Latest News

കളിയുടെ തമ്പുരാക്കന്മാർ

എല്ലാ വീടും അവരവരുടെയാണെന്നു തോന്നുന്ന കുട്ടിക്കാലം, കളിയ്ക്കാൻ ജനിച്ചവരാണ് തങ്ങളെന്നു തോന്നുന്ന കുട്ടിക്കാലം , കളികളുടെ കിരീടമില്ലാത്ത തമ്പുരാക്കന്മാരായി കുട്ടികൾ. അങ്ങനെയൊരു കഥയാവട്ടെ ഇന്ന്

priya as, childrens stories , iemalayalam

കണ്ണും തിരുമ്മി രാവിലെ എഴുന്നേറ്റു വരുന്നതേ ഉണ്ടായിരുന്നുള്ളു രവി.

കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അവന്‍ ക്‌ളോക്കില്‍ നോക്കി. അവന്‍ തലയില്‍ കൈ വച്ച് സ്വയം പറഞ്ഞു പോയി, “അയ്യോ മണി ഒമ്പതായി.”

അവനെ വിളിച്ചുണര്‍ത്താനാവും അപ്പോ അമ്മ ആ വഴിയേ വന്നു. എന്നിട്ട് ഇത്തിരി ദേഷ്യത്തില്‍ പറഞ്ഞു “എന്തിനാ അയ്യോ എന്നു പറയുന്നത്? സമയമങ്ങനെയാ, മുന്നോട്ട് പോയിക്കൊണ്ടിരിക്കും. എട്ടുമണിയ്ക്ക് ഞാന്‍ വന്ന് നിന്നെ വിളിച്ചതാ. ഇപ്പോ എഴുന്നേല്‍ക്കാം, നല്ല രസമുള്ള ഒരു സ്വപ്നം കണ്ടോണ്ടിരിക്കുവാ ഞാന്‍, ഇതൊന്ന് മുഴുവനാക്കിക്കോട്ടെ എന്നു പറഞ്ഞല്ലേ നീ അപ്പോ തിരിഞ്ഞു കിടന്നത്? അതു കഴിഞ്ഞ് ഒരു മണിക്കൂറു കഴിഞ്ഞു ഇപ്പോ മണി ഒമ്പതായി. ഇനീം എഴുന്നേല്‍ക്കാന്‍ ഭാവമില്ലേ നിനക്ക്? അതോ ഒമ്പതു മണിയായേയുള്ളു എന്നു പറഞ്ഞ് വീണ്ടും ചുരുണ്ടു കൂടിക്കിടക്കാനാണോ ഭാവം. ഇനി ഞാന്‍ വരില്ല കേട്ടോ നിന്നെ വിളിയ്ക്കാന്‍.”

അമ്മ നല്ല ദേഷ്യത്തിലാണെന്നു മനസ്സിലായതും രവി ചാടിയെണീറ്റു. പിന്നെ അമ്മയെ പാട്ടിലാക്കാന്‍ അവനമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു, “ഞാനെന്താ അയ്യോ എന്നു പറഞ്ഞതെന്നറിയാമോ അമ്മേ? ഒമ്പതു മണിയ്ക്ക് ശ്യാമിന്റെ വീട്ടില്‍ കളിയ്ക്കാമെന്നു ഇന്നലെ ഞങ്ങളെല്ലാം പറഞ്ഞുറപ്പിച്ചതായിരുന്നു. അവരൊക്കെ എന്നെ കാത്തിരിക്കുകയാവും. ഞാന്‍ അങ്ങോട്ട് പൊക്കൊട്ടെ അമ്മേ?”

priya as, childrens stories , iemalayalam


അമ്മയ്‌ക്കെന്തെങ്കിലും പറയാന്‍ പറ്റും മുമ്പേ ബ്രഷും പേസ്റ്റുമെടുത്ത് പല്ലുതേച്ചു കൊണ്ട രവി, ശ്യാമിന്റെ വീട്ടിലേയ്ക്ക് ഓട്ടമായി.

“ചായ കുടിക്കുകയൊന്നും വേണ്ടേ നിനക്ക്,” എന്നു വിളിച്ചു ചോദിച്ചു അമ്മ.

“അത് ശ്യാമിന്റെ വീട്ടില്‍ നിന്നു കുടിച്ചോളാം,” എന്നു പറഞ്ഞ് മുറ്റത്തു കിടന്ന ഫുട്‌ബോളും എടുത്തുകൊണ്ട് അവനൊറ്റപ്പാച്ചില്‍.

“ഈ പിള്ളേരുടെ ഒരു കാര്യം, കളി, കളി എന്നു തന്നെ വിചാരം സര്‍വ്വസമയവും,” എന്ന് അമ്മ അച്ഛനോട് പറയുന്നതും “പിള്ളേരായിരിയ്ക്കുമ്പോഴല്ലേ കളിയ്ക്കാന്‍ പറ്റൂ. അവര്‍ വേണ്ടത്ര കളിച്ച് വളരട്ടേടോ,” എന്നച്ഛന്‍ മറുപടി പറയുന്നതും ശ്യാമിന്റെ വീട്ടിലേയ്ക്ക് പോകുന്ന പോക്കില്‍ രവി കേട്ടു.

ശ്യാമിന്റെ വീട്ടില്‍ ചെന്നപ്പോഴോ, ശ്യാമിനെ അവന്റെ അമ്മ കുത്തിപ്പൊക്കി എണീപ്പിക്കുന്നതേയുള്ളു.

“കളിച്ചു കളിച്ച് എല്ലാവരും വൈകിയല്ലേ കിടന്നത്, അതാ രാവിലെ എഴുന്നേല്‍ക്കാന്‍ മടി,” എന്ന് ശ്യാമിന്റെ അമ്മൂമ്മ തന്നത്താന്‍ പറയുന്നുണ്ടായിരുന്നു.

“ശ്യാമിന്റെയമ്മേ, കാപ്പിയുണ്ടോ,” എന്നു ചോദിക്കാന്‍ പല്ലുതേപ്പും കഴിഞ്ഞ് രവി അകത്തേക്കു ചെന്നപ്പോ കാണുന്നതോ? നിഖില, അപ്പു, ബീയാത്തു, കമല, കുഞ്ചു അവരൊക്കെ ഡൈനിങ്‌റ്റേബിളിനു ചുറ്റുമായിരുന്ന് ഇഡ്ഢലിയും സാമ്പാറും ബ്രഡും ജാമും കാപ്പിയും മുട്ടപുഴുങ്ങിയതും ബുള്‍സൈയും ഒക്കെ അകത്താക്കുകയാണ്.

രവിയ്ക്കതു കണ്ട് ചിരി വന്നു . എല്ലാവരും രാവിലെ എണീറ്റതും, ‘എണീയ്ക്കാന്‍ ലേറ്റായിപ്പോയി, ശ്യാമിന്റെ വീട്ടില്‍ ബാക്കിയെല്ലാവരും എത്തിക്കാണും, കളി തുടങ്ങിക്കാണും,’ എന്നു പറഞ്ഞ് പല്ലു തേച്ചും തേയ്ക്കാതെയുമൊക്കെ ഓടിപ്പോന്നിരിക്കുകയാണ്.

ഫലമോ? ശ്യാമിന്റെ അമ്മ രാവിലെ ഇഡ്ഢലിയുണ്ടാക്കിയും മുട്ടപുഴുങ്ങിയും കാപ്പിയുണ്ടാക്കിയും എല്ലാവരുടേയും വയറുനിറച്ചോണ്ടിരിക്കുകയാണ്, പാവം ശ്യാമിന്റെയമ്മ.

പിന്നെയെല്ലാവരും കൂടി കളിയായി. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഒളിച്ചുകളി, ഓടിപ്പിടുത്തം, ബാഡ്മിന്റണ്‍ എന്നിങ്ങനെ മാറിമാറി ഓരോരോ കളി. കളി ബഹളം കൊണ്ട് വീടിന്റെ മുറ്റം നിറഞ്ഞു.

ഇടയക്ക് ക്രിക്കറ്റ് ബോള്‍ കൊണ്ട് ശ്യാമിന്റെ അമ്മയുടെ രണ്ട് ചെടിച്ചട്ടികള്‍ പൊട്ടി. ശ്യാമിന്റെ അമ്മ വഴക്ക് പറയുംമുമ്പേ അവരെല്ലാം ചേര്‍ന്ന്, ‘വിഷുക്കൈനീട്ടം കിട്ടുമ്പോ പകരം വാങ്ങിത്തരാം കേട്ടോ,’ എന്നമ്മയെ സമാധാനിപ്പിയ്ക്കുകയും, അമ്മയ്ക്കതു കേട്ട ചിരി വരികയും ചെയ്തു.

priya as, childrens stories , iemalayalam


കളിച്ചാകെ വിയര്‍ത്തുകുളിച്ചു ക്ഷീണിച്ചപ്പോള്‍ അവരെല്ലാം കമലയുടെ വീട്ടിലെ കുളത്തില്‍ കുളിയ്ക്കാന്‍ പോയി. മാറാനുള്ള ഉടുപ്പുകള്‍ ഒറ്റ ഓട്ടത്തിനു പോയി എല്ലാവരും അവരവരുടെ വീടുകളില്‍പ്പോയി എടുത്തു കൊണ്ടുവന്നു.

കുളി കഴിഞ്ഞപ്പോള്‍ കമലയുടെ അമ്മ അവരെ ഉണ്ണാന്‍ വിളിച്ചു. മാമ്പഴപ്പുളിശ്ശേരിയും ചീരത്തോരനും നാരങ്ങാ അച്ചാറും കായ മെഴുക്കുപുരട്ടിയും തൈരും കൂട്ടി വയറു നിറയെ ഊണു കഴിഞ്ഞപ്പോള്‍ ചിലര്‍ വട്ടം കൂടിയിരുന്ന് അന്താക്ഷരി കളിച്ചു. ചിലര്‍ പാമ്പും കോണിയും കളിച്ചു. ചിലര്‍ പുല്പായ നിലത്തു വിരിച്ച് സിനിമാകഥ പറഞ്ഞു മയക്കമായി.

അതിനിടെ ഒരു വലിയ കാറ്റുവന്നു. ബീയാത്തുവിന്റെ മുറ്റത്തെ മാവുകളില്‍ നിന്ന മാങ്ങകള്‍ തുരുതുരെ വീണുകാണും എന്നോര്‍ത്ത് പിന്നെ അവരെല്ലാം കൂടി ബീയാത്തുവിന്റെ മുറ്റത്തേയ്‌ക്കോടി . ഒരു കുട്ട നിറയെ മാങ്ങ കിട്ടി അവര്‍ക്ക്.

ബീയാത്തുവിന്റെ അമ്മ അവര്‍ക്ക് മാങ്ങാ പൂളിക്കൊടുത്തു. അവര്‍ അതിനിടെ ആ മാങ്ങകളുടെ പേരെല്ലാം പഠിച്ചു . കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നീലം, തത്തച്ചുണ്ടന്‍ അങ്ങനെയങ്ങനെ അവര്‍ മാങ്ങാപ്പേരുകള്‍ പഠിയ്ക്കുന്നതിനിടെ, അവരെല്ലാം ആ മാങ്ങാഅണ്ടികള്‍ വീട്ടില്‍ കൊണ്ടു ചെന്നുനടാനായി കടലാസില്‍ പൊതിഞ്ഞെടുത്തു സൂക്ഷിച്ചുവച്ചു.

ബീയാത്തുവിന്റെ അമ്മ അതിനിടെ അവര്‍ക്ക് ചുക്കുകാപ്പി കൊടുത്തു. അത് ഊതിയൂതിക്കുടിച്ചു കഴിഞ്ഞ് അവര്‍ പിന്നെയും കമലയുടെ വീട്ടിലെ കുളത്തില്‍ നീന്താന്‍ പോയി.

ചിലര്‍ മുങ്ങാം കുഴിയിട്ടു .ചിലര്‍ മറ്റുള്ളവരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിച്ചു രസിച്ചു. മലര്‍ന്നു കിടന്നു നീന്താന്‍ അപ്പു അവരെയൊക്കെ പഠിപ്പിക്കാന്‍ നോക്കി.

“ഇരുട്ടായിത്തുടങ്ങി, വരുന്നില്ലേ തിരികെ വീട്ടിലേയ്ക്ക്,” എന്നു തിരക്കി അതിനിടെ ഓരോരുത്തരുടെയും വീട്ടില്‍ നിന്ന് കുട്ടികളെ അന്വേഷിച്ച് ആരെല്ലാമോ വന്നു പോയി.

കളിയും കുളിയും വെള്ളം തെറിപ്പിയ്ക്കലും നീന്തലും നിര്‍ത്താന്‍ അവര്‍ക്കാര്‍ക്കും മനസ്സുവരുന്നുണ്ടായിരുന്നില്ല.

കുളി കഴിഞ്ഞ് തോര്‍ത്തുമുടുത്ത് അവരെല്ലാം ഒടുവില്‍ അവരവരുടെ വീടുകളിലേയ്ക്ക് പോയപ്പോള്‍ വീട്ടുമുറ്റങ്ങള്‍ ഒച്ച നഷ്ടപ്പെട്ടവരെപ്പോലെ നിന്നു.

ശ്യാം വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അവനിടാന്‍ ഷര്‍ട്ടും ട്രൗസറും എടുത്തു കൊടുത്ത് അമ്മ കളിയാക്കി “ഓ, കളിയുടെ തമ്പുരാക്കന്മാരെല്ലാം അവരവരുടെ വീട്ടിലെത്തിയല്ലോ?”

രാവിലെ അച്ഛന്‍ പറഞ്ഞു കേട്ട ഡയലോഗ് പറഞ്ഞുകൊണ്ട് ശ്യാം അമ്മയെ കെട്ടിപ്പിടിച്ചു, “പിള്ളേരായിരക്കുമ്പോഴല്ലേ നിറയെ കളിയ്ക്കാന്‍ പറ്റൂ. അവരോടി നടന്ന് കളിച്ചു വളരട്ടേടോ അമ്മേ.”

കഞ്ഞീം പയറും ചമ്മന്തിയും കഴിച്ചു കഴിഞ്ഞ് ഏതോ കഥാപ്പുസ്തകം വായിക്കാനിരുന്ന ശ്യാം, കളിയുടെ ക്ഷീണം കൊണ്ട് മുന്‍വശത്തെ സോഫയില്‍ത്തന്നെ തളര്‍ന്നു കിടന്ന് ഉറങ്ങിപ്പോയി.

അച്ഛനവനെ എടുത്തു കൊണ്ടുപോയി അകത്ത് കിടക്കയില്‍ കിടത്തി.

“നാളെ ഏതു വീട്ടിലാണോ കളീം കുളീം കഞ്ഞികുടിയ്ക്കലും,” എന്ന് പറഞ്ഞു കൊണ്ട് അമ്മ് അവനെ പുതപ്പിച്ചു.

കുട്ടികള്‍ക്കേതു വീടും അവരുടെ കളിവീടല്ലേ എന്നു ചോദിച്ചു കൊണ്ട് അച്ഛന്‍ വന്ന്, കളിച്ചു തളര്‍ന്നു ചുരുണ്ടു കൂടിക്കിടന്നുറങ്ങുന്ന ശ്യാമിനെ ഒരു ചിരിയോടെ നോക്കി നിന്നു അന്നേരം.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible kaliyude thamburakkanmar

Next Story
മന്ദാരപ്പൂവിലെ കരിവണ്ടത്താന്‍priya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com