുടെ വില വിവരപ്പട്ടിക കടയിലെ ബ്ളാക് ബോര്‍ഡില്‍ എഴുതിയിരിക്കുന്നതില്‍ നിന്നു അവള് സവാള ഒരു കിലോ 30 രൂപ, ചേന ഒരു കിലോ 35 രൂപ എന്നിതിനകം കണ്ടു പിടിച്ച് കണക്കു കൂട്ടാന്‍ തുടങ്ങിയിരുന്നു.
ഞാലിപ്പൂവന് ഒരു കിലോ – 50 രൂപ
സവാള ഒന്നരക്കിലോ -45 രൂപ
ചേന ഒരു കിലോ -35 രൂപ
ആകെ 130 രൂപ എന്നു കണക്കു കൂട്ടി കഴിഞ്ഞിരുന്നു അവളതിനകം. കടക്കാരന് മാമന് ഒരു തുണ്ടുപേപ്പറില് കണക്കെഴുതി കൊടുക്കും മുമ്പേ അവള് ചോദിച്ചു “നൂറ്റുമുപ്പതുരൂപ തരണം അല്ലേ?”
“ആഹാ… അപ്പോഴേയ്ക്ക വിലയൊക്കെ കൃത്യമായി കണ്ടുപിടിച്ചല്ലോ! അപ്പൂപ്പന്റെ കൂടെ ഇടയ്ക്കിടയ്ക്ക് കടയില്‍ വരുന്നതു കൊണ്ട് ഗുണമുണ്ട്,” എന്നു ചിരിച്ചു കടക്കാരന് മാമന്.
അപ്പൂപ്പന് മില്‍ക് പേഡ കഴിയ്ക്കാന്‍ ഇഷ്ടമാണെല്ലോ എന്നോര്‍ത്തു അതിനിടെ അവള് .
“അപ്പൂപ്പന് ഒരു മില്‍ക്ക് പേഡ,” എന്നു കൂടി പറഞ്ഞു.
“ഒരെണ്ണം മോള്ക്കൂ കൂടി ഇരിക്കട്ടെ, അതു കടക്കാരന് മാമന്റെ വക സമ്മാനമായിട്ട്. ഇത്ര നല്ലോണം കണക്കു കൂട്ടിയതിനും അപ്പൂപ്പന് ഇഷ്ടമുള്ള മില്‍ക് പേഡ വാങ്ങാന്‍ മോള് ഓര്‍മ്മിച്ചതിനും,” എന്നു പറഞ്ഞു കടക്കാരന്മാമന് .
“അപ്പോള്‍ ആകെ 135,” എന്നു പറഞ്ഞ് അവള് അമ്മയേല്പിച്ച ഇരുനൂറു രൂപ കൊടുത്ത്, ബാക്കി 65 രൂപ തിരികെ വാങ്ങി.
“ശരിയല്ലേ,” എന്നു ചോദിച്ചു കടക്കാരന് മാമന്.
“135 പ്ളസ് 65 സമം ഇരുനൂറ്,” എന്നു പറഞ്ഞവള്‍ തലയാട്ടി.
വാങ്ങിയ സാധനങ്ങളെടുത്തു ബാസ്ക്കറ്റില് വച്ചു തിരികെ സൈക്കിളോടിയ്ക്കുമ്പോള് കല്യാണി വിചാരിച്ചു, അപ്പൂപ്പന് സന്തോഷമാവുക മിടുക്കിയായി കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയതിനോ അതോ അവളോര്മ്മിച്ച് അപ്പൂപ്പനേറ്റവും ഇഷ്ടപ്പെട്ട മില്‍ക് പേഡ വാങ്ങിയതിനോ?
അപ്പൂപ്പന്റെ മുഖം ചിരി കൊണ്ട് നിറയുന്നതോര്ത്ത് അവൾക്കാകെ സന്തോഷമായി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം