/indian-express-malayalam/media/media_files/uploads/2021/05/priya-06-3.jpg)
രാത്രി ആയിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. മഴ തിമര്‍ത്ത് പെയ്യുന്നതു നോക്കി ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു ഡെന്നി.
മഴത്തുള്ളികള്‍ ഇലകളില്‍ പറ്റിപ്പിടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം വീഴുമ്പോള്‍, ഇലയില്‍ നിന്ന് തിളങ്ങുന്ന കുറേ കമ്മലുകള്‍ താഴേയ്ക്ക് തൂങ്ങിക്കിടക്കുകയാണെന്ന് ശരിയ്ക്കും തോന്നും.
അതില്‍ നിന്ന് ഒന്നു രണ്ടുവെള്ളത്തുള്ളിക്കമ്മലുകള്‍ എടുത്ത് അമ്മയ്ക്ക് കൊടുത്താലോ എന്നു വിചാരിച്ച് ഡാനി താനേ നിന്ന് ചിരിച്ചു.
സൂക്ഷിച്ചുനോക്കിയപ്പോഴല്ലേ ഡാനി കാണുന്നത്, അങ്ങു ദൂരെ പച്ചിലകളുടെ ഇരുട്ടിനകത്തുകൂടി കുറേ മിന്നാമിന്നികളുടെ സഞ്ചാരവും ഉണ്ട്. ദൂരത്തെ ഇരുട്ടും മഴയും മിന്നാമിന്നികളും കൂടിയായപ്പോള്‍ 'ആഹാ എന്തൊരു ഭംഗി' എന്നു വിചാരിച്ചു ഡെന്നി.
അപ്പോഴുണ്ട് കുളക്കരയില്‍ നിന്ന് തവളകള്‍ 'പേക്രോം പേക്രോം' എന്ന് ബഹളം തുടങ്ങി. മരങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന് ചീവീടുകളും തുടങ്ങി അവരുടെ സംഗീതം.
പിന്നെ കിലുകിലാ വിറപ്പിയ്ക്കുന്ന മാതിരിയുള്ള മഴയുടെ തണുപ്പും. അലമാരയില്‍ നിന്ന് സ്വെറ്റര്‍ തപ്പിയെടുത്തിട്ടു ഡെന്നി.
"ഇടിവെട്ടും മിന്നലും പിന്നെ തുടര്‍ന്ന് കറന്റു പോകലും ഉടനെയുണ്ടാവും," എന്നു പറഞ്ഞു അമ്മ.
"മിന്നലുള്ളപ്പോള്‍ ജനലരികില്‍ നില്‍ക്കരുത്, നനഞ്ഞ തുണി കൈയിലെടുക്കരുത്, ഷോക്കടിക്കാന്‍ സാധ്യത കൂടും അങ്ങനെയൊക്കെ ചെയ്താല്‍' എന്നൊക്കെ ഓര്‍മ്മിപ്പിച്ചു അപ്പൂപ്പന്‍.
അപ്പൂപ്പന്‍ അമ്മൂമ്മയോട് ചോദിച്ചു, "ആ കടല കുതിരാനായി വെള്ളത്തിലിട്ടത് വാരി വച്ചോ?"
'ഉവ്വ്' എന്നു തലയാട്ടി അമ്മൂമ്മ. 'അതിനി നമ്മളെപ്പഴാ വറക്കുക, ഞാനക്കാര്യം മറന്നു പോയല്ലോ?' എന്നാലോചനയിലായി അമ്മൂമ്മ.
"ഇന്ന് വൈകുന്നേരത്തേയ്ക്ക് ഒരു വമ്പന്‍ മഴ വരുംന്നാ ഈ മഴക്കാറ് കണ്ടിട്ട് തോന്നണത്. ഇത്തിരി കടല കുതിരാനിട്ടൊലൂ, നമുക്ക് വൈകുന്നേരം വറുത്തെടുത്ത തേങ്ങാപ്പൂളിന്റെ കൂടെ തിന്നു രസിയ്ക്കാം... .കൊറേക്കാലമായി അങ്ങനെ കടല വറുത്ത് മഴയത്ത് കൊറിച്ചിട്ട്,' എന്ന് ഉച്ചയക്ക് ഒരു പ്ളാനിട്ടത് അപ്പൂപ്പനാണ്.പിന്നെയതെല്ലാവരും മറന്നു പോയി.
ഉണക്കാനിട്ട തുണി നനയാതെ മഴയത്തു നിന്നെടുക്കണമായിരുന്നു. കുരു കുത്തിക്കളഞ്ഞ് വെയിലത്തു വച്ച പുളിയും വെളിച്ചെണ്ണ ആട്ടിയെടുക്കാനായി മുറ്റത്തു പാവിരിച്ച് നിരത്തി വച്ചിരുന്ന കൊപ്രയും മുറ്റമാകെ നിരത്തിയിട്ടിരുന്ന ഓലമെടഞ്ഞതും ഒക്കെ മഴ നനയാതെ എടുത്തുവയ്ക്കാനായി, മഴ തുടങ്ങിയതും എല്ലാവരും കൂടി വെപ്രാളം പിടിച്ച് ഓടുകയായിരുന്നല്ലോ.
അതൊക്കെ കഴിഞ്ഞ എല്ലാവരും കൂടി ഒന്നിരുന്നതേയുള്ളു . അപ്പോഴാണ് അപ്പൂപ്പനോര്‍മ്മിപ്പിച്ചത് കടല വറുക്കുന്ന കാര്യം.
"അതിനെന്താ വേഗം തുടങ്ങാലോ കടല വറുക്കല്‍," എന്നായി അമ്മ.
/indian-express-malayalam/media/media_files/uploads/2021/05/priya-04-3.jpg)
ഡെന്നി ഉടനെ തന്നെ ചീനച്ചട്ടി കഴുകി വൃത്തിയാക്കി. അമ്മ കടല വെള്ളത്തില്‍ നിന്ന് വാരി വച്ചു. അടുപ്പത്ത് വച്ച ചീനച്ചട്ടി ചൂടായി വന്നപ്പോഴേയ്ക്ക് അമ്മ എണ്ണയൊഴിച്ചു ചൂടാക്കിയെടുത്തു. പിന്നെ അതിലേയ്ക്ക് കടലയിട്ടു.
കടല ഇളക്കിയതൊക്കെ അമ്മയും ഡാനിയും മാറിമാറിയാണ് . കടലയങ്ങനെ ചട്ടുകത്തുമ്പത്തുകൂടെ ഇളകി മറിയുന്നത് ഡാനിയ്ക്ക് നല്ലോണമിഷ്ടപ്പെട്ടു. അതൊരു നല്ല രസമുള്ള കളിപോലെ തോന്നി ഡാനിയ്ക്ക്.
പിന്നെ ഉപ്പെടുത്ത് കുറച്ചു വെള്ളത്തില്‍ കലക്കി വച്ചു അമ്മൂമ്മ. ഏറ്റവുമവസാനം, കടല പാകത്തിന് മൂത്തുവെന്നു തോന്നിയപ്പോള്‍ അമ്മൂമ്മ ആ കലക്കി വച്ച ഉപ്പുവെള്ളം കൂടി ചീനച്ചട്ടിയിലേക്ക് തളിച്ചു .
"ഇനി ഒരു രണ്ടു മിനിട്ടു കൂടി ഇളക്കിയാല്‍ മതി," എന്നു പറഞ്ഞു അമ്മൂമ്മ.
ചീനച്ചട്ടി അടുപ്പത്തു നിന്നിറക്കി അടുപ്പു കെടുത്തിയ ശേഷം, അപ്പൂപ്പന്‍ തേങ്ങ പൊട്ടിച്ചു. തേങ്ങാപ്പൂള്‍ ഭംഗിയായി ഒരു വളയരൂപത്തില്‍ പൂളിയെടുക്കാന്‍ തുടങ്ങി.
അപ്പഴേക്ക് കറന്റ് പോയി. എമര്‍ജന്‍സിലാംപും തെളിയിച്ച്, കടല വറുത്തുനിറച്ച പ്‌ളേറ്റും തേങ്ങാപ്പൂളുകളും കൊണ്ട് അവരെല്ലാം മുന്‍വശത്തേക്കു പോയി.
അപ്പൂപ്പന്‍ ചാരുകസേരയില്‍ കിടന്നു കടലയും തേങ്ങാപ്പൂളും ചേര്‍ത്തു രസിച്ചു കഴിയ്ക്കാന്‍ തുടങ്ങി.
കുഞ്ഞു ചാരു കസേരയില്‍ കിടന്ന് ഡെന്നിയും അങ്ങനെ തന്നെ ചെയ്തു.
"ആഹാ... നല്ല രസമുണ്ട്. അപ്പൂപ്പാ ഈ കറുത്ത കടലയും വെളുത്ത തേങ്ങാപ്പൂളും ഇങ്ങനെ ഇരിയ്ക്കുന്നതു കാണാന്‍ തന്നെ," എന്നു പറഞ്ഞ് 'കറും മുറും' എന്ന് ഡാനിയങ്ങനെ കടലയും തേങ്ങാപ്പൂളും കോമ്പിനേഷന്‍ രസിച്ചു കഴിയ്ക്കുന്നതു കണ്ട് അമ്മൂമ്മ ചോദിച്ചു, "നിങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോ പിസ്സയല്ലേ ഇഷ്ടം? ഇത്തരം പഴയ കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമാവുമോ?"
/indian-express-malayalam/media/media_files/uploads/2021/05/priya-05-3.jpg)
അതിന് ഡെന്നി മറുപടി പറയുംമുമ്പേ ഡെന്നിയുടെ അച്ഛന്‍ ഓഫീസില്‍ നിന്ന് മഴയത്തു കൂടി നടന്നുവന്നു ആ ചോദ്യവും കേട്ടു കൊണ്ട്.
"അവരെങ്ങനെയാ അമ്മേ അവര്‍ക്കിതിഷ്ടമാണോ എന്നറിയുക? അവര്‍ക്കിതൊന്നും ആരും ഇപ്പഴത്തെക്കാലത്ത് ഉണ്ടാക്കിക്കൊടുക്കാറില്ലല്ലോ," എന്നു പറഞ്ഞ് അച്ഛന്‍ മേല്‍ക്കഴുകി വന്ന് നിലത്ത് ചടഞ്ഞിരുന്നു കടലയും തേങ്ങാപ്പൂളും തിന്നാനായി.
"അതു ശരിയാ ഈ ഞാന്‍ തന്നെ എത്ര കാലം കൂടിയാ കടലയും തേങ്ങാപ്പൂളും ഇങ്ങനെ തിന്നുരസിയ്ക്കുന്നത്," എന്നു പറഞ്ഞു അപ്പൂപ്പന്‍.
"ഇത്തിരി ചുക്കുകാപ്പിയും കൂടി കിട്ടിയിരുന്നെങ്കില്‍," എന്ന് അച്ഛനാഗ്രഹം പറയുന്നതു കേട്ട് ഒരു കുടയുമെടുത്ത് പനിക്കൂര്‍ക്കയും തുളസിയിലയും പറിയ്ക്കാന്‍ അമ്മ ഇറങ്ങി മുറ്റത്തേയ്ക്ക്.
ചുക്കുകാപ്പിയ്ക്കായി അവരങ്ങനെ കാത്തിരിക്കുന്ന നേരത്ത് അവരുടെ മുന്നിലെ ഇരുട്ടത്ത് തെളിയുകയും കെടുകയും ചെയ്തു മിന്നാമിന്നിവിളക്കുകള്‍.
'മിന്നാമിന്നികള്‍ക്കും തവളകള്‍ക്കും ചീവീടുകള്‍ക്കും തണുക്കില്ലേ, അവര്‍ക്കും തോന്നുന്നുണ്ടാവുമോ ചുക്കുകാപ്പി കുടിയ്ക്കാന്‍,' എന്നാലോചിച്ചു കൊണ്ട് ചാരുകസേരയില്‍ ചുക്കുകാപ്പിയും കാത്തു ചുരുണ്ടു കൂടിക്കിടന്നു മയങ്ങിപ്പോയി ഡെന്നി.
ഒരിടിവെട്ടിയതും ഡാനി ഒറ്റച്ചാട്ടത്തിന് അപ്പൂപ്പന്റെ ചാരുകസേരയിലെത്തി. ഭാഗ്യത്തിന്, കൈയിലെടുത്തു പിടിച്ച കടലയത്രയും അതിനകം അപ്പൂപ്പന്‍ തിന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ കാണാമായിരുന്നു ഡാനിയുടെ ചാട്ടത്തിനൊപ്പം അവിടെയൊക്കെ കടലചിതറി തെറിയ്ക്കുന്നതും ഡാനിക്ക് അമ്മൂമ്മയുടെ വഴക്കു കിട്ടുന്നതും.
"എപ്പഴാ കിട്ടുക ചുക്കുകാപ്പി," എന്നു ചോദിച്ചു ഡാനി അപ്പൂപ്പനോട്.
"ദാ എത്തിയല്ലോ ചുക്കു കാപ്പിക്കാരി' എന്നു പറഞ്ഞ് തട്ടത്തില്‍ ഗ്‌ളാസുകളും ഫ്‌ളാസ്‌കില്‍ ചുക്കുകാപ്പിയുമായി വരുന്ന അമ്മയെ ചൂണ്ടിക്കാണിച്ചു അപ്പൂപ്പന്‍.
"ഹായ്," എന്നു പറഞ്ഞ് അപ്പൂപ്പന്റെ മടിയില്‍ നിന്ന് അച്ഛന്റെ മടിയിലേക്ക് ചാടിയിറങ്ങി ഡാനി ചുക്കുകാപ്പിയ്ക്കായി കൈ നീട്ടി.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us