Latest News

കടലും കരയും

കടലും കരയും എന്നച്ഛൻ പറഞ്ഞു കൊടുക്കുമ്പോൾ എന്തിനാ കടല് കരയുന്നത് എന്നു ചോദിക്കുന്ന കുട്ടിയാണിന്ന് കഥ

priya as, childrens stories , iemalayalam

മൊട്ടു കട്ടിലില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.
അപ്പോഴാണ് അച്ഛന്‍ ചോദിച്ചത്, “നമുക്ക് കടല്‍ വീട്ടീന്നെണീറ്റു വരുന്ന സൂര്യനെ കണ്ട് ഒരു ഹായ് പറഞ്ഞു വന്നാലോ?”

ഇടയ്‌ക്കൊക്കെ അവര്‍ക്കു രാവിലെയങ്ങനെ കടല്‍ കാണാനൊരു പോക്കുണ്ട്. മൊട്ടുവിന്റെ വീടിനപ്പുറം കടലാണല്ലോ.

അച്ഛന്റെ കൂടെയങ്ങനെ കടല്‍ത്തീരത്തെത്തിയ മൊട്ടു, കുറേ നേരം ഞണ്ടുകളുടെ കൂടെ ഓടിക്കളിച്ചു.

അപ്പോഴൊക്കെ അച്ഛന്‍, കടല്‍ത്തീരത്തെ മണ്ണിലിരുന്ന് വിരല്‍ കൊണ്ട് മണ്ണില്‍ ഏതാണ്ടൊക്കെ വരച്ചു. അച്ഛനങ്ങനെയാണ്, മണ്ണിലിരുന്നാലേ വര തുടങ്ങും.

മനുഷ്യരെ, പൂച്ചകളെ, ബുദ്ധന്മാരെ അങ്ങനെയൊക്കെ വരയ്ക്കും അച്ഛന്‍.

ഇത്തവണ അച്ഛന്‍ വരച്ചത് കിളികളെയാണ്. പറക്കുന്ന കിളികള്‍, അമ്മക്കിളി തീറ്റ കൊണ്ടു വരുമ്പോള്‍ കുഞ്ഞിക്കൊക്കു പിളര്‍ത്തിക്കാണിച്ച് ‘എനിക്കു താ, എനിക്കു താ,’ എന്നു ബഹളം വയ്ക്കുന്ന കിളികള്‍,ചിരട്ടയിലെ വെള്ളത്തില്‍ കുളിക്കുന്ന കിളികള്‍.

അങ്ങനെ ഒരു പാടുതരം കിളികളെ അച്ഛന്‍ വരയ്ക്കുന്നതു കാണാനാവും ഞണ്ടുകളും രസം പിടിച്ച് ഓടിയോടി വന്നു അച്ഛനിരിക്കുന്ന ഇടത്തേക്ക്.

ചുവന്ന ഞണ്ടുകള്‍ അവരുടെ മാളത്തിലേക്കും പിന്നെ പുറത്തേക്കും പിരുപിരാ എന്ന് ഓടിപ്പാഞ്ഞുനടന്നു. അതിനിടയില്‍ ഒരു നിമിഷം വന്ന് അച്ഛന്‍ വരയ്ക്കുന്നതു നോക്കിനിന്നിട്ട് പിന്നെയും അവരുടെ പിരുപിരാ യാത്ര തുടര്‍ന്നു.

അച്ഛനെ ഞണ്ടുകള്‍ കടിച്ചാലോ, വിഴുങ്ങിയാലോ എന്ന് മൊട്ടുവിന് പേടിയായി, “ഇവിടിരിക്കണ്ട, വരച്ചതു മതി, ഞണ്ടില്ലാത്തിടത്തു പോകാം,” എന്നു പറഞ്ഞ് മൊട്ടു ബഹളമായപ്പോ അച്ഛന്‍ വര നിര്‍ത്തി എണീറ്റു.

അവര്‍, ബീച്ചിലെ, ഞണ്ടുകളൊന്നുമില്ലാത്ത ഒരറ്റത്തേക്ക് നടന്നു.

priya as, childrens stories , iemalayalam


അവിടെ നിറയെ കക്കകളുണ്ടായരുന്നു. പച്ചക്കക്കകള്‍.
എല്ലാ ദിവസവും പെറുക്കി പോക്കറ്റില്‍ നിറച്ചാലും കക്കകളിങ്ങനെ ബാക്കിയാവുന്നതെങ്ങനെയാണെന്നു മൊട്ടു അത്ഭുതപ്പെട്ടു.

പിന്നെ മൊട്ടു തിരയെണ്ണാന്‍ തുടങ്ങി.

പത്തു വരെയേ മൊട്ടുവിന് എണ്ണാനറിയൂ. എത്ര തവണ പത്തുവരെ എണ്ണി തീര്‍ന്നിട്ടും പിന്നെയും പിന്നെയും ഓടിപ്പാഞ്ഞു വരുന്ന തിരകളെ എത്ര നോക്കിയിട്ടും മതിയായില്ല മൊട്ടുവിന്.

എന്തൊരു രസമാണ് തിരവരവു കാണാന്‍.

“എന്തൊരു വെള്ളിനിറമാണ് നിങ്ങള്‍ക്ക്,” എന്ന് മൊട്ടു ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ അതിഷ്ടമായതു കൊണ്ടാവും തിരകള്‍ വന്ന് ആ കുഞ്ഞിക്കാലില്‍ പതപതയായി ഉമ്മ വച്ചു.

“കടലും കരയും,” അച്ഛന്‍ പറഞ്ഞു.

“അയ്യോ കടലെന്തിനാ കരയുന്നേ, അവനെന്നെ ഉമ്മ വയ്ക്കുകല്ലേ,” എന്നു ചോദിച്ചു മൊട്ടു.

അച്ഛനപ്പോ ചിരിച്ചു കൊണ്ട് മൊട്ടുവിനെ എടുത്തുയര്‍ത്തി.

“നമ്മള്‍ നില്‍ക്കുന്ന മണ്ണിനെയാണ് അച്ഛന്‍ കര എന്നു പറഞ്ഞത്. അല്ലാതെ കടല് കരയും എന്നല്ല അച്ഛന്‍ പറഞ്ഞത്.”

താനെന്തൊരു മണ്ടൂസാണന്നാര്‍ത്തു മൊട്ടു, അച്ഛന്റെ തോളില്‍ മുഖമൊളിപ്പിച്ചു ഒരു നുണ്ണന്‍ ചിരിയോടെ ചാരിക്കിടപ്പായി.

അച്ഛന്‍ ചോദിച്ചു, “നമുക്ക് തിരിച്ച് വീട്ടില്‍ പോവാം? അമ്മ അന്വേഷിയ്ക്കുന്നുണ്ടാവും നമ്മളെ അല്ലേ കുഞ്ഞൂ?”

അച്ഛന്റെ തോളത്തങ്ങനെ രസിച്ചു കിടന്ന്, കരയ്ക്കിടാന്‍ പറ്റിയ വേറൊരു പേരാലോചിക്കുകയായിരുന്നു അപ്പോ മൊട്ടു.

അച്ഛന്റെ നടപ്പിന്റെ താളത്തിനൊപ്പം മൊട്ടുവിന്റെ പോക്കറ്റിലെ മണ്ണു പുരണ്ട പച്ചക്കക്കകള്‍ കിലുങ്ങുന്നുണ്ടായിരുന്നു അപ്പോള്‍.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible kadalum karayum

Next Story
സൂര്യന്റെ നിലാവില്‍ ഒരു പാറുത്തങ്കംpriya as, childrens stories , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com