നീനുക്കുട്ടി വെറുതെ പൂന്തോട്ടത്തില്‍ കൂടി കറങ്ങി നടക്കുകയായിരുന്നു.
അമ്മ രണ്ടുമൂന്നു ദിവസം മുമ്പ നട്ട റോസക്കമ്പുകളുടെ കാര്യം അതിനിടെ അവളോര്‍ത്തു.
റോസക്കമ്പ് നട്ട ചെടിച്ചട്ടിക്കരികെ ചെന്ന് അവള് കുനിഞ്ഞു നോക്കി. പുതിയ ഇല വന്നിട്ടുണ്ടോ?
പുതിയ ഇല വന്നിട്ടില്ലെന്നു മാത്രമല്ല പഴയ ഇലകളാകെ വാടിയും നില്ക്കുന്നുവെന്നു കണ്ടപ്പോള്‍ നീനു, “അയ്യോ” എന്നു പറഞ്ഞു പോയി.
“എന്താ നീനുക്കുട്ടി അയ്യോ എന്നു പറയുന്നത്? വല്ല പഴുതാരയെയും കണ്ടു പേടിച്ചോ?” എന്നു ചോദിച്ചു കൊണ്ട് അമ്മ വന്നു അപ്പോ ആ വഴിയേ.
“ഈ റോസക്കമ്പുകളുടെ കാര്യം കണ്ടാണ് അയ്യോ എന്നു പറഞ്ഞത്, അമ്മേ ഞാന്‍,”എന്നു വിളിച്ചു പറഞ്ഞു നീനു.
എന്താ റോസക്കമ്പിനു പറ്റിയതെന്നറിയാന്‍ അമ്മ നീനുവിനടുത്തേക്കു വന്നു.

“പഴയ ഇല വാടിപ്പോയതു കൊണ്ട് കുഴപ്പമൊന്നുമില്ല മോളേ, കുറച്ചു നാളെടുക്കും അതിനു വേരു പിടിക്കാന്‍, വേരു പിടിച്ചാലേ പുതിയ ഇല വരൂ,” എന്നു പറഞ്ഞു കൊടുത്തു അമ്മ.
അതിനിടെ സംഭവിച്ചതെന്താണെന്നറിയാമോ? ഒരു കാക്ക വന്ന് അമ്മയും നീനയും നോക്കിക്കൊണ്ടു നിന്നിരുന്ന റോസക്കമ്പുകളിലൊരെണ്ണവും കൊത്തിക്കൊണ്ട് ഒരു പോക്ക്.
“അയ്യോ ഞങ്ങള്‍ടെ റോസക്കമ്പ്…” എന്ന് നീനു കരച്ചിലായി.
അമ്മ പറഞ്ഞു “നീനുക്കുട്ടി കരയണ്ട.കാക്കയ്ക്ക് അബദ്ധം പറ്റിയതാണ് മോളെ. വെറുതെയൊരു ചുള്ളിക്കമ്പ് ദാ ആരോ കുത്തിവച്ചിരിക്കുന്നു എന്നു വിചാരിച്ചിട്ടുണ്ടാവും അത്.കൂടുണ്ടാക്കാന്‍ ചുള്ളിക്കമ്പു വേണമല്ലോ, നല്ല മുുള്ളുള്ള റോസാക്കമ്പാണെന്നു മനസ്സിലാവുമ്പോ അതാ കമ്പ് താഴെയിട്ടോളും.”
അമ്മ പറഞ്ഞത് ശരിയായിരുന്നു. റോസയുടെ മുള്ള് അതിെന്റ ചിറകിലോ കൊക്കിലോ ഒക്കെ കുത്തിക്കൊണ്ടുകാണണം. ഇത്തിരി പറക്കുന്നതിനിടെ തന്നെ കാക്ക ആ കമ്പ് താഴെയിട്ടു. എന്നിട്ട് മാവിന് കൊമ്പിലേക്ക് പറന്നിരുന്ന് റോസക്കമ്പിനെ വഴക്കു പറയുമ്പോലെ ‘കാ കാ’ എന്ന് ദേഷ്യത്തില്‍ ഒച്ചവെയ്ക്കാന്‍ തുടങ്ങി.
“ആരോ ചുള്ളിക്കമ്പ് ഒടിച്ചു മണ്ണീല് കുത്തിവച്ചിരിക്കുന്നു, സുഖായി എനിയ്ക്ക് , അവിടെയുമിവിടെയും നടന്ന് ചുള്ളക്കമ്പ് ഒടിച്ചെടുത്തു ക്ഷീണിക്കണ്ടല്ലോ, ഈ ചുള്ളിക്കമ്പൊക്കെ കൊത്തിയെടുത്തു കൊണ്ടു പോയി വേഗം കൂടുണ്ടാക്കാം, എന്നിട്ട് കൂട്ടില്‍ മുട്ടയിടാം എന്നൊക്കെയാവും കാക്ക വിചാരിച്ചത്,” എന്നമ്മ പറഞ്ഞു.
നീനുവിന് അതു കേട്ടപ്പോ കാക്കയോട് പാവം തോന്നി.
കഴിഞ്ഞയാഴ്ച വേലായുധമ്മാമന് വന്ന് വെട്ടിയൊതുക്കിയ ഞാവല്‍ മരത്തിന്റെ കൊമ്പുകള്‍ മുറ്റത്തിന്റെ ഒര മൂലയ്ക്ക് കിടപ്പുണ്ടായിരുന്നു. നീനു ഓടിച്ചെന്ന് അതില്‍ നിന്ന് കുറച്ച് നല്ല ചുള്ളിക്കമ്പുകള്‍ ഒടിച്ചെടുത്തു മുറ്റത്തൊരിടത്ത് കൂട്ടിവച്ചു.

എന്നിട്ട് കാക്കയെ വിളിച്ചു പറഞ്ഞു, “വാ, വന്ന് ഇത് നിന്റെ കൂടിനു പറ്റിയ ചുള്ളിക്കമ്പാണോ എന്നു നോക്ക്.”
അവളെത്ര വിളിച്ചുനോക്കിയിട്ടും അനങ്ങാതിരുന്നു കാക്ക.
അവളെയും ചുള്ളിക്കമ്പു കൂട്ടത്തെയും മാറിമാറി ചരിഞ്ഞുനോക്കിക്കൊണ്ട് ‘കാ കാ ‘എന്നു ഒച്ചവെച്ചു കാക്ക ആ മരക്കൊമ്പില്‍ത്തന്നെ ഇരിക്കുന്നതു കണ്ട അമ്മ പറഞ്ഞു. ‘നിങ്ങള്‍ മനുഷ്യരെ ഞങ്ങള്‍ കാക്കകള്‍ക്ക് പേടിയാ. എപ്പഴാ നിങ്ങള്‍ ഞങ്ങളെ കല്ലെറിഞ്ഞോ കമ്പെറിഞ്ഞോ ഓടിയ്ക്കുക എന്നറിയില്ലല്ലോ എന്നാണ് കാക്ക പറയുന്നത്.”
“എന്നാ നമുക്ക് വീ്ടിനകത്തു കയറിയിരിക്കാം. കാക്ക വന്ന് നോക്കിയെടുക്കട്ടെ അവള്‍ക്കു പറ്റിയ ചുള്ളിക്കമ്പ്,” എന്നു പറഞ്ഞമ്മ നീനുവിനെ കൂട്ടി അകത്തേക്കു പോയതും കാക്കച്ചി പറന്നു താഴേയ്ക്കു വന്നു. എന്നിട്ടാ ചുള്ളിക്കമ്പു കൂട്ടത്തിലാകെ ചിക്കിച്ചികഞ്ഞ് അവള്‍ക്ക് ബോധിച്ച കമ്പുകള്‍ കൊത്തിയെടുത്ത് മാവിലേയ്ക്ക് ഒറ്റപ്പോക്ക്.
അങ്ങനെ പലതവണ അവള് മുറ്റത്തേക്കു വരികയും പിന്നെ ചുള്ളിക്കമ്പുമായി മാവിലേയ്ക്ക് തിരികെ പോവുകയും ചെയ്യുന്നത് നീനു ജനലരികില്‍ നിന്ന് നോക്കി കൊണ്ടുനിന്നു. ഇടയ്ക്ക് വേറൊരു കാക്കയും കൂടി വന്ന് അവളുടെ കൂടെ കൂടി. അതവളുടെ കൂട്ടുകാരന് കാക്കച്ചനായിരിക്കും എന്ന് നീനു ഊഹിച്ചു.
അവരുടെ കൂടിന്റെ പണിയായിരുന്നു പിന്നെ അവളും അവളുടെ കാക്കച്ചനും കൂടി എന്നു തോന്നുന്നു. കുറേ നേരത്തേയ്ക്ക് രണ്ടുപേരുടെയും അനക്കമോ ഒച്ചയോ ഒന്നുമില്ലായിരുന്നു.
നീനു കാക്കനിരീക്ഷണം മതിയാക്കി കുളിയ്ക്കാന്‍ പോയിട്ട് തിരിച്ചു വരുമ്പോഴുണ്ട് രണ്ടു കാക്കകളും കൂടി ജനലിലിരുന്ന് മുറിയുടെ ഉള്ളിലേയ്ക്ക് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു.
“അവരുടെ കൂടിനായി ചുള്ളിക്കമ്പുകള്‍ റെഡിയാക്കിക്കൊടുത്ത നീനുക്കുട്ടിയോട് നന്ദി പറയാനായിരിയ്ക്കും അവര്‍ വന്നിരിക്കുന്നത്” എന്ന് അമ്മ പറഞ്ഞു.
“മുട്ട വിരിഞ്ഞ നിങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാനവര്‍ക്ക് ഇഡ്ഢലിക്കഷണവും ചോറുരുളയും ഈ ജനല്‍പ്പടിയില്‍ കൊണ്ടു വയ്ക്കാം, പകരമായി എന്നെ കാണിയ്ക്കാനായി കൂട്ടിക്കൊണ്ടുവരണേ നിങ്ങളാ കുഞ്ഞുങ്ങളെ, ഞാനിതു വരെ കാക്കക്കുഞ്ഞുങ്ങളെ കണ്ടിട്ടില്ല,” എന്നു പറഞ്ഞു നീനു കാക്കകളോട്.
‘ഓകെ’ എന്നാണ് അവര്‍ അവരുടെ കാകാശബ്ദത്തിലൂടെ പറഞ്ഞതെന്ന് അമ്മയ്ക്കും നീനുവിനും തോന്നി.
അവര്‍ പിന്നെ അവരുടെ മാവിന്കൊമ്പിലേയ്ക്ക് പറന്നുപോയി.
“ഇന്നു മുട്ടയിടുമോ അമ്മേ കാക്കച്ചി,” എന്നു ചോദിച്ചു നീനു.
“അറിയില്ല, കാത്തിരിക്കാം നമുക്ക്, കാക്കക്കുഞ്ഞുങ്ങളുടെ കുഞ്ഞൊച്ച കേള്‍ക്കുമ്പോഴേ നമുക്ക് മനസ്സിലാവൂ കാക്കക്കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞു പുറത്തു വന്ന കാര്യം,” എന്ന് പറഞ്ഞ് അമ്മ നീനുവിനെ കണ്ണെഴുതിയ്ക്കാനും പൊട്ടുതൊടീയ്ക്കാനും തുടങ്ങി.
നീനുവോ ഒരു കടലാസെടുത്ത് കാക്കക്കുഞ്ഞുങ്ങളെ വരയ്ക്കാനും തുടങ്ങി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം